ന്യൂയോര്‍ക്ക്; 'ഗോസ്റ്റ് ഫ്‌ലീറ്റ്' എന്ന പേരില്‍ അറിയപ്പെടുന്ന കപ്പല്‍ ശ്മശാനത്തിനു സ്ഥാനചലനം സംഭവിക്കുന്നതായി റിപ്പോര്‍ട്ട്. കൊടുങ്കാറ്റും വെള്ളപ്പൊക്കവും മണ്ണൊലിപ്പും ഉണ്ടാക്കിയ കനത്ത നാശനഷ്ടത്തെത്തുടര്‍ന്ന് ഇത് മൈലുകളോളം നീങ്ങിയതായാണ് ഇപ്പോള്‍ കണ്ടെത്തിയിരിക്കുന്നത്. മറൈന്‍ എക്കോളജി അഥവാ, സമുദ്ര ജൈവവൈധ്യത്തില്‍ ലോകത്തിലെ അത്യപൂര്‍വ്വ മേഖലകളിലൊന്നായാണ് ഇവിടം കണക്കാക്കിയിരിക്കുന്നത്. ലോകത്തില്‍ ഇത്തരമൊരു പ്രദേശം അപൂര്‍വ്വമാണെന്നതും വാര്‍ത്ത കൗതകമാക്കുന്നു. 

അമേരിക്കയിലെ മേരിലാന്‍ഡ് എന്ന സംസ്ഥാനത്താണ് ഈ പ്രദേശമുള്ളത്. ഇവിടം അതീവ ലോല പരിസ്ഥിതി സംരക്ഷിത പ്രദേശമായാണ് പ്രഖ്യാപിച്ചിരിക്കുന്നത്. ഈ കപ്പല്‍ അവശിഷ്ടങ്ങള്‍ക്കിടയില്‍ സ്വാഭാവികമായി പ്രകൃതി രൂപപ്പെടുത്തിയ നിരവധി ജൈവവൈവിധ്യങ്ങളാണേ്രത ഉള്ളത്. നാഷണല്‍ ഓഷ്യാനിക് ആന്‍ഡ് അറ്റ്‌മോസ്‌ഫെറിക് അഡ്മിനിസ്‌ട്രേഷന്‍ (എന്‍എഎഎഎ) 14 ചതുരശ്ര മൈല്‍ വിസ്തീര്‍ണ്ണമുള്ള ഈ പ്രദേശത്തെ 'പാരിസ്ഥിതികമായി വിലപ്പെട്ട' സൈറ്റുകളാണെന്ന് വിശേഷിപ്പിക്കുന്നു. വിപ്ലവ യുദ്ധത്തിലും ആഭ്യന്തര യുദ്ധത്തിലും പങ്കെടുത്തിട്ടുള്ള ഈ കപ്പലുകളുടെ അവശിഷ്ടങ്ങള്‍ മെരിലാന്‍ഡിലെ പൊട്ടോമാക് നദിയുടെ ഒരു പ്രദേശമാകെ നിറഞ്ഞു കിടക്കുകയാണ്. ഇവിടം മല്ലോസ് ബേ എന്നാണ് അറിയപ്പെടുന്നത്.

നൂറുകണക്കിന് മുങ്ങിയ കപ്പലുകളുള്ള ഇടമാണ്, 'ഗോസ്റ്റ് ഫ്‌ലീറ്റ്' എന്ന കപ്പല്‍ ശ്മശാനം. കൊടുങ്കാറ്റും വെള്ളപ്പൊക്കവും കാരണം മുങ്ങിയ 200 ഓളം തടി യുദ്ധക്കപ്പലുകളുടെ അവശിഷ്ടമാണ് ഇവിടെയുള്ളത്. വെള്ളത്തിനടിയിലുള്ള കപ്പലിന്റെ അവശിഷ്ടങ്ങള്‍ക്ക് നൂറുകണക്കിന് വര്‍ഷങ്ങളുടെ പഴക്കമാണുള്ളത്. ഇവ അഴുകി തുടങ്ങിയിട്ടുണ്ട്. ഈ തടി അവശിഷ്ടങ്ങള്‍ക്കിടയിലെ കുറ്റിച്ചെടികളിലും പോഷക സമ്പുഷ്ടമായ മണ്ണിലും വന്യമൃഗങ്ങള്‍ വലിയ തോതില്‍ കൂടുകളൊരുക്കിയിട്ടുള്ളതിനാല്‍ പരിസ്ഥിതി പ്രവര്‍ത്തകര്‍ ഈ കപ്പലുകളെ വിലമതിക്കുന്നു. മത്സ്യങ്ങള്‍, പക്ഷികള്‍, മാന്‍, ബീവര്‍ തുടങ്ങി നിരവധി ഇനം ഈ വനമേഖലയിലുണ്ട്.

ലൈവ് സയന്‍സ് റിപ്പോര്‍ട്ട് ചെയ്തതനുസരിച്ച്, ഗവേഷകര്‍ ഈ പ്രദേശത്തെ ആകാശ ഭൂപടങ്ങള്‍ പഠിച്ചതില്‍ നിന്നാണ് ഈ കപ്പലുകള്‍ കിഴക്കോട്ട് നീങ്ങുന്നതായി കണ്ടെത്തിയത്. ഇവയില്‍ ചിലത് 20 മൈല്‍ വരെ സ്ഥാനഭ്രംശം സംഭവിച്ചിട്ടുണ്ടേ്രത. കൊടുങ്കാറ്റ്, മണ്ണൊലിപ്പ്, വെള്ളപ്പൊക്കം എന്നിവയെല്ലാം ഈ ചലനത്തിന് കാരണമായിട്ടുണ്ട്. ഇത് ഈ ഭാഗത്തെ ഊര്‍ജ്ജസ്വലമായ ആവാസവ്യവസ്ഥയെ ഗണ്യമായി തടസ്സപ്പെടുത്തുകയും ചെയ്യും. പഠനങ്ങള്‍ വിപുലീകരിക്കുന്നതിന്റെ ഭാഗമായി അണ്ടര്‍വാട്ടര്‍ വാഹനങ്ങള്‍ ഉപയോഗിച്ച് സൈറ്റിന്റെ കൂടുതല്‍ വിലയിരുത്തല്‍ നടത്തും.

പടിഞ്ഞാറന്‍ അര്‍ദ്ധഗോളത്തില്‍ കാണാവുന്ന ഏറ്റവും വലിയ ചരിത്രപരമായ വാട്ടര്‍ക്രാഫ്റ്റാണ് ഈ അഴുകിയ കപ്പല്‍ പ്രദേശങ്ങള്‍. 72 കാരനായ സമുദ്ര പുരാവസ്തു ഗവേഷകനായ ഡോണ്‍ ഷോമെറ്റ് കപ്പലുകളില്‍ നിന്ന് വിവരങ്ങള്‍ ശേഖരിക്കുകയും വിശകലനം ചെയ്യുകയും ചെയ്തിട്ടുണ്ട്.ചെസാപീക്ക് കണ്‍സര്‍വേന്‍സിയുടെ പ്രസിഡന്റ് ജോയല്‍ ഡണ്‍ മുമ്പ് പറഞ്ഞിരുന്നു, ഓരോ കപ്പലും ഒരു മിനി ഇക്കോ സിസ്റ്റമായി മാറിയിരിക്കുന്നുവെന്ന്.