ഇത് ജാക്കി ചേന്‍, നമുക്കൊക്കെ പരിചയമുള്ള ആ ജാക്കി ചാനല്ല. സൈക്കിളിനെ സ്നേഹിക്കുന്ന, യാത്രകളെ സ്നേഹിക്കുന്ന ഒരു നാല്‍പതുകാരന്‍ ജാക്കി ചേന്‍. തായ്വാന്‍കാരനാണ്. ഇലക്ട്രോണിക് എഞ്ചിനീയറായിരുന്ന ജാക്കി ചേന്‍ ജോലി രാജിവച്ച് നാട് മുഴുവന്‍ തന്‍റെ സൈക്കിളില്‍ യാത്ര ചെയ്യുകയാണ്. 

64 രാജ്യങ്ങളിലാണ് അദ്ദേഹം തന്‍റെ ഈ സൈക്കിളുമായി യാത്ര ചെയ്തത്. ഏഴ് വര്‍ഷം കൊണ്ടാണ് ജാക്കി ചേന്‍ ഈ 64 രാജ്യങ്ങളും സഞ്ചരിച്ചത്. അമേരിക്ക, യൂറോപ്പ്, മിഡില്‍ ഈസ്റ്റിന്‍റെ വിവിധ ഭാഗങ്ങള്‍ എന്നിവിടങ്ങളാണ് ചേന്‍ സന്ദര്‍ശിച്ചത്. ഏഴ് വര്‍ഷം കൊണ്ട് ഈ നാല്‍പ്പതുകാരന്‍ തന്‍റെ സൈക്കിളില്‍ താണ്ടിയത് 54,000 കിലോമീറ്ററാണ്. 

100 രാജ്യങ്ങള്‍ സന്ദര്‍ശിക്കുക, 1,00,000 കിലോമീറ്റര്‍ പൂര്‍ത്തിയാക്കുക തുടങ്ങിയ ആഗ്രഹങ്ങളാണ് ഇനി ജാക്കി ചേന് ബാക്കിയുള്ളത്. നേരത്തെ രാജ്യങ്ങളെ കുറിച്ചും വിനോദസഞ്ചാര കേന്ദ്രങ്ങളെ കുറിച്ചുമൊന്നും പഠിച്ചിട്ട് പോകുന്ന സ്വഭാവമൊന്നുമില്ല ആള്‍ക്ക്. പകരം, പോകാന്‍ തോന്നിയാല്‍ സൈക്കിളുമായി ഒറ്റപ്പോക്ക്. തനിക്കുണ്ടാകുന്ന അനുഭവമാണ് ആ രാജ്യം ജാക്കി ചേന്. 

പലപ്പോഴും കനത്ത മഞ്ഞ് വീഴ്ചയടക്കമുള്ള പ്രതികൂല സാഹചര്യങ്ങള്‍ തരണം ചെയ്യേണ്ടി വന്നിട്ടുണ്ട് ഈ സഞ്ചാരിക്ക്. പക്ഷെ, ഏത് കാലാവസ്ഥയേയും തരണം ചെയ്യാനുള്ള കരുത്തും തന്‍റെ യാത്രകളില്‍ നിന്നുതന്നെ നേടിക്കഴിഞ്ഞു ജാക്കി ചേന്‍. അലാസ്കയില്‍ നിന്നാണ് ചേന്‍ തന്‍റെ യാത്ര തുടങ്ങിയത്.