സാന്‍ഫ്രാന്‍സിസ്കോ: കൊവിഡ് 19 വ്യാപനം തടയാന്‍ ജീവനക്കാരോട് വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ നിര്‍ദ്ദേശം നല്‍കി മൈക്രോസോഫ്റ്റ്. മൈക്രോസോഫ്റ്റിന്‍റെ സിയാറ്റിലിലെയും സാന്‍ഫ്രാന്‍സിസ്കോയിലെയും ഓഫീസുകളിലെ ജീവനക്കാരോട് മാര്‍ച്ച് 25 വരെ വീട്ടിലിരുന്ന് ജോലി ചെയ്യാന്‍ മൈക്രോസോഫ്റ്റ് നിര്‍ദ്ദേശിച്ചു.

ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാനും ജോലിസ്ഥലം സുരക്ഷിതമാക്കാനും വേണ്ടിയാണ് ഈ നിര്‍ദ്ദേശമെന്ന് മൈക്രോസോഫ്റ്റ് എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്‍റ് കര്‍ട്ട് ഡെല്‍ബെന്‍ ബ്ലോഗിലൂടെ അറിയിച്ചു. എന്നാല്‍ ജോലിസ്ഥലത്തെത്തി തന്നെ പ്രവര്‍ത്തിക്കേണ്ട ആവശ്യമുള്ള ഡാറ്റാ സെന്‍റര്‍, റീടെയ്ല്‍ ജീവനക്കാര്‍ക്ക് ഓഫീസിലെത്തുന്നത് തുടരാമെന്നും ബ്ലോഗില്‍ വ്യക്തമാക്കുന്നു. ഇങ്ങനെയുള്ളവര്‍ക്ക് രോഗം പടരാതിരിക്കാനുള്ള കര്‍ശനനമായ പ്രതിരോധ സംവിധാനങ്ങള്‍ ഏര്‍പ്പെടുത്തുമെന്നും ഡെല്‍ബെന്‍ കൂട്ടിച്ചേര്‍ത്തു. 

ബിസിനസ് സംബന്ധമായ യാത്രകള്‍ കഴിവതും ഒഴിവാക്കണമെന്ന് മൈക്രോസോഫ്റ്റ് നേരത്തെ ജീവനക്കാരോട് നിര്‍ദ്ദേശിച്ചിരുന്നു. ഇതിനുപുറമെ, മാര്‍ച്ചില്‍ ഷെഡ്യൂള്‍ ചെയ്തിരിക്കുന്ന മൈക്രോസോഫ്റ്റിന്റെ 'മോസ്റ്റ് വാല്യൂബിള്‍ പ്രൊഫഷണല്‍' പ്രോഗ്രാമിനായുള്ള ഇവന്റായ മൈക്രോസോഫ്റ്റിന്റെ എംവിപി സമ്മിറ്റും ഒരു വെര്‍ച്വല്‍ ഇവന്റായി മാറിയെന്ന് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു.  

Read More:കൊവിഡ് 19 പിടിമുറുക്കുന്നു: ഗൂഗിളും മൈക്രോസോഫ്റ്റും വാര്‍ഷിക മെഗാ ഇവന്റുകള്‍ റദ്ദാക്കി

സിയാറ്റിലില്‍ 39 കൊവിഡ് 19 കേസുകളാണ് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുള്ളത്. ഇതില്‍ പത്ത് പേര്‍ മരിച്ചു. കൊവിഡ് 19 ബാധിച്ച് കാലിഫോര്‍ണിയയില്‍ ബുധനാഴ്ച ഒരാള്‍ മരിച്ചിരുന്നു.