Asianet News MalayalamAsianet News Malayalam

Chinese Foreign Minister :ചൈനീസ് വിദേശകാര്യ മന്ത്രി ഇന്ത്യയിൽ; പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയേക്കും

വിദേശകാര്യ മന്ത്രിയുമായും ദേശീയ സുരക്ഷാ ഉപദേഷ്ടാവുമായും ചർച്ച, പ്രധാനമന്ത്രിയുമായും കൂടിക്കാഴ്ച നടത്തിയേക്കും 
 

ചൈനയുടെ വിദേശകാര്യ മന്ത്രി വാങ് യീ ദില്ലിയിൽ എത്തി (Chinese Foreign Minister Lands In Delhi). ലഡാക്ക് അതിർത്തിയിലെ ഇന്ത്യ- ചൈന സൈനികർ തമ്മിലുള്ള ഏറ്റുമുട്ടലിന് ശേഷമുള്ള രണ്ട് വർഷത്തിനിടെ ഇതാദ്യമായാണ് ചൈനയിൽ നിന്നും ഒരു ഉന്നത നയതന്ത്രപ്രതിനിധി ഇന്ത്യയിൽ എത്തുന്നത്. ചൈനീസ് വിദേശകാര്യമന്ത്രി ഇന്ത്യയിലേക്ക് എത്തുന്നതായി യാതൊരു സൂചനയും കേന്ദ്രസർക്കാരിൽ നിന്നുണ്ടായിരുന്നില്ല. വാങ് യീ ദില്ലിയിൽ വിമാനമിറങ്ങിയതായി ദേശീയമാധ്യമങ്ങൾ റിപ്പോർട്ട് ചെയ്ത ശേഷമാണ് ഇക്കാര്യത്തിൽ വിദേശകാര്യമന്ത്രാലയ വൃത്തങ്ങൾ സ്ഥിരീകരണം നൽകിയത്. മോദി സർക്കാരിൻ്റെ തുടക്കകാലത്ത് വളരെ ഊഷ്മളമായിരുന്ന ഇന്ത്യ - ചൈന ബന്ധം അതിർത്തി തർക്കത്തെ തുടർന്ന് പിന്നീട് വഷളായിരുന്നു. ഗൽവാനിലെ ഏറ്റുമുട്ടലിൽ നിരവധി സൈനികർ കൊല്ലപ്പെട്ടതോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം വളരെ മോശമായി. സൈനിക തലത്തിൽ ആവർത്തിച്ചുള്ള ചർച്ചകൾ സംഘർഷത്തിൻ്റെ തീവ്രത കുറച്ചെങ്കിലും 2020-ന് മുൻപുള്ള നയതന്ത്രബന്ധത്തിലേക്ക് ഇരുരാജ്യങ്ങളും ഇനിയും എത്തിയിട്ടില്ല. ഈ സാഹചര്യത്തിൽ ചൈനീസ് വിദേശകാര്യ മന്ത്രിയുടെ ഇന്ത്യൻ സന്ദർശനം ഏറെ പ്രസക്തമാണ്.