ദോഹ: ഖത്തറിലെ സര്‍ക്കാര്‍-സ്വകാര്യ സ്കൂളുകള്‍ 2020-21 അധ്യയന വര്‍ഷത്തേക്ക് വേണ്ടി സെ‍പ്‍തംബര്‍ ഒന്നിന് തുറക്കുമെന്ന് വിദ്യാഭ്യാസ മന്ത്രാലയം അറിയിച്ചു. ഓഗസ്റ്റ് 19 മുതല്‍ തന്നെ ജീവനക്കാര്‍ സ്കൂളുകളിലെത്തണം. ക്ലാസുകള്‍ സെപ്‍തംബര്‍ ഒന്ന് മുതല്‍ ആരംഭിക്കുമെന്നും അധികൃതര്‍ വ്യക്തമാക്കിയിട്ടുണ്ട്.

കുട്ടികളുടെയും ജീവനക്കാരുടെയും സുരക്ഷ ഉറപ്പാക്കുന്നതിനുള്ള പദ്ധതികളും നടപടിക്രമങ്ങളും നടപ്പാക്കുന്നതിനായി സ്‍കൂള്‍ അധികൃതരുമായി ചേര്‍ന്ന് ആസൂത്രണം നടത്തിവരികയാണെന്ന് മന്ത്രാലയം അറിയിച്ചു. വിദ്യാഭ്യാസ പ്രവര്‍ത്തനങ്ങളില്‍ പങ്കാളിയാവുന്ന എല്ലാവര്‍ക്കും സുരക്ഷിത അന്തരീക്ഷം ഉറപ്പുവരുത്തുന്നതിനായി എല്ലാ സ്കൂളുകളും മതിയായ സുരക്ഷാ നടപടികള്‍ സ്വീകരിക്കണമെന്നും മന്ത്രാലയത്തിന്റെ വെബ്സൈറ്റില്‍ പ്രസിദ്ധീകരിച്ചിരിക്കുന്ന പ്രസ്‍താവനയില്‍ പറയുന്നു.