Asianet News MalayalamAsianet News Malayalam

'തെറ്റ് ചെയ്തു, ക്ഷമിക്കണം'; മുത്തച്ഛന്റെ പേരിൽ ജൂതകുടുംബത്തെ കണ്ടെത്തി മാപ്പപേക്ഷിച്ച് ബിസിനസുകാരൻ

ഏതായാലും തോമസ് എഡല്‍മാന്‍, ഹന്നയ്ക്ക് ഒരു കത്തെഴുതി. ഇംഗ്ലീഷിലായിരുന്നു കത്ത്. ഹന്നയ്ക്ക് ജര്‍മ്മന്‍ വശമില്ലെന്ന് കരുതിയാണ് മൈഹെറിറ്റേജ് വഴി എഡല്‍മാന്‍ ഇംഗ്ലീഷില്‍ കത്തെഴുതിയത്. 

businessman apologize for his nazi grandfather
Author
Germany, First Published Nov 14, 2020, 1:29 PM IST

ഹിറ്റ്‌ലറിന്റെ തോല്‍വിക്കും 25 വര്‍ഷത്തിനുശേഷമാണ് തോമസ് എഡല്‍മാന്‍ ജര്‍മ്മനിയില്‍ ജനിക്കുന്നത്. എന്നാല്‍, കഴിഞ്ഞ വര്‍ഷം ഈ 49 -കാരനായ ബിസിനസുകാരൻ ഇസ്രയേലിലുള്ള ഒരു റിട്ട. അധ്യാപികയെ വിളിച്ച് മാപ്പപേക്ഷിക്കുകയുണ്ടായി. താന്‍പോലും കണ്ടിട്ടില്ലാത്ത തന്റെ മുത്തച്ഛന്‍ ചെയ്ത തെറ്റിനാണ് തോമസ് എഡല്‍മാന്‍ മാപ്പ് ചോദിച്ചത്. 

അതേ, ചരിത്രം പരിശോധിച്ചാല്‍ ചിലപ്പോള്‍ നമ്മുടെ മുന്‍തലമുറകള്‍ കാണിച്ച പല നീതിനിഷേധങ്ങളും  വെളിപ്പെട്ടേക്കും. അല്ലെങ്കില്‍, നമ്മുടെ മുന്‍തലമുറ അനുഭവിച്ച ദുരിതങ്ങള്‍. അവര്‍ കടന്നുപോയ ജീവിതം പൂര്‍ണമായും അവര്‍ക്കേ അറിയാവൂ. എന്നാല്‍, ചരിത്രത്തില്‍ നിന്നും ചിലപ്പോള്‍ നമുക്ക് പാഠമുള്‍ക്കൊള്ളാനായേക്കും. ആ തെറ്റുകള്‍ ആവര്‍ത്തിക്കാതിരിക്കാനും പറ്റും. നാസി ജര്‍മ്മനിയില്‍ ജൂതന്മാര്‍ക്ക് അനുഭവിക്കേണ്ടി വന്നതും അത്തരത്തിലുള്ള കൊടും പീഡനങ്ങളായിരുന്നു. എത്രയെത്ര ജൂതര്‍ക്കാണ് അന്ന് ജീവന്‍ നഷ്ടമായത്, എത്രയോ പേര്‍ക്ക് പ്രിയപ്പെട്ടവരെ നഷ്ടമായി, എത്രയെത്രപേര്‍ക്ക് എല്ലാമുപേക്ഷിച്ച് പലായനം ചെയ്യേണ്ടി വന്നു. ആ ക്രൂരതയില്‍ തോമസിന് നേരിട്ട് പങ്കില്ലായിരുന്നുവെങ്കിലും അയാളുടെ നാസി പാര്‍ട്ടി അംഗമായിരുന്ന മുത്തച്ഛന് പങ്കുണ്ടായിരുന്നു. 

വളര്‍ന്നുവന്നപ്പോള്‍, തന്റെ കുടുംബ ബിസിനസിനെക്കുറിച്ചുള്ള ചില കിംവദന്തികള്‍ തോമസ് എഡല്‍മാന്‍ കേട്ടിരുന്നു. തങ്ങളിപ്പോള്‍ നടത്തിക്കൊണ്ടുവരുന്ന ബിസിനസ് മുമ്പ് ഒരു ജൂതകുടുംബത്തിന്റേത് ആയിരുന്നുവെന്നും തന്റെ മുത്തച്ഛനായ വില്‍ഹെമിന് ഇത് വില്‍ക്കാന്‍ അവര്‍ നിര്‍ബന്ധിതരായതാണെന്നുമായിരുന്നു അത്. അടുത്ത കാലത്തായി, രണ്ടു കുട്ടികളുടെ പിതാവ് കൂടിയായ എഡല്‍മാന്‍ തന്റെ വംശാവലിയെ കുറിച്ചുള്ള കൂടുതല്‍ വിവരങ്ങളറിയാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. 

ആന്റി സെമിറ്റിക് ന്യൂറെംബര്‍ഗ് നിയമങ്ങള്‍ നിലവില്‍ വന്നതിനെത്തുടര്‍ന്ന് 1938 -ല്‍ തെക്കന്‍ ജര്‍മ്മനിയിലെ ബാഡ് മെര്‍ജന്‍തൈമിലുള്ള ഹാര്‍ഡ്‍വെയർ സ്റ്റോർ വില്‍ക്കാന്‍ അതിന്റെ ജൂത ഉടമയായ ബെഞ്ചമിന്‍ ഹൈഡല്‍ബര്‍ഗ് നിര്‍ബന്ധിതനായി എന്ന് സ്ഥിരീകരിക്കുന്ന നാസി നികുതി രേഖകള്‍ അന്വേഷണത്തില്‍ അദ്ദേഹം കണ്ടെത്തി. അന്നത്തെ കാലത്തെ ഇത്തരം നിയമങ്ങള്‍ ജര്‍മ്മന്‍ സമ്പദ്‍വ്യസ്ഥയില്‍ നിന്ന് ജൂതന്മാരെ ഒഴിവാക്കുകയും അവരുടെ സ്വത്ത് കണ്ടുകെട്ടുന്നതുമായിരുന്നു. 

'മൈഹെറിറ്റേജ്' എന്ന കുടുംബ വിവരങ്ങള്‍ രേഖപ്പെടുത്തുകയും കണ്ടെത്തുകയും ചെയ്യുന്ന ഓണ്‍ലൈന്‍ ഫാമിലി ട്രീയിലെ സെയില്‍സ്‌പേഴ്‌സണോട് എഡല്‍മാന്‍ ഇക്കാര്യം സൂചിപ്പിച്ചു. കൗതുകം തോന്നിയ അദ്ദേഹം അത് തന്റെ കമ്പനിയിലെ റിസര്‍ച്ച് ടീമിനോടും പറഞ്ഞു. രണ്ടാഴ്ചകള്‍ക്കുശേഷം എഡല്‍മാനെത്തേടി മൈഹെറിറ്റേജില്‍ നിന്നും ഒരു ഫോണ്‍വിളിയെത്തി. 

രണ്ട് പ്രധാന രേഖകള്‍ അവര്‍ കണ്ടെത്തിയിരുന്നു: അത് ഹൈഡല്‍ബര്‍ഗ് എന്നൊരാളെ സംബന്ധിക്കുന്നതായിരുന്നു. നോര്‍ത്തേണ്‍ ഇസ്രായേലില്‍ അദ്ദേഹത്തിന്റെയും ഭാര്യയുടേയും ശവക്കല്ലറകളുണ്ട്. ഏറ്റവും പ്രധാനപ്പെട്ട വിവരം അദ്ദേഹത്തിന് ഒരു കൊച്ചുമകളുണ്ട് എന്നുള്ളതായിരുന്നു. ഹന്ന എന്റിച്ച് എന്നായിരുന്നു 83 -കാരിയായ ആ റിട്ട. അധ്യാപികയുടെ പേര്. അവര്‍ക്ക് തന്റെ മുത്തച്ഛന്റെ ഉടമസ്ഥതയിലുണ്ടായിരുന്ന ആ കടയെ കുറിച്ച് നല്ല ഓര്‍മ്മയുണ്ടായിരുന്നു. അവരുടെ ബ്ലാക്ക് ആന്‍ഡ് വൈറ്റ് ഓര്‍മ്മകളില്‍ തന്റെ മുത്തച്ഛന്റെ പേരിലുള്ള ആ കട എപ്പോഴും തെളിഞ്ഞുനിന്നു. 

തോമസ് എഡല്‍മാനാവട്ടെ 1970 -ല്‍ തന്റെ അച്ഛനും അമ്മയും വിവോഹമോചിതരായ ശേഷം അച്ഛനുമായി യാതൊരു ബന്ധവും സൂക്ഷിച്ചിരുന്നില്ല. അതിനാല്‍ത്തന്നെ അച്ഛന്റെ അച്ഛന്റെ പേരിലുള്ള ഈ കടയെ കുറിച്ചും അതിന്റെ ചരിത്രത്തെ കുറിച്ചുമെല്ലാം വളരെ കുറച്ച് വിവരങ്ങളേ അറിയുമായിരുന്നുള്ളൂ. അവിടെ ഇപ്പോള്‍ കട പ്രവര്‍ത്തിക്കുന്നില്ലെങ്കിലും ആ കെട്ടിടവും നഗരത്തിലെ മറ്റനേക കെട്ടിടങ്ങളും എഡല്‍മാന്റെ കുടുംബത്തിനുണ്ടായിരുന്നു. 

ഏതായാലും തോമസ് എഡല്‍മാന്‍, ഹന്നയ്ക്ക് ഒരു കത്തെഴുതി. ഇംഗ്ലീഷിലായിരുന്നു കത്ത്. ഹന്നയ്ക്ക് ജര്‍മ്മന്‍ വശമില്ലെന്ന് കരുതിയാണ് മൈഹെറിറ്റേജ് വഴി എഡല്‍മാന്‍ ഇംഗ്ലീഷില്‍ കത്തെഴുതിയത്. എന്നാല്‍, ഹന്നയ്ക്ക് ജര്‍മ്മന്‍ നല്ല വശമുണ്ടായിരുന്നു. 

അദ്ദേഹം എഴുതി: 'നിങ്ങളുടെ മുന്‍തലമുറ അനുഭവിച്ച അനീതിക്ക് എന്റെ കുടുംബവും കാരണക്കാരായിട്ടുണ്ട് എങ്കില്‍, അത് കണക്കിലെടുക്കുകയും അതിനെ കുറിച്ച് കേള്‍ക്കുകയും പറയുകയും ചെയ്യേണ്ട ഉത്തരവാദിത്തമെങ്കിലും ഏറ്റെടുക്കേണ്ടത് ഞങ്ങളുടെ കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു. ഞാന്‍ എഡല്‍മാന്‍ കുടുംബത്തിന്റെ ഭാഗമായതിനാല്‍ ആദ്യപടിയെന്ന നിലയില്‍ നിങ്ങളെ കേള്‍ക്കാന്‍ ഞാന്‍ കാത്തിരിക്കുകയാണ്.

എന്നോട് സംസാരിക്കുന്നതിലൂടെ നിങ്ങള്‍ക്കൊരു നേട്ടവുമില്ലെന്ന് എനിക്കറിയാം. പക്ഷേ, എന്നെ സംബന്ധിച്ച് എന്റെ കുട്ടികളും കുടുംബാംഗങ്ങളും ചരിത്രത്തിലെ ചില തീരുമാനങ്ങളുണ്ടാക്കിയിട്ടുള്ള പ്രത്യാഘാതങ്ങള്‍ അറിഞ്ഞിരിക്കേണ്ടതുണ്ട്. വരും കാലത്തിലെ ജീവിതത്തിലെങ്കിലും മികച്ച തീരുമാനങ്ങളെടുക്കാന്‍ ഇതവരെ സഹായിക്കും. 

ഇന്ന് നമ്മുടെ സമൂഹത്തിലെ രാഷ്ട്രീയസാഹചര്യം വിഷമയമാണ്. പുതിയതരത്തില്‍ ആന്റിസെമിറ്റിസം വരികയാണ്. ഇനിയൊരിക്കല്‍ക്കൂടി മറ്റുള്ളവര്‍ക്കുള്ള നീതിനിഷേധത്തിന് എന്റെ കുടുംബത്തിലുള്ളവര്‍ കാരണമായിക്കൂടാ എന്ന് എനിക്ക് ഉറപ്പ് വരുത്തേണ്ടതുണ്ട്. പകരം, ദുര്‍ബലരായിട്ടുള്ളവര്‍ക്കൊപ്പം നിലകൊള്ളേണ്ടതുണ്ട് എന്നും. 

എഡല്‍മാന്റെ കത്ത് വായിച്ച ഹന്ന അദ്ദേഹത്തോട് സംസാരിക്കാന്‍ തയ്യാറായി. ഒരാഴ്ചയ്ക്ക് ശേഷം ഇരുവരും ജര്‍മ്മന്‍ ഭാഷയില്‍ ഫോണിലൂടെ 90 മിനിറ്റ് സംസാരിച്ചു. അവരുടെ കുടുംബത്തെ കുറിച്ച്, അവരുടെ ഭൂതകാലത്തെ കുറിച്ച് ഒക്കെയായിരുന്നു സംസാരിച്ചത്. 'അതൊരു ഹൃദ്യമായ സംഭാഷണമായിരുന്നു'വെന്നാണ് ഹന്ന സിഎന്‍എന്നിനോട് പ്രതികരിച്ചത്. 'ഞങ്ങളെങ്ങനെയുണ്ട് എന്നറിയാന്‍ തോമസ് ആഗ്രഹിച്ചു. ഞങ്ങളെല്ലാം സന്തോഷമായിട്ടിരിക്കുന്നുവെന്ന് ഞാനദ്ദേഹത്തോട് പറഞ്ഞു' എന്നും ഹന്ന പറയുന്നു. 

തന്റെ മുത്തച്ഛനും ഭാര്യ എമ്മയും കട വിറ്റുകിട്ടിയ പണം കൊണ്ട് 1938 -ല്‍ പലസ്തീനിലേക്ക് പലായനം ചെയ്തുവെന്ന് ഹന്ന എഡല്‍മാനോട് പറഞ്ഞു. 'ക്രിസ്റ്റല്‍നാഹ്റ്റ്' അഥവാ 'ചില്ലുകള്‍ തകര്‍ത്ത രാത്രി' എന്നറിയപ്പെടുന്ന കിരാതരാത്രിക്ക് തൊട്ടുമുമ്പായിരുന്നു അവരുടെ പലായനം. ആ ദിവസമാണ് ജൂതരുടെ കടകളും വീടുകളും ആരാധനാലയങ്ങളുമെല്ലാം പരക്കെ തകര്‍ക്കപ്പെട്ടത്. 

പിന്നീട്, ഹന്നയുടെ മാതാപിതാക്കള്‍ ഇസ്രായേലിലെത്തി. 1937 -ലാണ് ഹന്ന ജനിക്കുന്നത്. എന്നാല്‍, ഹന്നയുടെ അമ്മയുടെ മാതാപിതാക്കള്‍ ജര്‍മ്മനിയില്‍ തന്നെ തുടരുകയും നാസികളാല്‍ വധിക്കപ്പെടുകയും ചെയ്യുകയായിരുന്നു. 'എന്നെ കേള്‍ക്കാന്‍ കഴിഞ്ഞതില്‍ അതിയായ സന്തോഷമുണ്ടെന്ന് തോമസ് എന്നോട് പറഞ്ഞു. പലപ്പോഴും  എന്റെ അനുഭവം കേട്ടപ്പോള്‍ അദ്ദേഹം കരയാറായിരുന്നു'വെന്നും ഹന്ന പറയുന്നു. 

ഹന്നയ്ക്ക് അവളുടെ മുത്തച്ഛനോട് വലിയ അടുപ്പമുണ്ടായിരുന്നു. എഡല്‍മാന്‍ കുടുംബത്തിന് കട കൈമാറിയതിനെ കുറിച്ച് അദ്ദേഹം പറയാറുണ്ടായിരുന്നുവെന്നും മാതൃഭാഷയില്‍ അദ്ദേഹം ഒരു ഡയറി എഴുതി സൂക്ഷിച്ചിരുന്നുവെന്നും ഹന്ന പറയുന്നു. അതില്‍, എഡല്‍മാന്‍ എല്ലാ മാസവും കൃത്യമായി വാടക തരാനെത്താറുണ്ടായിരുന്നുവെന്ന് എഴുതിയിരുന്നു. അതുപോലെ, നാസി പാര്‍ട്ടിയില്‍ അംഗമായിരുന്നുവെങ്കിലും എഡല്‍മാന്‍ മാന്യനായിരുന്നുവെന്നും ആന്റി സെമിറ്റ് ആയിരുന്നില്ലെന്നും സൂചിപ്പിച്ചിരുന്നതായും ഹന്ന പറയുന്നു. പിന്നീട്, 1937 -ല്‍ വീടും കടയുമെല്ലാം എഡല്‍മാന് വിറ്റു. ഒപ്പം തന്നെ അദ്ദേഹം ഹന്നയുടെ മുത്തച്ഛനോട് ജര്‍മ്മനിയില്‍ കാര്യങ്ങള്‍ വഷളായി വരികയാണ് എന്നും അതിനാല്‍ എത്രയും പെട്ടെന്ന് ജര്‍മ്മനി വിടുന്നതാണ് നല്ലതെന്നും പറയുകയുണ്ടായി. 

1980 -ല്‍ ഒരു കുടുംബയാത്രയുടെ ഭാഗമായി ഹന്ന അവിടം സന്ദര്‍ശിച്ചിരുന്നു. എഡല്‍മാനാണ് കട വാങ്ങിയത് എന്ന് അറിയാമായിരുന്നുവെന്നും നാസി പാര്‍ട്ടി അംഗമായിരുന്നുവെങ്കിലും അദ്ദേഹം നല്ല മനുഷ്യനായിരുന്നുവെന്ന് അറിമായിരുന്നുവെന്നും ഹന്ന സിഎന്‍എന്നിനോട് പറഞ്ഞു. 

തോമസ് എഡല്‍മാന്‍ 'ഹന്നയോട് സംസാരിച്ചതില്‍ വളരെയധികം സന്തോഷമുണ്ടെ'ന്ന് പ്രതികരിച്ചു. ഭാവിയിലും സൗഹൃദം സൂക്ഷിക്കുമെന്നും പറ്റിയാല്‍ ഇസ്രായേലില്‍ അവരെ സന്ദര്‍ശിക്കാനാകുമെന്നും അദ്ദേഹം പ്രതീക്ഷിക്കുന്നു. വളരെ വൈകാരികമായിരുന്നു ഹന്നയുമായുള്ള സംഭാഷണം എന്നും അദ്ദേഹം പറയുന്നു. ഒപ്പം തന്റെ മുത്തച്ഛന്‍ ഒരു നല്ല ആളായിരുന്നുവെന്ന് ഹന്ന പറയുമ്പോഴും അക്കാര്യത്തില്‍ തനിക്ക് സംശയമുണ്ട് എന്നാണ് തോമസ് പറയുന്നത്. മുത്തച്ഛന്‍ നാസി പാര്‍ട്ടിയില്‍ അംഗമായിരുന്നുവെന്നും അന്നത്തെ സാഹചര്യത്തെ  മുത്തച്ഛനും മുതലെടുത്തിരിക്കാമെന്നും തോമസ് കൂട്ടിച്ചേര്‍ക്കുന്നു. 

തന്റെ 15 വയസുള്ള മകന്‍ ഫിന്നിനോടടക്കം തങ്ങളുടെ മുന്‍തലമുറ എന്താണ് ചെയ്തിരുന്നത് എന്നും ചരിത്രത്തില്‍ അവര്‍ കാണിച്ച നീതിനിഷേധങ്ങളെ കുറിച്ചും പറഞ്ഞു കൊടുക്കുകയാണ് തോമസ്. ഒപ്പം നാം ചെയ്യുന്ന ഓരോ കാര്യത്തിനും ചിലപ്പോള്‍ ആരെങ്കിലും ഒരാള്‍ക്ക് നീതി നിഷേധിക്കപ്പെടുകയോ, ആരെങ്കിലും ഒരാള്‍ ദുരിതമനുഭവിക്കുകയോ ചെയ്യുന്നുണ്ടാവാം. അതിനിടവരുത്തരുതെന്ന വലിയ പാഠം കൂടി അദ്ദേഹം അവന് പറഞ്ഞുകൊടുക്കുന്നു. 


 

Follow Us:
Download App:
  • android
  • ios