Asianet News MalayalamAsianet News Malayalam

മൂക്കിലും വായിലും വെള്ളം വല്ലാത്ത ആവേശത്തോടെ കയറി, എന്റെ കണ്ണുകള്‍ തുറിച്ചു വന്നു!

മരണത്തിന്റെ കൈകളില്‍നിന്ന് കഷ്ടിച്ച് രക്ഷപ്പെട്ട ഞെട്ടിക്കുന്ന അനുഭവം. വിപിന്‍ദാസ് ജി എഴുതുന്നു

 

Drowning experiences and aquaphobia by Vipindas G
Author
Thiruvananthapuram, First Published Jun 18, 2021, 4:26 PM IST

മരണഭീതിയില്‍ മുങ്ങാംകുഴിയിടുന്നതിന്റെ ശാസ്ത്രം ഞാന്‍ മറന്നുപോയിരുന്നു. മൂക്കിലും വായിലും വെള്ളം വല്ലാത്ത ആവേശത്തോടെ കയറുന്നത് ഞാന്‍ അറിഞ്ഞു. കണ്ണുകള്‍ തുറിച്ചു വന്നു. അതേ, ജലപിശാചിന്റെ ആ നൂറ്റാണ്ടിലെ ബലിയായി, ആറാമത്തെ കുരുതിയായി എന്നെ അത് നിശ്ചയിച്ചിരിക്കുന്നു. കാലുകള്‍ നിലം തൊടുന്നില്ല. ഞാന്‍ പാതാള കിണറിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം മനസിലാക്കിയതും എന്റെ ബോധം മറഞ്ഞതും ഒപ്പമായിരുന്നു.

 

Drowning experiences and aquaphobia by Vipindas G

 

നീന്തിക്കളിക്കാനും, മുങ്ങി കുളിക്കാനും വിശാലമായ കുളങ്ങള്‍ തറവാട്ടിലും, അച്ഛന്റെ വീട്ടിലും ഉണ്ടായിരുന്നു. തടുക്കശ്ശേരി എന്ന ഗ്രാമത്തിലെ മാത്രമല്ല, ഏതാണ്ട് കോങ്ങാട് വരെയുള്ള പ്രദേശങ്ങളിലെ എണ്ണം പറഞ്ഞ കുളം തടുക്കശ്ശേരി നാഗംകുളങ്ങര ക്ഷേത്രത്തിന്റെ കുളം തന്നെ ആയിരുന്നു. അങ്ങനെ ചുറ്റുവട്ടങ്ങളില്‍ എത്രയോ കുളങ്ങള്‍ ഉണ്ടായിട്ടും നീന്താന്‍ മറന്നു പോയവനാണ് ഞാന്‍. ആ മറവി മറ്റൊരു ഓര്‍മ്മയിലേക്കും, ഓര്‍മ്മ ഒരു ഉള്‍ഭയത്തിലേക്കും തലച്ചോറിലൂടെ യാത്ര ചെയ്യുന്നത് ഞൊടിയിടയെക്കാള്‍ വേഗതയിലാണ്. കുളപ്പടവില്‍ ഇരുന്ന് കഴിഞ്ഞകാലത്തെ ഓര്‍ത്തെടുത്തു നിര്‍വൃതി കൊള്ളും. മുങ്ങി കുളിച്ച, മുങ്ങാംകുഴിയിട്ടു കിടന്ന, നീന്തി തോല്‍പ്പിച്ച  ദിവസങ്ങളുടെ ഓര്‍മ്മകള്‍. ആ ഓര്‍മ്മകളുടെ അവസാനദിനമാണ് ഞാന്‍ അക്വാഫോബിക് ആയി മാറിയതും.

ഹെഡ്മാസ്റ്ററുടെ ഓഫീസ് മുറിയോട് ചേര്‍ന്ന് ഒരുക്കിയ ക്ലാസ്സില്‍ ആയിരുന്നു അന്ന് ഞാന്‍ പഠിച്ചിരുന്ന 4-എ ഡിവിഷന്‍. ഓഫിസ് മുറിക്കും, ക്ലാസ്സ് മുറിക്കും ഇടയ്ക്കുള്ള ചെറിയ ഇടനാഴിയില്‍ കെട്ടിഞാത്തിയ വലിയ വെള്ളോടിന്റെ കുടമണി സമയാസമയം അടിക്കുക എന്ന ഉത്തരവാദിത്തം ആ എല്‍.പി സ്‌കൂളിലെ ഏറ്റവും മുതിര്‍ന്ന വിദ്യാര്‍ത്ഥികള്‍ എന്ന നിലയ്ക്ക് നാലാംക്ലാസ്സുകാരുടെതായിരുന്നു. 'ജനഗണമന'ക്കും നാല് മണിയുടെ 'കൂട്ടമണി'ക്കും ഇടയില്‍ പുസ്തകങ്ങളും അനുബന്ധങ്ങളും ബാഗില്‍ ആക്കി പുറത്തേക്ക് കുതിക്കാന്‍ ഒരുങ്ങി നിന്നിരുന്ന കാലം.

1999 ഡിസംബര്‍ 15. 

അന്നൊരു ബുധനാഴ്ച ആയിരുന്നു. പതിവുപോലെ വീട്ടില്‍ എത്തി കുളത്തില്‍ കുത്തി മറിയാന്‍ ഷര്‍ട്ട് ഊരി എറിഞ്ഞു നിക്കറില്‍ ഓടിയ അവസാന ഓര്‍മ്മ. 

കുളത്തിലേക്ക് ചാഞ്ഞു നില്‍ക്കുന്ന പറങ്കി മാവിന്റെ കൊമ്പില്‍ നിന്ന് താഴേക്ക് കുതിച്ചത്, നീലിച്ചു കിടന്ന കുളത്തിലെ വെള്ളത്തെ ഓളം തല്ലിച്ചുകൊണ്ട് ഞാന്‍ താഴെ വന്നു പതിച്ചത്, ഏറിയ ആനന്ദത്താല്‍ നീന്തി നീന്തി അക്കരെ തൊടാന്‍ വെമ്പി വേഗത്തില്‍ തുഴഞ്ഞത്.., നടുക്ക് വച്ച് കൈകള്‍ തളരുന്നത് അറിഞ്ഞത്. തൊണ്ടയില്‍ ഒരു നിലവിളി കുടുങ്ങിയത്.. ആഴത്തിലേക്ക് ആണ്ടാണ്ടുപോയത്...

കുളത്തിന്റെ നടുക്ക് കാരണവന്മാര്‍ പറഞ്ഞു കേട്ടിട്ടുള്ള നടുക്കിണറുകള്‍ ഉണ്ട്. ആവേശത്തില്‍ നീന്തുമ്പോള്‍ ഓര്‍ക്കാത്ത ആ അരുതിന്റെ അതിരിനെ കുറിച്ച്, മുങ്ങിത്താഴുമെന്ന് തോന്നിയപ്പോള്‍, എനിക്ക് ഓര്‍മ്മ വന്നു. 'രക്ഷിക്കൂ..' എന്ന് ഉറക്കെ ലോകത്തോട് ഒന്നാകെ സഹായം അഭ്യര്‍ത്ഥിക്കാന്‍ ഞാന്‍ അതിയായി ആഗ്രഹിച്ചു. എന്നാല്‍ തൊണ്ടയില്‍ എവിടെയോ കുടുങ്ങിക്കിടന്ന നിലവിളി പുറത്ത് വന്നില്ല. ചുറ്റിലും നിറഞ്ഞു നില്‍ക്കുന്ന നീല ജലത്തില്‍ നാവ് വരണ്ടു താണുപോകുന്ന എന്റെ നിസ്സഹായത പിന്നീട് എത്രയോ തവണ  ദു:സ്വപ്നമായി ഉറക്കത്തില്‍ എന്നെ വേട്ടയാടിയിരിക്കുന്നു. 

ഓരോ നൂറ്റാണ്ടു കൂടുമ്പോഴും കുളം ഒരാളെ തന്റെ മടിത്തട്ടില്‍ ഒളിപ്പിക്കും. പരന്ന കുളത്തിന് നടുവില്‍ മറഞ്ഞു കിടക്കുന്ന ആഴക്കിണറിലേക്ക് അത് അതിന്റെ ഇരയെ കാലില്‍ പിടിച്ചു വലിച്ചു കൊണ്ടുപോകുമെന്ന് ഒരു വിശ്വാസം ഉണ്ടായിരുന്നു. ആ വിശ്വാസത്തെ ഊട്ടിയുറപ്പിക്കാന്‍ ബലിയായിത്തീര്‍ന്ന അഞ്ചോളം മനുഷ്യരുടെ നിറം പിടിച്ച കഥകള്‍ ഞാനും കേട്ടിട്ടുണ്ട്.

ദേഹം തളര്‍ന്നു താണു പോകെ ആ വലിയ ജലാശയത്തിന്റെ നടുവിലെ അത്ഭുത ലോകം ഞാന്‍ കണ്ടു. നാലുമണി വെയില്‍ വെള്ളത്തിനുള്ളിലേക്ക് മങ്ങുന്ന വഴിവിളക്കായി. തളര്‍ന്നിട്ടും തോല്‍ക്കാതെ എന്റെ കൈകള്‍ തുഴയാന്‍ ശ്രമിച്ചുകൊണ്ടിരുന്നു. 

ഇല്ല, നിലം തൊടാനാവുന്നില്ല!

മരണഭീതിയില്‍ മുങ്ങാംകുഴിയിടുന്നതിന്റെ ശാസ്ത്രം ഞാന്‍ മറന്നുപോയിരുന്നു. മൂക്കിലും വായിലും വെള്ളം വല്ലാത്ത ആവേശത്തോടെ കയറുന്നത് ഞാന്‍ അറിഞ്ഞു. കണ്ണുകള്‍ തുറിച്ചു വന്നു. അതേ, ജലപിശാചിന്റെ ആ നൂറ്റാണ്ടിലെ ബലിയായി, ആറാമത്തെ കുരുതിയായി എന്നെ അത് നിശ്ചയിച്ചിരിക്കുന്നു. കാലുകള്‍ നിലം തൊടുന്നില്ല. ഞാന്‍ പാതാള കിണറിലേക്കുള്ള യാത്ര ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു എന്ന സത്യം മനസിലാക്കിയതും എന്റെ ബോധം മറഞ്ഞതും ഒപ്പമായിരുന്നു.

കരയില്‍ എങ്ങനെ ഞാന്‍ വന്നുപെട്ടെന്ന് ഓര്‍ക്കുന്നില്ല. കണ്ണ് തുറക്കുമ്പോള്‍ ചുറ്റിലും ആളുകള്‍ ഉണ്ടായിരുന്നു. കാഴ്ചകളെ പോലും അവിശ്വസിക്കാന്‍ അന്നേരം എന്റെ മനസ്സ് പറഞ്ഞു. കാരണം ഞാന്‍ ജീവിച്ചിരിക്കുന്നു എന്ന സത്യം ഉള്‍കൊള്ളാന്‍ തന്നെ അന്ന് ശേഷി ഉണ്ടായിരുന്നില്ല. ജലത്തിലോ കരയിലോ ഞാന്‍ എന്ന കാര്യത്തില്‍ ഒന്നു തീര്‍ച്ചപ്പെടാന്‍ പിന്നെയും സമയം എടുത്തു. കുടിച്ച വെള്ളം മുഴുവന്‍ വലിയ ശബ്ദത്തോടെ ഞാന്‍ ഛര്‍ദിച്ചു. തളര്‍ച്ചയിലെപ്പോഴോ വര്‍ത്തമാനകാലത്തിലേക്ക് ഞാന്‍ വന്നു. 

ഏത് കൈകള്‍ ആയിരുന്നു അന്നെന്നെ മരണത്തിന്റെ കവാടത്തില്‍ വച്ചു തടഞ്ഞതും, തിരിച്ചു ജീവിതത്തിലേക്ക് കൈപിടിച്ചു നടത്തിയതും?

ഇന്നും ആര്‍ക്കും അറിയില്ല. 

പാടവരമ്പിലൂടെ നടന്നുപോയ, പേരറിയാത്ത, അന്നുവരെ ആ നാട്ടില്‍ ആരും കണ്ടിട്ടില്ലാത്ത ഏതോ ഒരാള്‍ ആ വലിയ ജലശക്തിയോട് ഏറ്റുമുട്ടി എന്നെ ആ ബലിയില്‍ നിന്ന് മോചിപ്പിച്ചു. ഒരു നന്ദിവാക്കിനോ, നനഞ്ഞ ചിരിക്കോ കാത്തുനില്‍ക്കാതെ അയാള്‍ പോയി. ആ അജ്ഞാതനായ മനുഷ്യനെ ഞാന്‍ കണ്ടില്ല. പിന്നീട് എപ്പോഴെങ്കിലും, എവിടെയെങ്കിലും വച്ച് കണ്ടിരിക്കുമോ? അറിയില്ല. കണ്ടാലും തിരിച്ചറിയാന്‍ തരമില്ല.

പിന്നീട് ഒരിക്കലും ഞാന്‍ മുങ്ങാംകുഴിയിട്ടിട്ടില്ല. നീന്തിയിട്ടില്ല. എന്തിനേറെ പൂര്‍ണ്ണമായും മുങ്ങി കുളിച്ചിട്ടില്ല. വെള്ളത്തില്‍ തല ആഴ്ത്തുമ്പോള്‍ ഞാന്‍ ആ പഴയ ഒമ്പതുവയസ്സുകാരനാകും. വെള്ളത്തിലേക്ക് മങ്ങികിടക്കുന്ന നാലുമണി വെയിലും, നിലം തൊടാത്ത പാദങ്ങളും പാതാള കിണറിന്റെ അന്ധകാരവും തലച്ചോറില്‍ മദിക്കും. പിന്നീട് എത്രയോ പുണ്യ തീര്‍ത്ഥങ്ങളില്‍ നനഞ്ഞിട്ടുണ്ട്. എന്നാല്‍ ഒരിക്കലും മുങ്ങി നിവര്‍ന്നിട്ടില്ല. അപൂര്‍ണ്ണമായ സ്‌നാനങ്ങളെ സങ്കല്പ സ്‌നാനങ്ങളാക്കി ആത്മനിര്‍വൃതി കൊണ്ടു. ജലഭയത്തിന്റെ കരയില്‍ നിന്ന് ഞാന്‍ പലവിധ ജലധികളെ അറിഞ്ഞു. സ്‌നേഹിച്ചു. തിരിച്ചു തന്ന ജീവന്റെ ചൂടിന് ജലത്തിനും, ജലത്തോളം സ്‌നേഹത്തിന്റെ നനവുള്ള ആ അജ്ഞാതനായ മനുഷ്യനും നന്ദി.

Follow Us:
Download App:
  • android
  • ios