ദില്ലി: പത്താം ക്ലാസ് പരീക്ഷയ്ക്ക് ഒരുങ്ങുന്നവര്‍ക്ക് വിവിധ വിഷയങ്ങളില്‍ രണ്ടായിരത്തിലധികം ചോദ്യോത്തരങ്ങളുമായി സിബിഎസ്ഇയുടെ ദിക്ഷ ആപ്പ്. ഇ-ലേണിങ് പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യമാണ് ദിക്ഷ ആപ്പിന് പിന്നില്‍.

കണക്ക്, സയന്‍സ്, ഇംഗ്ലീഷ്, ഹിന്ദി, ജോഗ്രഫി, ഇക്കണോമിക്സ്, ഹിസ്റ്ററി തുടങ്ങിയ എല്ലാ പ്രധാന വിഷയങ്ങളിലും നിന്നുള്ള രണ്ടായിരത്തിലധികം ചോദ്യങ്ങളും അവയുടെ ഉത്തരങ്ങളുമാണ് ആപ്പിലൂടെ ലഭിക്കുക. വിദ്യാര്‍ത്ഥികള്‍ക്ക് വിഷയം തെരഞ്ഞെടുത്ത് അവയിലെ ചോദ്യങ്ങള്‍ക്ക് ഉത്തരം കണ്ടെത്താം. ശരിയുത്തരങ്ങള്‍ക്ക് വിദഗ്ധരായ അധ്യാപകരുടെ വിശദീകരണങ്ങള്‍ ഉള്‍പ്പെടെ ലഭിക്കും. 

ഓരോ വിഷയത്തിലെയും പ്രധാന പാഠഭാഗങ്ങള്‍ ഫോള്‍ഡറുകളായി തിരിച്ച് ഓരോ പാഠഭാഗത്തു നിന്നും നാലുതരത്തിലുള്ള ചോദ്യങ്ങളാണ് ആപ്പിലുള്ളത്. കമ്പ്യൂട്ടറിലും മൊബൈല്‍ ഫോണിലും ദിക്ഷ സേവനം ലഭ്യമാണ്. ഗൂഗിള്‍ പ്ലേ സ്റ്റോറിലൂടെ ആപ്പ് ഡൗണ്‍ലോഡ് ചെയ്യാം.