റിയാദ്: സൗദിയിൽ നിന്ന് നാട്ടിൽ പോകാന്‍ നിലവിൽ കൈയിലുള്ള എക്സിറ്റ് / എന്‍ട്രി വിസകൾ സൗജന്യമായി പുതുക്കി നൽകാൻ സൗദി ഭരണാധികാരി സല്‍മാന്‍ രാജാവ് സൗദി പാസ്പോർട്ട് (ജവാസത്ത്) വിഭാഗത്തോട് ആവശ്യപ്പെട്ടു. ഫെബ്രുവരി 25 മുതൽ മെയ് 24 വരെ അടിച്ച വിസകളുടെ കാലാവധി അടുത്ത മൂന്ന് മാസത്തേക്ക് നീട്ടി നല്‍കാനാണ് ഉത്തരവ്. 

ഈ കാലയളവിനിടയിൽ അനുവദിച്ച മുഴുവൻ എക്സിറ്റ് / എൻട്രി വിസകളും പ്രത്യേക ഫീസോ നടപടിക്രമങ്ങളോ ഇല്ലാതെ സ്വമേധയാ പുതുക്കിക്കിട്ടും. നാഷനൽ ഇൻഫർമേഷൻ സെന്ററിന്റെയും ധനകാര്യമന്ത്രാലയത്തിന്റെയും സഹകരണത്തോടെയാണ് ജവാസത്ത് വിസകൾ പുതുക്കുന്നതെന്നും അറിയിപ്പിൽ പറയുന്നു. വിമാന സർവിസ് ഉൾപ്പെടെയുള്ള ഗതാഗതങ്ങൾ നിരോധിച്ചത് മൂലം പുറത്തുപോകാനാവതെ രാജ്യത്ത് കഴിയുന്നവർക്കാണ് ഈ ആനുകൂല്യം. എക്സിറ്റ് / എൻട്രി വിസയിൽ സ്വന്തം നാടുകളിൽ പോയവരുടെ കാര്യം ഈ അറിയിപ്പിൽ പറയുന്നില്ല.