മസ്കത്ത്: കൊവിഡ് 19  സാമൂഹ്യ  വ്യാപനം  ശക്തമായ  ഒമാനിലെ    "മത്രാ" പ്രവിശ്യയിലെ  പ്രവാസി മലയാളികൾ  ആശങ്കയുടെ  മുൾമുനയിൽ. മലയാളികൾ  തിങ്ങിപ്പാർക്കുന്ന   "മത്രാ"   പ്രവിശ്യയിൽ നിന്നുമാണ്  കൂടുതൽ  വൈറസ്  ബാധ ഓരോ  ദിവസവും  രാജ്യത്ത് റിപ്പോർട്ടുകൾ  ചെയ്യപ്പെടുന്നത്. എത്രയും പെട്ടന്ന്  തങ്ങളെ നാട്ടിലേക്ക് ഒഴിപ്പിക്കണമെന്നാണ് പ്രവാസികളുടെ ആവശ്യം .

ഒമാനിൽ കോവിഡ് 19  ബാധിതരുടെ എണ്ണം ഓരോദിവസം  വർധിക്കുന്നതും , വൈറസിന്റെ  പ്രഭവ  സ്ഥാനം    "മത്രാ"  പ്രവിശ്യ ആയതിനാലുമാണ്  ഇന്ത്യക്കാരുടെ ഇടയിൽ  കൂടുതൽ ആശങ്ക ഉളവാക്കുന്നത്.  "മത്രാ"  പ്രവിശ്യയിൽ ഉൾപ്പെടുന്ന  വാദികബീർ , ദാർസൈത് ,  ഹാമാരിയ , റൂവി  എന്നിവടങ്ങളിൽ   സ്ഥിരതാമസക്കാരായ  വിദേശികളിൽ ഏറിയ പങ്കും ഇന്ത്യക്കാർ തന്നെ , അതിൽ മലയാളികൾ ആണ് ഭൂരിഭാഗവും ഉള്ളത്.

ഈ പ്രവിശ്യയിലുള്ള   മൂന്നു  ഇന്ത്യൻ സ്കൂളുകളിലായി  17,000 വ്ദ്യാർഥികളും 1000  ത്തോളം  അദ്ധ്യാപകരുമാണുള്ളത്. അതിനാൽ  ഒമാന്റെ മറ്റു പ്രവശ്യകളെക്കാൾ   "മത്രാ"  പ്രവിശ്യയിൽ താമസിച്ചുവരുന്ന   ഇന്ത്യൻ സമൂഹത്തിന്റെ  ജനസാന്ദ്രത  വളരെ കൂടുതലാണ്.  രാജ്യത്ത് വൈറസ്  ബാധിക്കുന്നവരിൽ 50 %  വിദേശികളാണെന്നാണ്  കണക്കുകളും   വ്യക്തമാക്കുന്നത്. ഇതുമൂലം ഉണ്ടാകുന്ന ആശങ്കയിൽ  ഏതുവിധേനയെങ്കിലും  നാടെത്തിയാൽ മതിയെന്നാണ്  മസ്‌കറ്റിലെ പ്രവാസികളുടെ  ചിന്ത.