Asianet News MalayalamAsianet News Malayalam

ആയിരങ്ങളെ മരണത്തില്‍നിന്നും രക്ഷിച്ച വീരനെലിക്ക് ഒരു രാജ്യത്തിന്റെ യാത്രയയപ്പ്

എലികള്‍ കണ്ടെത്തുന്ന കുഴിബോംബുകള്‍ ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്്. അങ്ങനെ, കുഴിബോംബുകള്‍ മണത്തറിയാന്‍ കഴിവുള്ള എലികളില്‍ കേമനായിരുന്നു മഗാവ. ആയിരക്കണക്കിന് കുഴിബോംബുകളാണ് മഗാവ കണ്ടെത്തിയത്. 

Cambodias landmine sniffer rat dies
Author
Cambodia, First Published Jan 12, 2022, 7:46 PM IST

ആഭ്യന്തര യുദ്ധത്തിന്റെ മുറിവ് ഇനിയുമുണങ്ങാത്ത കംബോഡിയയില്‍ കുഴിബോംബുകള്‍ കണ്ടെടുത്ത് ആയിരങ്ങളെ രക്ഷപ്പെടുത്തിയ എലിക്ക് വീരചരമം.  100 ലേറെ കുഴിബോംബുകളും ഭൂമിക്കടിയില്‍ കുഴിച്ചിട്ട അനേകം സ്‌ഫോടക വസ്തുക്കളും മണം പിടിച്ച് കണ്ടെത്തിയ മഗാവ എന്ന എലിക്ക് കംബോഡിയ വീരോചിതമായ യാത്രയയപ്പാണ് നല്‍കിയത്. ധീരതയ്ക്കുള്ള രാജ്യത്തിന്റെ അംഗീകാരം നേടിയ കംബോഡിയന്‍ ജനതയുടെ പ്രിയപ്പെട്ട ഈ എലി എട്ടാം വയസ്സിലാണ് വിടപറഞ്ഞത്. 

കഴിഞ്ഞ ജൂണ്‍ മാസം മഗാവ ജോലിയില്‍നിന്നും വിരമിച്ചിരുന്നു. തുടര്‍ന്ന് ഒരു സന്നദ്ധ സംഘടനയുടെ സംരക്ഷണത്തിലായിരുന്നു. അവിടെവെച്ചാണ് മരണം. കഴിഞ്ഞ ആഴ്ച വരെ ഇവന്‍ ഊര്‍ജസ്വലനായിരുന്നുവെന്നും പെട്ടെന്നാണ് അസുഖം ബാധിച്ച് നിശ്ശബ്ദനായതെന്നും ആഗോള സന്നദ്ധ സംഘടനയായ അപോപോ പ്രസ്താവനയില്‍ അറിയിച്ചു. അസുഖം ബാധിച്ച് ഭക്ഷണം കഴിക്കാതായ മഗാവ അവശനായെന്നും മൃഗഡോക്ടറുടെ ചികില്‍സയിലിരിക്കെയാണ് വിടപറഞ്ഞതെന്നും സംഘടനയുടെ പത്രക്കുറിപ്പില്‍ പറയുന്നു.

 

.................................

ആയിരങ്ങളെ രക്ഷപ്പെടുത്തിയ പട്ടാള ഓഫീസര്‍; ഈ എലി കുഴിബോംബുകളുടെ അന്തകന്‍!

................................

 

പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തെ തുടര്‍ന്ന്, ലോകത്തെ ഏറ്റവും അപകടകരമായ രാജ്യമായി മാറിയ കംബോഡിയയില്‍ കുഴിബോംബുകള്‍ വ്യാപകമാണ്. മണ്ണില്‍ കുഴിച്ചിട്ട ലാന്റ് മൈനുകള്‍ തട്ടി ആയിരങ്ങളാണ് ഇവിടെ മരിക്കുന്നത്. കുഴിബോംബുകള്‍ നിറഞ്ഞ ആയിരം കിലോ മീറ്ററിലേറെ ഭൂമിയാണ് ഇവിടെയുള്ളത്.

ബെല്‍ജിയം കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന അപോപോ സന്നദ്ധ സംഘടനയാണ്, ആഫ്രിക്കന്‍ ഭീമനെലികളെ പരിശീലിപ്പിച്ച് കുഴിബോംബുകള്‍ കണ്ടെത്തുന്ന പദ്ധതിയുമായി വന്നത്. കുഴിബോംബുകള്‍ കണ്ടെത്തുന്നതില്‍ വിദഗ്ധരായ എലികളെയാണ് ഇവര്‍ പരിശീലിപ്പിച്ചെടുത്തത്. എലികള്‍ കണ്ടെത്തുന്ന കുഴിബോംബുകള്‍ ബോംബ് വിദഗ്ധര്‍ നിര്‍വീര്യമാക്കുകയാണ് ചെയ്യുന്നത്്. അങ്ങനെ, കുഴിബോംബുകള്‍ മണത്തറിയാന്‍ കഴിവുള്ള എലികളില്‍ കേമനായിരുന്നു മഗാവ. ആയിരക്കണക്കിന് കുഴിബോംബുകളാണ് മഗാവ കണ്ടെത്തിയത്. 

കുഴിബോംബു പൊട്ടി ജീവന്‍ നഷ്ടപ്പെടുകയോ കൈകാലുകള്‍ നഷ്ടമാവുകയോ ചെയ്യുന്നതില്‍നിന്നും ആയിരക്കണക്കിന് കംബോഡിയക്കാരെ രക്ഷപ്പെടുത്തിയ വീരപുരുഷനെയാണ് നഷ്ടപ്പെട്ടതെന്ന് കംബോഡിയര്‍ സര്‍ക്കാര്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു. 

2020-ല്‍ മഗാവ ധീരതയ്ക്കുള്ള സ്വര്‍ണ്ണ മെഡല്‍ നേടിയിരുന്നു. ഈ അവാര്‍ഡ് നേടുന്ന ആദ്യത്തെ എലിയായിരുന്നു മഗാവ. ടാന്‍സാനിയയില്‍നിന്നും 2016-ലാണ് മഗാവ കംബോഡിയയില്‍ എത്തിയത്.  
 

Follow Us:
Download App:
  • android
  • ios