മല്ലിക ഷെറാവത് നായികയായി മികച്ച പ്രകടം നടത്തിയ മര്‍ഡര്‍ പ്രദര്‍ശനത്തിന് എത്തിയിട്ട് 15 വര്‍ഷമാകുന്നു. തനിക്ക് മികച്ച വേഷങ്ങളോ കഥാപാത്രങ്ങളോ ലഭിക്കാത്തതിന്റെ കാരണം വ്യക്തമാക്കുകയാണ് മല്ലിക ഷെറാവത്. നായകൻമാര്‍ അവരുടെ കാമുകിമാരെ തനിക്ക് പകരം നായികയാക്കാനാണ് പലപ്പോഴും ശ്രമിച്ചതെന്ന് മല്ലിക ഷെറാവത് പറയുന്നു. താൻ അഭിപ്രായം പറയുന്നതിനാലാണ് ഇതെന്ന് മല്ലികാ ഷെറാവത് പറയുന്നു. പിടിഐക്ക് നല്‍കിയ അഭിമുഖത്തിലാണ് മല്ലികാ ഷെറാവത് ഇക്കാര്യം പറയുന്നത്.

എനിക്ക് നിരവധി സിനിമകള്‍ നഷ്‍ടപ്പെടാൻ കാരണം അഭിപ്രായം പറയുന്നതിനാലാണ്. ഞാൻ ഒരുപാട് സംസാരിക്കുകയും അഭിപ്രായം പറയുന്നയാളുമാണ് അതുകൊണ്ട് എന്നെ കാസ്റ്റ് ചെയ്യരുതെന്ന് ചില നായകൻമാര്‍ പറയുന്നത് ഞാൻ അറിഞ്ഞിട്ടുണ്ട്.  എനിക്ക് പകരം അവരുടെ കാമുകിമാരെ അവര്‍ നായികയാക്കുകയും ചെയ്‍തിട്ടുണ്ട്. അങ്ങനെ എനിക്ക് 20-30 സിനിമകള്‍ നഷ്‍ടപ്പെട്ടിട്ടുണ്ട്. പക്ഷേ അത് എന്നെ ഒരിക്കലും ബാധിച്ചിട്ടില്ല.  തിരിഞ്ഞുനോക്കുമ്പോള്‍ അവരെ  വിഡ്ഢികളായിട്ടാണ് എനിക്ക് തോന്നുന്നത്- മല്ലിക ഷെറാവത് പറയുന്നു.