Asianet News MalayalamAsianet News Malayalam

ക്രീസൊഴിഞ്ഞു, സകലകളീവല്ലഭന്‍

ഗ്രൗണ്ടിലിറിങ്ങിയാല്‍ ഓരോ നിമിഷവും ഡിവില്ലിയേഴ്സ് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ അവസാനമെടുത്ത സൂപ്പര്‍മാന്‍ ക്യാച്ച് പോലെ. കളിക്കുന്ന ഓരോ കളിയിലും ഒരു എബി നിമിഷമെങ്കിലും ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാനുണ്ടാകും.

AB Devillers annouces retirement
  • Facebook
  • Twitter
  • Whatsapp

'ഡിവില്ലിയേഴ്സിന്റെ ഡിഎന്‍എ ഒന്ന് പരിശോധിക്കണം. കാരണം ഈ കളി മനുഷ്യന്‍മാര്‍ക്ക് മാത്രമുള്ളതാണ്'. ജോഹ്നാസ്ബര്‍ഗില്‍ വെസ്റ്റിന്‍ഡീസിനെതിരെ 31 പന്തില്‍ ഏകദിന ക്രിക്കറ്റിലെ ഏറ്റവും വേഗമേറിയ സെഞ്ചുറിയും അര്‍ധ സെഞ്ചുറിയും 150 റണ്‍സുമെല്ലാം നേടിയപ്പോള്‍ ഡിവില്ലിയേഴ്സിനെക്കുറിച്ച് മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ ആകാശ് ചോപ്ര പറഞ്ഞതാണിത്. പറഞ്ഞത് ആകാശ് ചോപ്രയാണെങ്കിലും ആ വാക്കുകളില്‍ ഡിവില്ലിയേഴ്സിന്റെ നേര്‍ചിത്രമുണ്ടായിരുന്നു. ക്രിക്കറ്റില്‍ ഡിവില്ലിയേഴ്സിന് അസാധ്യമായത് എന്താണെന്ന് ചോദിച്ചാല്‍ അതിനുത്തരം കണ്ടെത്താന്‍ ആരാധകര്‍ അല്‍പമൊന്ന് ബുദ്ധിമുട്ടും. കാരണം അസാധ്യമെന്ന വാക്ക് എപ്പോഴും ഡിവില്ലിയേഴ്സിന്റെ ബൗണ്ടറിക്ക് പുറത്തായിരുന്നു.

വെസ്റ്റ് ഇന്‍‍ഡീസിനെതിരെ നേടിയ അതിവേഗ സെഞ്ചുറിയില്‍ തീരുന്നതോ അളക്കാവുന്നതോ അല്ല ഡിവില്ലിയേഴ്സ് എന്ന ക്രിക്കറ്റ് പ്രതിഭാസം.ഗ്രൗണ്ടിലിറിങ്ങിയാല്‍ ഓരോ നിമിഷവും ഡിവില്ലിയേഴ്സ് നമ്മെ വിസ്മയിപ്പിച്ചുകൊണ്ടേയിരിക്കും. ഇത്തവണത്തെ ഐപിഎല്ലില്‍ അവസാനമെടുത്ത സൂപ്പര്‍മാന്‍ ക്യാച്ച് പോലെ. കളിക്കുന്ന ഓരോ കളിയിലും ഒരു എബി നിമിഷമെങ്കിലും ആരാധകര്‍ക്ക് ഓര്‍ത്തുവെക്കാനുണ്ടാകും. ആധുനിക ക്രിക്കറ്റിലെ സമ്പൂര്‍ണതാരമെന്ന് വിവിഎസ് ലക്ഷണ്‍ വിശേഷിപ്പിച്ച ഡിവില്ലിയേഴ്സ് 34-ാം വയസില്‍ ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ നഷ്ടം ഡിവില്ലിയേഴ്സിനല്ല, ക്രിക്കറ്റിനും ആരാധകര്‍ക്കുമാണ്.

2004ല്‍ ഇംഗ്ലണ്ടിനെതിരായ ടെസ്റ്റ് പരമ്പരയില്‍ അരങ്ങേറ്റംകുറിച്ച ഡിവില്ലിയേഴ്സ് 2005ലാണ് ഏകദിന ക്രിക്കറ്റിന്റെ ജാതകം തിരുത്താനായി അവതരിച്ചത്. ട്വന്റി-20 ക്രിക്കറ്റിന്റെ വരവോടെ അതുവരെ കാണാത്ത പല ഷോട്ടുകളും ബാറ്റ്സ്മാന്‍മാര്‍ പരീക്ഷിക്കാന്‍ തുടങ്ങിയപ്പോള്‍ അതിനെ പൂര്‍ണതയിലെത്തിച്ചത് ഡിവില്ലിയേഴ്സായിരുന്നു. ഇത്തവണത്തെ ഐപിഎല്ലില്‍ ബേസില്‍ തമ്പി ഓഫ് സ്റ്റമ്പിന് പുറത്തെറിഞ്ഞ പന്ത് സ്ക്വയര്‍ ലെഗ്ഗിന് മുകളിലൂടെ സിക്സറിന് പറത്തുന്ന ഡിവില്ലിയേഴ്സിനെ കണ്ട് ആരാധകര്‍ മാത്രമായിരുന്നില്ല അന്തംവിട്ട് വാ പൊളിച്ചിരുന്നുപോയത്. ബംഗലൂരു നായകന്‍ വിരാട് കോലി കൂടിയായിരുന്നുവെന്നത് മറക്കാനാവുമോ. സഹതാരങ്ങളെപ്പോലും ആരാധകരാക്കുന്ന ഈ എബി മാജിക്കായിരുന്നു അദ്ദേഹത്തെ ക്രിക്കറ്റിലെ മിസ്റ്റര്‍ 360 ആക്കിയത്.

ക്രിക്കറ്റ് മാത്രമല്ല എബി

അബ്രഹാം ബെഞ്ചമിന്‍ ഡിവില്ലിയേഴ്സ് എന്ന എബി ഡിവില്ലിയേഴ്സിനെ ക്രിക്കറ്റിലൂടെയാണ് നമ്മളെല്ലാം അറിയുന്നതെങ്കിലും യഥാര്‍ഥത്തില്‍ ക്രിക്കറ്റ് ഡിവില്ലിയേഴ്സിന്റെ കായികജീവിതത്തിലെ താല്‍പര്യങ്ങളിലൊന്നുമാത്രമാണ്. തന്റെ ആത്മകഥയുടെ പേരായ 'ബിസൈഡ്സ് ക്രിക്കറ്റ്' എന്ന പോലെ ക്രിക്കറ്റിന് പുറത്ത് മറ്റ് കായികമത്സരങ്ങളിലും എബി എന്ന പേര് അക്ഷരമാലയിലെ ആദ്യാക്ഷരങ്ങള്‍പോലെ എന്നും ആദ്യമുണ്ടായിരുന്നു.

പ്രിട്ടോറിയയയിലെ ബേല ബേലയില്‍ ജനിച്ച എ.ബിയുടെ ഹൈസ്കൂള്‍ കൂട്ടുകാരനായിരുന്നു ഇപ്പോഴത്തെ ദക്ഷിണാഫ്രിക്കന്‍ നായകനായ ഫാഫ് ഡൂപ്ലസെി. എല്ലാ ജോലിയും എല്ലാവരും ചെയ്യുന്നതായിരുന്നു ആ നാടിന്റെ സംസ്കാരം. ഈ ജീനാകാം ക്രിക്കറ്റിലെ അതിമാനുഷനാവാന്‍ എബിയെ സഹായിച്ചത്. റഗ്ബിയിലായിരുന്നു എബിയുടെ തുടക്കം. സഹോദരരായ ജാന്‍, വെസല്‍സ് എന്നിവരും സുഹൃത്തും പിന്നീട് ദക്ഷിണാഫ്രിക്കന്‍ ടീമിലെ സഹതാരവുമായ വാന്‍ ജാര്‍സ്‌വെല്‍ഡുമൊക്കെയായിരുന്നു എ.ബിയുടെ കളിക്കൂട്ട്. സഹോദരങ്ങളാണെങ്കിലും കളിക്കളത്തില്‍ അവര്‍ എ.ബിക്ക് സൗജന്യങ്ങളൊന്നും അനുവദിച്ചിരുന്നില്ല. ക്രിക്കറ്റിലായാലും റഗ്ബിയിലായാലും ടെന്നീസിലായാലും കടുത്ത മത്സരത്തെ അതിവീജിച്ചാണ് എ.ബി മുന്നേറിയത്.

ഇതുതന്നെയാണ് സമ്മര്‍ദ്ദഘട്ടത്തില്‍ ഇരട്ടച്ചങ്കുള്ള പ്രകടനം പുറത്തെടുക്കുന്ന എ.ബിയുടെ അടിത്തറയും.അതിനെക്കുറിച്ച് എ.ബി തന്നെ ഒരിക്കല്‍ പറഞ്ഞു." ദിവസം മുഴുവന്‍ വെള്ളം ചുമന്ന് നടന്നാലാണ് എനിക്ക് വല്ലപ്പോഴും അവര്‍ ബാറ്റ് ചെയ്യാന്‍ അവസരം തരിക. രൂപത്തില്‍ ഞാന്‍ തീരെ ചെറുതും അവര്‍ എന്നെക്കാള്‍ ആജാനുബാഹുക്കളുമായിരുന്നു. അവര്‍ എന്നെ പലപ്പോഴും ഭയപ്പെടുത്തി. അവര്‍ ഉപയോഗിക്കുന്ന ഭാരം കൂടി ബാറ്റ് തന്നെയായിരുന്നു എനിക്കും തന്നത്.  ഞാന്‍ ബാറ്റ് ചെയ്യുമ്പോള്‍ അവര്‍ പലപ്പോഴും അസ്വസ്ഥരാവാറുണ്ട്. ചിലപ്പോഴൊക്കെ എനിക്കുനേരെ ബീമറുകള്‍ എറിഞ്ഞ് പേടിപ്പിക്കും. ശനിയാഴ്ചകളില്‍ ബേല ബേലയിലെ എന്റെ വീട്ടില്‍ നടക്കുന്ന കളികള്‍ പലപ്പോഴും കടുത്തതാകാറുണ്ട്. എന്റെ സഹോദരന്‍മാരാണെങ്കിലും അവര്‍ പലപ്പോഴും എന്നെ നിര്‍ദാക്ഷിണ്യം നേരിട്ടു. രാക്ഷസന്‍മാരായിരുന്നു അവര്‍. അവര്‍ക്കിടയില്‍പ്പെട്ട് ഒരുപാട് കണ്ണീരൊഴുക്കിയിട്ടുണ്ട് ഞാന്‍".

ക്രിക്കറ്റിനോടായിരുന്നില്ല എബിയുടെ ആദ്യ പ്രണയം

തീര്‍ച്ചയായും ക്രിക്കറ്റിനോടായിരുന്നില്ല എ.ബിയുടെ ആദ്യ പ്രണയം. കളി തുടങ്ങിയ കാലത്ത് ടെന്നീസായിരുന്നു എ.ബിയുടെ ഇഷ്ടവിനോദം. പിന്നീടാണ് ക്രിക്കറ്റും റഗ്ബിയുംപോലുള്ള ടീം ഗെയിമുകള്‍ എ.ബി. ഇഷ്ടപ്പെട്ടു തുടങ്ങിയത്. ടെന്നീസില്‍ ഒമ്പതുവയസില്‍ താഴെയുള്ളവരുടെ വിഭാഗത്തില്‍ നിരവധി ടൂര്‍ണമെന്റുകളില്‍ കളിച്ചിട്ടുണ്ട് എ.ബി. പിന്നീട് ദക്ഷിണാഫ്രിക്കയെ പ്രതിനിധീകരിച്ച ഇസാഖ് വാന്‍ ഡെര്‍ മെര്‍വെയെപ്പോലുള്ള ടെന്നീസ് താരങ്ങളെ ചെറുപ്പത്തില്‍ തോല്‍പ്പിച്ചിട്ടുമുണ്ട്. പതിമൂന്നാം വയസുവരെ ടെന്നീസിനോടുള്ള പ്രണയം തുടര്‍ന്നു.

സ്കൂളിലെ ഓള്‍ റൗണ്ടര്‍ എ.ബി

പതിമൂന്നാം വയസില്‍ ദക്ഷിണാഫ്രിക്കയിലെ പ്രമുഖ് സ്പോര്‍ട് സ്കൂളുകളിലൊന്നായ ആഫ്രിക്കന്‍സ് ഹോയര്‍ സിയുന്‍സ്കൂളില്‍ ചേര്‍ന്നതാണ് എ.ബിയിലെ കായികപ്രതിഭയുടെ കരിയര്‍ വഴിതിരിച്ചുവിട്ടത്. ഈ കാലത്താണ് ക്രിക്കറ്റിനോടുള്ള പ്രണയം തുടങ്ങുന്നത്. വൈകാതെ 16 വയസില്‍ താഴെയുള്ളവരുടെ ദക്ഷിണാഫ്രിക്കന്‍ കോള്‍ട്ട് ടീമില്‍ എ.ബിയെത്തി. ഇതേ സ്കൂളിലെ എ.ബിയുടെ സഹപാഠികളായിരുന്നു ഇന്നത്തെ ദക്ഷിണാഫ്രിക്കന്‍ ടീമിലെ ജാക്വസ് റൂഡോള്‍ഫും ഫാഫ് ഡൂപ്ലെസിസും. ഹൈസ്കൂള്‍ ജീവിതത്തില്‍ ലഭിച്ച ചിട്ടയായ പരിശീലനവും മാര്‍ഗനിര്‍ദേശങ്ങളുമാണ് എ.ബിയുടെ കരിയറിലും വ്യക്തിജീവിതത്തിലും നിര്‍ണായകമായത്.

മുന്‍ ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് വിക്കറ്റ് കീപ്പറായ ഡെനിസ് ലിന്‍ഡ്സേയുടെ കീഴിലുള്ള പരിശീലനം എ.ബിയിലെ വിക്കറ്റ് കീപ്പറുടെയും മികവ് കൂട്ടി. സ്കൂളിലെ അണ്ടര്‍ 14 ടീം അംഗമായാണ് തുടക്കം. ഇടയ്ക്ക് ഗോള്‍ഫിലും ഒരു കൈ നോക്കി. എന്നാല്‍ അപ്രതീക്ഷിതമായി ഏറ്റ പരിക്കേറ്റതിനെത്തുടര്‍ന്ന് ഗോള്‍ഫിനോടുള്ള പ്രണയം അവസാനിപ്പിച്ചു. പിന്നീട് സ്കൂളില്‍ ഏറ്റവുമധികം കുട്ടികള്‍ കളിക്കുന്ന റഗ്ബിയിലായി താല്‍പര്യം. റഗ്ബിയില്‍ മികവുകാട്ടിയതിനെത്തുടര്‍ന്ന് സ്കൂള്‍ ടീമിലും പിന്നീട് ദക്ഷിണാഫ്രിക്കന്‍ റഗ്ബിയിലെ പല അതികായരെയും സംഭാവന ചെയ്ത ബ്ലൂ ബാള്‍സിന്റെ അണ്ടര്‍-18 ടീമിലും കളിച്ചു.

ഇതിനിടയ്ക്ക് ഹോക്കിയിലും ഒരു കൈ നോക്കി സ്കൂളിലെ അണ്ടര്‍-16 ഹോക്കി ടീമില്‍ ഇടം നേടുകയും ചെയ്തു. തീര്‍ന്നില്ല പിന്നീട് നീന്തലിലും ബാഡ്മിന്റണിലുമായി എ.ബിയുടെ കമ്പം. നീന്തലില്‍ സ്കൂള്‍തലത്തില്‍ നിരവധി റെക്കോര്‍ഡുകളും എ.ബി.സ്വന്തം പേരില്‍ കുറിച്ചു. സ്കൂള്‍തലത്തിലെ ആറോളം റെക്കോര്‍ഡുകള്‍ ഇപ്പോഴും എ.ബിയുടെ പേരില്‍ തന്നെയാണ്.

ഇതിനിടെ ദേശീയ ജൂനിയര്‍ ഹോക്കി ടീമിലേക്കും ഫുട്ബോള്‍ ടീമിലേക്കും വിളിവന്നു. ദക്ഷിണാഫ്രിക്കന്‍ ജൂനിയര്‍ റഗ്ബി ടീമിന്റെ ക്യാപ്റ്റനായി. ദക്ഷിണാഫ്രിക്കന്‍ ജൂനിയേഴ്സില്‍ 100 മീറ്ററിലെ ഏറ്റവും വേഗമേറിയ ഓട്ടക്കാരനായി. ദക്ഷിണാഫ്രിക്കന്‍ ജൂനിയര്‍ ഡേവിസ് കപ്പ് ടീമിലും ഇടം നേടി. ദേശീയ അണ്ടര്‍-19 ബാ‍ഡ്മിന്റണ്‍ ചാമ്പ്യനായി.

ക്രിക്കറ്റിലേക്കുള്ള വഴി മാറി നടത്തം

കളി ഏതുമായിക്കോട്ടെ അതില്‍ മികവുകാട്ടാനുള്ള അസാമാന്യ പ്രതിഭയുണ്ടായിരുന്നു അന്നേ എ.ബിയ്ക്ക്. സ്കൂള്‍ വിട്ടശേഷമാണ് എ.ബി. ക്രിക്കറ്റില്‍ ശ്രദ്ധ കേന്ദ്രീകരിച്ചു തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കന്‍ അണ്ടര്‍-19 ടീമില്‍ ക്രിക്കറ്റ് കളിച്ചിരുന്ന കലത്താണ് ടൈറ്റന്‍സ് പരിശീലകന്‍ ഡേവ് നോസ്‌വര്‍ത്തിയുടെ കണ്ണില്‍ എ.ബി. പെടുന്നത്. എ.ബിയിലെ പ്രതിഭ തിരിച്ചറിഞ്ഞ ഡേവ് ടൈറ്റന്‍സില്‍ കളിക്കാന്‍ നേരിട്ട് ക്ഷണിച്ചു. ദക്ഷിണാഫ്രിക്കന്‍ ടീമിന്റെ കാനഡ പര്യടനത്തിലും എ.ബിയ്ക്ക് അവസരം ലഭിച്ചു. 19 വയസുമാത്രമുള്ള എ.ബിയെ ടീമിലെടുത്ത വിവാദമായെങ്കിലും സെഞ്ചുറിയിലൂടെ എ.ബി. അതിന് മറുപടി നല്‍കി. പ്രൊവിന്‍ഷ്യല്‍ ക്രിക്കറ്റില്‍ തുടര്‍ച്ചയായി നാല് അര്‍ധ സെഞ്ചുറി നേടി വരവറിയിച്ച എ.ബി. അയര്‍ലന്‍ഡിലെ കാരിക്ഫെര്‍ഗസ് ക്രിക്കറ്റ് ക്ലബ്ബിനുവേണ്ടി നിരവധി സെഞ്ചുറികളും സ്വന്തം പേരില്‍ കുറിച്ചു.

വൈകാതെ ദക്ഷിണാഫ്രിക്കന്‍ എ.ടീമിലേക്കുള്ള വിളിയെത്തി. ഹാന്‍സി ക്രോണ്യ ഒത്തുകളി വിവാദാനന്തരം ക്രിക്കറ്റില്‍ ദക്ഷിണാഫ്രിക്ക കാലിടറി നിന്ന കാലത്ത് പുതുമുഖങ്ങളെ കൊണ്ടുവരാനുള്ള സെലക്ടര്‍മാരുടെ തീരുമാനത്തിന്റെ ഭാഗമായി 2004ല്‍ എ.ബി ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് ടീമില്‍ അരങ്ങേറി. രണ്ടു മാസത്തിനുശേഷം ഏകദിനത്തിലും.മാര്‍ക്ക് ബൗച്ചറുടെ വിരമിക്കലിനുശേഷം ദക്ഷിണാഫ്രിക്കയുടെ വിശ്വസ്തനായ വിക്കറ്റ് കാവല്‍ക്കാരനുമായി. ക്രീസൊഴിയല്‍ പ്രഖ്യാപിക്കുമ്പോള്‍ ഏകദിനത്തിലും ടെസ്റ്റിലും 50 റണ്‍സിന് മുകളില്‍ ശരാശരിയും ഏകദിനത്തില്‍ 9577 റണ്‍സും ടെസ്റ്റില്‍ 8765 റണ്‍സും ട്വന്റി-20യില്‍ 1672 റണ്‍സും എബിയുടെ പേരിലുണ്ട്.

നേടാനാവാതെപോയ ആ കിരീടം

അവസാന ടെസ്റ്റില്‍ നാലു റണ്‍സ് കൂടി നേടിയിരുന്നെങ്കില്‍ ടെസ്റ്റില്‍ 100 റണ്‍സ് ശരാശരി തികക്കാമായിരുന്ന സര്‍ ഡോണ്‍ ബ്രാഡ്മാന്റെ കഥ നമ്മള്‍ ഏറെ കേട്ടിട്ടുണ്ട്. നേടിയ റണ്ണുകളേക്കാള്‍ നേടാതെ പോയ ആ നാലു റണ്ണിന്റെ പേരില്‍ പില്‍ക്കാലത്ത് അദ്ദേഹം ചര്‍ച്ച ചെയ്യപ്പെട്ടതും. ക്രിക്കറ്റില്‍ നിന്ന് ഡിവില്ലിയേഴ്സ് വിരമിക്കല്‍ പ്രഖ്യാപിക്കുമ്പോള്‍ ആ കൈകള്‍ക്ക് എത്തിപ്പിടിക്കാനാവാതെ പോയ ഒരു കിരീടമാണ് ആരാധകരുടെ മനസില്‍ നീറ്റലായി അവശേഷിക്കുന്നത്. അതെ, ഏകദിന ലോകകപ്പ്. പടിക്കല്‍ കലമുടക്കുന്നവരെന്ന ദക്ഷിണാഫ്രിക്കയുടെ ചീത്തപ്പേര് മായ്ക്കാന്‍ ഡിവില്ലിയേഴ്സിലെ അതിമാനുഷനുമായില്ല. 2015ല്‍ ഓസ്ട്രേലിയയിലും ന്യൂസിലന്‍ഡിലുമായി നടന്ന ലോകകപ്പിലെങ്കിലും ദക്ഷിണാഫ്രിക്കയുടെ ശാപം ഡിവില്ലിയേഴ്സ് കഴുകിക്കളയുമെന്ന് ആരാധകര്‍ വിശ്വസിച്ചെങ്കിലും അദ്ദേഹത്തിന് അതിനായില്ല. എങ്കിലും നേടാനാവാതെ പോയ ആ കിരീടത്തിന്റെ പേരിലല്ല, ക്രിസീല്‍, ഫീല്‍ഡീല്‍ ആരാധകരെ ആനന്ദിപ്പിച്ച നിമിഷങ്ങളുടെ പേരില്‍തന്നെയായിരിക്കും എബി എന്ന രണ്ടക്ഷരം ഓര്‍മിക്കപ്പെടുക.

ക്രിക്കറ്റിനുപുറത്തെ എ.ബി

ആറുവയസുമുതുല്‍ കളിക്കൂട്ടുകാരിയായിരുന്ന ഡാനിയേല സ്വാര്‍ട്ടിനെയാണ് എ.ബിയ വിവാഹം കഴിച്ചത്. സ്പോര്‍ട്സിനോട് മാത്രമല്ല സംഗീതത്തോടും എ.ബിയ്ക്ക് പ്രണയമുണ്ട്. 2009ല്‍ സുഹൃത്ത് ആംപൈ ഡു പ്രീസുമായി ചേര്‍ന്ന് ‘Show them who you are’ എന്ന പേരില്‍ ഒരു ആല്‍ബവും എ.ബി. പുറത്തിറക്കിയിട്ടുണ്ട്. ക്രിക്കറ്റ് കളിക്കാന്‍ പോകുന്നിടത്തെല്ലാം ബാറ്റിനൊപ്പം ഒരു ഗിറ്റാര്‍ കൂടി കൊണ്ടുപോകുകയെന്നതും എ.ബിയുടെ ശീലമാണ്. തിരക്കേറിയ ക്രിക്കറ്റ് സീസണുകള്‍ക്കിടയിലും പാട്ടെഴുത്തിലും പാടുന്നതിലും സജീവമാണ് എ.ബി.Make a Difference Foundation-നുമായി ചേര്‍ന്ന് ഭിന്നശേഷിയുള്ള കുട്ടികള്‍ക്കുവേണ്ടിയും പ്രവര്‍ത്തിക്കുന്നു. ക്രിക്കറ്റിനോടുള്ള പ്രണയം മൂത്ത് 40 വയസുവരെ കളി തുടരുമോ എന്ന് ഒരിക്കല്‍ എ.ബിയോട് ചോദിച്ചപ്പോള്‍ അദ്ദേഹം പറഞ്ഞത്

ഇല്ല അതിനൊരു സാധ്യതയുമില്ല, 25 വര്‍ഷത്തോളം ക്രിക്കറ്റ് കളിക്കുക എന്നതിലുപരി വേറെ ചിലകാര്യങ്ങളുണ്ട് ജീവിതത്തില്‍, അതുകൊണ്ടുതന്നെ വിരമിക്കാനുള്ള ഉചിതമായ സമയത്തുതന്നെ ഞാനത് ചെയ്യും. അതിന് 40 വയസുവരെ കാത്തിരിക്കില്ല". ഇനി പറയൂ ഇവനല്ലെ യഥാര്‍ഥ ഓള്‍ റൗണ്ടര്‍.

Follow Us:
Download App:
  • android
  • ios