Asianet News MalayalamAsianet News Malayalam

Pollution : ദില്ലിയിൽ പുറത്ത് മാത്രമല്ല വീടിനകത്തും വിഷവായു, ദരിദ്രനും സമ്പന്നനും ശുദ്ധവായു കിട്ടുന്നില്ലെന്ന്

ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്, ദില്ലിയില്‍ നവംബറിലെ വായുവാണ് ഏറ്റവും മോശമായത് എന്നാണ്. കുറഞ്ഞത് ആറ് വർഷത്തിനിടയിലെ ഏറ്റവും മോശം കാലാവസ്ഥയാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഈ മാസത്തിൽ ഒരു നല്ല വായു നിലവാരം പോലും നിവാസികൾക്ക് അനുഭവപ്പെട്ടില്ലയെന്നും റിപ്പോർട്ടുകൾ പറയുന്നു. 

delhi pollution indoor air more worst say study
Author
Delhi, First Published Dec 10, 2021, 10:35 AM IST

ഇന്ത്യയുടെ തലസ്ഥാനമായ ദില്ലിയിൽ പുറത്ത് മാത്രമല്ല വീടിനകത്തും അപകടമാംവിധം വായുമലിനീകരണമെന്ന് പുതിയൊരു ​ഗവേഷണ(new research) റിപ്പോർട്ട്. ശ്വാസകോശത്തെ പ്രതികൂലമായി ബാധിക്കുന്ന ചെറിയ കണങ്ങളായ പിഎം 2.5 -ന്റെ അളവ് വീടിനുള്ളിലെ വായുവില്‍(indoor air pollution) അടുത്തുള്ള പുറത്തെ ഗവൺമെന്റ് മോണിറ്ററുകളിൽ(outdoor government monitors) കാണപ്പെടുന്നതിനേക്കാൾ ഗണ്യമായി ഉയർന്നതാണ് എന്ന് പഠനം കണ്ടെത്തി. എന്നിരുന്നാലും, മിക്ക വീടുകളും പ്രതിരോധ നടപടികൾ സ്വീകരിക്കാൻ തയ്യാറാവുന്നില്ല എന്നും റിപ്പോർട്ട് കൂട്ടിച്ചേർത്തു. 

ദില്ലി ലോകത്തിലെ ഏറ്റവുമധികം മലിനീകരണമുള്ള തലസ്ഥാനങ്ങളിലൊന്നാണ്. ഷിക്കാഗോ സർവകലാശാലയിലെ (ഇപിഐസി) എനർജി പോളിസി ഇൻസ്റ്റിറ്റ്യൂട്ട് 2018 -നും 2020 -നും ഇടയിൽ നടത്തിയ പഠനത്തിൽ, വിവിധ സാമൂഹിക-സാമ്പത്തിക പശ്ചാത്തലങ്ങളിലുള്ള ആയിരക്കണക്കിന് ഡൽഹി കുടുംബങ്ങളിൽ സർവേ നടത്തി. സമ്പന്നരും ദരിദ്രരുമായ കുടുംബങ്ങളെ ഒരുപോലെ ഈ മലിനീകരണം ബാധിച്ചതായി കണ്ടെത്തി.

താഴ്ന്ന വരുമാനമുള്ള വീടുകളേക്കാൾ ഉയർന്ന വരുമാനമുള്ള കുടുംബങ്ങൾക്ക് എയർപ്യൂരിഫയറുകൾ സ്വന്തമാക്കാനുള്ള സാധ്യത 13 മടങ്ങ് കൂടുതലാണെന്ന് ഗവേഷകർ പറഞ്ഞു. എന്നിട്ടും, ആ വീടുകളിലെ ഇൻഡോർ വായു മലിനീകരണ തോത് പ്രതികൂലമായ ക്രമീകരണങ്ങളിൽ താമസിക്കുന്നവരേക്കാൾ 10% കുറവാണ്. 

"ദില്ലിയിൽ, പണക്കാരനായാലും ദരിദ്രനായാലും, ആർക്കും ശുദ്ധവായു ശ്വസിക്കാൻ കഴിയില്ല" എന്ന് പഠനത്തിന്റെ പ്രധാന രചയിതാവ് ഡോ. കെന്നത്ത് ലീ പറഞ്ഞു. ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ) കണക്കാക്കുന്നത്, ആഗോളതലത്തിൽ ഓരോ വർഷവും ഏകദേശം ഏഴ് ദശലക്ഷം ആളുകൾ വായു മലിനീകരണവുമായി ബന്ധപ്പെട്ട രോഗങ്ങളാൽ അകാലത്തിൽ മരിക്കുന്നു എന്നാണ്. ഇത് പുകവലിക്കും അനാരോഗ്യകരമായ ഭക്ഷണത്തിനും തുല്യമാണ്. 

വിദഗ്ധർ പറയുന്നത് വായു മലിനീകരണത്തോടുള്ള നമ്മുടെ സമ്പർക്കത്തിൽ ഭൂരിഭാഗവും വീടിനുള്ളിലാണ് എന്നാണ്. എൻവയോൺമെന്റൽ പ്രൊട്ടക്ഷൻ ഏജൻസി (ഇപിഎ) പറയുന്നതനുസരിച്ച്, വീടിനുള്ളിലെ വായു മലിനീകരണത്തിന്റെ അളവ് പുറത്തുള്ളതിനേക്കാൾ രണ്ടോ അഞ്ചോ മടങ്ങ് കൂടുതലായിരിക്കും എന്നാണ്. 

ലോകത്തിലെ ഏറ്റവും മോശം അന്തരീക്ഷ മലിനീകരണമുള്ള രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. അതിനാൽ തന്നെ രാജ്യത്തെ സംബന്ധിച്ചിടത്തോളം ഇത് പ്രത്യേകിച്ചും ആശങ്കാജനകമാണ്. ലോകത്തിലെ ഏറ്റവും മലിനമായ 30 നഗരങ്ങളിൽ 22 എണ്ണവും ഇന്ത്യയിലാണ്. ഇന്ത്യയിലെ വിഷവായു ഓരോ വർഷവും ഒരു ദശലക്ഷത്തിലധികം ആളുകളെ കൊല്ലുന്നുവെന്നാണ് കണക്കാക്കുന്നത്.

ഗവൺമെന്റിന്റെ ഔദ്യോഗിക കണക്കുകൾ കാണിക്കുന്നത്, ദില്ലിയില്‍ നവംബറിലെ വായുവാണ് ഏറ്റവും മോശമായത് എന്നാണ്. കുറഞ്ഞത് ആറ് വർഷത്തിനിടയിലെ ഏറ്റവും മോശം കാലാവസ്ഥയാണ് രേഖപ്പെടുത്തിയിരിക്കുന്നത്, ഈ മാസത്തിൽ ഒരു നല്ല വായു നിലവാരം പോലും നിവാസികൾക്ക് അനുഭവപ്പെട്ടില്ലയെന്നും റിപ്പോർട്ടുകൾ പറയുന്നു. മലിനീകരണത്തോത് വഷളായതോടെ സ്‌കൂളുകൾ അടച്ചു, സ്ഥിതിഗതികൾ വളരെ മോശമായി. ഇത് സുപ്രീം കോടതിയുടെ കർശനമായ മുന്നറിയിപ്പിനും കാരണമായിരുന്നു. 

വാഹനത്തില്‍ നിന്നും വ്യാവസായികശാലകളില്‍ നിന്നുമുള്ള പുക, പൊടി, കാലാവസ്ഥ തുടങ്ങിയ ഘടകങ്ങളുടെ മിശ്രിതമാണ് ദില്ലിയെ ലോകത്തിലെ ഏറ്റവും മലിനമായ തലസ്ഥാനമാക്കി മാറ്റുന്നത്. അയൽസംസ്ഥാനങ്ങളിലെ കർഷകർ വിളയെടുപ്പിന് ശേഷം കുറ്റിക്ക് തീയിടുന്ന സമയവും വായു മലിനീകരിക്കപ്പെടുന്നു എന്ന് പറയുന്നു. ദീപാവലി ആഘോഷവേളയിൽ പടക്കങ്ങൾ പൊട്ടിക്കുന്നത് വായുവിന്റെ ഗുണനിലവാരം കൂടുതൽ വഷളാക്കുന്നു. 

എന്നാല്‍, വീടിനകത്തും പുറത്തുമുള്ള ഈ മലിനീകരണം നിയന്ത്രിക്കാനാവശ്യമായ നടപടികളൊന്നും അധികം സ്വീകരിക്കപ്പെടുന്നില്ല എന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. ആളുകൾക്ക് വീടിനുള്ളിലെ മലിനീകരണത്തോത് അറിയാൻ ഇൻഡോർ എയർ ക്വാളിറ്റി മോണിറ്ററിന്റെ സൗജന്യ ട്രയൽ വാഗ്ദാനം ചെയ്തപ്പോഴും, അത് ഉപയോഗിക്കാന്‍ സന്നദ്ധത കാണിച്ചവര്‍ കുറവാണ് എന്നും ഗവേഷകര്‍ നിരീക്ഷിക്കുന്നു. 

Follow Us:
Download App:
  • android
  • ios