റിയാദ്: സൗദിയിലുള്ള വിദേശികളുടെ റീ എൻട്രി വിസ മൂന്നു മാസത്തേക്ക് സൗജന്യമായി നീട്ടിനൽകാൻ സൽമാൻ രാജാവിന്റെ ഉത്തരവ്. കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് രാജാവിന്റെ ഉത്തരവ്. ഫെബ്രുവരി 25 മുതൽ മെയ് 24 വരെ യുള്ള കാലയളവിൽ കാലാവധി അവസാനിക്കുന്നതും ഉപയോഗിക്കാത്തതുമായ റീ എൻട്രി വിസയാണ് മൂന്ന് മാസത്തേക്ക് സൗജന്യമായി നീട്ടിനൽകുന്നത്.

കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ വിമാന സർവീസുകൾ റദ്ദാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് മൂന്നു മാസത്തെ കാലാവധി നീട്ടിനൽകാൻ സൽമാൻ രാജാവ് ഉത്തരവിട്ടത്. എന്നാലിതിനായി ജവാസാത്തിനെ സമീപിക്കേണ്ടതില്ലെന്നും ജവാസാത്തിന്റെ കമ്പ്യൂട്ടർ സംവിധാനത്തിലൂടെ ഓട്ടോമാറ്റിക്കായി റീ എൻട്രി പുതുക്കുമെന്നും ജവാസാത് ഡയറക്ടറേറ്റ് അറിയിച്ചു.

പുതുക്കിയ വിവരം ഓൺലൈൻ പോർട്ടലായ അബഷിറിലൂടെ അറിയാൻ കഴിയും. അതേസമയം ചെറുകിട സ്ഥാപനങ്ങളിലെ തൊഴിലാളികളുടെ ലെവി ഇളവിൽ മാറ്റം വരുത്താൻ കഴിഞ്ഞ ദിവസം മന്ത്രിസഭ യോഗം തീരുമാനിച്ചിരുന്നു. തൊഴിലാളികളുടെ ഇഖാമ പുതുക്കുന്നതിനുള്ള ലെവി മൂന്നു വർഷത്തേക്ക് ഒഴിവാക്കാനാണ് പുതിയ തീരുമാനം. സ്പോൺസർ അടക്കം ഒൻപതോ അതിൽ കുറവോ ജീവനക്കാരുള്ള സ്ഥാപനങ്ങൾക്കാണ് ഈ ആനുകൂല്യം.