Asianet News MalayalamAsianet News Malayalam

കൊള്ളയും കൊലയും കൂടുന്നു, ഒരു സംസ്ഥാനത്തൊട്ടാകെ ഫോണും ഇന്റർനെറ്റും പ്രവർത്തനരഹിതമാക്കി അധികൃതർ

എന്നാല്‍, അതിനേക്കാളൊക്കെ വലിയ മാര്‍ഗമായി ഇപ്പോള്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത് സംഫാരയിലുള്ള 240 മൊബൈല്‍ഫോണ്‍ ടവറുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുക എന്നതാണ്. 

cutting off access to mobile phones and internet in Nigeria
Author
Zamfara, First Published Sep 13, 2021, 12:34 PM IST

നൈജീരിയ കുറച്ചു വർഷങ്ങളായി അനുഭവിക്കുന്ന ​ഗുരുതരമായ പ്രശ്നങ്ങളിലൊന്നാണ് ആയുധധാരികളായ അക്രമിസംഘങ്ങളുടെ പ്രവർത്തനങ്ങൾ. തട്ടിക്കൊണ്ടുപോകൽ, കൊലപാതകം, ബലാത്സം​ഗം എന്നിവയെല്ലാം പ്രദേശങ്ങളിൽ വർധിച്ചു വരികയാണ്. ജനങ്ങളെല്ലാം ഇതോടെ പരിഭ്രാന്തരായിരിക്കുകയാണ്. പലരും ഭയത്തോടെയാണ് ദിവസങ്ങൾ തള്ളിനീക്കുന്നത്. എന്നാൽ, ഈ കൊള്ളസംഘങ്ങളുടെ പ്രവർത്തനങ്ങൾക്ക് തടയിടാൻ അധികൃതർ പല നടപടികളും നടപ്പിലാക്കുന്നുണ്ട്. ഏറ്റവും ഒടുവിലായി, മൊബൈൽ ഫോൺ ടവറുകളുടെ പ്രവർത്തനങ്ങൾ നിശ്ചലമാക്കുകയും ഫോൺ ബ്ലാക്ക്ഔട്ട് നടപ്പിലാക്കുകയുമാണ്. എന്നാൽ, ഇത് ജനങ്ങളെ ഏത് രീതിയിൽ ബാധിച്ചു? 

ബിബിസിയുടെ ആഫ്രിക്കൻ പത്രപ്രവർത്തകരിൽ നിന്നുള്ള കത്തുകളുടെ പരമ്പരയിൽ, നൈജീരിയയിലെ 'ഡെയ്‌ലി ട്രസ്റ്റ്' ദിനപത്രത്തിന്റെ മുൻ ചീഫ് എഡിറ്റർ മന്നിർ ഡാൻ അലി, തട്ടിക്കൊണ്ടുപോകലുകൾ വ്യാപകമായ സംഫാരയിൽ മൊബൈൽ ഫോൺ, ഇന്റർനെറ്റ് എന്നിവ പ്രവർത്തനരഹിതമാക്കിയതിനെ കുറിച്ച് എഴുതുന്നു. 

കഴിഞ്ഞ കുറച്ച് വർഷങ്ങളായി വടക്കുപടിഞ്ഞാറൻ സാംഫാര സംസ്ഥാനത്തെ ഗ്രാമീണ മേഖലയിലെ ജീവിതം വളരെ പരിതാപകരവും ക്രൂരവുമായിരുന്നു. തോക്കുധാരികളായ മോട്ടോർബൈക്ക് സംഘങ്ങൾ ഏകദേശം 15,352 ചതുരശ്ര മൈൽ സ്ഥലം മോചനദ്രവ്യത്തിന് വേണ്ടിയുള്ള തട്ടിക്കൊണ്ടുപോകലുകളുടെയും കൊലകളുടെയും ബലാത്സംഗത്തിന്റെയും ഒക്കെ ഇടമാക്കിത്തീര്‍ത്തു. ബുറുണ്ടി, ലെസോതോ, റുവാണ്ട തുടങ്ങിയ രാജ്യങ്ങളേക്കാൾ വലിയ പ്രദേശമാണിത്. 

സംഘത്തിലെ അംഗങ്ങൾ കുടിലരും സംഘടിതരുമാണ്, പലപ്പോഴും ഗ്രാമീണരെ ആക്രമിക്കാന്‍ പോകുമ്പോള്‍ അവരെ തെറ്റിദ്ധരിപ്പിക്കാനായി സൈനിക വേഷങ്ങളാണ് ഇവര്‍ തെരഞ്ഞെടുക്കുന്നത്. വര്‍ഷങ്ങളായി സംഫാരയിൽ തുടരുന്ന ഈ പ്രവണത ഇപ്പോള്‍ അടുത്തുള്ള അഞ്ച് സംസ്ഥാങ്ങളിലേക്കും വ്യാപിച്ചിട്ടുണ്ട്. അവരുടെ ഭീകരഭരണം അവസാനിപ്പിക്കാൻ സാംഫാരയിൽ വിവിധ നടപടികൾ കൊണ്ടുവരാൻ ശ്രമിച്ചിട്ടുണ്ട്. അവയില്‍ ഇതെല്ലാം പെടുന്നു, 

  • പശ്ചാത്തപിച്ച് തിരികെ വരാൻ ആ​ഗ്രഹിക്കുന്ന ഗാങ് അംഗങ്ങള്‍ക്ക് ഒരു ആംനെസ്റ്റി
  • ഹെലികോപ്റ്ററുകളില്‍ കൊള്ളക്കാർക്ക് ആയുധങ്ങൾ എത്തിക്കുന്നുവെന്ന ആരോപണങ്ങൾ നേരിടുന്ന പ്രദേശത്തെ ഒരു നിരോധിത മേഖലയാക്കി.
  • തട്ടിക്കൊണ്ടുപോകുന്നവർക്ക് പണം നൽകുന്നതിനായി സ്വർണം ഉപയോഗിക്കുന്നുവെന്ന് സംശയിച്ചതിനെത്തുടർന്ന് ഖനനം നിരോധിച്ചു.

എന്നാൽ, ഇതുകൊണ്ടൊന്നും തന്നെ ആക്രമണസംഭവങ്ങളില്‍ വലിയ കുറവ് ഒന്നും വന്നിട്ടില്ല. അതിനാൽ കർഷകരും ബിസിനസുകാരും കച്ചവടത്തിന് പോകുന്ന പ്രതിവാര വിപണികളിൽ മൃഗങ്ങളെ കൊണ്ടുവരുന്നതും അവയുടെ വിൽപനയും സാംഫാര അധികൃതർ ഇപ്പോൾ നിരോധിച്ചിട്ടുണ്ട്. മൃഗങ്ങളെ മോഷ്ടിക്കുന്നത് സംഘങ്ങളുടെ പ്രധാന വരുമാന മാർഗങ്ങളിലൊന്നാണ് എന്നതുകൊണ്ടാണ് നിരോധനം. 

എന്നാല്‍, അതിനേക്കാളൊക്കെ വലിയ മാര്‍ഗമായി ഇപ്പോള്‍ അധികൃതര്‍ സ്വീകരിച്ചിരിക്കുന്നത് സംഫാരയിലുള്ള 240 മൊബൈല്‍ഫോണ്‍ ടവറുകളുടെയും പ്രവര്‍ത്തനങ്ങള്‍ നിശ്ചലമാക്കുക എന്നതാണ്. ഇതിലൂടെ ലക്ഷ്യം വയ്ക്കുന്നത് കൊള്ളക്കാരിലേക്ക് വിവരങ്ങള്‍ ഫോണിലൂടെ എത്തുന്നത് തടയുക, മോചനദ്രവ്യം ആവശ്യപ്പെട്ടുകൊണ്ട് തട്ടിക്കൊണ്ടുപോയവരുടെ കുടുംബാംഗങ്ങളെ വിളിക്കുന്നത് തടയുക എന്നതാണ്. 

ഒരു സുസ്ഥിരമായ അണ്ടര്‍ഗ്രൗണ്ട് ഓപ്പറേഷന്‍ പ്രവർത്തനവും ആരംഭിച്ചിട്ടുണ്ട്. എന്നാൽ, ഫോൺ ബ്ലാക്ക്ഔട്ട്  സംഫാരയെ മാത്രമല്ല ബാധിക്കുക. അതിർത്തിപ്രദേശങ്ങളിലുള്ളവരുടെ ആശയവിനിമയത്തെയും ബാധിക്കും. ഫോൺവിളി നിലയ്ക്കുന്നതോടെ ആശയവിനിമയ മാർ​ഗങ്ങൾക്ക് വേണ്ടി ആളുകൾക്കും ബിസിനസുകൾക്കും വലിയ ചെലവ് വരും. നേരത്തെ ഒറ്റക്കോളില്‍ നടക്കുന്ന കാര്യങ്ങള്‍ക്ക് വേണ്ടി ഇനി ചിലപ്പോള്‍ ഒരു ദിവസത്തെ യാത്ര തന്നെ വേണ്ടി വരും. 

ചിലർ കത്തുകൾ എഴുതാൻ ശ്രമിക്കുന്നു. ശരിക്കും പ്രവർത്തിക്കുന്ന ഒരു തപാൽ സംവിധാനമില്ലാത്തതിനാല്‍ സംസ്ഥാനത്തെ പട്ടണങ്ങൾക്കിടയിലും രാജ്യത്തിന്റെ മറ്റ് ഭാഗങ്ങളിലും സഞ്ചരിക്കുന്ന ബസുകൾ വഴിയാണ് കത്തുകള്‍ എത്തിക്കുന്നത്. മാത്രവുമല്ല, ദൂരത്തുള്ള പലര്‍ക്കും തങ്ങളുടെ കുടുംബാംഗങ്ങള്‍ സുരക്ഷിതരായി ഇരിക്കുന്നുണ്ടോ എന്നറിയാന്‍ മാര്‍ഗങ്ങളൊന്നും തന്നെയില്ല. പലരും യാത്ര ചെയ്ത് കുടുംബാംഗങ്ങളെ സന്ദര്‍ശിക്കുകയാണ്. 

ഫോൺ ഷട്ട്ഡൗൺ മൂലം ഉണ്ടായ ബുദ്ധിമുട്ടുകൾക്കിടയിലും, അബുജയിലെ റേഡിയോ ടോക്ക് ഷോകളിലെ ചർച്ചകൾ ഈ നടപടിയെ പിന്തുണയ്ക്കുന്നു. ഒരു പ്രദേശവാസി പറഞ്ഞത് ആയുധധാരികളായ സംഘങ്ങള്‍ പ്രദേശം പിടിച്ചടക്കുന്നതൊഴിവാക്കാനായി ഇത്തരം ചില ബുദ്ധിമുട്ടുകള്‍ അനുഭവിച്ചാലും പ്രശ്നമില്ല എന്നാണ്. എന്നിരുന്നാലും സ്ഥലത്തെ മാധ്യമപ്രവര്‍ത്തകര്‍ക്കടക്കം ഫോണ്‍ ബ്ലാക്ക്ഔട്ടിനെ തുടര്‍ന്ന് വിവരങ്ങള്‍ ലഭിക്കാനും മറ്റും മാര്‍ഗമില്ലാതായിരിക്കുകയാണ്. 

വനപ്രദേശങ്ങളിലെ സംഘങ്ങളെ അവരുടെ ഒളിത്താവളങ്ങളിൽ നിന്ന് പുറത്തെത്തിക്കുന്നതിൽ ഈ നടപടികളിലൂടെ ഒരു പരിധിവരെ വിജയം ഉണ്ടായിട്ടുണ്ടെന്ന് ചില റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നിരുന്നാലും, സംഫാരയിൽ നിയന്ത്രണങ്ങൾ വന്നതോടെ ഞാൻ ജനിച്ച കട്‌സീന പോലുള്ള അയൽ പ്രദേശങ്ങളിലേക്ക് കൊള്ളസംഘങ്ങള്‍ അവരുടെ പ്രവര്‍ത്തനങ്ങള്‍ വ്യാപിപ്പിച്ചതായി ആശങ്കയുണ്ടാക്കുന്നുണ്ട്. 

കഴിഞ്ഞ ആഴ്ചയിൽ അവിടെ തട്ടിക്കൊണ്ടുപോകലിൽ വർദ്ധനവ് ഉണ്ടായിട്ടുണ്ട്. നാട്ടിലെ ശ്രദ്ധേയനായ ഒരു കുട്ടിയുടേയും വിരമിച്ച ഫെഡറൽ സിവിൽ സർവീസുകാരന്റെ 15 വയസ്സുള്ള മകളുടേതും ഉൾപ്പെടെ തട്ടിക്കൊണ്ടുപോകലുകള്‍ നടന്നു കഴിഞ്ഞു. എന്റെ അമ്മയെ അടുത്തിടെ വീട്ടിൽ നിന്ന് മാറ്റിയിരിക്കുകയാണ്. കുറച്ച് ദിവസങ്ങൾക്ക് മുമ്പ്, മൂന്ന് യൂണിവേഴ്സിറ്റി വിദ്യാർത്ഥികളെ അവരുടെ വീട്ടിൽ നിന്ന് വെറും ഒരു കിലോമീറ്റർ അകലെ നിന്നാണ് തട്ടിക്കൊണ്ടുപോയത്. 

പല സുരക്ഷാ വിശകലന വിദഗ്ധരും വാദിക്കുന്നത്, നിലവിലെ ബ്ലാക്ക്ഔട്ട് ബുദ്ധിമുട്ടുകളുണ്ടാക്കുമെങ്കില്‍ കൂടിയും അവയടക്കമുള്ള നടപടികള്‍ കൊള്ളസംഘങ്ങള്‍ പ്രവര്‍ത്തിക്കുന്ന ആറ് സംസ്ഥാനങ്ങളിലേക്ക് കൂടി വ്യാപിപ്പിക്കണം എന്നാണ്. ഒരുമിച്ച് ചേര്‍ന്നുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് മാത്രമേ ഈ ദുരന്തം അവസാനിപ്പിക്കാന്‍ കഴിയൂ എന്നും അവര്‍ അഭിപ്രായപ്പെടുന്നു. 

(ചിത്രം പ്രതീകാത്മകം)

Follow Us:
Download App:
  • android
  • ios