2017 -ല്‍ കാര്‍ഷിക മേഖലയില്‍ നിന്നും മറ്റുള്ള ഭൂമി  ഉപയോഗത്തില്‍ നിന്നുമുള്ള ഹരിതഗൃഹവാതകങ്ങളുടെ കണക്ക് പരിശോധിച്ചപ്പോള്‍ 172 മില്യണ്‍ ടണ്ണിന് തുല്യമായ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തെത്തിയിട്ടുണ്ടെന്ന് വ്യക്തമാകുന്നു.

കൃഷിയില്ലാതെ ലോകത്തിന് നിലനില്‍പ്പില്ലെന്ന് നാം തിരിച്ചറിയുന്നു. ആഗോളവ്യാപകമായ കണക്ക് പരിശോധിച്ചാല്‍ 2019 -ല്‍ ഏതാണ്ട് 28 ശതമാനം ആളുകള്‍ കാര്‍ഷിക മേഖലയില്‍ തൊഴില്‍ ചെയ്യുന്നുണ്ട്. ഇന്ത്യയില്‍ മാത്രമായി 43 ശതമാനം തൊഴിലാളികളും. ഇവരുടെയൊക്കെ കൃഷിഭൂമിയിലുള്ള ഇടപെടല്‍ കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ തള്ളിക്കളായാവുന്നതല്ല. അന്തരീക്ഷത്തില്‍ നിറയുന്ന ഹരിതഗൃഹ വാതകങ്ങളുടെ പ്രധാന കാരണമായി വിലയിരുത്തപ്പെടുന്നത് കൃഷിഭൂമിയിലുള്ള അനാവശ്യവും അശാസ്ത്രീയവുമായ ഇടപെടലാണ്.

ഹരിതഗൃഹ വാതകങ്ങളുടെ ഉറവിടങ്ങള്‍

1. ലൈവ് സ്റ്റോക്കുകളുടെ ഉത്പാദനവും ദഹനപ്രക്രിയയും
2. വെള്ളം കെട്ടിക്കിടക്കുന്ന പാടങ്ങളിലെ ബാക്ടീരിയകള്‍
3. വിളകളുടെ അവശിഷ്ടങ്ങള്‍ കത്തിക്കുന്നത്
4. രാസവളങ്ങള്‍ നിര്‍മിക്കുമ്പോള്‍ ഉണ്ടാകുന്ന പുകയും വളപ്രയോഗവും
5. മണ്ണിലെ നഷ്ടമാകുന്ന കാര്‍ബണിന്റെ അളവ്

ആഗോളവ്യാപകമായി മണ്ണില്‍ നിന്ന് നഷ്ടമാകുന്ന കാര്‍ബണിന്റെ അളവ് കണക്കാക്കുന്നത് വളരെ പ്രയാസമാണ്. 2017 -ലെ കണക്കനുസരിച്ച് ഏതാണ്ട് 5.4 ജിഗാടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡിനു തുല്യമായ ഗ്രീന്‍ഹൗസ് വാതകങ്ങള്‍ കാര്‍ഷിക വിളകളും കൃഷിസ്ഥലവുമായി ബന്ധപ്പെട്ട് ഉത്പാദിപ്പിക്കപ്പെട്ടിട്ടുണ്ട്. ഗ്രീന്‍ഹൗസ് വാതകങ്ങള്‍ പുറന്തള്ളുന്ന കാര്യത്തില്‍ മുന്‍പന്തിയില്‍ നില്‍ക്കുന്നത് ചൈന, ഇന്ത്യ, സോവിയറ്റ് യൂണിയന്‍, ആസ്‌ട്രേലിയ, ഇന്‍ഡോനേഷ്യ, പാക്കിസ്ഥാന്‍, അര്‍ജന്റീന. റഷ്യന്‍ ഫെഡറേഷന്‍ എന്നിവയാണ്.

ഭക്ഷണപദാര്‍ത്ഥങ്ങളില്‍ നിന്നുള്ള മാലിന്യങ്ങളില്‍ നിന്നും ഹരിതഗൃഹ വാതകങ്ങള്‍ ഉത്പാദിപ്പിക്കപ്പെടുന്നുണ്ട്. ആഗോളതലത്തില്‍ പുറത്തെത്തുന്ന വാതകങ്ങളുടെ കണക്കു പരിശോധിച്ചാല്‍ 19 ശതമാനം മുതല്‍ 29 ശതമാനം വരെ ഇത്തരത്തില്‍ ഉത്പാദിപ്പിക്കപ്പെടുന്നവയാണ്.

ഹരിതഗൃഹ വാതകങ്ങള്‍ പുറത്തുവിടുന്ന പ്രക്രിയ മാത്രമല്ല കാര്‍ഷിക മേഖലയില്‍ സംഭവിക്കുന്നത്. കാര്‍ബണിനെ പിടിച്ചെടുത്ത് ബയോമാസ് ആയി പ്രയോജനകരമായി മണ്ണില്‍ ലയിപ്പിക്കാനും കാര്‍ഷിക വിളകള്‍ കാരണമാകുന്നുണ്ട്.

2017 -ല്‍ കാര്‍ഷിക മേഖലയില്‍ നിന്നും മറ്റുള്ള ഭൂമി ഉപയോഗത്തില്‍ നിന്നുമുള്ള ഹരിതഗൃഹവാതകങ്ങളുടെ കണക്ക് പരിശോധിച്ചപ്പോള്‍ 172 മില്യണ്‍ ടണ്ണിന് തുല്യമായ കാര്‍ബണ്‍ഡയോക്‌സൈഡ് പുറത്തെത്തിയിട്ടുണ്ടെന്ന് വ്യക്തമാകുന്നു. മൊത്തത്തില്‍ അന്തരീക്ഷത്തിലെത്തിയ ഹരിതഗൃഹ വാതകങ്ങളുടെ 16 ശതമാനം ഇത്തരത്തില്‍ പുറന്തള്ളപ്പെട്ടതാണ്.

കാലാവസ്ഥാ മാറ്റങ്ങളെ അടിസ്ഥാനപ്പെടുത്തിയുള്ള നയങ്ങള്‍ രൂപീകരിക്കുന്ന കാര്യത്തിലുള്ള അനിശ്ചിതത്വമാണ് ഈ മേഖലയിലുള്ള ഏറ്റവും വലിയ വെല്ലുവിളി. അനാവശ്യമായ ഉപഭോഗം ഒഴിവാക്കി ഭക്ഷണ മാലിന്യങ്ങള്‍ ഇല്ലാതാക്കാനുള്ള നയമാണ് സ്വീകരിക്കേണ്ടത്. ഇത്തരം ഒരു നടപടി സ്വീകരിച്ചാല്‍ 2050 ആകുമ്പോള്‍ കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് 0.7 ജിഗാടണിനും 8.0 ജിഗാടണിനും ഇടയിലായി കുറയ്ക്കാമെന്നാണ് ഇന്‍ട്രോഗവണ്‍മെന്റല്‍ പാനല്‍ ഓണ്‍ ക്ലൈമറ്റ് ചെയ്ഞ്ച് (ഐ.പി.സി.സി) കണ്ടെത്തുന്നത്. ധാന്യങ്ങള്‍, പയര്‍ വര്‍ഗങ്ങള്‍, പഴങ്ങള്‍, പച്ചക്കറികള്‍, അണ്ടിപ്പരിപ്പ് തുടങ്ങിയവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് കൂടുതല്‍ സ്വീകാര്യമാകും. അതുപോലെ തന്നെ മാംസവില്‍പ്പനശാലകള്‍ വഴി അന്തരീക്ഷത്തിലേക്ക് പുറന്തള്ളപ്പെടുന്ന കാര്‍ബണ്‍ഡയോക്‌സൈഡിന്റെ അളവ് കുറയ്ക്കുകയും വേണം.

രാസവളങ്ങളുടെ വര്‍ധിച്ചു വരുന്ന ഉപയോഗവും കുറയ്‌ക്കേണ്ടതാണ്. 2050 ആകുമ്പോള്‍ സുസ്ഥിരമായ രീതിയില്‍ കൃഷിയിടങ്ങളും മറ്റ് നിലങ്ങളും കൈകാര്യം ചെയ്യാന്‍ കഴിഞ്ഞാല്‍ 2.3 ജിഗാടണ്‍ മുതല്‍ 9.6 ജിഗാടണ്‍ കാര്‍ബണ്‍ ഡയോക്‌സൈഡ് വരെ കുറയ്ക്കാനാകുമെന്ന് ഐ.പി.സി.സി കരുതുന്നു. മണ്ണിലെ ജൈവവസ്തുക്കളുടെ സാന്നിദ്ധ്യം വര്‍ദ്ധിപ്പിക്കുക, വളപ്രയോഗം കാര്യക്ഷമമാക്കുക, വിളകളുടെ പരിപാലനം നന്നാക്കുക, ഉന്നത ഗുണനിലവാരമുള്ള കാലിത്തീറ്റകള്‍ നിര്‍മിക്കുക, ജനിതകപരമായി നിലവാരമുള്ള ഇനങ്ങളെ ഉപയോഗിക്കുക എന്നിവയെല്ലാം ഉള്‍പ്പെടുത്തി സുസ്ഥിരമായ രീതിയില്‍ കാര്‍ഷിക മേഖലയില്‍ ഇടപെട്ടാല്‍ കാര്‍ബണ്‍ ഡയോക്‌സൈഡിന്റെ അളവ് കുറച്ച് ഹരിതഗൃഹ വാതകങ്ങളുടെ അളവ് കൂടുന്നതു മൂലമുള്ള പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാനാകും.

നിലവിലുള്ള പല സുസ്ഥിരായ ഭൂമി കൈകാര്യം ചെയ്യാനുള്ള നടപടികളും ആഗോളവ്യാപകമായി സ്വീകാര്യമല്ല. കാര്‍ഷിക വിഭവങ്ങളുടെ ലഭ്യതക്കുറവും ഇത്തരം കാര്യങ്ങളില്‍ കര്‍ഷകര്‍ക്ക് സേവനം ലഭ്യമാക്കുന്ന ഉപദേശകസമിതികള്‍ ഇല്ലാത്തതും അറിവില്ലായ്മയും അനുഭവസമ്പത്ത് ഇല്ലാത്തതുമെല്ലാം നിലവില്‍ സുസ്ഥിരമായ ഭൂമി ഉപഭോഗം എന്ന കാഴ്ചപ്പാട് കാര്യക്ഷമമായി മുന്നോട്ട് പോകാന്‍ വിഘാതം സൃഷ്ടിക്കുന്നുവെന്ന് ഐ.പി.സി.സി വിലയിരുത്തുന്നു. വികസ്വര രാജ്യങ്ങളില്‍ ഇതിന് വളരെ കുറഞ്ഞ മുടക്കുമുതല്‍ പോര. രാസവളങ്ങളുടെ അമിതമായ ഉപയോഗം കാലാവസ്ഥയില്‍ മാറ്റമുണ്ടാക്കുന്നുവെന്ന് വ്യക്തമായി തിരിച്ചറിഞ്ഞതാണ്. അതുകൂടാതെ ഭൂഗര്‍ജല സ്രോതസ്സുകള്‍ മലിനമാക്കുകയും ലോകത്ത് സാമ്പത്തികമായി നിലനില്‍ക്കുന്ന അസമത്വം വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.

മണ്ണിന്റെ ഘടനയും വെള്ളം പിടിച്ചുവെക്കാനുള്ള കഴിവും വര്‍ദ്ധിപ്പിക്കാന്‍ കഴിവുള്ള തരത്തിലുള്ള ചെടികള്‍ വെച്ചുപിടിപ്പിക്കുന്നത് ഇത്തരത്തിലുള്ള കാലാവസ്ഥാ വ്യതിയാനങ്ങള്‍ ഗണ്യമായ രീതിയില്‍ കുറയ്ക്കും. മണ്ണ് സംരക്ഷിക്കാന്‍ കഴിയുന്ന തരത്തിലുള്ള വിളകള്‍ നമുക്കുണ്ട്. മണ്ണൊലിപ്പ് തടയാനും പരിസ്ഥിതി സംരക്ഷിക്കാനും ഇവയ്ക്ക് കഴിയും. ഓട്‌സ്, ഓയില്‍സീഡ് റാഡിഷ് എന്നിവയെല്ലാം ഇത്തരത്തില്‍ 'കവര്‍ ക്രോപ്' ആയി വളര്‍ത്തുന്നവയാണ്. ഇത്തരം ചെടികള്‍ വളര്‍ത്തുന്നതു വഴി 0.44 ജിഗാടണ്‍ കാര്‍ബണ്‍ ഡൈ ഓക്‌സൈഡ് ഓരോ വര്‍ഷവും അന്തരീക്ഷത്തില്‍ നിന്ന് കുറയ്ക്കാനാകുമെന്ന് കണ്ടെത്തിയിട്ടുണ്ട്. ലോകത്തിലെ കൃഷിഭൂമിയുടെ കാല്‍ഭാഗം സ്ഥലത്ത് ഇവ പ്രായോഗികമാക്കിയാല്‍ത്തന്നെ ഇത്തരത്തിലുള്ള മാറ്റം സാധ്യമാകും.

കാര്‍ഷിക മേഖല കാരണം കാലാവസ്ഥയിലുണ്ടാകുന്ന മാറ്റങ്ങള്‍ ഇനിയുള്ള വര്‍ഷങ്ങളില്‍ വര്‍ധിച്ചുവരാനാണ് സാധ്യതയെന്ന് ഇവര്‍ പറയുന്നു. കാര്‍ബണ്‍ തന്നെയാണ് പ്രധാന പ്രശ്‌നം. ഏകദേശം 56 ശതമാനത്തോളം മീഥെയ്ന്‍, നൈട്രസ് ഓക്‌സൈഡ് എന്നീ വാതകങ്ങളും കൃഷിഭൂമിയില്‍ നിന്ന് പുറത്തെത്തുന്നുണ്ട്. ഇത്തരം വാതകങ്ങള്‍ ആഗോള താപനത്തിന് ആക്കം കൂട്ടുന്നവയാണ്. കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടാക്കാന്‍ പോന്ന പ്രധാന കാരണമാണ് കാര്‍ഷിക മേഖലയെന്ന് നാം തിരിച്ചറിയണം.