സ്ത്രീകളുടെ ചേലാകര്‍മ്മം നിയമപ്രകാരം നിരോധിച്ചിട്ടുള്ളതാണ്. എന്നാല്‍, ലോകത്ത് പല രാജ്യങ്ങളിലും ഇപ്പോഴും ചേലാകര്‍മ്മം നടക്കുന്നുണ്ട്. കേരളത്തിലും ചേലാകര്‍മ്മം നടക്കുന്നുണ്ടെന്ന് നേരത്തെ റിപ്പോര്‍ട്ട് വന്നിരുന്നു. എന്താണ് ചേലാകര്‍മ്മം? സ്ത്രീകളുടെ ബാഹ്യ ലൈംഗികാവയങ്ങൾ വൈദ്യശാസ്ത്രപരമായ കാരണങ്ങളാലല്ലാതെ പൂർണമായോ ഭാഗികമായോ നീക്കം ചെയ്യുന്ന എല്ലാത്തരം പ്രക്രിയകളും  ലോകാരോഗ്യ സംഘടനയുടെ സ്ത്രീകളുടെ ചേലാകർമ്മം (female genital mutilation -FGM) എന്ന നിര്‍വ്വചനത്തില്‍ പെടും. 

ഇന്തോനേഷ്യയില്‍ നിന്നും വൈസ് തയ്യാറാക്കിയ റിപ്പോര്‍ട്ടാണിത്. ഈ റിപ്പോര്‍ട്ട് പ്രകാരം ഇവിടെ ആസ്സാലാം ഫൗണ്ടേഷന്‍ കുഞ്ഞുങ്ങള്‍ക്ക് ചേലാകര്‍മ്മം നടത്തിക്കൊടുക്കുന്നുവെന്നാണ് പറയുന്നത്. വലിയ പരിപാടിയാണിത്. ഒരു ദിവസം എല്ലാ അമ്മമാരും കുഞ്ഞുങ്ങളുമായി അവിടെയെത്തുകയും ചേലാകര്‍മ്മം നടത്തുകയുമാണ്. ചേലാകര്‍മ്മം നടക്കുന്ന സ്ഥലത്തുനിന്നും തയ്യാറാക്കിയ റിപ്പോര്‍ട്ട്: 

ഫറാ (പേര് സാങ്കല്‍പികം) -യുടെ മകള്‍ക്ക് ഒരു വയസ്സാണ് പ്രായം. മകള്‍ ജനിച്ചപ്പോള്‍ത്തന്നെ മകളുടെ ചേലാകര്‍മ്മം നടത്തണമെന്ന് അവര്‍ തീരുമാനിച്ചിരുന്നു. പക്ഷേ, അത് നടത്തണമെങ്കില്‍ ഒരു ഡോക്ടറെ കാണണം. എല്ലാ ഡോക്ടര്‍മാരൊന്നും ചേലാകര്‍മ്മം നടത്തിക്കൊടുക്കില്ല. ഇനിയഥവാ നടത്തിക്കൊടുക്കുന്നവരുണ്ടെങ്കില്‍ത്തന്നെ വലിയ തുകയാണ് ആവശ്യപ്പെടുന്നത്. അതിനുള്ള പണം ഫറായുടെ കയ്യിലില്ലായിരുന്നു. ''മിക്ക ആശുപത്രികളും ഇത് നടത്താന്‍ തയ്യാറാവില്ല. പക്ഷേ, ഈ പരിപാടിയില്‍ പോയാല്‍ സൗജന്യമായി പെണ്‍കുട്ടികളുടെ ചേലാകര്‍മ്മം നടക്കും. മാത്രവുമല്ല, അതില്‍ പങ്കെടുക്കുന്നതിന് പണവും കിട്ടും'' ഫറാ പറയുന്നു. 

 

മൂന്ന് മാസത്തിനും 11 വയസ്സിനുമിടയില്‍ പ്രായമുള്ള 150 പെണ്‍കുട്ടികളെങ്കിലും ചേലാകര്‍മ്മത്തില്‍ പങ്കെടുക്കാന്‍ അവിടെയെത്തിക്കപ്പെട്ടിട്ടുണ്ടായിരുന്നു. ഇന്തോനേഷ്യയിലെ അഞ്ചാമത്തെ വലിയ നഗരമായ ബാന്‍ഡങിലെ ഒരു കെട്ടിട്ടത്തില്‍ രാവിലെ നാല് മണിക്ക് തന്നെ ചേലാകര്‍മ്മത്തിനുള്ള ഒരുക്കമാരംഭിച്ചു. ഈ കുഞ്ഞുങ്ങളുടെ അമ്മമാരില്‍ നിന്നുള്ള സമ്മതം വാട്ട്സാപ്പിലൂടെയാണ് ഒപ്പിട്ട് വാങ്ങിയിരുന്നത്. 

അവിടെ ചേലാകര്‍മ്മം നടത്താന്‍ അങ്ങോട്ട് പണം നല്‍കേണ്ടതില്ല എന്ന് മാത്രമല്ല $14.57 രൂപ (ഇന്ത്യന്‍ രൂപ ആയിരം) ഇങ്ങോട്ട് കിട്ടുകയും ചെയ്യും. എന്നാല്‍, അതിലുപരി മകളുടെ ചേലാകര്‍മ്മം നടത്തുന്നതിന് തന്നെ പ്രേരിപ്പിച്ചത് അത് തന്‍റെ വിശ്വാസവും പാരമ്പര്യവും ആണെന്നതിനാലാണെന്ന് ഫറാ പറയുന്നു. 'എനിക്ക് ചേലാകര്‍മ്മം നടത്തിയിട്ടുണ്ട്. എന്‍റെ മുത്തശ്ശിക്കും അവരുടെ അമ്മയ്ക്കും എല്ലാം ചേലാകര്‍മ്മം നടത്തിയിട്ടുണ്ട്. മതപ്രകാരം നടത്തേണ്ടതായ ഒന്നാണിതെന്ന് ഞാന്‍ വിശ്വസിക്കുന്നു'വെന്നാണ് ഫറാ പറഞ്ഞത്. 

ആസ്സാലാം ഫൗണ്ടേഷന്‍ (Assalaam Foundation) 1948 മുതല്‍ത്തന്നെ ഇങ്ങനെ സമൂഹ ചേലാകര്‍മ്മം സംഘടിപ്പിക്കുന്നുണ്ട്. 'പ്രവാചകന്‍റെ പാത പിന്തുടരുന്നതിന് വേണ്ടിയാണ് ഞങ്ങളിത് ചെയ്യുന്നത്. പ്രാഥമികമായി അദ്ദേഹത്തിന്‍റെ വിശുദ്ധിയുടെ പാത...' എന്നാണ് ആസ്സാലാം ഫൗണ്ടേഷന്‍ റിസര്‍ച്ച് ആന്‍ഡ് ഡെവലപ്മെന്‍റ് തലവനും പരിപാടിയുടെ കോര്‍ഡിനേറ്ററുമായ Deden Syamsul Romly പറയുന്നത്. പെണ്‍കുട്ടികളും ആണ്‍കുട്ടികളുമടക്കം 230 പേരാണ് ഇവിടെയെത്തിയത്. എത്തുന്ന ഓരോ കുട്ടിക്കും ഒരു ഗൂഡി ബാഗും ആയിരം രൂപയും സ്നാക്ക്സും കിട്ടും. 

ലോകാരോഗ്യ സംഘടനയുടെ കണക്ക് പ്രകാരം ലോകത്താകെയായി 200 മില്ല്യണ്‍ കുഞ്ഞുങ്ങള്‍ ചേലാകര്‍മ്മത്തിന് വിധേയമാകുന്നുണ്ടെന്നാണ് പറയുന്നത്. 2016 -ലെ യുണിസെഫ് (UNICEF) റിപ്പോര്‍ട്ട് പ്രകാരം അതില്‍ ഗാംബിയയ്ക്കും മൗറിത്താനിയക്കും ശേഷം മൂന്നാം സ്ഥാനത്തു വരുന്നത് ഇന്തോനേഷ്യയാണ്. 14 വയസ്സില്‍ താഴെയുള്ള 54 ശതമാനം പെണ്‍കുട്ടികളും ഇവിടെ ചേലാകര്‍മ്മത്തിന് വിധേയരാകേണ്ടി വരുന്നുണ്ടെന്നാണ് കണക്ക് പറയുന്നത്. എന്നാല്‍, ചേലാകര്‍മ്മം നടത്തുന്നതുകൊണ്ട് പ്രത്യേകിച്ച് ഗുണങ്ങളൊന്നും തന്നെയില്ല. എന്ന് മാത്രമല്ല, പലപ്പോഴും ലൈംഗികബന്ധത്തിലേര്‍പ്പെടുമ്പോഴും മറ്റും വേദനയും, രക്തസ്രാവവുമടക്കം സങ്കീര്‍ണതകളും ഉണ്ടാകാറുണ്ടെന്നും പറയുന്നു. 

 

ലോകാരോഗ്യ സംഘടനയുടെ നിഗമന പ്രകാരം നാലുതരത്തിലുള്ള ചേലാകര്‍മ്മങ്ങളാണുള്ളത്. അവ ഇവയാണ്: 

- സാധാരണഗതിയിൽ കൃസരിയും (ക്ലൈറ്റോറിഡക്റ്റമി) കൃസരിയുടെ ആവരണവും നീക്കം ചെയ്യുന്ന പ്രക്രിയ.
- എക്സിഷൻ -കൃസരിയും ഇന്നർ ലേബിയയും നീക്കം ചെയ്യുന്ന പ്രക്രിയാണിത്.
- ഇൻഫിബുലേഷൻ -ഇന്നർ ലേബിയയുടെയും ഔട്ടർ ലേബിയയുടെയും പ്രധാനഭാഗങ്ങളും കൂടാതെ കൃസരിയും നീക്കം ചെയ്യപ്പെടുന്നു. 
- പ്രതീകാത്മകമായി കൃസരി, ലേബിയ എന്നിവിടങ്ങൾ തുളയ്ക്കുകയോ കൃസരി കരിച്ചുകളയുകയോ യോനിയിൽ മുറിവുണ്ടാക്കി വലിപ്പം വർദ്ധിപ്പിക്കുകയോ ചെയ്യുന്ന പ്രക്രിയ.

എന്നാല്‍, ലോകാരോഗ്യസംഘടനയുടെ ഈ നിര്‍വ്വചനമനുസരിച്ച് തങ്ങള്‍ നടത്തുന്നത് ചേലാകര്‍മ്മമല്ല എന്നാണ് റോംലി പറയുന്നത്. ഇവിടെ മുറിവുകളുണ്ടാവുകയോ ചോര പൊടിയുകയോ ചെയ്യുന്നില്ലെന്നും റോംലി പറയുന്നു. ''നിങ്ങളിവിടെയുണ്ടല്ലോ, നിങ്ങള്‍ക്ക് തന്നെ പരിശോധിക്കാം. ഏതെങ്കിലും കുട്ടി കരയുന്നത് കേള്‍ക്കുന്നുണ്ടോ? മാധ്യമങ്ങളിലും മറ്റും കാണിക്കുന്നതുപോലെയുള്ള ഒന്നും ഞങ്ങളിവിടെ ചെയ്യുന്നില്ല. ചോര പോലും പൊടിയുന്നില്ല.'' അസ്സാലാം ഫൗണ്ടേഷനിലെ ജീവനക്കാരനും പറയുന്നു. 

എന്നാല്‍, 2006 -ല്‍ ലോകാരോഗ്യസംഘടനയുടെ പ്രതിനിധികള്‍ അസ്സാലാം ഫൗണ്ടേഷന്‍ സംഘടിപ്പിച്ച ചേലാകര്‍മ്മത്തെ കുറിച്ചറിഞ്ഞ് പരിശോധിക്കുന്നതിനായി എത്തിച്ചേര്‍ന്നിരുന്നു. സന്ദര്‍ശനം പൂര്‍ത്തിയാക്കിയതിന് തൊട്ടുപിന്നാലെ അത് നിര്‍ത്തണമെന്ന് നിര്‍ദ്ദേശവും നല്‍കിയിരുന്നു. അത് മാധ്യമശ്രദ്ധ നേടിയതോടെ 2007 -ലും 2008 -ലും ഇങ്ങനെ ചേലാകര്‍മ്മം നടത്തുന്നത് ആസ്സാലാം ഫൗണ്ടേഷന്‍ നിര്‍ത്തിവെച്ചു. 'മതപരമായ വിശ്വാസത്തിന്‍റെ അടിസ്ഥാനത്തിലല്ലെങ്കില്‍പ്പോലും സ്ത്രീകള്‍ക്ക് ചേലാകര്‍മ്മം എന്തുകൊണ്ടും യോജിച്ചതാണ്' എന്നാണ് റോംലി പറയുന്നത്. ഹദീസനുസരിച്ച്, ചേലാകര്‍മ്മം നടത്തിയ സ്ത്രീകള്‍ അനുഗ്രഹിക്കപ്പെട്ടവരാണ്. അവള്‍ ഭര്‍ത്താവിന്‍റെ മുന്നിലെപ്പോഴും തിളങ്ങുമെന്നും റോംലി പറയുന്നു. 

അകത്തെ കാഴ്‍ചകള്‍

കെട്ടിടത്തിനകത്ത് നിരവധി മുറികളുണ്ട്. അവ താല്‍ക്കാലികമായി ശസ്ത്രക്രിയക്കുള്ള മുറികളാക്കി മാറ്റിയിരിക്കുന്നു. അവിടെ കോട്ടണ്‍, നൂല്, സൂചിയടക്കം വിവിധ വസ്‍തുക്കളും തയ്യാറാക്കിയിരിക്കുന്നു. 2008 മുതല്‍ കോലിഡാ അവിടെ ഡോക്ടറായി വന്നുപോകുന്നുണ്ട്. അവര്‍ സ്ത്രീകളുടെ ചേലാകര്‍മ്മത്തില്‍ വിദഗ്ദയാണ്. ഒപ്പംതന്നെ വയറ്റാട്ടികള്‍ക്കും മതാധ്യാപികമാര്‍ക്കും ചേലാകര്‍മ്മം നടത്തേണ്ടതെങ്ങനെയെന്ന് പഠിപ്പിച്ചുകൊടുക്കുകയും ചെയ്യുന്നു. 

"തുറന്നുപറഞ്ഞാൽ, ഞങ്ങൾ ക്ലിറ്റോറിസിനുമേലാണിത് ചെയ്യുന്നത്. വൈദ്യശാസ്ത്രപരമായി നോക്കിയാലും, ഇനി യുക്തിയുടെ കണ്ണിലൂടെ നോക്കിയാലും, ആ ഭാഗം എങ്ങനെയിരുന്നാലാണ് കൂടുതൽ സംവേദനക്ഷമത ഉണ്ടാവുക? അടഞ്ഞിരുന്നാലോ അതോ തുറന്നിരുന്നാലോ?" കോലിഡാ ചോദിച്ചു. "ഞങ്ങൾ ക്ലിറ്റോറിസിനെ തുറന്നുവെക്കുന്നു. അപ്പോൾ അവിടം കൂടുതൽ സെൻസിറ്റീവ് ആകുന്നു.  ഒരിക്കലും രതിമൂർച്ഛയെന്തെന്നറിഞ്ഞിട്ടില്ലാത്ത ചില സ്ത്രീകളുണ്ട്. ഈ സർജറി കഴിയുമ്പോൾ അവർക്ക് അത് സാധ്യമാകുന്നു. അത് ഒരർത്ഥത്തിൽ സമത്വമല്ലേ അവർക്കേകുന്നത്?'' എന്നും അവര്‍ ചോദിക്കുന്നു.

ലോകാരോഗ്യസംഘടനയുടെ നിര്‍വ്വചനമനുസരിച്ചുള്ള ചേലാകര്‍മ്മം അല്ല ഇവിടെ നടത്തപ്പെടുന്നതെന്നും കോലിഡ വാദിക്കുന്നു. മുറിവുണ്ടാകുന്നില്ലായെന്നും എല്ലാതരത്തിലും സുരക്ഷിതമാണെന്നും അവര്‍ പറയുന്നുണ്ട്. എന്നാല്‍, അവിടെ ഈ ചേലാകര്‍മ്മം നടത്തിക്കൊടുക്കുന്ന എല്ലാവരും കോലിഡയെ പോലെ മെഡിക്കല്‍ ഡിഗ്രി ഉള്ളവരല്ല. അല്ലാത്തവരും ഇതൊക്കെ ചെയ്യുന്നുണ്ട്. 

ലോകാരോഗ്യ സംഘടനയും നിയമവുമടക്കം നിരോധിച്ചിട്ടുണ്ടെങ്കിലും ഇപ്പോഴും ഇന്തോനേഷ്യയില്‍ പലയിടങ്ങളിലും ചേലാകര്‍മ്മം നടക്കുന്നുണ്ട്. എന്നാല്‍, മുറിവുണ്ടാകുന്നില്ലെന്നും മറ്റുമാണ് അതിനെ ന്യായീകരിക്കുന്നതിനുള്ള കാരണങ്ങളായി പറയുന്നത്. ക്ലിറ്റോറിയല്‍ ഹുഡ് മാത്രമാണ് നീക്കം ചെയ്യുന്നതെന്നും അതിനാല്‍ മുറിവുകളുണ്ടാവുന്നില്ലെന്നും ഇത് ചേലാകര്‍മ്മത്തില്‍ പെടുത്താനാവില്ലെന്നുമാണ് വാദം. 

 

'സ്ത്രീകളുടെ അടങ്ങാത്ത ലൈംഗിക തൃഷ്‍ണയുടെ ഫലമാണ് സ്വതന്ത്രമായ രതി. അതുകൊണ്ട്, ചേലാകര്‍മ്മം നടത്തുന്നത് ഈ ലൈംഗികതൃഷ്‍ണ അടക്കിനിര്‍ത്തുകയും പിന്നീട് ആരോഗ്യമുള്ള ലൈംഗിക ജീവിതം സാധ്യമാക്കുകയും ചെയ്യു'മെന്നാണ് റോംലി പറയുന്നത്. ''ചിലനേരങ്ങളില്‍ സ്ത്രീകള്‍ ഇടക്കിടെ പങ്കാളികളെ മാറ്റുകയും സ്വതന്ത്രമായ ലൈംഗിക ജീവിതം നയിക്കുകയും ചെയ്യുന്നത് കാണാറുണ്ട്. പ്രത്യേകിച്ച് വലിയ വലിയ നഗരങ്ങളില്‍. അപ്പോഴൊക്കെ ഞാന്‍ ചിന്തിക്കാറുണ്ട്, ഇവരൊക്കെ കുട്ടിയായിരുന്നപ്പോള്‍ എവിടെയാണ് ചേലാകര്‍മ്മം നടത്തിയിരിക്കുക'' എന്ന്- റോംലി ചോദിക്കുന്നു. 

 

ലോകത്തെമ്പാടും നിയമം മൂലം നിരോധിച്ചിട്ടും എത്രയോപേര്‍ ഇപ്പോഴും ചേലാകര്‍മ്മത്തിന് ഇരയായി മാറുന്നുണ്ട്. ഇനിയും ഒരുപാട് ബോധവല്‍ക്കരണവും പ്രവര്‍ത്തനങ്ങളും ആവശ്യമായി വരും അത് പൂര്‍ണമായും ഇല്ലാതാക്കാന്‍. ചേലാകര്‍മ്മത്തിന്‍റെ നിര്‍വ്വചനത്തില്‍ പെടില്ലായെന്ന് പറഞ്ഞ് ഇന്തോനേഷ്യയില്‍ പരസ്യമായി ചെയ്യുന്ന ഈ പ്രവര്‍ത്തനം പൂര്‍ണമായും കുട്ടികളുടെയും സ്ത്രീകളുടെയും ശരീരത്തിനും മനസിനും മേലുള്ള കടന്നുകയറ്റമല്ലാതെ എന്താണ്? 

(ചിത്രങ്ങള്‍ ചേലാകര്‍മ്മത്തിനെതിരെ നടന്ന വിവിധ പ്രതിഷേധങ്ങളില്‍ നിന്നുള്ളത്. കടപ്പാട്: ഗെറ്റി)