പൗരത്വം ചോദിച്ച ആരാധകന് സാനിയ മിര്‍സയുടെ ചുട്ടമറുപടി

First Published 12, Apr 2018, 6:48 PM IST
sania mirza shuts fan questioned nationality in twitter
Highlights
  • ജമ്മു കശ്മീരില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി കൊലചെയ്യപ്പെട്ടതില്‍ പ്രതിഷേധമറിയിച്ചുള്ള ട്വീറ്റിലായിരുന്നു ആരാധകന്‍റെ പ്രകോപനം

ഹൈദരാബാദ്: ഇന്ത്യന്‍ വനിതാ ടെന്നീസിലെ മിന്നും താരമാണ് സാനിയ മിര്‍സ. ഇന്ത്യന്‍ താരങ്ങളില്‍ ഉയര്‍ന്ന റാങ്കിംഗില്‍ എത്തിയ താരവും സാനിയയാണ്. പാക്കിസ്ഥാന്‍ ക്രിക്കറ്റ് താരം ശൊയ്ബ് മാലിക്കിനെയാണ് സാനിയ വിവാഹം ചെയ്തത്. എന്നാല്‍ വിവാഹ ശേഷവും ഇന്ത്യന്‍ കുപ്പായത്തില്‍ കളി തുടരാനായിരുന്നു സാനിയയുടെ തീരുമാനം. 

സാനിയ- മാലിക് താര ജോഡിയുടെ എട്ടാം വിവാഹ വാര്‍ഷികദിനമാണ് ഇന്ന്. എന്നാല്‍ ഇതേദിവസം സാനിയയുടെ പൗരത്വത്തെ കുറിച്ചുള്ള ചോദ്യവുമായി ട്വിറ്ററില്‍ ഒരു ആരാധകന്‍ രംഗത്തെത്തി. ജമ്മു കശ്മീരില്‍ എട്ടുവയസുകാരി ബലാത്സംഗത്തിനിരയായി അതിക്രൂരമായി കൊലചെയ്യപ്പെട്ട സംഭവത്തില്‍ പ്രതിഷേധം രേഖപ്പെടുത്തിയുള്ള സാനിയയുടെ ട്വീറ്റിന് മറുപടിയായാണ് ആരാധകന്‍റെ പ്രകോപനം. 

''ലോകത്ത് നമ്മുടെ രാജ്യം ഇങ്ങനെ അറിയപ്പെടാനാണോ നാം ആഗ്രഹിക്കുന്നത് ? ജാതി- മത- ലിംഗ- നിറബോധങ്ങള്‍ മറന്ന് ഈ എട്ടുവയസുകാരിക്കായി നിലകൊള്ളാന്‍ നമുക്ക് കഴിഞ്ഞില്ലെങ്കില്‍ ഈ ലോകത്ത് മറ്റൊന്നിനുവേണ്ടിയും ഒരുമിക്കാന്‍ നമുക്കാകില്ല, മനുഷ്യത്വപരമായി പോലും...'' ഇതായിരുന്നു സാനിയയുടെ ട്വീറ്റ്. സംഭവത്തില്‍ നീതിക്കായി ശബ്ദമുയര്‍ത്താന്‍ ഏവരോടും ട്വിറ്ററിലൂടെ താരം ആവശ്യപ്പെടുകയായിരുന്നു.

എന്നാല്‍ ട്വീറ്റ് കണ്ട ആരാധകന്‍ സാനിയയുടെ പൗരത്വം ചോദിച്ച് രംഗത്തെത്തുകയായിരുന്നു. പാക്കിസ്ഥാനിലേക്ക് വിവാഹം കഴിച്ചയച്ച സാനിയ ഇന്ത്യക്കാരിയല്ല. എല്ലാ കാര്യത്തിലും ട്വീറ്റ് ചെയ്യുമെങ്കില്‍ പാക്കിസ്ഥാന്‍ തീവ്രവാദികളുടെ ആക്രമണത്തില്‍ മരിച്ചവര്‍ക്ക് വേണ്ടിയും നിര്‍ബന്ധമായും ട്വീറ്റ് ചെയ്യണം- ഇതായിരുന്നു  ആരാധകന്‍റെ ആവശ്യം. എന്നാല്‍ തന്നെ യുക്തിരാഹിത്യത്തോടെ വിമര്‍ശിച്ച ആരാധകന് ചുട്ടമറുപടിയാണ് സാനിയ ട്വിറ്ററില്‍ നല്‍കിയത്.

'"ആരും തന്നെ എങ്ങോട്ടും വിവാഹം കഴിച്ച് കൊണ്ടുപോയിട്ടില്ല. ഞാന്‍ ഇന്ത്യക്കായാണ് കളിച്ചുകൊണ്ടിരിക്കുന്നത്. എക്കാലത്തും ഇന്ത്യക്കാരിയായിരിക്കും". മതത്തിനും രാജ്യത്തിനും അപ്പുറം ചിന്തിച്ചാല്‍ ഒരു ദിവസം മനുഷ്യത്വത്തിനായി നിലകൊള്ളേണ്ടിവരുമെന്ന് ആരാധകനെ ഓര്‍മ്മിപ്പിക്കുകയും സാനിയ ചെയ്തു. പരിക്ക് മൂലം മാസങ്ങളായി വിശ്രമത്തിലാണ് ഇന്ത്യന്‍ ടെന്നീസ് താരം.  

loader