Asianet News MalayalamAsianet News Malayalam

ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലെത്തുന്ന ആദ്യ രാജ്യമായി ഇന്ത്യ; അറിയേണ്ടതെല്ലാം

ചന്ദ്രയാന്‍ മൂന്ന് പുതിയ ചരിത്രം രചിച്ചപ്പോള്‍ കേരളവും ഈ ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്.

Chandrayaan 3 mission All you need to know joy
Author
First Published Aug 24, 2023, 10:27 AM IST

ഇന്നോളം ഒരു രാജ്യത്തിന്റെ ചാന്ദ്ര ദൗത്യവും എത്തിയിട്ടില്ലാത്ത ചന്ദ്രന്റെ ദക്ഷിണ ധ്രുവത്തിലാണ് ലോകത്തെ സാക്ഷിയാക്കി ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് വിജയകരമായി പൂര്‍ത്തിയാക്കിയത്. ചന്ദ്രനില്‍ സോഫ്റ്റ് ലാന്‍ഡിങ്ങ് നടത്തുന്ന നാലാമത്തെ രാജ്യമെന്ന ഖ്യാതിയും ചരിത്രനേട്ടവുമാണ് ഇതോടെ ഇന്ത്യ സ്വന്തമാക്കിയത്. ഇന്നലെ വൈകിട്ട് 5.45ന് തുടങ്ങിയ സോഫ്റ്റ് ലാന്‍ഡിംഗ് പ്രക്രിയ 19 മിനുട്ടുകള്‍ കൊണ്ടാണ് പൂര്‍ത്തിയാക്കിയത്. ചന്ദ്രന്റെ ദക്ഷിണധ്രുവത്തില്‍ മാന്‍സിനസ് സി, സിംപിലിയസ് എന്‍ ഗര്‍ത്തങ്ങളുടെ ഇടയിലാണ് ചന്ദ്രയാന്‍ മൂന്ന് ഇറങ്ങിയത്. ജൂലൈ 14ന് ഉച്ചയ്ക്ക് 2.35നാണ് ശ്രീഹരിക്കോട്ടയിലെ സതീഷ് ധവാന്‍ സ്‌പേസ് സെന്ററിലെ രണ്ടാം വിക്ഷേപണത്തറയില്‍ നിന്നാണ് ചന്ദ്രയാന്‍ മൂന്ന് ഉയര്‍ന്നുപൊങ്ങിയത്. 2019ല്‍ ചന്ദ്രയാന്‍ രണ്ട് ദൗത്യത്തിനുണ്ടായ അവസാന ഘട്ട തിരിച്ചടിയില്‍ നിന്നുള്ള തിരിച്ചറിവുകള്‍ ഉപയോഗപ്പെടുത്തിയാണ് ഇന്നലെ ചന്ദ്രയാന്‍ മൂന്ന് സോഫ്റ്റ് ലാന്‍ഡിംഗ് പൂര്‍ത്തിയാക്കിയത്. 

ദൗത്യത്തില്‍ ഐഎസ്ആര്‍ഒ തന്നെ വിശേഷിപ്പിച്ച 'ഭീകരമായ 17 മിനിറ്റുകള്‍' എന്ന കാലയളവായിരുന്നു ഏറ്റവും നിര്‍ണായകം. ഐഎസ്ആര്‍ഒയുടെ സ്‌പേസ് ആപ്ലിക്കേഷന്‍ സെന്റര്‍ ഡയറക്ടര്‍ നിലേഷ് എം ദേശായി 'ഭീകരമായ 17 മിനിറ്റു'കളുടെ പ്രാധാന്യം ദിവസങ്ങള്‍ക്ക് മുന്‍പ് വിവരിച്ചത് ഇങ്ങനെ: ''ഓഗസ്റ്റ് 23ന് ലാന്‍ഡര്‍ 30 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ഇറങ്ങാന്‍ ശ്രമിക്കും. അപ്പോള്‍ ഏകദേശ വേഗത സെക്കന്‍ഡില്‍ 1.68 കിലോമീറ്റര്‍ ആയിരിക്കും. ഇത് വലിയ വേഗതയാണ്. ചന്ദ്രന്റെ ഗുരുത്വാകര്‍ഷണബലം ലാന്‍ഡറിനെ അതിന്റെ ഉപരിതലത്തിലേക്ക് വലിക്കും. സോഫ്റ്റ് ലാന്‍ഡിങ്ങ് സമയത്ത് ലാന്‍ഡര്‍ വേഗത പൂജ്യത്തിലേക്ക് എത്തിക്കേണ്ടതുണ്ട്. അതിനായി ത്രസ്റ്റര്‍ എഞ്ചിന്‍ പുനഃസ്ഥാപിക്കേണ്ടതുണ്ട്. ലാന്‍ഡര്‍ മൊഡ്യൂളില്‍ ഞങ്ങള്‍ നാല് ത്രസ്റ്റര്‍ എഞ്ചിനുകള്‍ സ്ഥാപിച്ചിട്ടുണ്ട്. 25 കിലോമീറ്റര്‍ ഉയരത്തില്‍ നിന്ന് ലാന്‍ഡര്‍ 7.5 കിലോമീറ്ററിലേക്കും പിന്നീട് 6.8 കിലോമീറ്ററിലേക്കും ഇറക്കും. തുടര്‍ന്ന് നാല് എഞ്ചിനുകളില്‍ രണ്ടെണ്ണം നിര്‍ത്തുകയും ശേഷിക്കുന്ന എഞ്ചിനുകള്‍ ലാന്‍ഡിങ്ങിനായി ഉപയോഗിക്കുകയും ചെയ്യും. ഞങ്ങള്‍ എഞ്ചിന്റെ റിവേഴ്‌സ് ത്രസ്റ്റ് ചെയ്യും. 6.8 കിലോമീറ്റര്‍ ഉയരത്തില്‍ വെച്ച് ലാന്‍ഡറിന്റെ വേഗത നാലുമടങ്ങായി കുറയ്ക്കും. ലാന്‍ഡര്‍ 6.8 കിലോമീറ്ററില്‍ നിന്ന് 800 മീറ്ററിലേക്ക് താഴുകയും തുടര്‍ന്ന് ചന്ദ്രോപരിതലത്തിലേക്ക് ലംബമായി ഇറങ്ങുകയും ചെയ്യും. ക്യാമറകളില്‍ നിന്നും സെന്‍സറില്‍ നിന്നും ലഭിച്ച റഫറന്‍സ് ഡാറ്റ ഉപയോഗിച്ച്, ലാന്‍ഡര്‍ ഏത് സ്ഥലത്താണ് ഇറങ്ങേണ്ടതെന്ന് തീരുമാനിക്കും. ലാന്‍ഡര്‍ എവിടെയാണ് ഇറങ്ങേണ്ടതെന്ന് തീരുമാനിക്കുന്നതിന് മുമ്പ് ഉപരിതലത്തിന് മുകളിലൂടെ സഞ്ചരിക്കും. മുഴുവന്‍ പ്രക്രിയയും 17 മിനിറ്റും 21 സെക്കന്‍ഡും കൊണ്ട് നടക്കും. അനുയോജ്യമായ സ്ഥലത്ത് ലാന്‍ഡര്‍ അല്‍പ്പം വശത്തേക്ക് നീങ്ങുകയാണെങ്കില്‍. ഈ സമയം 17 മിനിറ്റും 32 സെക്കന്‍ഡുമായിരിക്കും. ഭീകരതയുടെ 17 മിനിറ്റ് ലാന്റിംഗിന് നിര്‍ണ്ണായകമാണ്.'' 

ചന്ദ്രയാന്‍ മൂന്ന് പുതിയ ചരിത്രം രചിച്ചപ്പോള്‍ കേരളവും ഈ ദൗത്യത്തില്‍ പങ്കാളികളായിട്ടുണ്ട്. സംസ്ഥാനത്ത് നിന്നുള്ള ആറ് പൊതുമേഖലാ വ്യവസായ സ്ഥാപനങ്ങളും 20ഓളം സ്വകാര്യസ്ഥാപനങ്ങളുമാണ് ദൗത്യത്തില്‍ പങ്കാളികളായിരിക്കുന്നത്. കെല്‍ട്രോണ്‍, കെഎംഎംഎല്‍, എസ്.ഐ.എഫ്.എല്‍, ടി.സി.സി, കെ.എ.എല്‍, സിഡ്‌കോ തുടങ്ങിയ പൊതുമേഖലാ സ്ഥാപനങ്ങളില്‍ നിന്നും എയ്‌റോ പ്രിസിഷന്‍, ബി.എ.ടി.എല്‍, കോര്‍ട്ടാന്‍, കണ്ണന്‍ ഇന്റസ്ട്രീസ്, ഹിന്റാല്‍കോ, പെര്‍ഫെക്റ്റ് മെറ്റല്‍ ഫിനിഷേഴ്‌സ്, കാര്‍ത്തിക സര്‍ഫസ് ട്രീറ്റ്‌മെന്റ്, ജോജോ ഇന്റസ്ട്രീസ്, വജ്ര റബ്ബര്‍, ആനന്ദ് ടെക്‌നോളജീസ്, സിവാസു, റെയെന്‍ ഇന്റര്‍നാഷണല്‍, ജോസിത് എയര്‍സ്‌പേസ്, പി.എം.എസ് തുടങ്ങിയ സ്വകാര്യസ്ഥാപനങ്ങളില്‍ നിന്നും നിര്‍മ്മിച്ച വിവിധ ഉല്‍പ്പന്നങ്ങള്‍ ചന്ദ്രയാന്‍ മൂന്ന് ദൗത്യത്തില്‍ ഉപയോഗിച്ചിട്ടുണ്ട്. 

ചന്ദ്രയാത്ര സുഗമമാക്കുന്നതില്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സും ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ഡാറ്റ വേഗത്തില്‍ വിശകലനം ചെയ്യാനും പ്രവചനാത്മകമായ സ്ഥിതിവിവരക്കണക്കുകള്‍ നല്‍കാനും സ്വയം നിയന്ത്രിത നാവിഗേഷന്‍ നല്‍കാനും ദൗത്യ പ്രവര്‍ത്തനങ്ങള്‍ ഒപ്റ്റിമൈസ് ചെയ്യാനും അപാകത കണ്ടെത്താനും മറ്റും എഐ സാങ്കേതികവിദ്യ സഹായിക്കുന്നു. ചന്ദ്രോപരിതലത്തില്‍ ഒരു സുരക്ഷിതമായ ടച്ച്ഡൗണ്‍ ഉറപ്പാക്കുന്നതില്‍ എഐയുടെ സഹായത്തോടെ പ്രവര്‍ത്തിക്കുന്ന സെന്‍സറുകള്‍ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. റോവറിന്റെ ചാന്ദ്ര പര്യവേക്ഷണ ഘട്ടത്തിലും എഐ സഹായികമാകും. കൗതുകമുണര്‍ത്തുന്ന ചാന്ദ്ര സവിശേഷതകള്‍ കണ്ടെത്തുന്നതിനും മാപ്പ് ചെയ്യുന്നതിനും ഒപ്പം കാര്യക്ഷമമായ പര്യവേക്ഷണത്തിനായി റോവറിന്റെ ഒപ്റ്റിമല്‍ റൂട്ട് ചാര്‍ട്ട് ചെയ്യുന്നതിലും എഐ അല്‍ഗോരിതങ്ങള്‍ മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍ നല്‍കും. പരമ്പരാഗത സമീപനങ്ങളിലൂടെ മറച്ചുവെച്ചേക്കാവുന്ന സ്ഥിതിവിവരക്കണക്കുകള്‍ പുറത്തു കൊണ്ടുവരാന്‍ എഐ സഹായിക്കുമെന്നാണ് വിലയിരുത്തല്‍. 

ഐഎസ്ആര്‍ഒ ചെയര്‍മാന്‍ ഡോ. എസ് സോമനാഥ് അടക്കം നിരവധി മലയാളികളും ചന്ദ്രയാന്‍ മൂന്നിന് പിന്നിലുണ്ട്. ചന്ദ്രയാന്‍ മൂന്നിന് പിന്നില്‍ പ്രവര്‍ത്തിച്ച എല്ലാവര്‍ക്കും നന്ദി രേഖപ്പെടുത്തി ഐഎസ്ആര്‍ഒ ചെയര്‍മാന്‍ എസ് സോമനാഥ് രംഗത്തെത്തി. ചന്ദ്രയാന്‍ ഒന്നിലും രണ്ടിലും പ്രവര്‍ത്തിച്ചവരുടെ കൂടി വിജയമാണിത്. റിട്ടയര്‍ ചെയ്തവര്‍ പോലും തിരിച്ചത്തി സഹായങ്ങള്‍ നല്‍കിയെന്നും ഇന്ത്യക്കാര്‍ക്കെല്ലാം അഭിമാന നിമിഷമാണെന്നും അദ്ദേഹം പറഞ്ഞു. ചന്ദ്രയാന്‍ രണ്ടിലെ പലരും മൂന്നില്‍ പ്രവര്‍ത്തിച്ചത് ഉറക്കം പോലും ഇല്ലാതെയാണ്. ഓരോ തെറ്റും കണ്ടെത്തി അവര്‍ തിരുത്തി. റിട്ടയര്‍ ചെയ്തവര്‍ പോലും ദൗത്യത്തിനായി പ്രവര്‍ത്തിച്ചു. സഹായകമായ മറ്റ് സ്‌പേസ് ഏജന്‍സികള്‍ക്കും നന്ദി പറയുന്നെന്നും അദ്ദേഹം പറഞ്ഞു. 

ഭൂമിയില്‍ സ്വപ്‌നം കണ്ടു, ചന്ദ്രനില്‍ നടപ്പാക്കിയെന്നാണ് വിജയകരമായ ദൗത്യത്തെക്കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി പറഞ്ഞത്. ലോക രാജ്യങ്ങളും ആഗോള സ്‌പേസ് ഏജന്‍സികളും ഇന്ത്യയെ അഭിനന്ദിച്ച് രംഗത്തെത്തി. ബഹിരാകാശ രംഗത്ത് വലിയ കാല്‍വയ്‌പ്പെന്നാണ് റഷ്യന്‍ പുടിന്‍ ദൗത്യത്തെക്കുറിച്ച് അഭിപ്രായപ്പെട്ടത്. ദക്ഷിണാഫ്രിക്കയില്‍ നടക്കുന്ന ബ്രിക്‌സ് ഉച്ചകോടിയിലും അഭിനന്ദനപ്രവാഹമായിരുന്നു. ദക്ഷിണാഫ്രിക്കന്‍ പ്രസിഡന്റ് സിറില്‍ റാമഫോസ, ബ്രസീല്‍ പ്രസിഡന്റ് ലുല ഡ സില്‍വ എന്നിവര്‍ നേരിട്ട് പ്രധാനമന്ത്രിയെ അനുമോദനം അറിയിക്കുകയായിരുന്നു. 

 ഹെൽമറ്റ് ധരിക്കാത്ത ഡിവൈഎഫ്ഐ നേതാവിന് പെറ്റിയടിച്ച എസ്ഐക്ക് സ്ഥലംമാറ്റം, പിന്നാലെ അന്വേഷണവും 
 

Follow Us:
Download App:
  • android
  • ios