Asianet News MalayalamAsianet News Malayalam

പുതിയ ഇനം തവള, പാമ്പ്, പല്ലി, ചെടികൾ; പറഞ്ഞുതരും നാടിന്റെ ഭൂതവും ഭാവിയും വർത്തമാനവും

പുതിയ ഇനം എന്നാലെന്താണ്, എങ്ങനെയാണ് അവ ജനിക്കുന്നത്, എന്ത് കാരണങ്ങളാണ് ഇവയെ ഒരു പുതിയ ​ഗണമാക്കി മാറ്റുന്നത്, ഈ ഇനങ്ങൾ എങ്ങനെ വന്യമൃ​ഗസംരക്ഷണത്തിൽ പങ്ക് വഹിക്കുന്നു തുടങ്ങിയ ഒരുപാട് ചോദ്യങ്ങളുണ്ട്. പുതിയൊരു ​ഇനമെന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന പോയിന്റിലൂടെയാണ് സ്റ്റോറി മുന്നോട്ട് പോയത്. 

aaas kavli science journalism award winner aathira pernchery speaks
Author
Thiruvananthapuram, First Published Nov 13, 2021, 1:01 PM IST

മൂന്നാറിൽ ജനിച്ച ആതിര പെരിഞ്ചേരിക്ക് വിവിധ ജീവജാലങ്ങളെ കാണുന്നത് എന്നും കൗതുകം തന്നെയായിരുന്നു. കാണുക എന്നത് മാത്രമല്ല, അവയെ കുറിച്ച് കൂടുതലറിയാനും അതിന്റെ വേര് തേടിപ്പോവാനും ആതിര എപ്പോഴും ആ​ഗ്രഹിക്കാറുണ്ട്. വൈൽഡ്‍ലൈഫ് ബയോളജിസ്റ്റായി തുടങ്ങി മാധ്യമപ്രവർത്തനത്തിലെത്തിയ ആതിര 10 വർഷമായി സയൻസ് ജേണലിസത്തിൽ പ്രവർത്തിക്കുകയാണ്. ലോകത്തിലെ തന്നെ പ്രധാനപ്പെട്ട AAAS കാവ്‍ലി സയൻസ് റിപ്പോർട്ടിം​ഗ് സ്മോൾ ഔട്ട്‍ലെറ്റ് ​ഗോൾഡ് അവാർഡ് (AAASKavli Science Reporting – Small Outlet Gold Award) എത്തിയതും അതിന്റെ തുടർച്ച തന്നെ. ആദ്യമായിട്ടാണ് ഇന്ത്യയിലൊരാൾക്ക് ഈ അം​ഗീകാരം കിട്ടുന്നത്. അതിന്റെ സന്തോഷത്തെ കുറിച്ചും അതിന് അർഹമാക്കിയ റിപ്പോർട്ടിനെ കുറിച്ചും ആതിര പെരിഞ്ചേരി ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിനോട് മനസ് തുറക്കുന്നു. 

ഇന്ത്യയിലേക്ക് ആദ്യമായി എത്തുന്ന അം​ഗീകാരം

അന്താരാഷ്ട്രതലത്തിൽ തന്നെ ഇങ്ങനെ ഒരു അം​ഗീകാരം കിട്ടിയതിൽ വളരെയധികം സന്തോഷമുണ്ട്. യുഎസ്സിൽ മാത്രം ഒതുങ്ങി നിന്ന ഒന്നായിരുന്നു ഈ അവാർഡ്. പിന്നീട്, 2015 -ൽ ലോകത്തിനാകെ തുറന്നു കൊടുക്കപ്പെട്ടു. അതിൽ, ആദ്യമായിട്ടാണ് ഇന്ത്യയിലെയൊരാൾക്ക് ഇങ്ങനെ ഈ അവാർഡ് കിട്ടുന്നത്. ഇക്കൊല്ലം 47 രാജ്യങ്ങളിൽ നിന്നും അവർക്ക് എൻട്രി ഉണ്ടായിരുന്നു. അതിൽ നിന്നുമാണ് എന്റെ സ്റ്റോറി തെരഞ്ഞെടുക്കപ്പെട്ടത്. 'സയൻസ് റിപ്പോർട്ടിം​ഗ് ​സ്മോൾ ഔട്ട്‍ലെറ്റ്' എന്ന കാറ്റ​ഗറിയിലാണ് ​ഗോൾഡ് അവാർഡ് കിട്ടിയിരിക്കുന്നത്. അതിലും വളരെ സന്തോഷം തോന്നുന്നു.

പുതിയ ഇനം ജീവികളെ തേടിയുള്ള യാത്ര

'സക്സഷൻ' എന്ന സ്റ്റോറിക്കാണ് അവാർഡ് കിട്ടിയത്. അത് 'ഫിഫ്‍റ്റിടു' എന്ന പുതിയൊരു ഡിജിറ്റൽ പബ്ലിക്കേഷനിലാണ് പ്രസിദ്ധീകരിച്ചിരിക്കുന്നത്. 'സക്സഷൻ' ഒരു വിശദമായ സ്റ്റോറിയാണ്. 

ഞാൻ ഒരു വൈൽഡ്‍ലൈഫ് ബയോളജിസ്റ്റാവുകയും മാധ്യമപ്രവർത്തകയായിത്തീരുകയും ചെയ്ത ആളാണ്. നേരത്തെ വൈൽഡ് ലൈഫ് ബയോളജിയിൽ ​ഗവേഷണം നടത്തുമായിരുന്നു. പിന്നീടാണ് സയൻസ് ജേണലിസത്തിലേക്ക് തിരിയുന്നത്. അന്നുമുതൽ തന്നെ ഇക്കോളജി, വൈൽഡ്ലൈഫ് അതിലെ പുതിയ കണ്ടെത്തലുകൾ ഒക്കെ കവർ ചെയ്യുന്നുണ്ടായിരുന്നു. ആദ്യം ഫ്രീലാൻസായി വർക്ക് ചെയ്യുകയും പിന്നീട് രണ്ടുവർഷം ഹിന്ദുവിൽ വർക്ക് ചെയ്യുകയും ചെയ്തു. 

അതുകഴിഞ്ഞ് വീണ്ടും ഫ്രീലാൻസറായി ജോലി ചെയ്തപ്പോഴും കുറേ പുതിയ ഇനം ജീവികളെ കുറിച്ചുള്ള ഒരുപാട് കണ്ടെത്തലുകളുണ്ടായിട്ടുണ്ട്. പുതിയ തവള, പുതിയ പല്ലി, പുതിയ പാമ്പ്, പുതിയ ചെടി എന്നിവയെല്ലാം അതിൽ പെടുന്നു. അതിന് ഒരു കൗതുകമുണ്ടായിരുന്നു. കാരണം, നാം ഒരു പുതിയ ഇനത്തെ കാണുകയാണ്. അത് കേരളത്തിൽ, അല്ലെങ്കിൽ പശ്ചിമഘട്ടത്തിൽ കണ്ടെത്തി എന്നതല്ലാതെ അതിനെ കുറിച്ച് കൂടുതൽ വിവരങ്ങളൊന്നും എവിടെയും കാണുന്നില്ല. 

പുതിയ ഇനം എന്നാലെന്താണ്, എങ്ങനെയാണ് അവ ജനിക്കുന്നത്, എന്ത് കാരണങ്ങളാണ് ഇവയെ ഒരു പുതിയ ​ഗണമാക്കി മാറ്റുന്നത്, ഈ ഇനങ്ങൾ എങ്ങനെ വന്യമൃ​ഗസംരക്ഷണത്തിൽ പങ്ക് വഹിക്കുന്നു തുടങ്ങിയ ഒരുപാട് ചോദ്യങ്ങളുണ്ട്. പുതിയൊരു ​ഇനമെന്നത് കൊണ്ട് എന്താണ് അർത്ഥമാക്കുന്നത് എന്ന പോയിന്റിലൂടെയാണ് സ്റ്റോറി മുന്നോട്ട് പോയത്. 

അതുപോലെ പല പുതിയ ഇനം ജീവികളുടെയും ഭൂതകാലം നോക്കിയാൽ പാരമ്പര്യത്തെ കുറിച്ചുകൂടി നമുക്ക് അറിയാം. പശ്ചിമഘട്ടം ഉണ്ടാവുന്നതിന് മില്ല്യൺ വർഷങ്ങൾക്ക് മുമ്പ് എന്ത് നടന്നു എന്നുവരെ പുതിയൊരു ഇനത്തെ പഠിക്കുന്നതിലൂടെ നമുക്ക് മനസിലാക്കാനാവും. അതുപോലെ വർത്തമാനകാലത്തെ കുറിച്ചും ഭാവിയെ കുറിച്ചും വരെ പുതിയ ഇനങ്ങൾ നമുക്ക് പറഞ്ഞുതരും. 

നാം ഇന്ന് നേരിടുന്ന പാരിസ്ഥിതികമായ ഭീഷണികൾ എന്തെല്ലാമാണ്, കാലാവസ്ഥാവ്യതിയാനം രൂക്ഷമാകുന്ന ഈ സാഹചര്യത്തിലടക്കം എങ്ങനെയാണ് അവയെ നമുക്ക് സംരക്ഷിക്കാനാവുക എന്നതെല്ലാം അതിൽ പെടുന്നു. അത്തരം കാര്യങ്ങളെ കുറിച്ചുള്ള വിശദമായ സ്റ്റോറിയാണ് പ്രസിദ്ധീകരിച്ചത്. അതാണ് അവാർഡിന് അ​ർഹയാക്കിയത്. 

Follow Us:
Download App:
  • android
  • ios