2019 -ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ 40 സീറ്റിലാണ് ആം ആദ്മി പാർട്ടി മത്സരിച്ചത്. ആകെ ജയിച്ചതോ ഒരേയൊരു സീറ്റിൽ. എന്നുമാത്രമല്ല, പാർട്ടി ഭരിക്കുന്ന ദില്ലിയിൽ നിന്നും ആം ആദ്മി പാർട്ടിയെ അക്ഷരാർത്ഥത്തിൽ 'തൂത്തു വാരി'ക്കളഞ്ഞു ബിജെപി. മത്സരിച്ച ഏഴു സീറ്റിലും കനത്ത പരാജയമാണ് പാർട്ടി നേരിട്ടത്.  തോറ്റെന്നു മാത്രമല്ല, വോട്ടിങ്ങ് ശതമാനത്തിൽ കോൺഗ്രസിനും പിന്നിലായി മൂന്നാം സ്ഥാനത്താണ് ഈ തെരഞ്ഞെടുപ്പിൽ ആം ആദ്മി പാർട്ടി എത്തി നിൽക്കുന്നത്.  

ഇതേ പാർട്ടിയാണ് 2014-ലെ ലോക്സഭാ തെരഞ്ഞെടുപ്പിൽ പഞ്ചാബിൽ നിന്നും നാല് സീറ്റിൽ വിജയിച്ചത് എന്നോർക്കണം. തെരഞ്ഞെടുപ്പിലേറ്റ കനത്ത പരാജയത്തെ തുടർന്ന് പാർട്ടിയ്ക്കകത്തു നിന്നും പുറത്തു നിന്നും കടുത്ത വിമർശനങ്ങൾ ഏറ്റുവാങ്ങുകയാണ് നേതൃസ്ഥാനങ്ങളിൽ ഇരിക്കുന്നവർ. 

ചാന്ദ്നി ചൗക്കിൽ നിന്നുള്ള പാർട്ടി എംഎൽഎ അൾകാ ലാംബ 23-ന് ഫലം വന്നപ്പോൾ പാർട്ടിയ്ക്കേറ്റ ദയനീയ പരാജയത്തിൽ പ്രതിഷേധിച്ച് പാർട്ടി വിട്ടുപോവുകയാണ് എന്ന് പ്രഖ്യാപിച്ചു കളഞ്ഞു. എന്നാൽ 2014-ലെ ലോക്‌സഭാ തെരഞ്ഞെടുപ്പിലും ആം ആദ്മി പാർട്ടിയുടെ അക്കൗണ്ട് ദില്ലിയിൽ ശൂന്യമായിരുന്നു എന്നതാണ് സത്യം.  എന്നാൽ ഇത്തവണ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു എന്നൊരു നാണക്കേട് കൂടി അവർക്കു വന്നു. 

പാർട്ടിയ്ക്ക് ഇക്കുറി കിട്ടിയത് വെറും 18  ശതമാനം വോട്ടുകൾ മാത്രമാണ്. കഴിഞ്ഞ തെരഞ്ഞെടുപ്പിൽ ഇത് 34  ശതമാനമായിരുന്നു എന്നോർക്കണം. ഒന്നാം സ്ഥാനത്തു വന്ന ബിജെപി കഴിഞ്ഞ തവണത്തെ എല്ലാ സീറ്റുകളും നിലനിർത്തി എന്നുമാത്രമല്ല 46.40 % വോട്ടുകൾ എന്നത്, 56.58 % ആക്കി ഉയർത്തുകയും ചെയ്തു. രണ്ടാം സ്ഥാനത്തുവന്ന കോൺഗ്രസും കഴിഞ്ഞ തവണത്തെ വോട്ടിങ്ങ് ശതമാനത്തിൽ നിന്നും അഞ്ചു ശതമാനം വർധിപ്പിച്ചു. 

ഇതിന്റെയൊക്കെ സ്വാധീനം 2020-ൽ നടക്കാനിരിക്കുന്ന ദില്ലി നിയമസഭാ തെരഞ്ഞെടുപ്പിൽ ഉണ്ടാകുമോ എന്നതാണ് ഇപ്പോൾ ഉയരുന്ന പ്രസക്തമായ ചോദ്യം. ആം ആദ്മി പാർട്ടിയുടെ നേതൃനിര പൊതുജനങ്ങളിൽ നിന്നും അവരുടെ പ്രശ്നങ്ങളിൽ നിന്നും അകന്നു പോയതാണ് ഇത്തരത്തിൽ ഒരു ഫലത്തിന് കാരണമായതെന്ന് പൊതുവെ വിലയിരുത്തപ്പെടുന്നു.   ആദ്യമായാണ് ഇങ്ങനെ വോട്ടിങ് ശതമാനത്തിൽ ആം ആദ്മി പാർട്ടി മൂന്നാമതാവുന്നത്. 

മുഖ്യമന്ത്രി അരവിന്ദ് കെജ്‌രിവാൾ തന്റെ മണ്ഡലത്തിന്റെ പ്രശ്നങ്ങൾക്ക് ചെവികൊടുക്കാൻ തയ്യാറാവുന്നില്ല എന്നാണ് രാജിവെച്ചിറങ്ങിയ അൾകാ ലാംബയുടെ ആരോപണം.  ലാംബയെപ്പോലുള്ളവർ പാളയത്തിൽ നയിക്കുന്ന പടപ്പുറപ്പാടുകൾ   കെജ്‌രിവാളിന് സമ്മാനിക്കുന്നത് ഉറക്കമില്ലാത്ത രാത്രികളാണ്. 

ലോക്‌സഭാ തെരഞ്ഞെടുപ്പിലുണ്ടായ  കനത്ത പരാജയത്തെ തുടർന്ന് നിയമസഭാ തെരഞ്ഞെടുപ്പിനായി ഇപ്പോൾ തന്നെ പ്രചാരണങ്ങൾ തുടങ്ങിയിരിക്കുകയാണ് ആം ആദ്മി പാർട്ടി.  'ദില്ലിയിൽ കെജ്‌രിവാൾ  തന്നെ' എന്ന ടാഗ് ലൈനുമായി അരവിന്ദ് കെജ്‌രിവാളിന്റെ പടവും വെച്ചുകൊണ്ടുള്ള ഹോർഡിങ്ങുകൾ ദില്ലിയിലങ്ങോളമിങ്ങോളം പ്രത്യക്ഷപ്പെടാൻ തുടങ്ങിയിട്ടുണ്ട്. നിയമസഭാ തെരഞ്ഞെടുപ്പിലെങ്കിലും നഷ്ടപ്പെട്ട ജനപിന്തുണ തിരിച്ചു പിടിക്കാനും അധികാരം നിലനിർത്താനുമായില്ലെങ്കിൽ ആം ആദ്മി പാർട്ടിയുടെ രാഷ്ട്രീയ നിലനിൽപ്പ് തന്നെ അപകടത്തിലാവാൻ സാധ്യതയുണ്ട്.