ബാലി സന്ദർശിക്കുന്നവർ പലരും സംസാരിക്കാന്‍ ഏറെക്കുറെ എല്ലാവര്‍ക്കും അറിയാവുന്ന ഇംഗ്ലീഷിനെയാണ് ആശ്രയിക്കുന്നത്. കുറച്ച് സന്ദർശകർ ഇന്തോനേഷ്യൻ ഭാഷയും  പഠിച്ചിട്ടുള്ളവരായിരിക്കും... എന്നാൽ, വടക്കൻ ബാലിയിലെ ഒരു കാട്ടിൽ, ഭൂമിശാസ്ത്രപരമായി ഏകീകരിക്കപ്പെട്ട ഒരു ഭാഷയുണ്ട്, കറ്റാ കൊലോക്ക്  എന്നാണ് ആ ഭാഷയുടെ പേര്. 'ഒരിക്കലും സംസാരിക്കാനാകാത്ത ഭാഷ' എന്നാണ് അര്‍ത്ഥം.. 

'ബധിരരുടെ സംസാരം' എന്നറിയപ്പെടുന്ന കറ്റാ കൊലോക്ക് നമ്മളെല്ലാം കാണുന്ന ആംഗ്യഭാഷയില്‍ നിന്നും വിഭിന്നമായ ഒരു പ്രത്യേകതരം ഗ്രാമീണ ആംഗ്യഭാഷയാണ്. തലമുറകളായി വടക്കൻ ബാലി കാട്ടിലെ ഗ്രാമമായ ബെംഗ്‌കലയിൽ ഇത് ആശയവിനിമയത്തിന്റെ പ്രാഥമിക മാർഗമാണ്, ഇവിടെ കൂടുതലാളുകളും കേള്‍വിശക്തിയില്ലാത്തവരാണ്. ബെംഗ്‌കലയെ ചിലപ്പോൾ 'ദേശാ കൊലോക്ക് -ബധിര ഗ്രാമം' എന്ന് വിളിക്കുന്നു.

ബെംഗ്‌കലയിലെ മൂവായിരത്തോളം ഗ്രാമീണരിൽ 42 പേർ ജനനം മുതൽ ബധിരരാണ്. ഏഴ് തലമുറകളായി ഗ്രാമത്തിൽ ഇങ്ങനെ കേള്‍വിശക്തിയില്ലാത്ത കുട്ടികള്‍ ജനിക്കുന്നു. ഇത് ഒരു ശാപത്തിന്റെ ഫലമാണെന്നാണ് വർഷങ്ങളായി ഗ്രാമവാസികൾ വിശ്വസിക്കുന്നത്. ആ കഥയിങ്ങനെയാണ്: ഇവിടെ ഒരിക്കല്‍, മാന്ത്രികശക്തിയുള്ള രണ്ടുപേർ പരസ്പരം പോരടിച്ചു. പോരിന്‍റെ അവസാനം അവര്‍ പരസ്പരം ശപിച്ചു, ബധിരനായിപ്പോകട്ടെ എന്നായിരുന്നുവത്രെ ശാപം... അങ്ങനെയാണ് ഗ്രാമത്തില്‍ ജനിക്കുന്നവരിലധികവും ബധിരരായി മാറുന്നതെന്നാണ് ഗ്രാമവാസികള്‍ വിശ്വസിക്കുന്നത്.  ബെംഗ്‌കലയുടെ അര്‍ത്ഥം 'ഒരാള്‍ക്ക് ഒളിച്ചിരിക്കാവുന്ന ഒരിടം' എന്നാണത്രേ. 

ഇങ്ങനെ, കേള്‍വിശക്തിയില്ലാത്തവരുടെ എണ്ണം കൂടിയപ്പോള്‍ ഗ്രാമവാസികള്‍ എളുപ്പത്തിനായി ആംഗ്യഭാഷ സംസാരിച്ചു തുടങ്ങി. അത് മറ്റ് ആംഗ്യഭാഷയില്‍ നിന്നും വ്യത്യസ്തമായി ഗ്രാമീണര്‍ തന്നെ വികസിപ്പിച്ചെടുത്ത ഭാഷയായിരുന്നു. ഗ്രാമത്തിലാകെ മനുഷ്യര്‍ കൈകള്‍ കൊണ്ട് സംസാരിച്ചു. വീടുകളില്‍ കുഞ്ഞുങ്ങളെ മറ്റ് ഭാഷയോടൊപ്പം തന്നെ കറ്റാ കൊലാക് എന്ന ആംഗ്യഭാഷ കൂടി പഠിപ്പിച്ചു. കേള്‍ക്കാനാകാത്തവര്‍ക്ക് ഗ്രാമത്തില്‍ യാതൊരു വേര്‍തിരിവും അനുഭവിക്കേണ്ടി വരരുത് എന്ന നിര്‍ബന്ധത്തിലായിരുന്നു ഓരോ കുഞ്ഞിനേയും കറ്റാ കൊലാക് പഠിപ്പിച്ചിരുന്നത്. അതുവഴി കേള്‍ക്കുന്നവരും കേള്‍ക്കാന്‍ കഴിവില്ലാത്തവരുമെല്ലാം ഒരുപോലെ ജീവിച്ചു. 

കേള്‍ക്കാനാകാത്ത വിദ്യാര്‍ത്ഥികള്‍ക്കായി പ്രത്യേകം സ്കൂള്‍ പണിതില്ല. പകരം അവരും മറ്റെല്ലാ കുട്ടികളുടേയും കൂടെ പഠിച്ചു. അധ്യാപകര്‍ ഒരേ സമയം മറ്റ് ഭാഷ സംസാരിക്കുകയും ആംഗ്യഭാഷ കൂടി ഉപയോഗിക്കുകയും ചെയ്യുന്നു. എല്ലാവര്‍ക്കും അതിനാല്‍ത്തന്നെ കറ്റാ കൊലാക് ഭാഷ അറിയാം. ലോകത്തിലെല്ലായിടത്തും കേള്‍ക്കാനാകാത്തവര്‍ വേറെയായി കാണപ്പെടുന്നുവെങ്കില്‍ ഈ ഗ്രാമത്തില്‍ അങ്ങനെ യാതൊന്നുമില്ല. ഒരിക്കലും ഇവിടെ അസമത്വം അനുഭവപ്പെട്ടിട്ടേയില്ലെന്ന് ഗ്രാമത്തിലെ ഭൂരിഭാഗം പേരും പറയുന്നു. പക്ഷെ, പുറം ലോകത്തെത്തുമ്പോള്‍ ആ ബുദ്ധിമുട്ട് അവര്‍ അനുഭവിക്കുന്നുണ്ട്. തൊട്ടടുത്ത സ്ഥലങ്ങളിലെ മാര്‍ക്കറ്റുകളിലും മറ്റും വില്‍പ്പനയ്ക്കായി പോകുന്ന സാധാരണ കര്‍ഷകരാണ് പലപ്പോഴും ബുദ്ധിമുട്ടിലാവുക. അവര്‍ക്ക് മറ്റുള്ളവരുമായി ആശയവിനിമയത്തിന് പലപ്പോഴും ബുദ്ധിമുട്ടനുഭവപ്പെടുന്നു. 

യുവതലമുറയില്‍ പെട്ടവര്‍ സ്മാർട്ട് ഫോണുകൾ, സോഷ്യൽ മീഡിയ തുടങ്ങി പുതിയ ആശയവിനിമയ രീതികൾ സ്വീകരിക്കാൻ തുടങ്ങി. അതിലൂടെ എല്ലായിടത്തും ഉപയോഗിക്കുന്ന ആംഗ്യഭാഷകളും പഠിക്കുന്നു. സമീപ വർഷങ്ങളിൽ, കൂടുതൽ കേള്‍വിയില്ലാത്ത കൗമാരക്കാർ ജിംബരാനിലെ അടുത്തുള്ള ബധിര ബോർഡിംഗ് സ്കൂളിൽ ചേർന്നു. അവിടെ അവർക്ക് ഇന്തോനേഷ്യൻ ആംഗ്യഭാഷ പഠിക്കാനും രാജ്യത്തെ മറ്റുള്ളവരുമായി ആശയവിനിമയത്തിനും സാധിക്കുന്നു. 

ബെംഗ്‌കലയിലെ ബധിരരായവരുടെ സാക്ഷരതാ നിലവാരം കുറവാണ്. പുറംലോകവുമായി ആശയവിനിമയം നടത്താൻ കഴിയാത്ത പ്രശ്നങ്ങളുമുണ്ട്. എന്നാല്‍, ഇതിനെ മറികടക്കാനുള്ള പ്രവര്‍ത്തനങ്ങള്‍ ഇന്ന് നടക്കുന്നുണ്ട്. പക്ഷെ, പുറംലോകം എങ്ങനെയൊക്കെ കണ്ടാലും സ്വന്തം ഗ്രാമത്തിലൊരിക്കലും വേറിട്ടു കാണലുണ്ടായിട്ടില്ലായെന്നാണ് ഗ്രാമത്തിലെ കേള്‍ക്കാന്‍ കഴിയാത്തവര്‍ പറയുന്നത്. 'പുറത്ത് പോകുമ്പോള്‍ മറ്റുള്ളവര്‍ മികച്ചവരും ഞങ്ങളെന്തോ കുറവുള്ളവരാണെന്നുമുള്ള തോന്നലുമുണ്ടാകും. എന്നാല്‍, ഇവിടെ ഞങ്ങളെല്ലാം ഒന്നാണെന്ന ബോധമാണ്' -72 വയസ്സുള്ള സാന്ദി പറയുന്നു.