കച്ച് ജില്ലയിലെ കുക്മ ഗ്രാമത്തിലെ സര്‍പഞ്ചായി കംഗുബെന്‍ സ്ഥാനമേല്‍ക്കുമ്പോള്‍ രണ്ട് പ്രതിസന്ധികളാണ് മുന്നിലുണ്ടായിരുന്നത്. ഒന്ന്, ഗ്രാമത്തിലെ ജനങ്ങള്‍ കാലങ്ങളായി അനുഭവിക്കുന്ന ജലക്ഷാമം. രണ്ട്, ഫാക്ടറികളില്‍ നിന്നുമുള്ള മലിനീകരണം, പ്രത്യേകിച്ച് അവിടെനിന്നും കൃഷിസ്ഥലങ്ങളിലേക്കടക്കം ഒഴുകി എത്തുന്ന മലിനജലം. വെറും 8,200 പേര്‍ മാത്രം താമസിക്കുന്ന ഒരു ഗ്രാമത്തില്‍ എന്തുകൊണ്ടാണ് ഇത്തരം വലിയ പ്രതിസന്ധികളെ അതിജീവിക്കേണ്ടി വരുന്നത് എന്ന് കംഗുബെന്‍ അന്നേ ചിന്തിച്ചിരുന്നു. 

കച്ചിന്‍റെ മറ്റ് ഭാഗങ്ങളുമായി താരതമ്യപ്പെടുത്തുമ്പോള്‍ കുക്മയില്‍ കുറച്ച് വര്‍ഷങ്ങള്‍ക്ക് മുമ്പ് വരെ ഭൂഗര്‍ഭജലം നന്നായി ഉണ്ടായിരുന്നു. എന്നാല്‍, അയല്‍ഗ്രാമങ്ങളില്‍ നിന്നുള്ളവര്‍ കൂടി വെള്ളം ഊറ്റിയെടുത്ത് തുടങ്ങിയതോടെ അതും ഇല്ലാതെയായിത്തുടങ്ങി. അതിനാല്‍ തന്നെ സ്ഥാനമേറ്റതോടെ കംഗുബെന്‍ ചെയ്തത് രണ്ട് കാര്യങ്ങളാണ്. ഒന്ന് മലിനജലം എങ്ങനെ പുനരുപയോഗിക്കാം എന്ന് ആലോചിച്ച് ഒരു വഴി കണ്ടെത്തി. രണ്ട്, മിയാവാക്കി വനം നിര്‍മ്മിക്കാനും ഈ മലിനജലം അതിനുവേണ്ടി ഉപയോഗിക്കാനും തീരുമാനിച്ചു. 

ഇത് പ്രായോഗികമായോ? തീര്‍ച്ചയായും ആയി. ഇന്ന് ഗ്രാമത്തില്‍ 7500 മരങ്ങള്‍ ഉള്‍ക്കൊള്ളുന്നു. ഓരോ ദിവസവും ഇവരുടെ ആര്‍ഒ പ്ലാന്‍റില്‍ പതിനായിരം ലിറ്റര്‍ മലിനജലം ശുദ്ധീകരിക്കുകയും അത് ഈ ചെടികള്‍ക്ക് വേണ്ടി ഉപയോഗപ്പെടുത്തുകയും ചെയ്യുന്നു. “ഗ്രാമീണർ, പഞ്ചായത്ത് കമ്മിറ്റി, ഞങ്ങളുടെ സ്പോൺസർമാർ എന്നിവരുടെ കൂട്ടായ പരിശ്രമമാണ് ഈ നേട്ടം കൈവരിക്കാൻ ഞങ്ങളെ സഹായിച്ചത്” കംഗുബെൻ പറയുന്നു. “സസ്യങ്ങളുടെ കാര്യത്തിലുണ്ടായ 85% അതിജീവന നിരക്കും മറ്റും കണ്ട് നിരവധി ഗ്രാമത്തലവന്മാരും വിദഗ്ധരും ഗ്രാമം സന്ദര്‍ശിച്ചു. അവരുടെ ഗ്രാമത്തിലും ഇതേ മാതൃക പിന്തുടരുന്നതിന് വേണ്ടി ആയിരുന്നു ഇത്.” എന്നും കം​ഗുബെൻ പറയുന്നു.

എന്നാല്‍, എല്ലായിടത്തേയും പോലെ തന്നെ തുടക്കത്തില്‍ ഈ ഗ്രാമത്തിലും ജനങ്ങള്‍ ഈ പദ്ധതി നടപ്പിലാക്കുന്നതില്‍ വിമുഖത കാണിച്ചിരുന്നു. ഫലം കിട്ടുമോ എന്നതായിരുന്നു സംശയം. അതിനാല്‍, കംഗുബെന്‍ എംഎന്‍ആര്‍ഇജിഎ പദ്ധതിയിലൂടെ പത്ത് സ്ത്രീകള്‍ക്ക് തൊഴില്‍ ഉറപ്പ് നല്‍കി. ഫാക്ടറികളില്‍ നിന്നും മലിനജലം നേരിട്ട് കൃഷിസ്ഥലത്തേക്ക് ഒഴുകുന്നത് കൊണ്ടുള്ള ദൂഷ്യഫലങ്ങള്‍ എന്തൊക്കെയാണ് എന്ന് കര്‍ഷകരെ പറഞ്ഞ് മനസിലാക്കി. അങ്ങനെ 40 യുവാക്കളടങ്ങുന്ന സന്നദ്ധസംഘം മിയാവാക്കി വനത്തിനായി ചെടികള്‍ നടാന്‍ കംഗുബെന്നിനെ സഹായിച്ചു. ഗ്രാമവാസികളെല്ലാം സഹകരിക്കും എന്ന് ഉറപ്പായപ്പോള്‍ കംഗുബെന്‍ ഫണ്ട് കണ്ടെത്താനുള്ള വഴി തേടിത്തുടങ്ങി. വിവേകാനന്ദ് റിസര്‍ച്ച് ആന്‍ഡ് ട്രെയിനിംഗ് ഇന്‍സ്റ്റിറ്റിയൂട്ട് ആര്‍ഒ പ്ലാന്‍റിന് വേണ്ടി ധനസഹായം നല്‍കാം എന്ന് സമ്മതിച്ചു. 

ഗ്രാമവാസികളും എം‌എൻ‌ആർ‌ഇ‌ജി‌എ തൊഴിലാളികളും ഒരു മീറ്റർ ആഴത്തിലുള്ള കുഴി കുഴിച്ച് ചതുരശ്ര മീറ്ററിന് 3-5 തൈകൾ നട്ടു. മുഴുവൻ പ്രവർത്തനവും പൂർത്തിയാക്കുന്നതിനായി ഏകദേശം 15 ദിവസമെടുത്തു. വേപ്പ്, ബദാം, ഗുൽമോഹർ, മാതളനാരകം, കസ്റ്റാർഡ് ആപ്പിൾ, പേര എന്നിവയെല്ലാം ഇവിടെ നട്ടുപിടിപ്പിച്ചു. എന്നാല്‍, ചെടികള്‍ നട്ടുപിടിപ്പിക്കുന്നതില്‍ മാത്രം അവരുടെ പ്രവര്‍ത്തനങ്ങള്‍ ഒതുങ്ങി നിന്നില്ല. ആദ്യത്തെ വര്‍ഷം ഒരുപാട് പ്രശ്നങ്ങള്‍ അവര്‍ക്ക് അഭിമുഖീകരിക്കേണ്ടി വന്നു. വന്യമൃഗങ്ങള്‍ അതിക്രമിച്ച് കയറുകയും ചെടികള്‍ നശിപ്പിക്കുകയും ചെയ്തു. ചിലപ്പോള്‍ ചില സാമൂഹ്യവിരുദ്ധര്‍ തന്നെ അവ നശിപ്പിച്ചു. അത് തടുക്കുന്നതിനായി ഗ്രാമവാസികള്‍ വേലികള്‍ നിര്‍മ്മിച്ചു. 

പിന്നീട്, കംഗുബെന്നിന്‍റെ നേതൃത്വത്തില്‍ ഇവ പരിപാലിക്കുന്നതിനായി കമ്മിറ്റികള്‍ രൂപികരിച്ചു. താന്‍ വിരമിച്ചാലും അവര്‍ കാര്യങ്ങള്‍ നോക്കുമല്ലോ എന്ന ആശ്വാസവും ഉണ്ടായിരുന്നു അവര്‍ക്ക്. മിയാവാക്കി വനത്തിന് പുറമെ 50,000 ചെടികള്‍ കൂടി ഇവര്‍ നട്ടുപിടിപ്പിച്ചു. വരുന്ന മാസങ്ങളില്‍ അത് ഒരുലക്ഷം ആക്കുക എന്നതാണ് ലക്ഷ്യം. അത് വിജയിക്കുകയാണ് എങ്കില്‍ ഒരു കളക്ടീവ് ഓര്‍ഗാനിക് ഗാര്‍ഡനാണ് അടുത്തതായി ഈ ​ഗ്രാമത്തിന്റെ ലക്ഷ്യം. ഏതായാലും, എപ്പോഴും വരള്‍ച്ചയും ജലക്ഷാമവും കൊണ്ട് വലയുന്ന ഗ്രാമത്തിന് കംഗുബെന്നിന്‍റെ പോംവഴി വലിയ ഗുണം തന്നെ ചെയ്തു. വരള്‍ച്ച വലയ്ക്കുന്ന ഗ്രാമങ്ങള്‍ക്ക് സ്വീകരിക്കാവുന്ന ഒരു മാതൃക തന്നെയാണ് ഇത് എന്നാണ് ഇവരുടെ പ്രവര്‍ത്തനങ്ങളുടെ വിജയം കാണിക്കുന്നത്. 

എന്താണ് മിയാവാക്കി വനം?

പരിസ്ഥിതിപ്രവർത്തനത്തിനുള്ള ബ്ലൂ പ്ലാനെറ്റ് പുരസ്കാരം വരെ നേടിയ ലോക പ്രശസ്ത ജപ്പാനിസ്റ്റ് സസ്യശാസ്ത്രജ്ഞൻ ഡോ. അകിര മിയാവാക്കി വികസിപ്പിച്ചെടുത്ത കൃഷി രീതിയാണ് മിയാവാക്കി വനം. ഇന്ന് ഏറെ രാജ്യങ്ങളിലും ഈ കൃത്രിമ വനം ഏറെ പ്രചാരം നേടിക്കഴിഞ്ഞു. നമ്മുടെ കാവുകളുടെ പോലെയാണ് ഇവ കാണാനുണ്ടാവുക. ന​ഗരങ്ങളിലടക്കം സൃഷ്ടിച്ചെടുക്കുന്ന മിയാവാക്കി വനങ്ങൾ 

(വിവരങ്ങൾക്ക് കടപ്പാട്: ദ ബെറ്റർ ഇന്ത്യ)