ആസാദി, ആസാദി...' എന്നുള്ള തപ്പുകൊട്ടും പാട്ടും.. , കനയ്യയ്ക്ക് വോട്ടു പിടിക്കാൻ വേണ്ടി വരുന്ന സിനിമാനടന്മാർ, കവികൾ, സാമൂഹ്യപ്രവർത്തകർ.. ദിഗന്തങ്ങൾ ഞെട്ടുമാറ് മുഴങ്ങിക്കൊണ്ടിരുന്ന 'ലാൽ സലാം..' വിളികൾ..  എന്തൊക്കെയായിരുന്നു കഴിഞ്ഞ രണ്ടുമാസമായി ബെഗുസരായിയിൽ..?  എന്നിട്ടെന്തായി...? ഒരു വശത്ത് രാഷ്ട്രീയ പ്രബുദ്ധതയുടെ പ്രതിബിംബമായി, ജെഎൻയു വിദ്യാർത്ഥി യൂണിയൻ പ്രസിഡന്റായ തീപ്പൊരി പ്രാസംഗികൻ കനയ്യാ കുമാർ, മറുവശത്തോ ബിജെപിയുടെ അതികായൻ ഗിരിരാജ് സിങ്ങും.ഒടുവിൽ , പെട്ടി തുറന്നപ്പോൾ, കനയ്യ പൊട്ടി. ഗിരിരാജ് സിങ്ങിന്  നാലുലക്ഷത്തിൽ പരം വോട്ടിന്റെ  ഭൂരിപക്ഷം. 

ബെഗുസരായിയിൽ എന്നും പോരാട്ടം ബിജെപിയും ആർജെഡിയും തമ്മിലാണ്. ഇതിനിടയിൽ വന്നുപെടുന്ന സിപിഐ നേതാവിന് രണ്ടുലക്ഷത്തിൽ താഴെ വോട്ടേ കിട്ടുക പതിവുള്ളൂ.  2014-ൽ അവിടെ മത്സരിച്ച ബിജെപി നേതാവ് ഭോലാ സിങ്ങിന് വെറും 58,000  വോട്ടിന്റെ ഭൂരിപക്ഷമേ എതിർ സ്ഥാനാർത്ഥി തൻവീർ ഹസനുമായിട്ടുള്ളൂ. ആ തെരഞ്ഞെടുപ്പിൽ  369,892 വോട്ടുപിടിച്ച തൻവീർ ഹസ്സന്, ഇത്തവണ അതിൽ പാതിയും ചോർന്നുപോയി 1,98,233ആയി. കനയ്യാ കുമാറാവട്ടെ കഴിഞ്ഞ തവണത്തെ സിപിഐ സ്ഥാനാർഥി നേടിയ 192,639 വോട്ടിനെ മെച്ചപ്പെടുത്തി 2,69,976 ആക്കിയെങ്കിലും, കാര്യമുണ്ടായില്ല.

കനയ്യാകുമാർ മത്സരരംഗത്തേക്ക് ഇറങ്ങിയതോടെ ബിജെപിക്ക് ബെഗുസരായ് ഒരു അഭിമാനപ്രശ്നമായി മാറിയിരുന്നു. അവർ അവിടെ രണ്ടും കല്പിച്ചു പോരാടി. ജയിക്കാൻ വേണ്ടി ഒരു പാർട്ടിക്ക് ചെയ്യാവുന്നതൊക്കെ അവർ ചെയ്തു. വോട്ടുബാങ്കിനെ സ്വാധീനിക്കാനുള്ള ബിജെപിയുടെ കർമ്മപദ്ധതികൾ വിജയം കണ്ടതോടെ ഗിരിരാജ് സിങ്ങിന്റെ അക്കൗണ്ടിലേക്ക് തൻവീർ ഹസന്റെ ചോർന്ന വോട്ടുകളും, അഞ്ചുകൊല്ലം കൊണ്ട് കൂടിയ വോട്ടുകളിൽ ഭൂരിഭാഗവും ചെന്ന് കേറുകയും ഭൂരിപക്ഷം നാലുലക്ഷം കവിയുകയും ചെയ്തു. 

ബെഗുസരായിൽ കനയ്യാകുമാർ തന്റെ പ്രചാരണത്തിൽ യാതൊരു കുറവും വരുത്തിയിരുന്നില്ല. മാധ്യമങ്ങളിൽ അദ്ദേഹത്തിനുവേണ്ടി സെലിബ്രിറ്റികൾ പലരും വന്നു വോട്ടു ചോദിച്ചു. എന്നിട്ടും എങ്ങനെയാണ് കനയ്യാകുമാർ തോറ്റത്..? ബെഗുസരായ് ബിഹാറിലെ ചുവപ്പിന്റെ കോട്ടയല്ലായിരുന്നോ..? വടക്കേ ഇന്ത്യയിൽ ഇടതുപക്ഷം എവിടെയെങ്കിലും ജയിച്ചിട്ടുണ്ടെങ്കിൽ അത് ബെഗുസരായ് അല്ലായിരുന്നോ..? സോഷ്യൽ മീഡിയയിൽ ഇത്രയും സപ്പോർട്ട് ഉണ്ടായിരുന്നിട്ടും അതൊന്നും വോട്ടായി മാറാതിരുന്നത് എന്തുകൊണ്ടാവും..? അതിന്റെ കാരണങ്ങൾ ഒന്നൊന്നായി നമുക്ക് പരിശോധിക്കാം. 

ഇടതുപക്ഷത്തിന്റെ  ക്ഷയം 

കനയ്യാ കുമാറിന്റെ പാർട്ടിയായ സിപിഐ കൂടി പങ്കാളിയായ വിശാല ഇടതുപക്ഷം , ഇന്ത്യയിൽ ആകമാനം ചുരുങ്ങിക്കൊണ്ടിരിക്കയാണ്. മുപ്പതിലധികം വർഷം സിപിഎം ഭരിച്ച ബംഗാളിൽ ഇന്നുവരെ മഷിയിട്ടു നോക്കിയാൽ കാണാത്ത അവസ്ഥയാണ്. ഒരൊറ്റ സീറ്റുപോലും അവർക്ക് കിട്ടിയില്ല.  

ഒരിക്കൽ ബിഹാറിലെ ലെനിൻഗ്രാഡ് എന്നറിയപ്പെട്ടിരുന്ന ബെഗുസരായിലും അവസ്ഥ മറ്റൊന്നല്ല. ഇടത് ആശയങ്ങൾക്ക് ഉത്തരേന്ത്യൻ മണ്ണിലുണ്ടായ സ്വാധീനക്ഷയമാണ് കനയ്യാ കുമാറിന്റെ പരാജയത്തിന്റെ മുഖ്യ കാരണം. ഇടതുപക്ഷ ചിന്താഗതിയെ കാലഹരണപ്പെട്ടതെന്ന നിലയിൽ പൊതുജനങ്ങൾക്ക് മുന്നിൽ കരിവാരിത്തേക്കുന്നതിൽ ബിജെപി വിജയിച്ചു. 

ഹിന്ദുക്കളുടെ നേതാവായ ഗിരിരാജ് സിങ്ങ് 

ഗിരിരാജ് സിങ്ങിന്റെ പ്രോ-ഹിന്ദു ഇമേജ് അവർക്ക് കാര്യമായ ഗുണം ചെയ്തു. കനയ്യാ കുമാറിനെ ഒരു ഹിന്ദു വിരുദ്ധനായി അവതരിപ്പിക്കുന്നതിൽ അവർ വിജയിച്ചു. അതിനവർ എടുത്തുപയോഗിച്ച തന്ത്രമെന്തെന്നോ..? 'സ്വന്തം അച്ഛൻ മരിച്ചപ്പോൾ ഒന്ന് തല മുണ്ഡനം ചെയ്യാൻ പോലും  മനസ്സുകാണിക്കാത്തത്ര നാസ്തികചിന്തയുള്ളവനാണ് കനയ്യ..' എന്ന പ്രചാരണം. അയാളുടെ വ്യക്തിപരമായ ഒരു തെരഞ്ഞെടുപ്പിനെപ്പോലും എതിരാളികൾ രാഷ്ട്രീയ ആയുധമാക്കി മാറ്റി. 


വന്ദേമാതരവും, ജയ് ഹിന്ദും, ഭാരത് മാതാ കി ജയ് യും പോലുള്ള മുദ്രാവാക്യങ്ങൾ ഉയർത്തിക്കൊണ്ട് ബിജെപി കനയ്യാകുമാറിന്റെ ലാൽസലാം വിളികളെ ചെറുത്. 

ദേശീയതയും, ദേശവിരുദ്ധതയും 

അവനവനെ 'ദേശഭക്തനും; കനയ്യാ കുമാറിനെ 'ആന്റി-നാഷനലും' ആക്കി ചിത്രീകരിച്ചുകൊണ്ടായിരുന്നു ഗിരിരാജ് സിങ്ങിന്റെ പ്രചാരണമത്രയും. അവസരം കിട്ടുമ്പോഴൊക്കെ കനയ്യയെ ഗിരിരാജിന്റെ പ്രചാരണവൃന്ദം 'പാകിസ്ഥാൻ ഏജന്റ് ' എന്നും 'ടുക്ക്ഡേ ടുക്ക്ഡേ ഗാംഗ്' എന്നും ഒക്കെ വിശേഷിപ്പിച്ചുകൊണ്ടിരുന്നു.

ബെഗുസരായിലെ ഗ്രാമീണരിൽ ഈ ഒരു ചിത്രീകരണം വളരെ പെട്ടെന്ന് സ്വാധീനം ചെലുത്തി. ഇതോടൊപ്പം ബാലാക്കോട്ടിനു ശേഷമുണ്ടായ ദേശീയ വികാരത്തിന്റെ അലയടിയും, മോദി തരംഗവും ഒക്കെക്കൂടി ഒന്നിച്ചുയർത്തിയ വേലിയേറ്റത്തെ തടുത്തു നിർത്താൻ കനയ്യാകുമാറിന് ആയില്ല. 

ആർജെഡിയുമായി സഖ്യമുണ്ടാവാതിരുന്നത് 

കനയ്യാകുമാർ സജീവ രാഷ്ട്രീയത്തിൽ ഇറങ്ങിയ അന്നുമുതൽ കേട്ടിരുന്നത് ബെഗുസരായിൽ ആർജെഡി അദ്ദേഹത്തെ പിന്തുണയ്ക്കും എന്നായിരുന്നു. എന്നാൽ അവസാനനിമിഷം, അവർ പരസ്പരം ഒരു സഖ്യമുണ്ടാക്കുന്നതിൽ പരാജയപ്പെട്ടു. അവർക്കിടയിൽ ബിജെപി വിരുദ്ധ ന്യൂനപക്ഷ വോട്ടുകൾ ഭിന്നിക്കപ്പെട്ടു.  അതിന്റെ ഗുണം പ്രകടമായും ലഭിച്ചത് ഗിരിരാജ് സിങ്ങിന് തന്നെയാണ്. 

ഇപ്പോഴത്തെ വോട്ടുനിലവാകാരം വെച്ച്, കനയ്യയ്ക്ക് കിട്ടിയ വോട്ടും തൻവീർ ഹസന് കിട്ടിയ വോട്ടും ഒന്നിച്ചു ചേർത്താലും ഗിരിരാജ് സിങ്ങിനെ തോൽപ്പിക്കാൻ മതിയാവില്ല എന്ന് വേണമെങ്കിൽ പറയാം. എന്നാലും, അവർ ഒന്നിച്ചാണ് നിന്നിരുന്നതെങ്കിൽ ചിത്രം മാറി മറഞ്ഞേനേ. അവർക്ക് ഇതിലും കൂടുതൽ വോട്ടും കിട്ടിയേനെ. ഗിരിരാജ് സിംഗിന് ഒരു ൿടുത്ത മത്സരമെങ്കിലും നേരിടേണ്ടി വന്നേനെ.

ചീറ്റിപ്പോയ സെലിബ്രിറ്റി പ്രചാരണം 

കനയ്യാ കുമാറിന് വേണ്ടി വോട്ടുപിടിക്കാനെത്തിയത് ചില്ലറക്കാരല്ലായിരുന്നു. ജാവേദ് അക്തർ, ശബാനാ ആസ്മി, സ്വരാ ഭാസ്കർ, യോഗേന്ദ്ര യാദവ്, പ്രകാശ് രാജ്, ജിഗ്നേഷ് മേവാനി.. അങ്ങനെ എത്ര പേർ..!

അവരുയർത്തിയ ഓളമൊന്നും വോട്ടുകളാണ് പരിണമിച്ചില്ല. അടിത്തട്ടിലെ ജനങ്ങളുടെ യഥാർത്ഥ വികാരങ്ങളെ അഭിസംബോധന ചെയ്യാൻ സെലിബ്രിറ്റികൾക്ക് ആയില്ല. അവരെ പൊതുജനം അന്യരായിത്തന്നെ കണ്ടു. 

ബെഗുസരായിലെ ഭൂമിഹാർ വോട്ടുബാങ്ക് 

കനയ്യാ കുമാറും ഗിരിരാജ് സിങ്ങും, രണ്ടു പേരും ഭൂമിഹാർ ബ്രാഹ്മണന്മാർ തന്നെയായിരുനെങ്കിലും, അതിന്റെ ഗുണം കനയ്യയ്ക്കുമാത്രം കിട്ടാതെ പോയി. അതിനു പ്രധാന കാരണമായത് ലാലുപ്രസാദുമായി കനയ്യാകുമാർ പ്രകടിപ്പിച്ച അടുപ്പമാണ്. രാജ്യദ്രോഹക്കുറ്റത്തിന് ജയിലിൽ അടയ്ക്കപ്പെട്ട കനയ്യാകുമാർ, അവിടെ നിന്നും തിരിച്ചുവന്ന ശേഷം ലാലുവിനെ ചെന്നുകണ്ട് അദ്ദേഹത്തിന്റെ കാൽ തൊട്ടു വന്ദിച്ചിരുന്നു, കനയ്യയുടെ ഈ പ്രവൃത്തി, ലാലുവിനോട് കടുത്ത വിരോധം കാത്തുസൂക്ഷിക്കുന്ന ഭൂമിഹാർ ബ്രാഹ്മണ സമുദായത്തെ ചൊടിപ്പിച്ചിരുന്നു. ഗിരിരാജ് സിങ്ങ് ആവട്ടെ ഈ ഒരു സംഭവത്തിന് ഭൂമിഹാറുകൾക്കിടയിൽ പരമാവധി പ്രചാരം നൽകി അതിനെ മുതലെടുക്കുകയും ചെയ്തു. 

എന്തുകൊണ്ട് തോറ്റു ?  
ഒരു പക്ഷേ, ദക്ഷിണേന്ത്യയിലെ ഏതെങ്കിലും മണ്ഡലത്തിൽ കനയ്യാകുമാർ വന്നു മത്സരിച്ചിരുന്നെങ്കിൽ അദ്ദേഹത്തിന് ഇതിലുമധികം വോട്ടു കിട്ടിയേനെ. ഒരുകാലത്ത് ഇടതു തട്ടകമായിരുന്നിട്ടും, ഇന്നും ബെഗുസരായിലെ വോട്ടുബാങ്ക് ചിന്തിക്കുന്നതും വിധിയെഴുതുന്നതുമൊക്കെ വെറും ജാതി-മത പരിഗണകൾക്ക് അനുസൃതമായിട്ടാണ്. ആ കളി, കനയ്യയെക്കാൾ നന്നായി കളിച്ചു പരിചയം ഗിരിരാജ് സിങ്ങിനാണ്. അദ്ദേഹത്തിന് കിട്ടിയ നാലുലക്ഷത്തിൽ പരം വോട്ടുകളുടെ ഭൂരിപക്ഷം അടിവരയിട്ടുപറയുന്നതും അതുതന്നെ.