Asianet News MalayalamAsianet News Malayalam

തട്ടിപ്പില്‍ വീഴുന്ന പ്രവാസികള്‍! കൊവിഡ് കാലത്ത് ജോലി നഷ്ടമായത് അഞ്ചുലക്ഷം മലയാളികള്‍ക്ക്

നിവര്‍ത്തികേടുകൊണ്ടാണ് ഒട്ടുമിക്ക മലയാളികളും പ്രവാസം തിരഞ്ഞെടുത്തത്. കുടുംബ പ്രാരാബ്ദം ചുമലിലേറ്റി പഠിത്തംപോലും പാതിവഴിയില്‍ ഉപേക്ഷിച്ച് വിമാനം കയറിയവരും ഏറെ. കുടുംബത്തെ കരക്കെത്തിക്കുമ്പോഴേക്കും നല്ലപ്രായം കടന്നുപോയിരിക്കും.

Around five lakhs Keralite expats lost job in covid crisis
Author
Dubai - United Arab Emirates, First Published May 4, 2022, 6:52 PM IST

ദുബൈ: കൊവിഡ് കാലത്ത് ഇതുവരെയുള്ള കണക്കുപ്രകാരം അഞ്ചുലക്ഷത്തോളം മലയാളികള്‍ക്കാണ് വിവിധ ഗള്‍ഫ് രാജ്യങ്ങളില്‍ തൊഴില്‍ നഷ്ടമായത്. ഇതില്‍ ഭൂരിഭാഗവും നാട്ടിലേക്ക് മടങ്ങിയപ്പോള്‍ ചെറിയൊരു പക്ഷം പുതിയൊരു തൊഴില്‍ അന്വേഷിച്ച് ഗള്‍ഫ് നാടുകളില്‍ അലയുകയാണ്. ഒരു സുപ്രഭാതത്തില്‍ ജോലി നഷ്ടപ്പെടുമ്പോഴാണ് പതിറ്റാണ്ടുകളായി പുറവാസി ആയിരുന്നിട്ടും ഒന്നും സമ്പാദിച്ചില്ലെന്ന തിരിച്ചറിവ് ഉണ്ടാകുന്നത്. സാമ്പത്തിക പ്രതിസന്ധി ഒരു ശരാശരി ഗള്‍ഫ് പ്രവാസിയുടെ ജീവിതത്തിന്റെ ഭാഗമാണ്. ഇതില്‍ നിന്നും കരകയറി യൂസഫലി ആയവര്‍ വളരെക്കുറച്ചുമാത്രം. എഴുതപ്പെട്ട വിജയങ്ങള്‍ സമ്പന്നരായ പ്രവാസികളുടേത് മാത്രമാണ്.. എത്രയോ ആട് ജീവിതങ്ങള്‍ കരകയറാനാവാതെ മറ്റുള്ളവര്‍ക്കുവേണ്ടി ഈ പ്രവാസഭൂമിയില്‍ എരിഞ്ഞു തീര്‍ന്നിരിക്കുന്നു. ആയുസ്സിന്റെ നല്ലൊരു പങ്കും മരുഭൂമിക്ക് നല്‍കിയവരില്‍ വലിയൊരു വിഭാഗം വെറും കൈയോടെ മടങ്ങേണ്ടി വന്നകാഴ്ച ഈ മഹാമാരിക്കാലത്തും കണ്ടു. 

നിവര്‍ത്തികേടുകൊണ്ടാണ് ഒട്ടുമിക്ക മലയാളികളും പ്രവാസം തിരഞ്ഞെടുത്തത്. കുടുംബ പ്രാരാബ്ദം ചുമലിലേറ്റി പഠിത്തംപോലും പാതിവഴിയില്‍ ഉപേക്ഷിച്ച് വിമാനം കയറിയവരും ഏറെ. കുടുംബത്തെ കരക്കെത്തിക്കുമ്പോഴേക്കും നല്ലപ്രായം കടന്നുപോയിരിക്കും. പിന്നെ സ്വന്തം വിവാഹം കുട്ടികള്‍ അവരുടെ വിദ്യാഭ്യാസം എല്ലാമാകുമ്പോഴേക്കും പ്രവാസം എന്ന കെണി കഴുത്തില്‍ പിടിമുറുക്കിയിരിക്കും. സ്വന്തം വരുമാനം കുടുംബത്തെ പോലും അറിയിക്കാന്‍ മടിച്ചവര്‍. നാട്ടില്‍നിന്നുള്ള അനാവശ്യത്തിനും ആര്‍ഭാടത്തിനും ചോദിച്ച തുക കടം വാങ്ങി അയച്ചു കൊടുത്തവര്‍. വരുമാനം പ്രശ്നമാക്കാതെ ക്രെഡിറ്റ് കാര്‍ഡുകളിലൂടെ വായ്പയെടുത്ത് ജീവിതം ആഘോഷിച്ചവര്‍. അങ്ങനെ പലരും ഉണ്ട് കൂട്ടത്തില്‍. പ്രതീക്ഷിക്കാതെ തൊഴില്‍ നഷ്ടം സംഭവിച്ചപ്പോള്‍ നാട്ടിലേക്ക് പോലും മടങ്ങാന്‍ കഴിയാതെ കടക്കെണിയുടെ പേരില്‍ ഗള്‍ഫ് ജയിലുകളില്‍ കഴിയേണ്ടിവന്നവരും ധാരാളം.

ഇതിനു പുറമെ പ്രവാസികളെ ഉന്നം വെച്ചുള്ള പലവിധ തട്ടിപ്പുകളില്‍ തലവെച്ചുകൊടുത്ത മറ്റൊരു കൂട്ടരും ഉണ്ട്. ഗള്‍ഫില്‍ ജോലി ചെയ്ത് നാട്ടില്‍ ലഭിക്കുന്നതിനേക്കാള്‍ കൂടുതല്‍ വരുമാനമുണ്ടാക്കുക, സമ്പാദിക്കുന്ന പണം പുനര്‍നിക്ഷേപം നടത്തി ആസ്തി വര്‍ധിപ്പിക്കുക എന്നതാണ് ഒരു ശരാശരി പ്രവാസിയുടെ മനഃശാസ്ത്രം. കൂടുതല്‍ വരുമാനമുള്ളവര്‍ ഇത് പ്രായോഗികമാക്കുമ്പോള്‍ മറ്റൊരു കൂട്ടര്‍ തട്ടിപ്പിനരയാകപ്പെടുന്നു. വലിയ ലാഭവിഹിതവും പലിശയും വാഗ്ദാനം ചെയ്യുന്ന ചിട്ടികള്‍ മുതല്‍ ഫ്‌ലാറ്റ് തട്ടിപ്പുകളില്‍ വരെ പണം നഷ്ടപ്പെട്ട പ്രവാസികള്‍ നിരവധി. ഫ്‌ലാറ്റ് തട്ടിപ്പുകളിലാണ് കൂടുതല്‍ പേര്‍ കുടുങ്ങിയത്. നിരവധി പദ്ധതികള്‍ ഗള്‍ഫുകാരന്റെ പണവുമായി മുങ്ങിയപ്പോള്‍ രാഷ്ട്രീയ സംവിധാനങ്ങളും നോക്കുകുത്തികളായി.കൃത്യമായ സാമ്പത്തിക മാര്‍ഗനിര്‍ദേശങ്ങള്‍ പ്രവാസികള്‍ക്ക് ലഭിക്കാതെ പോയി. അതുകൊണ്ടുതന്നെ ഉല്‍പാദനപരമല്ലാത്ത വഴികളിലേക്കാണ് ധനം പ്രവഹിച്ചത്. കെട്ടിട നിര്‍മാണം, ആര്‍ഭാടം, ഉപഭോഗാസക്തി എന്നിവയിലേക്ക് പ്രവാസി സമ്പാദ്യത്തില്‍ നല്ലൊരു പങ്കും ചോര്‍ന്നു.

കൊവിഡ് പ്രതിസന്ധിയുടെ വ്യാപ്തി പ്രവചനാതീതമായ പശ്ചാത്തലത്തില്‍ ഇനിയെങ്കിലും പഠിച്ചേ മതിയാകൂ. ഗള്‍ഫിലെ തൊഴില്‍ മേഖല അപ്പാടെ ഉടച്ചുവാര്‍ക്കപ്പെടുമെന്ന കാര്യത്തില്‍ തര്‍ക്കമില്ല. തൊഴിലാളികളെ പിരിച്ചുവിട്ടുകൊണ്ട് കമ്പനികള്‍ ചെലവ് ചുരുക്കി അതിജീവനം ഉറപ്പാക്കുന്നു. കോവിഡ് മൂലം 195 ദശലക്ഷം പേര്‍ക്ക് തൊഴില്‍ നഷ്ടം സംഭവിക്കുമെന്നാണ് ഇന്റര്‍ നാഷ്നല്‍ ലേബര്‍ ഓര്‍ഗനൈസേഷന്റെ കണക്ക്.നാല്‍പതു ലക്ഷത്തിലേറെയാകും പശ്ചിമേഷ്യയില്‍ സംഭവിക്കുന്ന തൊഴില്‍നഷ്ടം. വാര്‍ഷിക ആനുകൂല്യങ്ങള്‍ പലര്‍ക്കും നഷ്ടപ്പെടുന്ന സാഹചര്യമുണ്ട്. അസാധാരണ വേളകളില്‍ കൈക്കൊള്ളുന്ന അസാധാരണ നടപടികളായതിനാല്‍ സംരക്ഷണ കവചങ്ങള്‍ക്ക് പ്രസക്തിയില്ല. തൊഴില്‍ നിയമങ്ങളുടെ പരിരക്ഷ പോലും പലര്‍ക്കും ലഭിക്കാതെ പോകുന്നു.

 ചുരുക്കത്തില്‍, പ്രതിസന്ധി ഒരു യാഥാര്‍ഥ്യമാണ്. അപ്രതീക്ഷിത തിരിച്ചടിയില്‍ ശാരീരികവും മാനസികവുമായ തകര്‍ച്ചയിലാണ് പലരും. ശമ്പളം വലിയ തോതില്‍ വെട്ടിക്കുറച്ചിരിക്കുന്നു. ചെലവുകളില്‍ മാറ്റമില്ല. ഈ സാഹചര്യത്തില്‍ എത്രകണ്ട് പിടിച്ചുനില്‍ക്കാന്‍ കഴിയും എന്ന ചോദ്യവും ഗള്‍ഫ് മലയാളികള്‍ക്കിടയില്‍ ഉയരുന്നു.കൊവിഡിന്റെ തുടര്‍ പ്രത്യാഘാതങ്ങളും. ഒളിച്ചോട്ടം കൊണ്ടായില്ല. കൃത്യമായ വിലയിരുത്തലും പ്ലാനിംഗും നിര്‍ബന്ധം. തിരിച്ചടിയുടെ, ഭാവി പ്രത്യാഘാതങ്ങളുടെ യാഥാര്‍ഥ്യബോധത്തോടെയുള്ള കണക്കെടുപ്പാണ് ആദ്യം വേണ്ടത്. പഴയ കാഴ്ചപ്പാടുകളിലും ജീവിതരീതികളിലും മാറ്റം വരണം. പുതിയ കാലവും അതിന്റെ ആഘാതവും തിരിച്ചറിഞ്ഞു ജീവിതം രൂപപ്പെടുത്തിയാല്‍ ഭാവി ഭദ്രമാക്കാം. 
 

Follow Us:
Download App:
  • android
  • ios