Asianet News MalayalamAsianet News Malayalam

പുസ്‍തകം മടുത്തതുപോലെ കുട്ടികൾക്ക് മൊബൈലും മടുക്കുമോ? ഡിജിറ്റല്‍ സമത്വം എളുപ്പം സാധ്യമാവുമോ?

'എന്ത് വേണേലും പറയാമോ?' ടോട്ടോച്ചാൻ  കൊബായാഷി മാസ്റ്ററോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്തും പറഞ്ഞോളു എന്ന്  മാസ്റ്റർ മറുപടി കൊടുത്തു. ഓൺലൈൻ ക്ലാസുകളിലെ ആദ്യത്തെ നിർദ്ദേശം എല്ലാവരും മൈക്ക്  mute ചെയ്യുക എന്നുള്ളതാണ്. 

abdul rasheed apk on online teaching in covid days
Author
Thiruvananthapuram, First Published Jun 1, 2020, 11:05 AM IST

'Silence is also a communication' ജേണലിസം ഒന്നാം സെമസ്റ്റർ കുട്ടികളോട് കമ്മ്യൂണിക്കേഷൻ പാഠഭാഗത്ത് പറഞ്ഞ കാര്യമായിരുന്നു ഇത്.  മൗനമാണ് ഒരു ക്ലാസ് മുറിയെ നിറയ്ക്കുന്നത്. വാക്കിൽ നിറഞ്ഞ് നഷ്ടപ്പെടുന്നതല്ല, ഒരു ആശയം അധ്യാപകരിലും കുട്ടികളിലും ഒരേ വിനിമയ സാധ്യത നിലനിർത്തുമ്പോഴാണ് പഠനം / 'പഠിപ്പിക്കൽ' എന്ന അധികാര രൂപത്തെ കൈവിടുന്നത് . ടോട്ടോച്ചാൻ ക്ലാസിൽ നിന്ന് പുറത്താക്കപ്പെട്ടത് ബഹളം വെച്ചിട്ടാണ്! ചന്തയിലും ക്ലാസ് മുറിയിലും ഒരേ ഒച്ചയല്ല. നിയന്ത്രിത ഒച്ചയാണ് ക്ലാസ് മുറിയിൽ. 'തന്‍റെ  ഒച്ച മാത്രം  കേട്ടാ മതി' എന്ന അധ്യാപകന്‍റെ ശബ്ദത്തിന്‍റെ അധിക ശാസന വരുമ്പോൾ കുട്ടിയുടെ ശബ്ദം 'ബഹള'മായി മാറുന്നു. പൂർണമായും 'ശബ്ദവൽക്കരിക്കപ്പെട്ട തൊഴിലാ'ണ് അധ്യാപനം.‌ അവിടെ ടീച്ചറും കുട്ടിയും ഒച്ച വെക്കുന്നു. ഓൺലൈൻ ക്ലാസ് മുറികളിൽ  ആർക്കൊക്കെ ബഹളം വെയ്ക്കാൻ പറ്റും?

abdul rasheed apk on online teaching in covid days

ഇന്നുമുതലാണ് സര്‍ക്കാര്‍ നിര്‍ദ്ദേശപ്രകാരം ഓണ്‍ലൈന്‍ ക്ലാസുകള്‍ തുടങ്ങിയിരിക്കുന്നത്. പാഠഭാരം കുറച്ചുള്ള ഒരു പഠനരീതിയാണ് ഈ വർഷം ഉണ്ടാവുക. രാവിലെ 8.30 മുതൽ ഉച്ചയ്ക്ക് 1.30 വരെ ഓൺലൈനായി ക്ലാസ് എടുക്കാനാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി കോളേജുകൾക്ക് നിർദേശം നൽകിയിരിക്കുന്നത്. സ്‌കൂൾ കുട്ടികൾക്ക് വിക്ടേഴ്‌സ് ചാനൽ വഴിയും മറ്റ് ഓൺലൈൻ മാധ്യമങ്ങൾ വഴിയും ക്ലാസ് നടക്കും.

ഓൺലൈൻ ക്ലാസുകളെ കുറിച്ചുള്ള സജീവമായ ചർച്ചയാണ് ഇപ്പോൾ എല്ലായിടത്തും. കുട്ടികൾ നൈസർഗികമായ സ്വഭാവസവിശേഷതയുള്ളവരാണ്. അവയെ മൂടുപടമില്ലാതെ, ജനാധിപത്യത്തിന്‍റെ വെളിച്ചത്തിൽ, സ്വാഭാവികമായി വികസിപ്പിക്കേണ്ടതുമാണ്. ഒരു അദ്ധ്യാപകൻ എന്ന് പറയുന്നത് 'പഠിപ്പിക്കുന്ന' ആൾ മാത്രമല്ല, തന്റെ മുമ്പിലുള്ള കുട്ടികളെ കൂടി അറിയുന്നയാളാണ്. ഒരു കുട്ടിയെ പരസ്‍‍പരം കാണുകയും അറിയുകയും ചെയ്യുമ്പോഴാണ് ആശയം വിനിമയം ചെയ്യപ്പെടുന്നത്. ക്ലാസ് മുറി ഭാവമൂല്യങ്ങൾ കൂടി പ്രസരിപ്പിക്കുന്ന ഇടമാണ്. gender equality ഉറപ്പുവരുത്തുവാൻ ഓൺലൈൻ ക്ലാസ് മുറികൾക്ക് സാധിക്കുമോ? തുല്യത എന്നുള്ളത് എല്ലാവരും കേൾവിക്കാർ ആവുന്നു എന്നതിലേക്ക് ചുരുങ്ങും.

ഒരു അധ്യാപകൻ കുട്ടികളുടെ സഹജമായ താല്‍പര്യങ്ങൾ അറിയണം. ക്ലാസ് മുറികളിൽ നിന്ന് തന്നെയാണ് അത് രൂപപ്പെടുന്നത്. ഏത് വഴിയാണ് കുട്ടികളുടെ ചിന്ത വികസിക്കുന്നത് എന്ന് ക്ലാസ് മുറികളിൽ  നടക്കുന്ന സംവാദങ്ങളിൽ നിന്ന് അധ്യാപകന്  മനസ്സിലാകും. ക്ലാസ് മുറികൾ ചിലപ്പോൾ ഫലിത കോർണറുകളാണ്. ഓൺലൈൻ തമാശകൾ ട്രോൾ മഴ എന്നതിനപ്പുറം കുളിരാൻ ഒന്നും ഉണ്ടാവില്ല. ഓൺലൈൻ ക്ലാസുകളിൽ തമാശ പറയാൻ കഴിയുമോ? ഒരു ഡിറ്റക്ടറെ പോലെ അദ്ധ്യാപകൻ നിർദേശങ്ങൾ നൽകും. ആര് മനസ്സിലാക്കുന്നു എന്ന് അധ്യാപകന് മനസ്സിലാവാൻ തക്ക ടെക്‌നിക്കുകൾ ഇപ്പോൾ ഓൺലൈനിൽ ലഭ്യമല്ല. കാരണം ശരീര ഭാഷ കണ്ട് ക്ലാസ് കൈകാര്യം ചെയ്യുന്നവരാണ് അധ്യാപകർ. എന്റെ തന്നെ  ക്ലാസിൽ ഞാൻ പഠിപ്പിക്കുന്ന വിഷയം ബോറടിക്കുന്നു എന്ന് മുന്നിലുള്ള കുട്ടി കോട്ടുവാ ഇടുമ്പോഴോ അല്ലെങ്കിൽ ഇരിപിരി കൊള്ളുമ്പോഴോ ആണ് മനസ്സിലാവുക. അന്നേരം  വിഷയത്തിൽ നിന്ന് മാറി വേറെ കാര്യങ്ങൾ ചർച്ച ചെയ്യും. അല്ലെങ്കിൽ ബോറടിയെ മറികടക്കാനുള്ള നുറുങ്ങുവിദ്യകൾ പ്രയോഗിക്കും. ഓൺലൈൻ ക്ലാസിൽ അങ്ങനെ ഒരു സാധ്യത ഇല്ല! ബോറടി ഇല്ലാത്ത ക്ലാസ് എന്തൊരു ബോറടിയായിരിക്കും?! വീഡിയോ ഓഫ് ആക്കി ശ്രോതാവിന് എന്തും ചെയ്യാം, അല്ലേൽ ഒന്നും ചെയ്യാതെ ഉറങ്ങാം എന്ന ഒരു വലിയ സാധ്യത ഓൺലൈൻ ക്ലാസ് നടക്കുമ്പോൾ നമ്മുടെ മുമ്പിലുണ്ട്. പല വെബിനാറുകളുടെയും അവസ്ഥയിതായിരുന്നു. ഒരു മണിക്കൂർ ഒരാളെ തന്നെ നോക്കുക, ശ്രദ്ധിക്കുക എന്നത് കടുപ്പമാണ്.   ചോദ്യങ്ങൾ പരിമിതമായിരിക്കും. കാരണം എല്ലാവരും ഒരുമിച്ച് ചോദിച്ചാൽ കലപിലയാവും. ഇതെന്താ ചന്തയാണോ എന്നുള്ള ചോദ്യം ഇനി എത്ര അധ്യാപകർ ചോദിക്കും?

'എന്ത് വേണേലും പറയാമോ?' ടോട്ടോച്ചാൻ  കൊബായാഷി മാസ്റ്ററോട് ചോദിക്കുന്ന ഒരു ചോദ്യമാണിത്. എന്തും പറഞ്ഞോളു എന്ന്  മാസ്റ്റർ മറുപടി കൊടുത്തു. ഓൺലൈൻ ക്ലാസുകളിലെ ആദ്യത്തെ നിർദ്ദേശം എല്ലാവരും മൈക്ക്  mute ചെയ്യുക എന്നുള്ളതാണ്. whatsapp ഗ്രൂപ്പിൽ മെസ്സേജുകൾ അധികമാവുമ്പോൾ നമ്മൾ ആ ഗ്രൂപ്പ് mute ചെയ്യും. രണ്ടിടത്തായാലും ശല്യം കുറച്ചു മണിക്കൂറുകളിലേക്ക് നിശബ്ദമാക്കുന്നു. ഓൺലൈൻ ക്ലാസ് മുറികൾ അതുകൊണ്ട് തന്നെ വലിയൊരു whatsapp ഗ്രൂപ്പ് ആണെന്ന് പറയാം! പ്രാധാനമന്ത്രി മറ്റു മന്ത്രിമാരോട് സംസാരിക്കുന്നത് പോലെ ഒരധ്യാപകൻ കുട്ടികളോട് സംസാരിക്കുന്നു. അവരുടെ വിഷയ വൈദഗ്ധ്യത്തിന് അനുസരിച്ച് അവർ ക്ലാസുകൾ കൈകാര്യം ചെയ്യുന്നു. നല്ല പെർഫോർമർ ആയ അധ്യാപകന് ഓൺലൈനിൽ ശോഭിക്കാൻ പറ്റും. ഒരു അധ്യാപകന്റെ അഭിനയ പരതയ്ക്ക് മികവ് നൽകാൻ ഓൺലൈൻ ക്ലാസിന് കഴിയും.
 
വളരെ intimacy ആയിട്ടുള്ള ഒരു ടീച്ചർക്ക് ഓൺലൈനിൽ മികവ് പുലർത്താൻ പറ്റുമോ എന്നത് സംശയമാണ്. അപകർഷതാബോധം പുലർത്തുന്ന, അല്ലെങ്കിൽ ടെക്നോ സാവി അല്ലാത്ത ഒരു ടീച്ചർ ഇത് എങ്ങനെ മറികടക്കും എന്നത് ഒരു ചോദ്യമാണ്. സീരിയൽ സിനിമാ താര നിർമിതി പോലെ ഓൺലൈനിൽ ഒരു അധ്യാപക നിർമിതി വരും. നല്ല ഓൺലൈൻ സാറും നല്ല ക്‌ളാസ് റൂം മാഷും ഇനി ഉണ്ടാവും!

ഈയടുത്ത് പത്രത്തിൽ ഒരു വാർത്ത കണ്ടു. ഓൺലൈനിൽ ടീച്ചർമാരുടെ ഇംഗ്ലീഷ് ശ്രദ്ധിച്ച അമ്മമാർ മാനേജ്‌മെന്റിന് പരാതി നൽകി. പരാതിയിൽ  പറയുന്നത് 'ഇംഗ്ലീഷ് ടീച്ചറുടെ 'ഇംഗ്ലീഷ്' വളരെ മോശമാണ്. കുട്ടികളെ ഇങ്ങനെയാണോ പഠിപ്പിക്കുന്നത്. ഇത്രയും നാൾ ഈ ടീച്ചർ ഇങ്ങനെ തന്നെയാണോ ക്ലാസുകൾ കൈകാര്യം ചെയ്തത്' എന്നൊക്കെയാണ്. ക്ലാസുകൾ ഓൺലൈൻ ആവുമ്പോൾ ഈയൊരു കാരണം കൊണ്ട് കുറെ അധ്യാപകർ വീട്ടിൽ തന്നെയിരിക്കേണ്ടി വരും! നിരീക്ഷിക്കപ്പെടുമ്പോൾ സ്വാഭാവികമായ തലം നഷ്ടമാവും.

വീട്ടുകാരുടെ ഓൺലൈൻ അവബോധം എത്രയുണ്ട് എന്നത് വളരെ പ്രധാനപ്പെട്ടതാണ്. വാട്സാപ്പ് /ഫേസ്ബുക്/ ഇൻസ്റ്റാഗ്രാം യൂട്യൂബ് എന്നതിലപ്പുറമുള്ള സാധ്യത വീട്ടുകാർ തിരിച്ചറിയേണ്ടതുണ്ട്. കുട്ടികൾ മൊബൈൽ ഫോൺ ഉപയോഗിക്കുമ്പോൾ എതിർത്ത ആളായിരുന്നു ഞാൻ. എന്നെ കാണുമ്പോൾ എന്റെ മരുമക്കൾ മൊബൈൽ മാറ്റിവെക്കും. ഇപ്പോൾ എന്നെ കണ്ടാൽ 'ഞങ്ങൾ ടാസ്ക്' ചെയ്യുകയാണ് എന്നാണ് മറുപടി.  മൊബൈലിൽ കുത്തിക്കൊണ്ടിരിക്കാതെ നിനക്ക് നാലക്ഷരം പഠിച്ചൂടെ എന്ന 'ക്ലിഷേ' ഡയലോഗ്‌ ഇനി വീട്ടുകാർക്ക് പറയാൻ സാധിക്കില്ല! 'ഒന്ന് ആ മൊബൈല്‍ നോക്കിയിരി മോളെ ടീച്ചർ അതാ അവിടെ ക്ലാസ് എടുക്കുന്നത്‌ ശ്രദ്ധിക്കൂ' എന്ന പുതിയതരം ഡയലോഗുകൾ പ്രതീക്ഷിക്കാം. പുസ്തകം മടുത്തത് പോലെ കുട്ടികൾക്ക് മൊബൈലും മടുക്കുമായിരിക്കും!

നമ്മുടെ ഡാറ്റ ഉപയോഗം കമ്പനികൾ  രേഖപ്പെടുത്തുന്നത് പോലെ നമ്മളും അതിൽ ശ്രദ്ധ ഊന്നണം. ഓൺലൈൻ പർച്ചേസുകൾ സജീവമാക്കിയത് ആമസോൺ ഫ്ലിപ്കാർട് എന്നിവരാണ്. അവർ ഒരു പ്രോഡക്റ്റ് മാർക്കറ്റ് സൃഷ്ടിച്ചു. ഇപ്പോൾ തൊട്ടടുത്തുള്ള കടയിൽ പോലും നമ്മൾ സാധനങ്ങൾ ഓൺലൈൻ ഓർഡർ കൊടുക്കുകയാണ്. അത് പോലെ വിദ്യാഭ്യാസം എന്നുള്ളത് ഓൺലൈനിലൂടെ പർച്ചെയ്‌സ് ചെയ്യാൻ പറ്റുന്ന ഒന്നായി മാറി. അവിടെ ഒരു മാർക്കറ്റിംഗ് തന്ത്രമാണ് രൂപപ്പെടുന്നത്. 

ഓൺലൈൻ പ്ലാറ്റ്ഫോമിൽ പഠനത്തിനായി നിരവധി സ്റ്റാർട്ടപ്പ് കമ്പനികളാണ് സ്വകാര്യ സ്‌കൂളുകളെ സമീപിക്കുന്നത്. സ്‌കൂൾ അധികൃതരെ സംബന്ധിച്ചിടത്തോളം സൂം webex ഗൂഗിൾ മീറ്റ് എന്നതിന്റെ സൗജന്യം എപ്പോഴും ലഭ്യമാവണമെന്നില്ല. ചിലപ്പോൾ പുതിയൊരു പ്ലാറ്റ്ഫോം രൂപപ്പെടുത്തുന്നതിൽ സ്‌കൂൾ മാനേജ്മെന്റ് സ്റ്റാർട്ടപ്പ് കമ്പനികളുമായി കൈകോർക്കും. ഇതിന്റെ ചിലവ് കാണേണ്ടത് കുട്ടികളായിരിക്കും. സാമ്പത്തിക ബാധ്യതയും ദീർകാലത്തേക്ക് ഗുണപ്രദമാകുമോ എന്ന ആശങ്ക അധ്യാപകർക്കും രക്ഷിതാക്കൾക്കും ഒരു പോലെയുണ്ട്.

ഓൺലൈനിൽ  മികച്ച പഠനരീതി ഫ്ലിപ്ഡ് ക്ലാസ്റൂം ആണ്. ഒരു അദ്ധ്യാപകൻ ഓൺലൈനിലൂടെ നൽകുന്ന ആശയങ്ങൾ വിദ്യാർത്ഥികൾ അവർക്ക് ലഭിക്കുന്ന പരമാവധി വിവരങ്ങൾ ശേഖരിച്ചു ക്ലാസുകളിലേക്ക് വരിക. അടുത്ത ദിവസങ്ങളിൽ അതിനോടനുബന്ധിച്ച ചർച്ചകളും സംവാദങ്ങളും നടത്തുക. ഇത് ക്ലാസ് മുറിയെ സജീവമാക്കും. ഒപ്പം അധ്യാപകരും വിദ്യാർത്ഥികളും ഒരുപോലെ ഉത്സാഹത്തോടെ കാര്യങ്ങൾ ചെയ്യാൻ ശ്രമിക്കും. ഞാൻ പഠിപ്പിക്കുന്ന കോളേജിൽ പുതിയ അധ്യയന വർഷത്തിലേക്ക് LMS (Learning Management  System ) വഴിയുള്ള ക്ലാസിനുള്ള എല്ലാ ഒരുക്കങ്ങളും ആയി. ഇതു വഴി വിഷയ ഉള്ളടക്കത്തിന് പ്രത്യേക പരിഗണന നൽകുന്നു. ഉള്ളടക്കത്തിൽ ക്രിയാത്മക പുലർത്തുക എന്നാണ് ഞങ്ങൾക്ക് കിട്ടിയ നിർദ്ദേശം. പരീക്ഷകൾ ഓൺലൈനായി നടത്താനുള്ള എല്ലാ സജ്ജീകരണങ്ങളും കോളേജ് നടത്തിക്കഴിഞ്ഞു. സാങ്കേന്തികമായി ഉയർന്ന നിലവാരം, മുന്നൊരുക്കങ്ങൾ നടത്തുന്നതിനുള്ള  സാമ്പത്തിക പിന്തുണ ഇതൊക്കെയുള്ള കോളേജുകൾ ഓൺലൈൻ കടമ്പ അനായാസം കൈകാര്യം ചെയ്യും. എങ്കിൽ പോലും ഇവിടങ്ങളിൽ പഠിക്കുന്ന കുട്ടികൾ അവർ വരുന്ന സ്ഥലങ്ങൾ അവരുടെ സാമ്പത്തിക ചുറ്റുപാട് ഇതൊക്കെ പഠനത്തിൽ നിർണായകമാവും. കേരളത്തിലെ ഗവ.കോളേജുകളിൽ 30% അധികം കുട്ടികൾക്ക് ഓൺലൈൻ പഠന സൗകര്യം ഇല്ലെന്നാണ് കോളേജ് വിദ്യാഭ്യാസ വകുപ്പിന്റെ സർവേയുടെ കണ്ടെത്തൽ. അത് പോലെ തന്നെയാണ്  സ്‌കൂൾ കുട്ടികളുടെ കാര്യവും. എല്ലാവരും ഓൺലൈനിലേക്ക് മാറാനുള്ള ശ്രമങ്ങൾ നടത്തുന്നു എന്നത് നല്ല കാര്യമാണ്. പുതിയ ടെക്നോളജിയെ പുൽകുക എന്നത് കാലത്തിന്റെ ആവശ്യമാണ്. എന്നാലും ഡിജിറ്റൽ സമത്വം രൂപപ്പെടണം. തനിക്ക് ലഭിക്കുന്ന അറിവ് തന്റെ ക്ലാസിലെ എല്ലാ കൂട്ടുകാർക്കും കിട്ടണം എന്നതാണ് ആ സമത്വം! അത് ഓരോ അധ്യാപകനും സ്‌കൂളും കോളേജും ഉറപ്പുവരുത്തണം.

കൊവിഡിനോടൊപ്പം ജീവിക്കുക എന്നതാണ് പുതിയ കാലത്തിന്റെ രീതി. അത് പോലെ തന്നെ ക്ലാസ് മുറിയിൽ ജീവിക്കുക, ക്ലാസ്  മുറിയോടൊപ്പം  ജീവിക്കുക. ക്ലാസ് മുറിയിൽ നിന്ന് തന്നെയാണ് ഓൺലൈൻ പഠനം രൂപപ്പെടേണ്ടത്. ഓൺലൈൻ പഠനം ഒരു ആഡ് ഓൺ ആണ്. മറിച്ചു വീട്ടിൽ കുട്ടിയെ ഇരുത്തിക്കൊണ്ട് പുതുതായി രൂപപ്പെടുത്തേണ്ട ഒന്നല്ല ഓൺലൈൻ പഠനം. ക്ലാസിൽ നിന്ന് തന്നെ രൂപപ്പെട്ട് രൂപപ്പെട്ട് ആയിത്തീരേണ്ടതാണ് ഓൺലൈൻ പഠനം. ഓൺലൈനിൽ എങ്ങനെ കുട്ടിയെ ലൈനിൽ നിർത്താം എന്നതായിരിക്കും ഇന്നു മുതൽ ഓൺലൈൻ അധ്യാപകരുടെ ചിന്തകൾ. ഓൺലൈൻ കുത്തിയിരിപ്പിന് ഒരുങ്ങിയ കുട്ടികൾക്കും അധ്യാപകർക്കും ആശംസകൾ!

(ലേഖകന്‍ ബാംഗ്ലൂര്‍ ക്രിസ്തു ജയന്തി കോളേജില്‍ ജേണലിസം അധ്യാപകനാണ്)

Follow Us:
Download App:
  • android
  • ios