ന്യൂയോര്‍ക്ക്: ശനിയുടെ ഉപഗ്രഹം ടൈറ്റനിലെ ജീവന് അനുകൂലമായ സാഹചര്യങ്ങള്‍ മനസിലാക്കുവാന്‍ പുതിയ ദൗത്യം പ്രഖ്യാപിച്ച് നാസ. ഡ്രാഗണ്‍ ഫ്ലൈ എന്ന് പേരായ ദൗത്യം 2026 ല്‍ ഭൂമിയില്‍ നിന്നും യാത്ര തിരിക്കും. 2034ല്‍ ആയിരിക്കും ടൈറ്റന്‍റെ ഉപരിതലത്തില്‍ എത്തുക. ഭൂമിയിലും ടൈറ്റനിലും ഉള്ള ജൈവ-രാസ ഘടകകളെ പഠനത്തിന് വിധേയമാക്കി ഭാവിയിലേക്ക് ജീവന് അനുകൂലമായ സ്ഥിതി ടൈറ്റനിലുണ്ടോ എന്നതാണ് നാസ  'ഡ്രാഗണ്‍ ഫ്ലൈ' ദൗത്യത്തിലൂടെ വിലയരുത്തുന്നത്.

ടൈറ്റനിലെ സേല്‍ക്ക് ട്രഞ്ചിലായിരിക്കും 'ഡ്രാഗണ്‍ ഫ്ലൈ' ഉപയോഗിച്ച് നാസ ഏറ്റവും കൂടുതല്‍ പരിവേഷണം നടത്തുക. ഇവിടെയാണ് ജീവന് അനുകൂലമെന്ന് കരുതുന്ന ജൈവ-രാസ ഘടകകളുടെ സാന്നിധ്യം കൂടുതല്‍ കാണപ്പെടുന്നത് എന്നാണ് കരുതുന്നത്. ആദ്യം ടൈറ്റനിലെ ഷാങ്ഗ്രില എന്ന പ്രദേശത്ത് ഇറങ്ങുന്ന 'ഡ്രാഗണ്‍ ഫ്ലൈ' ഇവിടെ നിന്ന് 172 കിലോ മീറ്റര്‍ സ‌ഞ്ചരിച്ച് പരിവേഷണം നടത്തും. സോളര്‍ പാനലുകള്‍ക്ക് പകരം 'ഡ്രാഗണ്‍ ഫ്ലൈ'യ്ക്ക് ഊര്‍ജം നല്‍കുന്നത് തെര്‍മല്‍ ഇലക്ട്രിക് ജനറേറ്ററുകളായിരിക്കും.

സൂര്യനില്‍ നിന്നും 140 കോടി കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന ശനിയുടെ 56 ഉപഗ്രഹങ്ങളില്‍ ഏറ്റവും വലുതാണ് ടൈറ്റന്‍.  ഭൂമിയുടെ പിറവി സംഭവിച്ച കാലത്തെ അവസ്ഥയിലാണ് ടൈറ്റന്‍ എന്നാണ് ശാസ്ത്രലോകത്തിന്‍റെ അനുമാനം. മീഥെന്‍ മേഘങ്ങളാല്‍ മൂടപ്പെട്ട അന്തരീക്ഷമാണ് ടൈറ്റന് ഉള്ളത്.