Asianet News MalayalamAsianet News Malayalam

പ്രീജയും അലനും പറയുന്നു, 'അറബി സൂപ്പറാണ്..! '

കേരളത്തിൽ തന്നെ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ അറബി എന്ന ഭാഷ തുറന്നു വെച്ചിരിക്കുന്ന വലിയൊരു സാധ്യതയുണ്ട്. അത് കൃത്യമായി തിരിച്ചറിഞ്ഞ് അതിനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു മിടുക്കികളാണ് ഇവർ.. 

Arabic language and literature offering job opportunities in government sector
Author
Trivandrum, First Published Jun 14, 2019, 12:20 PM IST

ഒരു വിദേശ ഭാഷ പഠിക്കാൻ പലർക്കും പലതുണ്ടാവാം കാരണങ്ങൾ. ഫ്രഞ്ചും ജർമനും സ്പാനിഷും ഒക്കെ നമ്മുടെ സ്‌കൂൾ സിലബസുകളുടെ ഭാഗമാണ്. അവ പലരും അഭ്യസിച്ചും പോരുന്നു. മറ്റേതു ഭാഷയെക്കാളും, കേരളീയരുടെ സംസ്കാരത്തോട് ഇഴയടുപ്പം കാത്തു സൂക്ഷിക്കുന്ന ഒരു വിദേശ ഭാഷയാണ് അറബി.  കേരള ജനതയിലെ മുസ്‌ലിം പ്രാതിനിധ്യവും, നമ്മുടെ സമ്പദ് വ്യവസ്ഥയിൽ അറബ് രാഷ്ട്രങ്ങളിൽ തൊഴിലെടുക്കുന്ന കേരളീയർ വഹിക്കുന്ന പ്രസക്തമായ പങ്കും ആവാം അതിനുള്ള കാരണം. അതുകൊണ്ടുതന്നെ, കേരളം വിട്ട് ഗൾഫ് നാടുകളിൽ ജോലി നേടാനുള്ള പരിശ്രമങ്ങളുടെ ഭാഗമായി അറബി പഠനങ്ങൾ ഒരുപാട് നടക്കുന്നുണ്ട്.  പ്രധാനമായും ഇസ്ലാം മതത്തിൽ നിന്നുള്ളവരാണ് അറബി പഠിക്കുന്നതെങ്കിലും ചെറുതല്ലാത്ത ഒരു ശതമാനം  ഇതരമതവിഭാഗക്കാരും ഈ ഭാഷ  പഠിക്കുന്നുണ്ട്.   
Arabic language and literature offering job opportunities in government sector
 ഇനി പറയാൻ പോവുന്നത് അതിനെപ്പറ്റിയല്ല. കേരളത്തിൽ തന്നെ ജോലി നേടാൻ ആഗ്രഹിക്കുന്നവർക്ക് മുന്നിൽ അറബി എന്ന ഭാഷ തുറന്നു വെച്ചിരിക്കുന്ന വലിയൊരു സാധ്യതയേയും, അത് കൃത്യമായി തിരിച്ചറിഞ്ഞ് അതിനുള്ള പരിശ്രമത്തിൽ ഏർപ്പെട്ടിരിക്കുന്ന രണ്ടു മിടുക്കികളെയും പറ്റിയാണ്. അറബിയുടെ അക്കാദമികമായ പഠനത്തിലാണ് പ്രീജ എന്ന ഹിന്ദു പെൺകുട്ടിയും, അലൻ എന്ന ക്രിസ്ത്യൻ പെൺകുട്ടിയും. അവരുടെ മതം അങ്ങനെ തന്നെ അടയാളപ്പെടുത്തുന്നത്, ഭാഷയെ   മതത്തിന്റെ അതിരുകൾക്കുള്ളിൽ ബന്ധിച്ചു നിർത്തുന്ന ശീലം നമ്മുടെ സമൂഹത്തിൽ ഇന്നും നിലനില്കുന്നതു കൊണ്ടുമാത്രമാണ്.
   
മലയാളത്തെയും, മറ്റു ഭാഷകളെയും പോലെ കൃത്യമായ അക്കാദമിക പഠന സൗകര്യങ്ങൾ ഉള്ള അറബി ഭാഷയ്ക്കും  കേരളത്തിലെ ഒട്ടുമിക്ക സർക്കാർ കോളേജുകളിലും പ്രത്യേക വിഭാഗങ്ങൾ നിലവിലുണ്ട്. അത്തരത്തിൽ, അറബിസാഹിത്യം ആധികാരികമായി പഠിക്കാൻ അവസരമുള്ള ഒരു കലാലയമാണ് തിരുവനന്തപുരത്തെ യൂണിവേഴ്‌സിറ്റി കോളേജ്. അവിടെ അറബിവിഭാഗം തലവൻ ഡോ. ഷംനാദും, അസിസ്റ്റന്റ് പ്രൊഫസറായ ഡോ. എം എ അസ്കറും അടങ്ങുന്ന വിദഗ്ദരായ അധ്യാപകരുടെ സേവനം ലഭ്യമാണ്.  ഇവിടെ ഡിഗ്രിക്ക് പിജിയ്ക്കും പഠിക്കുന്നവരാണ് അലനും പ്രീജയും. 

Arabic language and literature offering job opportunities in government sector


ഇരുവരും പ്ലസ് റ്റു വരെ പഠിച്ചത് സയൻസ് ഗ്രൂപ്പ്  എടുത്താണ്. അതുകഴിഞ്ഞാണല്ലോ എല്ലാവരുടെയും പഠനജീവിതത്തിലെ വഴിത്തിരിവ്. ആ ഘട്ടത്തിലാണ് പ്രീജ, ഏത് കോഴ്സ് തിരഞ്ഞെടുത്താൽ സർക്കാർ ജോലി കിട്ടും എന്ന ചോദ്യത്തെ അഭിമുഖീകരിക്കുന്നത്. അപ്പോഴാണ് അവളോട് ഒരു സുഹൃത്ത് അറബി ഭാഷാ പഠനം എന്ന ഏറെ സാദ്ധ്യതകൾ ഒളിഞ്ഞിരിക്കുന്ന ഒരു കോഴ്‌സിനെപ്പറ്റി പറയുന്നത്. ഈ സാദ്ധ്യതകൾ ഒറ്റനോട്ടത്തിൽ ആർക്കും വെളിപ്പെടുന്ന ഒന്നല്ല. അത് മനസ്സിലാക്കണമെങ്കിൽ, നമ്മുടെ സംവരണ സംവിധാനം പ്രവർത്തിക്കുന്നത് എങ്ങനെ എന്ന കാര്യത്തിൽ കൃത്യമായ ഒരു ധാരണ വേണം. എല്ലാ ജോലികളെയും പോലെ അറബി അധ്യാപകരുടെ സർക്കാർ ജോലി ഒഴിവുകളിലും കൃത്യമായ സംവരണ മാനദണ്ഡങ്ങൾ പാലിക്കപ്പെടുന്നുണ്ട്. ഓരോ ഒഴിവും നികത്തപ്പെടുന്നത് നെറ്റും കെ-ടെറ്റും, ബി എഡും, ടിടിസിയും പോലുള്ള കൃത്യമായ യോഗ്യതകൾ ഉള്ള ഉദ്യോഗാർത്ഥികളെ വെച്ചുമാത്രമാണുതാനും. പക്ഷേ, അവിടെ പലപ്പോഴും പല സംവരണ വിഭാഗങ്ങളിലും യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ ഇല്ലാത്തതിനാൽ ആ ഒഴിവുകൾ നികത്തപ്പെടാതെ പോവുകയാണ്. നരേന്ദ്ര കമ്മീഷൻ റിപ്പോർട്ടൊക്കെ വന്ന ശേഷം ഇപ്പോൾ, ഒരു കാറ്റഗറിയിലെ ഒഴിവ് അത്രയെളുപ്പത്തിൽ മറ്റൊരു കാറ്റഗറിയിലെ ഉദ്യോഗാർഥിയെ വെച്ച് നികത്താനാവില്ല. ഫലത്തിൽ എന്താണ് ഇപ്പോഴത്തെ അവസ്ഥ ? പ്രൈമറി സ്‌കൂൾ ടീച്ചർ, ഹൈസ്‌കൂൾ ടീച്ചർ, പ്ലസ് ടു ടീച്ചർ, കോളേജ് അധ്യാപകർ - അങ്ങനെ ഒഴിവ് എന്തുമാവട്ടെ, അതിനു നിഷ്കർഷിച്ച യോഗ്യതയുള്ള ഉദ്യോഗാർത്ഥികൾ വന്നാൽ മാത്രമേ പിഎസ്‌സിയ്ക്ക് പ്രസ്തുത വിഭാഗത്തിലെ ഒഴിവുകൾ നികത്താനാവൂ.  

Arabic language and literature offering job opportunities in government sector

അവിടെയാണ് നേരത്തെ പറഞ്ഞ വലിയൊരു സാധ്യത കടന്നു വരുന്നത്. നിങ്ങൾ സംവരണ വിഭാഗത്തിലെ സാമാന്യം തരക്കേടില്ലാതെ പഠിക്കാൻ കഴിവുള്ള ഒരു വിദ്യാർത്ഥിയാണ് എന്ന് സങ്കല്പിക്കുക.  അറബി  എന്ന ഭാഷ ഒരല്പം കഷ്ടപ്പെട്ടാണെങ്കിലും പഠിച്ചെടുത്താൽ, വേണ്ട യോഗ്യതകൾ നേടിയാൽ, മിനക്കെട്ട് മറ്റേതെങ്കിലും ഭാഷയോ, അല്ലെങ്കിൽ സാങ്കേതിക വിഷയങ്ങളോ ഒക്കെ പഠിച്ചെടുക്കുന്നതിന്റെ പത്തിരട്ടി  സാധ്യതയുണ്ട്  ഒരു സർക്കാർ ജോലി കിട്ടാൻ.   നെറ്റ് ക്ലിയർ ചെയ്തു എന്ന് വിചാരിക്കുക, നിങ്ങളെക്കാത്ത് നാലോ അഞ്ചോ വേക്കൻസികൾ ഇപ്പോഴേ ഒഴിഞ്ഞു കിടപ്പാണ്, യോഗ്യതയുള്ള  ഉദ്യോഗാർഥിയെ കിട്ടാഞ്ഞതുകൊണ്ടുമാത്രം നികത്തപ്പെടാതെ..

ഈ ഒരു സാധ്യത തിരിച്ചറിഞ്ഞ് അത് പ്രയോജനപ്പെടുത്താൻ തയ്യാറായ സമർത്ഥരായ രണ്ടു വിദ്യാർത്ഥിനികളാണ് പ്രീജയും അലനും. പ്രീജ പഠിക്കുന്നത് എംഎ അറബിയ്ക്കാണ്, അലൻ ബിഎ അറബിയ്ക്കും. തൊഴിൽ സമ്പാദനത്തിനുള്ള സാധ്യത തിരിച്ചറിഞ്ഞാണ് രണ്ടുപേരും അറബി എന്ന ഭാഷ തെരഞ്ഞെടുത്തതെങ്കിലും, കൂടുതൽ പഠിച്ചതോടെ ആ ഭാഷയുമായി പ്രണയത്തിലായിരിക്കുകയാണ് ഇരുവരും. സമ്പന്നമായ ഒരു സാഹിത്യം അറബിയ്ക്കു സ്വന്തമാണെന്നും, യൂണിവേഴ്‌സിറ്റി കോളേജ് പോലെ വളരെ വിശാലമായ അക്കാദമിക സൗകര്യങ്ങളും, വിചക്ഷണരായ അധ്യാപകരുമുള്ള ഒരിടത്ത് അതിലേക്ക് അനായാസം മുങ്ങാങ്കുഴിയിടാൻ പറ്റിയ അന്തരീക്ഷമാണുള്ളതെന്നും അവർ പറഞ്ഞു. 

Arabic language and literature offering job opportunities in government sector

" ഇങ്ങനെ ഒരു ആഗ്രഹം വീട്ടിൽ പറഞ്ഞപ്പോൾ ആദ്യം എല്ലാവരും എതിർപ്പു പ്രകടിപ്പിച്ചു. ഞാൻ ഭാഷ പഠിച്ചുപഠിച്ച് ഒടുക്കം മതം മാറിക്കളയുമോ എന്നായിരുന്നു അവരുടെ ചിന്ത. പഠിക്കാൻ പോവുന്നത് സാഹിത്യമാണെന്നും, മതം അല്ലെന്നുമൊക്കെ ഞാൻ അവരോട് പറഞ്ഞു മനസ്സിലാക്കി. ഒടുവിൽ 'നിങ്ങൾക്ക് നിങ്ങളുടെ മകളെ വിശ്വാസമുണ്ടെങ്കിൽ മാത്രം പഠിക്കാൻ അനുവാദം തന്നാൽ മതി ' എന്ന ഒരു ഇമോഷണൽ ഡയലോഗിൽ അവർ വീഴുകയായിരുന്നു. എന്തായാലും, അറബി പഠനത്തെപ്പറ്റി തുടക്കത്തിലുണ്ടായിരുന്ന തെറ്റിദ്ധാരണകളൊക്കെ ഇപ്പോൾ മാറിയിട്ടുണ്ട്.." പ്രീജ ഏഷ്യാനെറ്റ് ന്യൂസ്‌  ഓൺലൈനിനോട് പറഞ്ഞു.  അലൻ ആദ്യം പഠിച്ചിറങ്ങിയത് ടിടിസിക്ക് സമാനമായ അഫ്‌സൽ ഉലമ എന്നകോഴ്സാണ്. ആദ്യം അത് മതിയായിരുന്നു പ്രൈമറി തലത്തിൽ ജോലി കിട്ടാൻ. എന്നാൽ അലൻ പഠിച്ചിറങ്ങാൻ നേരത്തേക്ക് കെ-ടെറ്റ് നിർബന്ധമാക്കി. അപ്പോഴേക്കും അറബി ഭാഷയിലും സാഹിത്യത്തിലും  താത്പര്യം വർധിച്ച അലൻ വിശദമായ പഠനത്തിനായി അറബി സാഹിത്യത്തിൽ ബിരുദപഠനത്തിനു വേണ്ടി യൂണിവേഴ്‌സിറ്റി കോളേജിൽ അഡ്മിഷൻ എടുക്കുകയായിരുന്നു.

Arabic language and literature offering job opportunities in government sector 

അഡുണിസിന്റെയും, ദർവിഷിന്റെയും,നിസാർ ഖബ്ബാനിയുടെയും മറ്റും കവിതകളെപ്പറ്റിയും, ഷെഹറസാദിന്റെ ആയിരത്തൊന്നു രാവുകളുടെ നിഗൂഢമായ കഥകളെപ്പറ്റിയും, എന്തിന് ഏറ്റവും പുതിയ സാഹിത്യകൃതി എന്നടയാളപ്പെടുത്താവുന്ന  ഈ വര്‍ഷത്തെ മാന്‍ ബുക്കര്‍ ഇന്‍ര്‍നാഷണല്‍ പ്രൈസ് നേടിയ ഒമാനി എഴൂത്തുകാരി ജോഖ അല്‍ ഹാർസിയുടെ 'സെലസ്റ്റിയല്‍ ബോഡീസ്' എന്ന നോവലിനെക്കുറിച്ചും  വരെ അവർ ഏറെ ആവേശത്തോടെ സംസാരിച്ചു. അറബിപഠനമെന്നാൽ ഖുർആൻ മാത്രമാണെന്നുള്ള  തെറ്റിദ്ധാരണയൊന്നും പൊതുസമൂഹത്തിന് ഇപ്പോഴില്ല. മറ്റേതൊരു ഭാഷയും പോലെ പഠിച്ചെടുക്കാവുന്ന ഒരു ഭാഷയാണ് അറബിയെന്നും വളരെ രസകരമായ ഒരു ഭാവനാപ്രപഞ്ചം, അറബിസാഹിത്യത്തിലും നിങ്ങളെക്കാത്തിരിപ്പുണ്ടെന്നും  ഇരുവരും പറയുന്നു. 

പിരിഞ്ഞു പോരാൻ നേരം, അവർ അറബിയിൽ തന്നെ അറബിയെപ്പറ്റി ഒരേ സ്വരത്തിൽ ഇങ്ങനെ പറഞ്ഞു നിർത്തി, " അൽ അറബിയ്യ അൽ ലുഗ അൽ ഫാസില..!"

Follow Us:
Download App:
  • android
  • ios