Asianet News MalayalamAsianet News Malayalam

ഗുരുവും ശിഷ്യനും പിന്നെ ഗാന്ധിനഗര്‍ സീറ്റും; അദ്വാനിയുടെ നിര്‍ബന്ധിത പടിയിറക്കം ചരിത്രമാവുമ്പോള്‍

ആറു തവണയും തന്റെ പേരിനൊപ്പം ചേര്‍ത്തെഴുതിയ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് എല്‍കെ അദ്വാനി നിര്‍ബന്ധിത പടിയിറക്കത്തിന് വിധിക്കപ്പെട്ടിരിക്കുന്നു. ഒപ്പം അത് ബിജെപിയുടെ സമുന്നതനേതാവിന്റെ, ചരിത്രത്തിലേക്കുള്ള പടിയിറക്കം കൂടിയാവുന്നു.

End of poll road for LK Advani
Author
Delhi, First Published Mar 22, 2019, 11:27 AM IST

'കിട്ടീലയോ ദക്ഷിണ വേണ്ടുവോളം-
വിശിഷ്ടനാം ശിഷ്യനില്‍ നിന്നിദാനിം'
തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് നിര്‍ബന്ധിത പടിയിറക്കത്തിന് വിധിക്കപ്പെടുമ്പോള്‍ ലാല്‍ കൃഷ്ണ അദ്വാനി എന്ന ബിജെപിയുടെ ഉരുക്ക് മനുഷ്യനോട് രാഷ്ട്രീയഭാരതം മറ്റെന്ത് ചോദിക്കാന്‍!!

ലോക്‌സഭാ തെരഞ്ഞെടുപ്പിനുള്ള ആദ്യഘട്ട സ്ഥാനാര്‍ത്ഥിപട്ടിക ബിജെപി പുറത്തുവിട്ടപ്പോള്‍ അദ്വാനിയുടെ അസാന്നിധ്യത്തോളം അതില്‍ ശ്രദ്ധിക്കപ്പെട്ട മറ്റൊന്നുമുണ്ടായിരുന്നില്ല. ഗുജറാത്തിലെ ഗാന്ധിനഗറില്‍ ബിജെപി ചുവരുകളില്‍ ഇത്തവണ എഴുതിച്ചേര്‍ക്കപ്പെടുക അമിത് ഷായുടെ പേരാണ്. ആറു തവണയും തന്റെ പേരിനൊപ്പം ചേര്‍ത്തെഴുതിയ ഗാന്ധിനഗര്‍ മണ്ഡലത്തില്‍ നിന്ന് ഒഴിവാക്കപ്പെട്ടതോടെ തെരഞ്ഞെടുപ്പ് രാഷ്ട്രീയത്തില്‍ നിന്ന് എല്‍കെ അദ്വാനി നിര്‍ബന്ധിത പടിയിറക്കത്തിന് വിധിക്കപ്പെട്ടിരിക്കുന്നു. ഒപ്പം അത് ബിജെപിയുടെ സമുന്നതനേതാവിന്റെ ചരിത്രത്തിലേക്കുള്ള പടിയിറക്കം കൂടിയാവുന്നു.

അപ്രതീക്ഷിതമൊന്നുമായിരുന്നില്ല ആ തീരുമാനം. കുറച്ചുകാലങ്ങളായി ബിജെപിയില്‍ ശക്തിപ്രാപിച്ചുവന്ന അന്തശ്ചിദ്രത്തിന്റെ അവസാനവാക്കാണ് അദ്വാനിയുടെ നിര്‍ബന്ധിത വിരമിക്കലെന്ന് പറയാം. പാര്‍ട്ടിയില്‍ മോദി-ഷാ ദ്വന്ദ്വത്തിനുള്ള അതിശക്തസ്വാധീനത്തിന്റെ അവസാന ഉദാഹരണം കൂടിയാണ് അത്. ഭരണരംഗത്തും ഉള്‍പാര്‍ട്ടി സംവിധാനങ്ങളിലും തങ്ങള്‍ തന്നെയാണ് അവസാനവാക്കെന്ന് ഇരുവരും ഇതിലൂടെ അരക്കിട്ടുറപ്പിച്ചിരിക്കുകയാണ്.

1984ല്‍ പാര്‍ലമെന്റില്‍ കേവലം രണ്ട് സീറ്റായിരുന്നു ബിജെപിയുടെ മേല്‍വിലാസം. അവിടെ  നിന്ന് 1991ലെത്തിയപ്പോഴേക്കും പാര്‍ട്ടിയെ 100 സീറ്റുകളിലേക്കെത്തിച്ചതും പിന്നീട് 1996ല്‍ കേന്ദ്രഭരണത്തിലെത്തിച്ചതിനു പിന്നിലും മുഖ്യശില്‍പിയായിരുന്നു അദ്വാനി. എത്രയോ കാലം ദേശീയരാഷ്ട്രീയത്തിലും പാര്‍ലമെന്റിലും ബിജെപിയുടെ മുഖമായി നിറഞ്ഞുനിന്നവരാണ് പാര്‍ട്ടി സ്ഥാപകനേതാക്കളായ എല്‍.കെ.അദ്വാനിയും എ.ബി.വാജ്‌പേയിയും. വാജ്‌പേയി പ്രധാനമന്ത്രിയായപ്പോള്‍ അദ്വാനി ഉപപ്രധാനമന്ത്രിയായി. 

ബിജെപിയുടെ ഉരുക്കുമനുഷ്യനായിരുന്നു അദ്വാനി. അദ്വാനിയുടെ വത്സലശിഷ്യന്‍ എന്ന ലേബലിലായിരുന്നു നരേന്ദ്രമോദി രാഷ്ട്രീയരംഗത്ത് ചുവടുറപ്പിച്ചത്. കാലം മാറിയതോടെ ഗുരുശിഷ്യ ബന്ധം അകല്‍ച്ചയ്ക്ക് വഴിമാറി. പാര്‍ട്ടിയുടെ ശക്തികേന്ദ്രമായി മോദിയും അമിത്ഷായും കടിഞ്ഞാണ്‍ എറ്റെടുത്തതോടെ അദ്വാനി അണിയറയിലേക്ക് ഒതുങ്ങാന്‍ നിര്‍ബന്ധിതനായി. കലഹിച്ചു നേടാനോ ശിഷ്യനെ തിരുത്താനോ അദ്ദേഹം മടിച്ചു. വര്‍ധിച്ച പ്രായമായിരുന്നു തടസ്സം. പാര്‍ട്ടി സംഘടനാസംവിധാനത്തിന് കീഴ്‌പ്പെട്ട് മൗനത്തിലേക്ക് അദ്വാനി ഒതുങ്ങുന്ന അവസ്ഥ വരെയെത്തി കാര്യങ്ങള്‍.

കപ്പിനും ചുണ്ടിനുമിടയില്‍ പ്രധാനമന്ത്രി പദം നഷ്ടപ്പെട്ടപ്പോഴും അദ്വാനി പരിഭവിച്ചില്ല. ശിഷ്യന് വേണ്ടി വഴിമാറിക്കൊടുത്തപ്പോഴും തന്നെ കാത്തിരിക്കുന്നത് നിര്‍ബന്ധിത രാഷ്ട്രീയവനവാസമാണെന്ന് അദ്ദേഹം കരുതിയിരിക്കില്ല. രാഷ്ട്രപതിസ്ഥാനത്തേക്ക് അദ്വാനി പരിഗണിക്കപ്പെടുമെന്ന് അഭ്യൂഹങ്ങളുണ്ടായിരുന്നെങ്കിലും രാംനാഥ് കോവിന്ദിന് നറുക്ക് വീണതോടെ കാര്യങ്ങളുടെ പോക്ക് എങ്ങോട്ടാണെന്ന് എല്ലാവര്‍ക്കും ബോധ്യപ്പെട്ടു. ത്രിപുരയില്‍ ബിപ്ലവ് കുമാര്‍ ദേബിന്‍റെ സത്യപ്രതിജ്ഞാ ചടങ്ങില്‍ ഗുരുവിനെ അവഗണിച്ച് മുമ്പോട്ട് നീങ്ങുന്ന ശിഷ്യന്റെ ദൃശ്യങ്ങള്‍ പുറത്തുവരിക കൂടി ചെയ്തതോടെ ഗുരുശിഷ്യ ബന്ധത്തില്‍ ഇനിയൊന്നും അവശേഷിക്കുന്നില്ല എന്ന് വിലയിരുത്തപ്പെട്ടു. അന്ന് നിസ്സഹായതയുടെ മുഖമായാണ് അദ്വാനി ചാനല്‍ ദൃശ്യങ്ങളില്‍ നിറഞ്ഞത്. 

കഴിഞ്ഞ അഞ്ച് വര്‍ഷവും ലോക്‌സഭയിലെ നിശ്ശബ്ദസാന്നിധ്യമായിരുന്നു അദ്വാനി. ഇക്കാലത്തിനിടെ സഭയില്‍ അദ്ദേഹം പറഞ്ഞത് വെറും 365 വാക്കുകള്‍ മാത്രം. 2014ല്‍ മാത്രമാണ് അദ്ദേഹം സഭയില്‍ സംസാരിച്ചത്. 2014 ഡിസംബര്‍ 19ന് ശേഷം ഒരു വാക്ക് പോലും അദ്ദേഹത്തില്‍ നിന്നുണ്ടായില്ല. 11 തവണ പാര്‍ലമെന്റംഗമായ അദ്വാനിയുടെ ഈ മൗനം ആരോഗ്യപരമായ അവശതകള്‍ മൂലമല്ലെന്ന് അദ്ദേഹത്തിന്റെ ഹാജര്‍നില തെളിയിക്കുന്നു. 321 ദിവസം പ്രവര്‍ത്തിച്ച സഭയില്‍ 296 ദിവസവും അദ്വാനി ഹാജരായിരുന്നു. ഹാജര്‍ നില 92 ശതമാനമായിരുന്നു. 

അദ്വാനി 1991ലാണ് ഗാന്ധിനഗറില്‍ നിന്ന് ആദ്യം തെരഞ്ഞെടുക്കപ്പെട്ടത്. അന്ന് ഒന്നേകാല്‍ ലക്ഷമായിരുന്നു ഭൂരിപക്ഷം. 2014 എത്തിയപ്പോഴേക്കും അത് നാലര ലക്ഷം കടന്നു. 1970ല്‍ രാജ്യസഭയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട അദ്വാനി പിന്നീടിത്രയും കാലവും ഏതെങ്കിലുമൊരു സഭയില്‍ അംഗമായിരുന്നു. അങ്ങനെ മൂന്ന് പതിറ്റാണ്ടിനിടെ അദ്വാനി മത്സരരംഗത്തില്ലാത്ത ആദ്യ തെരഞ്ഞെടുപ്പ് കൂടിയാവുകയാണ് ഇത്തവണത്തേത്. സ്ഥാനാര്‍ത്ഥിത്വത്തിന് പ്രായപരിധി നിശ്ചയിക്കണമെന്ന തീരുമാനം പാര്‍ട്ടിയില്‍ ഇല്ലെന്നാണ് ബിജെപി പാര്‍ലമെന്ററി ബോര്‍ഡ് ദിവസങ്ങള്‍ക്ക് മുമ്പ് നിലപാട് വ്യക്തമാക്കിയത്. അപ്പോള്‍ പിന്നെ അദ്വാനിയെ ഒഴിവാക്കിയതിന് പിന്നിലുള്ള കാരണം പകല്‍പോലെ വ്യക്തമല്ലേ എന്നാണ് രാഷ്ട്രീയവൃത്തങ്ങളില്‍ നിന്ന് ഉയരുന്ന ചോദ്യം!
 

Follow Us:
Download App:
  • android
  • ios