കണ്ണൂര്‍: അധ്യാപക നിയമനമടക്കം കാലങ്ങളായുള്ള ആവശ്യങ്ങൾ പരിഗണിക്കാത്തതിലുള്ള പ്രതിഷേധം സംസ്ഥാന സ്‌കൂൾ കായികമേളയിലേക്കും വ്യാപിപ്പിക്കാനൊരുങ്ങി കായികാധ്യാപകർ. സംസ്ഥാന സ്‌കൂൾ കായികമേള നടക്കേണ്ട കണ്ണൂർ യൂണിവേഴ്‌സിറ്റി ട്രാക്കിൽ റവന്യു ജില്ലാ കായികമേളക്കിടെയും അധ്യാപകർ പ്രതിഷേധിച്ചു. 

അധ്യാപക പ്രതിഷേധത്തിന് പുറമെ സൗകര്യങ്ങൾ സമയത്ത് പൂർത്തിയാക്കലും സംസ്ഥാന സ്‌കൂൾ കായികമേളയ്ക്ക് വെല്ലുവിളിയാകുമെന്നതാണ് ആശങ്ക. കുട്ടികളെ പരിശീലിപ്പിക്കുന്നതിനപ്പുറം പ്രതിഷേധത്തിന്റെ ഭാഗമായി കായിക മേളകൾ പോലുള്ള പൊതുപരിപാടികളുടെ നടത്തിപ്പിൽ സഹകരിക്കില്ലെന്ന നിലപാടിലായിരുന്നു അധ്യാപകർ. എന്നാൽ ഇവരെ കർശന നടപടിയുണ്ടാകുമെന്ന മുന്നറിയിപ്പ് നൽകി മേളക്കെത്തിച്ചതോടെയാണ് പ്രതിഷേധം ട്രാക്കിലേക്ക് നീണ്ടത്. പൊതു അധ്യാപകരായി പരിഗണിക്കണം എന്നതടക്കം കാലങ്ങളായി പരിഹാരമില്ലാത്ത പ്രശ്നങ്ങളാണ്.

സംസ്ഥാന സ്‌കൂൾ കായികമേളയിലും സമാനമായ പ്രതിഷേധം ആവർത്തിക്കാനാണ് തീരുമാനം. 16 വർഷങ്ങൾക്ക് ശേഷമാണ് സംസ്ഥാന സ്‌കൂൾ കായികമേളക്ക് കണ്ണൂർ വേദിയാകുന്നത്. അതേസമയം സംസ്ഥാന സ്‌കൂൾ കായികമേള തുടങ്ങാൻ ഒരാഴ്ച്ച പോലും ഇല്ലെന്നിരിക്കെ സൗകര്യങ്ങൾ വേഗത്തിൽ പൂർത്തിയാക്കേണ്ടതുണ്ട്. മികച്ച സിന്തറ്റിക് ട്രാക്കാണ് ഒരുക്കിയിരിക്കുന്നത്. എന്നാൽ താരങ്ങൾക്കുള്ള വാം അപ്പ് ട്രാക്ക് പൂർത്തിയായിട്ടില്ല. മഴ തടസമായില്ലെങ്കിൽ ഉടനെ പൂർത്തിയാക്കുമെന്നാണ് വിശദീകരണം. നിലവിലുള്ള പവലിയിനിൽ സ്ഥലപരിമിതിയുണ്ട് എന്നിരിക്കെ ഗാലറി നിർമ്മാണവും തുടങ്ങിയിട്ടില്ല.