Asianet News MalayalamAsianet News Malayalam

'എല്ലാ ഓണങ്ങൾക്കും ഇവിടെ ഇടം വേണം...' മനു എസ്. പിള്ള പറയുന്നു

വെജിറ്റേറിയൻ ഓണം പോലെ  നോൺ വെജിറ്റേറിയൻ ഓണവും കേരളത്തിൽ ഉണ്ടായിരുന്നു. തെക്കേയറ്റം മുതൽ വടക്കുവരെ തികഞ്ഞ വൈവിധ്യം ഓണാഘോഷങ്ങളിൽ പ്രകടമായിരുന്നു

Diversity of Onam must be preserved, says Manu Pillai
Author
Trivandrum, First Published Sep 10, 2019, 4:17 PM IST

മലയാളി യുവ എഴുത്തുകാരിൽ ഏറ്റവുമധികം അന്താരാഷ്‌ട്ര ശ്രദ്ധ നേടിയിട്ടുള്ളയാളാണ് മനു എസ് പിള്ള. പത്തൊമ്പതാമത്തെ വയസ്സിൽ തുടങ്ങി, ആറു വർഷം കൊണ്ട് പൂർത്തിയാക്കപ്പെട്ട ആദ്യപുസ്തകം ‘ദ ഐവറി ത്രോണ്‍; ക്രോണിക്കിള്‍സ് ഓഫ് ദ ഹൗസ് ഓഫ് ട്രാവന്‍കൂര്‍’, മനുവിനെ ഇന്ത്യയിലെ ചരിത്രപുസ്തകങ്ങളുടെ എലീറ്റ് ലീഗിലേക്ക് ഉയർത്തി. തിരുവിതാംകൂറിന്റെ അവസാനത്തെ മഹാറാണി സേതുലക്ഷ്മി ഭായിയുടെ ജീവിതകഥ ആസ്പദമാക്കി മനു രചിച്ച  ഈ പുസ്തകത്തെ അടിസ്ഥാനമാക്കി റാണി സേതുലക്ഷ്മി ഭായിയുടെ ജീവിത കഥ ആര്‍ക്കാ സിനിമയാക്കാനും പോകുന്നുണ്ട്. ബ്രഹ്മാണ്ഡചിത്രമായ ബാഹുബലിയുടെ നിര്‍മ്മാതാക്കളായ അര്‍ക്കാ മീഡിയ ആണ് ഏറെ ശ്രദ്ധിക്കപ്പെട്ട ഈ ചരിത്രം വെള്ളിത്തിരയിൽ എത്തിക്കുന്നത്. സിനിമ അല്ലെങ്കില്‍ വെബ്‌സീരിസായി പുസ്തകം പുനരാവിഷ്‌കരിക്കാനാണ് തീരുമാനം.

ആദ്യപുസ്തകത്തിനു ശേഷം അടുത്ത മൂന്നുവർഷത്തിനുള്ളിൽ മനു രണ്ടു പുസ്തകങ്ങൾ കൂടി രചിച്ചു. ഡെക്കാൻ രാജാക്കന്മാരെപ്പറ്റിയുള്ള 'ദ റിബൽ സുൽത്താൻസ്‌ ' എന്ന പുസ്തകവും, ഇന്ത്യാ ചരിത്രത്തിലെ കഥകൾ പറയുന്ന ദ കോർട്ടെസാൻ, ദ മഹാത്മാ ആൻഡ് ദി ഇറ്റാലിയൻ ബ്രാഹ്മിൻ' എന്ന മറ്റൊരു പുസ്തകവും. ഓണവുമായി ബന്ധപ്പെട്ട് ഏഷ്യാനെറ്റ് ന്യൂസ് ഓൺലൈനിന് അനുവദിച്ച പ്രത്യേക അഭിമുഖത്തിൽ മനു ഓണത്തെപ്പറ്റിയുള്ള തന്റെ സങ്കൽപ്പങ്ങൾ പങ്കുവെച്ചു.

Diversity of Onam must be preserved, says Manu Pillai

പുണെയിൽ ജനിച്ചുവളർന്ന മനു പലപ്പോഴും ആഘോഷിച്ചിട്ടുള്ളത് ഓണത്തിന്റെ ഉത്തരേന്ത്യൻ വകഭേദം മാത്രമാണ്. വല്ലപ്പോഴും സന്ദർഭവശാൽ നാട്ടിൽ ഓണക്കാലം ചെലവിടാൻ സാധിച്ചാൽ മാത്രമാണ് ശരിക്കുള്ള ഒരു ഓണത്തിന്റെ സ്വാദ് അറിയാൻ കിട്ടുക. അപ്പോഴും, വീട്ടിലെ കാരണവന്മാർ അവരുടെ കുട്ടിക്കാലത്തെ ഓണത്തിന്റെ ഗൃഹാതുരസ്മരണകൾ അയവിറക്കുമായിരുന്നു എന്ന് മനു ഓർത്തെടുത്തു. അതെ, ഓണമെന്നത് ശരിക്കും ഏതോ ഒരു കാലത്ത് മലയാളമണ്ണിൽ ഉണ്ടായിരുന്നു എന്ന് കരുതപ്പെടുന്ന സമത്വസുന്ദരമായ ഒരു കാലത്തിന്റെ അവശേഷിക്കുന്ന ഓർമ്മകളുടെ വിരുന്നുവരവുതന്നെയാണ്. അങ്ങനെ ഒരു കാലം ശരിക്കുണ്ടായിരുന്നോ എന്നന്വേഷിച്ചുകൊണ്ടുള്ള ചികഞ്ഞുപോകലുകൾക്ക് ഇവിടെ പ്രസക്തിയില്ല. ഇക്കാര്യത്തിൽ യുക്തിപരമായ വിശകലനങ്ങൾക്ക് സ്ഥാനമില്ല. പഴയകാലത്തിന്റ ഈ അവശിഷ്ടങ്ങൾ നമുക്ക് കിട്ടുന്നത് പലതരം പുരാവൃത്തങ്ങളിലൂടെയാണ്.

കഴിഞ്ഞ ഓണം പ്രളയത്തിൽ മുങ്ങിപ്പോയിരുന്നു. എന്നാൽ, അത് നമ്മുടെ നാടിന്റെ  വസവിശേഷമായ ഒത്തൊരുമയെക്കൂടി എടുത്തുകാട്ടുന്ന ഒന്നായിരുന്നു എന്ന് മനു പറഞ്ഞു. മറ്റുള്ള നാടുകളിലും പ്രളയങ്ങളുണ്ടായിട്ടുണ്ട്. എന്നാൽ അവിടെയൊന്നും ഇത്രയ്ക്ക് ഒത്തൊരുമിച്ച് ജനങ്ങളുടെ ഭാഗത്തുനിന്ന്‌ ഒരു പ്രയത്നം പ്രളയത്തെ മറികടക്കാൻ ഉണ്ടായിട്ടില്ല. വിദേശമലയാളികളിൽ നിന്നും വലിയതോതിലുള്ള സഹായങ്ങൾ അന്ന് പ്രവഹിച്ചു. അന്ന് ഏത് ദുരിതാശ്വാസക്യാമ്പിൽ കഴിഞ്ഞിട്ടും  മലയാളികൾ ഓണം ആഘോഷിച്ചു. എല്ലാവരും ചേർന്ന് ആ ആഘോഷങ്ങൾ ഗംഭീരമാക്കി.

പലതരം ഓണങ്ങളുണ്ട് എന്ന് മനു പറയുന്നു. വെജിറ്റേറിയൻ ഓണം പോലെ  നോൺ വെജിറ്റേറിയൻ ഓണവും കേരളത്തിൽ ഉണ്ടായിരുന്നു. തെക്കേയറ്റം മുതൽ വടക്കുവരെ തികഞ്ഞ വൈവിധ്യം ഓണാഘോഷങ്ങളിൽ പ്രകടമായിരുന്നു. ആ വൈവിധ്യത്തിന്റെ കടയ്ക്കൽ കത്തിവെച്ചുകൊണ്ട് ഒരുപോലത്തെ ഓണത്തിലേക്ക് 'യൂണിഫോം' ആക്കാൻ ശ്രമങ്ങൾ ഉപഭോക്തൃ സംസ്കാരത്തിന്റെ ഭാഗമായി നടക്കുന്നുണ്ട്.


"

ഈ വൈവിധ്യം മാവേലിയുടെ കാര്യത്തിലും ബാധകമാണ്. വെളുത്ത ശരീരവും കുടവയറും കൊമ്പൻ മീശയും ഒക്കെയുള്ള പരസ്യങ്ങളിൽ കാണുന്ന മാവേലി. അല്ലാതെ ഓരോ സമുദായങ്ങൾക്കും അവരവരുടെ രീതിയ്ക്ക് അവരുടെ തനതു കലകളിൽ അവരുടെ പുരാവൃത്തങ്ങളിൽ വെവ്വേറെ മാവേലി ഉണ്ടായിരുന്നു. വാമനനും.  മഹാബലിയുടെ കഥ വാമനന്റേതാക്കി മാറ്റാനുള്ള ശ്രമങ്ങളും നടക്കുന്നുണ്ട്. അതിന്റെ ഭാഗമാണ് വാമനജയന്തി ആഘോഷങ്ങളെന്നും മനു പറയുന്നു. കേരളത്തിലെ ഓണത്തിലെ നായകൻ മഹാബലിയാണ്. കഥ മഹാബലിയുടെയാണ് വാമനന്റേതല്ല. കേരളത്തിന്റെ ആഖ്യാനങ്ങളിൽ വേണമെങ്കിൽ വാമനന്റെ നായകത്വത്തിനും ഇടം കൊടുക്കാം എന്നേയുള്ളൂ. അതുമാത്രമാണ് എന്നാവുന്നിടത്തേ അപകടം മണക്കേണ്ടതുള്ളൂ.

ആചാരവിശ്വാസങ്ങളുടെ കാര്യത്തിൽ കഴിഞ്ഞ കുറച്ചുകാലമായി ഉയർന്നുവരുന്ന ശുദ്ധതാവാദത്തിന് പത്തൊമ്പതാം നൂറ്റാണ്ടിലെ വിക്ടോറിയൻ സദാചാരത്തിന്റെ അത്രയേ പഴക്കമുള്ളൂ എന്ന് ചരിത്രാഖ്യായകനായ മനു ഉറപ്പിച്ചു പറയുന്നുണ്ട്. അല്ലാതെ അതിന് പലരും വാദിക്കുന്നതുപോലെ ആർഷ ഭാരതസംസ്കാരസംഹിതകളുമായി യാതൊരു ബന്ധവുമില്ലത്രേ. തന്റെ വാദത്തിന് ഉപോൽബലകമായി മനു ഒരു കഥയും വിവരിച്ചു. ഓണവുമായി നേരിട്ട് ബന്ധമുള്ള കഥയല്ല, എന്നാലും ഭക്തിയുമായും ആചാരങ്ങളുമായും ഒക്കെ  നേരിട്ടുബന്ധമുള്ള ഒരു കഥ. 

പതിനെട്ടാം നൂറ്റാണ്ടിന്റെ തുടക്കത്തിൽ, തഞ്ചാവൂരിൽ ഒരു മറാഠാ രാജാവുണ്ടായിരുന്നു, സാഹു എന്ന പേരിൽ. തഞ്ചാവൂർ തമിഴന്മാരുടെ രാജ്യമാണല്ലോ? ഭരിക്കുന്ന രാജാവാകട്ടെ മറാഠി സംസാരിക്കുന്ന മഹാരാഷ്ട്രിയൻ. രാജാവിന്റെ സദസ്സിലെ ഭാഷയോ തെലുഗുവും. അന്നുതന്നെ വൈവിധ്യങ്ങളുടെ കൂത്തരങ്ങാണ് രാജസദസ്സുതന്നെ. അദ്ദേഹത്തിന്റെ പടത്തലവന്മാരിൽ പലരും അഫ്ഘാൻ പത്താന്മാരും രജപുത്രരും ഒക്കെയാണ്. അദ്ദേഹം തെലുഗുവിൽ രചിച്ച ഒരു നാടകമുണ്ട്, സതി ദാന സ്വരുമു എന്ന പേരിൽ. ഇംഗ്ലീഷിൽ 'Take My Wife' എന്ന പേരിൽ വിവർത്തനം ചെയ്യപ്പെട്ടു. പ്രധാനകഥാപാത്രം മോറഭട്ടലു എന്ന ഒരു ബ്രാഹ്മണനാണ്.  വലിയ ഏതോ ഒരമ്പലത്തിൽ ഉത്സവം കൂടാൻ പോവുന്ന വഴി ദൂരെ സുന്ദരിയായ ഒരു സ്ത്രീയെ അദ്ദേഹം കാണുന്നു. കണ്ടപാടെ അവരെ പ്രാപിക്കാൻ കലശലായ അഗ്രവും തോന്നുന്നു. അനുഗമിച്ചിരുന്ന പരിചാരകനോട് അദ്ദേഹം തന്റെ ഇംഗിതം അറിയിക്കുന്നു.

"അയ്യോ പ്രഭോ, അത് പാപമെന്നല്ലേ വേദോപനിഷത്തുക്കൾ പറയുന്നത്..?" എന്ന് പരിചാരകൻ. അതൊന്നും സാരമില്ല, എനിക്ക് മോക്ഷം വേണ്ട. ഞാൻ തല്ക്കാലം ഇപ്പോഴത്തെ ഉഷ്ണത്തിന് ശാന്തിയുണ്ടാക്കട്ടെ.

 ബ്രാഹ്മണൻ നേരെ ആ സ്ത്രീയോട് കാര്യം അവതരിപ്പിച്ചു. അവർ പക്ഷേ, ഒരു തൊട്ടുകൂടാത്ത ജാതിക്കാരിയായിരുന്നു. ആവശ്യം കേട്ടപാടെ അവർ പറഞ്ഞു, "ഞാനൊരു വിവാഹിതയാണ്... എനിക്കത് പാടില്ല..." അപ്പോൾ അദ്ദേഹം വേദങ്ങൾ ഉദ്ധരിച്ചുകൊണ്ട് പറഞ്ഞു, "ബ്രാഹ്മണന് ഭൂദാനം പുണ്യമാണ്. നിന്റെ ദേഹത്തെ കൃഷിയിടമെന്നു കരുതി എനിക്കായി ദാനം ചെയ്താലും..." 

അപ്പോൾ അവർ പറഞ്ഞു, "ശാസ്ത്രം ധർമ്മം അർഥം..." എന്ന് ആ സ്ത്രീ പറഞ്ഞപ്പോൾ അതൊക്കെയും ചുമ്മാതാണ് എന്നായി ബ്രാഹ്മണൻ. അപ്പോഴാണ് ആ സ്ത്രീ ബ്രഹ്‌മാസ്‌ത്രമെടുത്ത് തൊടുക്കുന്നത്, "ഞങ്ങൾ മദിര കുടിക്കുന്നവർ, പശുമാംസം കഴിക്കുന്നവരാണ്... അശുദ്ധരാണ്..."  അതിനെയും ബ്രാഹ്മണൻ ചിരിച്ചു തള്ളുന്നു, "ഞങ്ങൾ പശുവിനെ പൂജിക്കുന്നവർ, നിങ്ങൾ പശുവിനെ പൂർണ്ണമായും ആഹരിക്കുന്നു.. നിങ്ങൾക്കാണ് കൂടുതൽ ശുദ്ധത..." - അന്നത്തെക്കാലത്ത് ഇത്തരത്തിലുള്ള ആക്ഷേപഹാസ്യങ്ങൾക്ക് ഇടമുണ്ടായിരുന്നു. ഇന്ന് നമ്മൾ വന്നെത്തിയിരിക്കുന്ന അസഹിഷ്ണുതയുടെ തുരുത്തുകൾ, വിക്ടോറിയൻ കാലഘട്ടത്തിന്റെ ഉപോത്പന്നമാണ്. അതിലേറെ പഴക്കം അതിനില്ല. പഴമയിൽ വളരെയധികം സഹിഷ്ണുത ഉണ്ടായിരുന്നു എന്നാണ് ഈ കഥ സൂചിപ്പിക്കുന്നത്. അന്ന് കൂടുതൽ സാംസ്കാരിക സുരക്ഷിതത്വം ഉണ്ടായിരുന്നു എന്നുവേണം മനസ്സിലാക്കാൻ. 

കേരളത്തിലെ വികസന പ്രശ്നങ്ങൾ മറ്റുസംസ്ഥാനങ്ങളുടേതിൽ നിന്നും വ്യത്യസ്തമാണ്. ഇവിടെ അടിസ്ഥാന ദാരിദ്ര്യപ്രശ്നങ്ങൾ കുറവാണ്. Right To Internet പോലുള്ള ആവശ്യങ്ങളാണ് ഇപ്പോൾ പറഞ്ഞു കേൾക്കുന്നത്. എന്തായാലും, അടുത്ത പത്തു വർഷത്തിനപ്പുറം, പ്രകൃതി കേരളത്തിന്റെ ഭൂപ്രകൃതിയിൽ എന്തുമാറ്റങ്ങൾ വരുത്തും എന്ന് നിശ്ചയമില്ലെങ്കിലും, കേരളത്തിന്റെ സംസ്കാരം കാര്യമായ ഉടവുകളൊന്നും പറ്റാതെ ഒരു ദശാബ്ദത്തിനപ്പുറവും അതിജീവിക്കും എന്നുതന്നെ മനു കരുതുന്നു.

 

Follow Us:
Download App:
  • android
  • ios