യാത്രയ്ക്കിടെ ടയർ പൊട്ടി, പിന്നാലെ ബസ് മുഴുവൻ തീ വിഴുങ്ങി; ആർക്കും പോറൽ പോലുമേൽക്കാതെ രക്ഷിച്ച് ഡ്രൈവറുടെ ധീരത
ആകെ 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരുക്കില്ലെന്നും അധികൃതർ അറിയിച്ചു.
മുംബൈ: മുംബൈ - പൂനെ എക്സ്പ്രസ് വേയിൽ ഓടിക്കൊണ്ടിരുന്ന ബസിന് തീപിടിച്ചു. മുംബൈയിൽ നിന്നും പൂനെയിലേക്ക് പോവുകയായിരുന്ന ടൂറിസ്റ്റ് ലക്ഷ്വറി ബസിനാണ് തീപിടിച്ചത്. ബസിന്റെ ടയർ പൊട്ടിയതിനെ തുടർന്നുണ്ടായ അഗ്നിബാധ ഷോർട്ട് സർക്യൂട്ട് മൂലം വലിയ തീപിടുത്തമായി മാറുകയായിരുന്നു എന്നാണ് റിപ്പോർട്ടുകൾ.
രാവിലെ 7.30ഓടെയായിരുന്നു സംഭവം. തീപിടുത്തം മനസിലാക്കിയ ഉടൻ മനഃസാന്നിദ്ധ്യം കൈവിടാതെ പ്രവർത്തിച്ച ഡ്രൈവർ എല്ലാ യാത്രക്കാരെയും പരമാവധി വേഗത്തിൽ ബസിൽ നിന്ന് പുറത്തിറക്കി. ബസിൽ മുഴുവനായി തീപടരുന്നതിന് മുമ്പ് തന്നെ യാത്രക്കാരെല്ലാം പുറത്തിറങ്ങിയത് വലിയ ദുരന്തം ഒഴിവാക്കി. ഡ്രൈവറുടെ സമയോചിതമായ ഇടപെടലാണ് ഇതിന് സഹായകമായത്. ആകെ 36 യാത്രക്കാരാണ് ബസിലുണ്ടായിരുന്നത്. എല്ലാവരും സുരക്ഷിതരാണെന്നും ആർക്കും പരുക്കില്ലെന്നും അധികൃതർ അറിയിച്ചു.
ഇന്ത്യൻ റിസർവ് ബറ്റാലിയൻ (ഐ.ഐർ.ബി) പട്രോളിങ് സംഘവും അഗ്നിശമന സേനയും പൊലീസ് ഉദ്യോഗസ്ഥരും പിന്നാലെ സ്ഥലത്തെത്തി. തീ പിന്നീട് പൂർണമായി നിയന്ത്രണ വിധേയമാക്കി. വാഹനം പൂർണമായി കത്തിനശിച്ചത് സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങളിൽ വ്യക്തമാണ്. പ്രദേശത്താകെ കറുത്ത പുക നിറഞ്ഞു. അപകടത്തെ തുടർന്ന് കുറച്ച് നേരം എക്സ്‍പ്രസ് വേയിലൂടെയുള്ള ഗതാഗതം തടസ്സപ്പെട്ടു. തീപിടുത്തത്തിലേക്ക് നയിച്ച കാരണങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കാനായി അന്വേഷണം തുടങ്ങിയിട്ടുണ്ട്. യാത്രക്കാർക്ക് ബദൽ സംവിധാനങ്ങളൊരുക്കി നൽകുമെന്നും അധികൃതർ അറിയിച്ചു.