നമ്മുടെ പ്രകൃതി അത്ഭുതങ്ങളുടെ ഒരു കലവറയാണ് എന്നതിൽ സംശയമില്ല. ആ പ്രകൃതിയിലെ വിസ്മയങ്ങളിൽ ഒന്നാണ് കടലിലെ കൗതുകമായ നീലതിമിഗലം. കടലിന്‍റെ ആഴങ്ങളിൽ വിഹരിക്കുന്ന അവ ഒരുപാട് വൈവിധ്യങ്ങൾ ഉള്ളിലൊളിപ്പിച്ചു വയ്ക്കുന്നുണ്ട്. വെള്ളത്തിലാണ് ജീവിക്കുന്നതെങ്കിലും അവ മനുഷ്യരെ പോലെ വായു ശ്വസിക്കുന്നു. ലോകത്തിലെ ഏറ്റവും വലിയ ജീവിയായി കണക്കാക്കുന്ന അവ കഴിക്കുന്നതോ, പൊടിച്ചെമ്മീനുകളെയും.

പുതിയ ഗവേഷണങ്ങൾ വെളിപ്പെടുത്തുന്നത്, തിമിംഗലത്തിന്‍റെ ഹൃദയം പോലും ഒരു അത്ഭുതമാണ് എന്നാണ്. നാഷണൽ അക്കാദമി ഓഫ് സയൻസ്സിന്‍റെ  അടുത്തകാലത്തായി പ്രസിദ്ധീകരിച്ച ഒരു പഠനത്തിൽ, ഒരു സംഘം ഗവേഷകർ തിമിംഗലത്തിന്‍റെ ഹൃദയമിടിപ്പ് കണ്ടെത്തുന്നതിനായി സമുദ്രത്തിൽ നീന്തിത്തുടിക്കുന്ന ഒരു നീലത്തിമിംഗലത്തിലേക്ക് ഒരു ഇ. സി. ജി ഘടിപ്പിക്കുകയുണ്ടായി. വളരെ വിസ്മയമുളവാക്കുന്ന കാര്യങ്ങളാണ് അവർ കണ്ടെത്തിയത്. അവയുടെ ഹൃദയത്തുടിപ്പിന്‍റെ നിരക്കുകൾ കുറഞ്ഞത് രണ്ടും കൂടിയത് 37- മാണെന്നവർ കണ്ടെത്തി. തിമിംഗലം എക്കാലത്തെയും വലിയ മൃഗം മാത്രമല്ല, ഏറ്റവും വലിയ രക്തചംക്രമണ സംവിധാനമുള്ള മൃഗവുമാണ് എന്ന് ഇത് തെളിയിക്കുന്നു.

നീലത്തിമിംഗലത്തിന്‍റെ ഹൃദയത്തിന്‍റെ പ്രവർത്തനങ്ങൾ മനസിലാക്കാനായി സ്റ്റാൻഫോർഡ് സർവകലാശാലയിലെ സമുദ്ര ജീവശാസ്ത്രജ്ഞനായ ജെറമി ഗോൾഡ്ബോഗന്‍റെ കീഴിൽ ഒരു സംഘം മറ്റൊരു ഗവേഷണം നടത്തുകയുണ്ടായി. കാലിഫോർണിയയിലെ മോണ്ടെറി ബേയിലെ ഒരു നീലത്തിമിംഗലത്തിൽ ശരീര കോശങ്ങളെ ബാധിക്കാത്തരീതിയിൽ ഒരു യന്ത്രം ഘടിപ്പിച്ചു. എട്ടര മണിക്കൂറോളം അവയുടെ ചലനങ്ങൾ ആ യന്ത്രത്തിന്‍റെ സഹായത്തോടെ നീരീക്ഷിച്ചു. നിരീക്ഷണത്തിന്‍റെ അടിസ്ഥാനത്തിൽ ഗവേഷകർ അതിന്‍റെ ഫലങ്ങൾ അവലോകനം ചെയ്യുകയുമുണ്ടായി.

തിമിംഗലം ആഴങ്ങളിലേക്ക് പോകുന്തോറും അവയുടെ ഹൃദയമിടിപ്പും കുറഞ്ഞുവരുമെന്ന് കണ്ടെത്തലുകൾ തെളിയിക്കുന്നു. കടലിന്‍റെ അടിയിൽ, തിമിംഗലത്തിന്‍റെ ഹൃദയമിടിപ്പ് മിനിറ്റിൽ നാല് മുതൽ എട്ട് വരെയാണ് എന്നവർ കണ്ടെത്തി. ചില സമയങ്ങളിൽ ഇത് തീരെ കുറഞ്ഞ് വെറും രണ്ടിലേക്ക് എത്തുന്നു. പൊതുവേ, നീന്തുന്ന സമയത്ത് കുറഞ്ഞ ഹൃദയമിടിപ്പ് സമുദ്ര സസ്തനികളെ ഓക്സിജൻ കുറവ് ഉപയോഗിക്കാൻ അനുവദിക്കുന്നു. അങ്ങനെ അവയ്ക്ക് വെള്ളത്തിനടിയിൽ കൂടുതൽ നേരം തുടരാൻ സാധിക്കും. ശാസ്ത്രജ്ഞർ പ്രവചിച്ചിരുന്ന തിമിംഗലത്തിന്‍റെ സ്പന്ദനനിരക്ക് മിനിറ്റിൽ 11 ആണ്. എന്നാൽ ഈ പുതിയ ഗവേഷണം അനുസരിച്ച് തിമിംഗലത്തിന്‍റെ സ്പന്ദന നിരക്ക് അതിലും വളരെ കുറവാണ് ഡോ. ഗോൾഡ്ബോഗൻ പറഞ്ഞു. ഭക്ഷണം കഴിക്കുമ്പോഴും തിമിംഗലത്തിന്‍റെ സ്പന്ദനിരക്ക് മിനിറ്റിൽ 8.5 ആയി കുറയുന്നു. നീലത്തിമിംഗലത്തിന്‍റെ വഴക്കമുള്ള ഹൃദയധമനിക്ക് 90 ശതമാനത്തോളം വരുന്ന രക്തം പിടിച്ചുവെക്കാനും, ഹൃദയം സജീവമായി മിടിക്കാത്തപ്പോൾ സാവധാനം പുറത്തുവിടാനും കഴിയും.

തിമിംഗലം ഉപരിതലത്തിലേക്ക് വരുമ്പോൾ അതിന്‍റെ ഹൃദയമിടിപ്പ് വീണ്ടും ഉയരുന്നു. ഉപരിതലത്തിൽ എത്തുമ്പോഴേക്കും, അതിന്‍റെ രക്തചംക്രമണം വർദ്ധിക്കുന്നു. അടുത്ത ഡൈവിനുള്ള തയ്യാറെടുപ്പിൽ വീണ്ടും ഓക്സിജൻ വലിക്കുന്നു. അപ്പോൾ തിമിംഗലത്തിന്‍റെ ഹൃദയമിടിപ്പ് മിനിറ്റിൽ 37 സ്പന്ദനങ്ങളായി ഉയരുന്നു. ഈ പ്രവർത്തനം വളരെ വേഗത്തിൽ സംഭവിക്കുന്നു, ചിലപ്പോൾ ഒന്നോ രണ്ടോ മിനിറ്റിനുള്ളിൽ.  “ഹൃദയം ഏറ്റവും ശക്തിക്ക് മിടിക്കുന്ന സമയമാണത്” ഡോ. ഗോൾഡ്ബോഗൻ പറഞ്ഞു. ഇങ്ങനെ അടിത്തട്ടിലേക്ക് പോകുമ്പോൾ സ്പന്ദനം കുറയുന്നതും ഉപരിതലത്തിലേക്ക് പോകുമ്പോൾ സ്പന്ദനം കൂടുന്നതുമായ ഈ പ്രക്രിയ ദിവസം മുഴുവൻ തുടരുന്നു.

മനുഷ്യന്‍റെ ശരാശരി ഹൃദയമിടിപ്പ് മിനിറ്റിൽ 60 മുതൽ 100 വരെയാണ്. എന്നാൽ ലോകത്തിലെ ഏറ്റവും വലിയ മൃഗമായ തിമിംഗലത്തിന് മിനിറ്റിൽ രണ്ട് മാത്രം സപന്ദന നിരക്കിൽ ജീവിക്കാൻ കഴിയുമെന്നത് ലോകത്തിലെ തന്നെ ഒരു വലിയ അത്ഭുമായി തോന്നാം.