നാല്പത് സിആർപിഎഫ് ജവാന്മാരുടെ ജീവൻ പുൽവാമയിൽ നടന്ന ഒരു ചാവേർ ബോംബാക്രമണത്തിൽ പൊലിഞ്ഞിട്ട് ഇന്നേക്ക് ഒരു വർഷം തികയുകയാണ്. ആ ആക്രമണം അന്ന് കെടുത്തിക്കളഞ്ഞത് നാൽപതു കുടുംബങ്ങളിലെ സന്തോഷം കൂടിയാണ്. സംഭവം നടന്നയുടനെ തന്നെ കേന്ദ്രവും സംസ്ഥാനങ്ങളും വീരചരമമടഞ്ഞ ജവാന്മാരുടെ ആശ്രിതർക്ക് നല്ലൊരു തുക നഷ്ടപരിഹാരമായി പ്രഖ്യാപിച്ചു. പലകുടുംബങ്ങളിലെയും ആശ്രിതരിൽ ഒരാൾക്ക് ജോലി നൽകും എന്നുള്ള വാഗ്ദാനവും ഉണ്ടായി. എന്നാൽ, ഒരു വർഷത്തിന് ശേഷവും ആ വാഗ്ദാനം നടപ്പിലായിട്ടില്ല.

"രാജ്യത്തിന് വേണ്ടി എന്റെ സഹോദരൻ രക്തസാക്ഷിയായി എന്നാണ് എന്നോടെല്ലാവരും പറയുന്നത്. എന്നാൽ, ഞങ്ങളുടെ കുടുംബത്തെ സംബന്ധിച്ചിടത്തോളം അവൻ മരിച്ചുപോവുകയാണ് ഉണ്ടായത്. അവൻ ഇപ്പോൾ ഞങ്ങളോടൊപ്പമില്ല. ഇനി ഒരിക്കലും അവൻ അവധിക്ക് വരില്ല. ഞങ്ങളുടെ കാര്യങ്ങൾ നോക്കാൻ ഇനി അവനില്ല.." ആക്രമണത്തിൽ മരിച്ച പഞ്ചാബിലെ ജവാൻ സുഖ്ജീന്ദർ സിങിന്റെ മൂത്ത സഹോദരൻ ഗുർജന്ത് സിങ് ബിബിസിയോട് പറഞ്ഞതാണിത്. ആക്രമണത്തിൽ ജ്യേഷ്ഠൻ മരിച്ചു എന്നറിയിച്ചുകൊണ്ടുള്ള ഫോൺ വിളി വന്ന അന്നുതൊട്ടുള്ള ഓട്ടം ഇന്നും നിന്നിട്ടില്ല എന്നാണ് ഗുർജന്ത് പറയുന്നത്. അദ്ദേഹം അസ്വസ്ഥനാണ്. ഉത്തരം കിട്ടാത്ത പലചോദ്യങ്ങളുമുണ്ട് അയാളുടെ ഉള്ളിൽ. "ആരാണ് ആ സ്‌ഫോടനത്തിന് പിന്നിൽ? അത് ചെയ്യിച്ചതാരാണ്? എന്റെ ജ്യേഷ്ഠനടക്കമുള്ളവരെ ചാമ്പലാക്കിയിട്ട് അവർ എന്താണ് നേടിയത്?" 

12 ലക്ഷം രൂപയാണ് അന്ന് പ്രഖ്യാപിക്കപ്പെട്ട നഷ്ടപരിഹാരം. ഒപ്പം കുടുംബത്തിലൊരാൾക്ക് സർക്കാർ ജോലിയും. ആകെ ഇന്നുവരെ സർക്കാരിൽ നിന്ന് പാസായിക്കിട്ടിയത് അഞ്ചു ലക്ഷം മാത്രം. ഭാര്യ സരബ്ജിത്തിന് തന്റെ ഭർത്താവിന്റെ രക്തസാക്ഷിത്വത്തിന്റെ പേരിലുള്ള ജോലി ഇന്നും കിട്ടാക്കനിയായി തുടരുന്നു. സുഖ്ജീന്ദറിന്റെ അമ്മ എന്നും രാവിലെ ഉറക്കമെണീറ്റു വരുമ്പോൾ തന്നെ, മകന്റെ ചില്ലിട്ട ചിത്രമെടുത്ത് അതിലേക്ക് ഉറ്റുനോക്കിക്കൊണ്ടിരിക്കും. കുറച്ച് കൃഷിയിടമുണ്ട് ആ കുടുംബത്തിന്, ഒപ്പം നാലഞ്ച് പശുക്കളും. അതിൽ നിന്നുള്ള വരുമാനത്തിലാണ് കുടുംബത്തിന്റെ ചെലവുകൾ കഴിഞ്ഞു പോകുന്നത്. എന്നാൽ, കൃഷി എന്നും ആ കുടുംബത്തിന് സമ്മാനിച്ചിട്ടുള്ളത് നഷ്ടത്തിന്റെ കണക്കുകൾ മാത്രമാണ്. സർക്കാർ തന്റെ കാർഷികലോണുകളെങ്കിലും ഒന്നെഴുതിത്തള്ളും എന്ന പ്രതീക്ഷയാണ് 

അസമിൽ നിന്നുള്ള സിആർപിഎഫ് കോൺസ്റ്റബിൾ മനേശ്വർ ബസുമതാരിയും അന്ന് പുൽവാമയിൽ നടന്ന സ്‌ഫോടനത്തിൽ കൊല്ലപ്പെട്ടവരിൽ ഒരാളാണ്. അവർക്ക് സഹായത്തെപ്പറ്റിയോ നഷ്ടപരിഹാരത്തെപ്പറ്റിയോ ഒന്നും പരാതികളില്ല. അവർക്ക് അറിയേണ്ടത് ഒരൊറ്റകാര്യമാണ്. ആ വീടിന്റെ നാഥനെ ഈ ലോകത്തുനിന്ന് പറഞ്ഞയച്ചവർ ആരൊക്കെയാണ്? അവരെ എന്ന് പിടികൂടും? എന്ന് അവരെ ശിക്ഷിക്കും? അതുതന്നെയാണ്  ബിഹാറിൽ നിന്നുള്ള കോൺസ്റ്റബിൾ സഞ്ജയ് കുമാർ സിൻഹയുടെ കുടുംബവും ചോദിക്കുന്നത്. മരിച്ചവരെപ്പറ്റി പറയുമ്പോഴേക്കും അവരൊക്കെ അറിയാതെ കരഞ്ഞുപോവുകയാണ്. ആ ഒരൊറ്റ സ്ഫോടനം ഇല്ലാതെയാക്കിയത് അതുവരെ സന്തോഷപൂർണമായി പൊയ്ക്കൊണ്ടിരുന്ന നാൽപതു കുടുംബങ്ങളുടെ ജീവിതങ്ങളെക്കൂടിയാണ്. "എന്ത് നഷ്ടപരിഹാരം കിട്ടിയിട്ടെന്താണ് കാര്യം? ഈ ലോകത്തുള്ള സമ്പത്തെല്ലാം എനിക്ക് കൊണ്ടുതന്നാലും, അതെന്റെ അച്ഛന് പകരമാവുമോ? എന്റെ അച്ഛനെ എനിക്ക് ജീവനോടെ തിരിച്ചുതരാനാകുമോ നിങ്ങൾക്ക്?" എന്ന് കോൺസ്റ്റബിൾ സിൻഹയുടെ മകൾ റൂബി ചോദിക്കുമ്പോൾ അതിന് ആർക്കും ഉത്തരമില്ല. റൂബിയുടെ അച്ഛൻ മരിച്ചന്നു തുടങ്ങിയ അമ്മ ബേബി ദേവിയുടെ കരച്ചിൽ ഇന്നും അടങ്ങിയിട്ടില്ല. രാജസ്ഥാനിൽ നിന്ന് വീരചരമമടഞ്ഞത് അഞ്ചു ജവാന്മാരാണ്. അവരിലൊരാളായിരുന്ന രോഹിതാഷ് ലാംബയുടെ പത്നി മഞ്ജു വിവാഹിതയായിട്ട് ഒരു വർഷം തികയുന്നതേ ഉണ്ടായിരുന്നുള്ളു. കൂടെ ജീവിച്ച് കൊതി തീരും മുമ്പുതന്നെ വിധവയാകേണ്ടി വന്ന മഞ്ജുവിന്റെ സങ്കടവും ഹൃദയഭേദകമാണ്. പുൽവാമ ചാവേർ ബോംബാക്രമണം ഈ കുടുംബങ്ങളുടെ ജീവിതങ്ങളിലേൽപ്പിച്ച ആഘാതം വളരെ വലുതാണ്. അതിൽനിന്ന് കരകയറാൻ അവർക്ക് ഇനിയും ഏറെക്കാലം എടുത്തേക്കും. 

എങ്ങുമെത്താതെ വഴിമുട്ടി നിൽക്കുന്ന അന്വേഷണം 

രാജ്യത്തെ പിടിച്ചുലച്ച ഈ ചാവേറാക്രമണത്തിന്റെ കേസന്വേഷണത്തിന്റെ ചുമതല എൻഐഎയ്ക്കായിരുന്നു. എന്തൊക്കെയാണ് കഴിഞ്ഞ ഒരു വർഷം കൊണ്ട് എൻഐഎ അന്വേഷിച്ച് കണ്ടെത്തിയത്? 2019 ഫെബ്രുവരി 20 -ണ് രണ്ടാമതും എഫ്‌ഐആർ രജിസ്റ്റർ ചെയ്യപ്പെട്ടു. ഫെബ്രുവരി 25 -27 കാലയളവിൽ എൻഐഎ ദക്ഷിണ കശ്മീരിൽ നിരന്തരം റെയ്ഡുകൾ നടത്തി. ആക്രമണത്തിന് ഉപയോഗിക്കപ്പെട്ട വാഹനത്തിന്റെ ഉടമസ്ഥനെ തിരിച്ചറിഞ്ഞു. എന്നാൽ, ഇന്നുവരെ എൻഐഎ ഒരു കുറ്റപത്രം സമർപ്പിച്ചിട്ടില്ല. മാധ്യമങ്ങളിൽ നിന്ന് നിരന്തരസമ്മർദ്ദമുണ്ടായിട്ടും കേസന്വേഷണം തീരാൻ എത്രകാലം വേണ്ടി വരും എന്ന കാര്യത്തിൽ എൻഐഎ ഇതുവരെ ഒന്നും വിട്ടുപറഞ്ഞിട്ടില്ല. കുറ്റപത്രം എന്നേക്ക് ഫയൽ ചെയ്യും എന്നും അവർക്ക് പറയാനായിട്ടില്ല. പുൽവാമ ആക്രമണത്തിന് പിന്നിൽ പ്രവർത്തിച്ച ജെയ്ഷെ മുഹമ്മദ് കാശ്‌മീരിൽ നിന്ന് തുടച്ചു നീക്കപ്പെട്ടിട്ടുണ്ട് എന്നാണ് സിആർപിഎഫ് സ്‌പെഷ്യൽ ഡയറക്ടർ ജനറൽ സുൾഫിക്കർ ഹസൻ പറയുന്നത്. അന്വേഷണം ത്വരിതഗതിയിൽ തന്നെ നടക്കുന്നുണ്ട് എന്നും അന്വേഷണത്തിന്റെ വേഗതയിൽ തൃപ്തനാണ് താനെന്നും ജനറൽ പറഞ്ഞു .

അതിനിടെ ഉമേഷ് ജാദവ് എന്നൊരാളുടെ പ്രവൃത്തി അദ്ദേഹം ആക്രമണത്തിന്റെ ഒന്നാം വാർഷികത്തിൽ വിശിഷ്ടാതിഥിയായി ക്ഷണിക്കപ്പെടാൻ കാരണമായി. പതിനാറു സംസ്ഥാനങ്ങളിൽ 61,000  കിലോമീറ്ററോളം ദൂരം സഞ്ചരിച്ചു ചെന്ന് ജാദവ് പുൽവാമയിൽ അന്ന് കൊല്ലപ്പെട്ട ഓരോ ജവാന്മാരുടെയും കുടുംബത്തെ നേരിട്ടുകണ്ട് അവരെ സമാധാനിപ്പിച്ചു. അവർക്കൊപ്പം ഒന്നോ രണ്ടോ ദിവസം തങ്ങി അവർക്ക് വേണ്ട സമാശ്വാസം പകരുകയും ചെയ്തു അദ്ദേഹം. ഓരോ വീടിന്റെയും മുറ്റത്ത് നിന്ന് അദ്ദേഹം ശേഖരിച്ച ഓരോ പിടി മണ്ണ്, പുൽവാമയിൽ ഉയർന്ന 'ഓർമ്മ മതിലിനു'(Pulwama Memorial Wall) മുന്നിൽ ഓരോ കുഞ്ഞു കുടത്തിലായി അദ്ദേഹം പ്രതിഷ്ഠിച്ചു. പിറന്ന നാടിനുവേണ്ടി ജീവൻ ഹോമിച്ച ആ ദേശസ്നേഹികളോടുള്ള ഒരു സാധാരണ പൗരന്റെ നന്ദി പ്രകടനമായിരുന്നു അതെന്ന് ജാദവ് പറഞ്ഞു.