Asianet News MalayalamAsianet News Malayalam

ഗോബി മരുഭൂമി, ഫോസിലുകളുടെ കലവറ

ഏതാണ്ട് നൂറ് വർഷങ്ങൾക്ക് മുമ്പ്, ലോകത്തിലെ ആദ്യത്തെ ദിനോസർ മുട്ടകൾ അമേരിക്കൻ ശാസ്ത്രജ്ഞൻ റോയ് ചാപ്‍മാൻ ആൻഡ്രൂസ് കണ്ടെത്തിയത്  ഇവിടെ നിന്നാണ്. ഈ കണ്ടെത്തൽ ലോക പാലിയന്‍റോളജിക്കൽ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ദിനോസറുകൾ മുട്ടയിടുന്നു എന്നതിന്‍റെ ആദ്യത്തെ തെളിവായി ഇതിനെ കണക്കാക്കുന്നു.

Gobi desert fossil heritage
Author
Gobi Desert, First Published Nov 26, 2019, 3:40 PM IST

80 ദശലക്ഷം വർഷങ്ങൾക്ക് മുമ്പ്, ക്രിറ്റേഷ്യസ് കാലഘട്ടത്തിൽ വിശാലമായ താഴ്‌വരകളും ശുദ്ധജല തടാകങ്ങളും ഈർപ്പമുള്ള കാലാവസ്ഥയുമുണ്ടായിരുന്ന,  മംഗോളിയയിലെ ഗോബി. ഇന്നത്തെ ഗോബി മരുഭൂമി ദിനോസറുകളുടെ പറുദീസയായിരുന്നു. ഇവയെ ബയാൻസാഗിലെ ചുവന്ന മണൽ കല്ലുകൾ പാകിയ മലഞ്ചെരിവിൽ കാണാമായിരുന്നുവെന്നാണ് പറയുന്നത്. ഈ ഗോബി മരുഭൂമിയില്‍ നിന്നാണ് ആദ്യകാലത്തെ സസ്തനികൾ, ദിനോസറുകളുടെ മുട്ടകൾ ഇവയെല്ലാം ലഭിച്ചത്. കൂടാതെ 100,000 വർഷം മുൻപ് വരെയുള്ള ശിലാരൂപങ്ങളും ഇവിടെനിന്ന് കണ്ടെത്തിയിട്ടുണ്ട്.

Gobi desert fossil heritage

ഗോബിയിൽ ഏകദേശം 100 വർഷത്തിലേറെയായി പാലിയന്‍റോളജിക്കൽ ഗവേഷണങ്ങള്‍ നടക്കുന്നുണ്ട്. അതില്‍ 80 -ലധികം ഇനങ്ങളെ കുറിച്ചുള്ള തെളിവുകളാണ് കണ്ടെത്തിയിരിക്കുന്നത്. എന്നാൽ അവിടെ താമസിക്കുന്ന മനുഷ്യര്‍ക്കാകട്ടെ ഈ ശാസ്ത്രപൈതൃകത്തെ കുറിച്ച് ഒന്നും അറിയുകയുമില്ല. "ഈ സ്ഥലം വേലികെട്ടി സംരക്ഷിക്കുന്നതിൽ കാര്യമൊന്നുമില്ല. ജനങ്ങളുടെ അറിവാണ് ഏറ്റവും വലിയ സംരക്ഷണം." മംഗോളിയൻ പാലിയന്‍റോളജിസ്റ്റ് ബൊലോർസെറ്റ്സെഗ് മിൻജിൻ വിശദീകരിക്കുന്നു.

ഏതാണ്ട് നൂറ് വർഷങ്ങൾക്ക് മുമ്പ്, ലോകത്തിലെ ആദ്യത്തെ ദിനോസർ മുട്ടകൾ അമേരിക്കൻ ശാസ്ത്രജ്ഞൻ റോയ് ചാപ്‍മാൻ ആൻഡ്രൂസ് കണ്ടെത്തിയത്  ഇവിടെ നിന്നാണ്. ഈ കണ്ടെത്തൽ ലോക പാലിയന്‍റോളജിക്കൽ ചരിത്രത്തിലെ ഒരു വഴിത്തിരിവായിരുന്നു. ദിനോസറുകൾ മുട്ടയിടുന്നു എന്നതിന്‍റെ ആദ്യത്തെ തെളിവായി ഇതിനെ കണക്കാക്കുന്നു.

രണ്ടുവർഷത്തെ കാലയളവിൽ അദ്ദേഹത്തിന്‍റെ പര്യവേക്ഷണ സംഘം ഏകദേശം 100 ദിനോസറുകടെ ഫോസ്സിലുകൾ ഇവിടെനിന്നും കുഴിച്ചെടുത്തു. അത് പിന്നീട് അമേരിക്കൻ മ്യൂസിയം ഓഫ് നാച്ചുറൽ ഹിസ്റ്ററിയിലേക്ക് കൊണ്ടുപോയി. ചാപ്‍മാൻ-ആൻഡ്രൂസ് ഫ്ലേമിംഗ് ക്ലിഫ്സ് എന്ന് പുനർനാമകരണം ചെയ്‍ത ബയാൻസാഗിൽ ഈ ചരിത്രത്തെ സഹായിക്കുന്ന തെളിവുകൾ ഒന്നും അവശേഷിക്കുന്നില്ല.  ഇതിനെ കുറിച്ച്  സന്ദർശകർക്ക് വിവരങ്ങൾ നൽകുന്നതിന് അടയാളങ്ങളോ മാപ്പുകളോ മ്യൂസിയങ്ങളോ ഇല്ല. മാത്രവുമല്ല, ഇന്നിവിടെ ഫോസിൽ വേട്ടയാടൽ വളരെ കൂടുതലാണ്. നിരവധിപ്പേരാണ് അവിടെയെത്തി ഫോസിലുകളും മറ്റും ഖനനം ചെയ്‍ത് കടത്തുന്നത്.

Gobi desert fossil heritage

അമേരിക്ക, യുകെ എന്നിവയില്‍നിന്നും വ്യത്യസ്തമായി, മംഗോളിയയിൽ സർക്കാർ ഉടമസ്ഥതയിലുള്ളതും കയറ്റുമതി കർശനമായി നിരോധിച്ചിരിക്കുന്നതുമായ ഏതെങ്കിലും ഫോസിലുകൾ കണ്ടെത്തിയാൽ ശിക്ഷ കടുത്തതാണ്. എന്നിട്ടും, ഫോസിൽ സമ്പന്നമായ സൈറ്റുകളായ ഫ്ലേമിംഗ് ക്ലിഫ്‍സിൽ ദിനോസറുകളുടെ പേരിൽ കള്ളക്കടത്തും ലേലവും നടക്കുന്നുണ്ട്. കഴിഞ്ഞ അഞ്ച് വർഷത്തിനിടെ യുഎസ് ഇമിഗ്രേഷൻ ആൻഡ് കസ്റ്റംസ് എൻഫോഴ്‌സ്‌മെന്‍റ് 44 മില്യൺ ഡോളർ വിലവരുന്ന ദിനോസർ ഫോസിലുകൾ കള്ളക്കടത്തിൽ പിടിച്ചെടുത്തതായി ബിബിസി നടത്തിയ അന്വേഷണത്തിൽ കണ്ടെത്തിയിരുന്നു. വിദ്യാഭ്യാസവും ദിനോസർ അധിഷ്ഠിത ടൂറിസവുമാണ് ഇതിന് പരിഹാരമെന്ന് ബൊളോർസെറ്റ്സെഗ് പറയുന്നു.  മംഗോളിയയിലെ അടുത്ത തലമുറയിലെ പാലിയന്‍റോളജിസ്റ്റുകൾക്ക് പ്രചോദനം നൽകിയും അവിടത്തെ കുട്ടികളെ അതിന്‍റെ  ശാസ്ത്രീയ പ്രാധാന്യത്തെക്കുറിച്ച് പഠിപ്പിക്കുന്നതിലൂടെയും ഇന്നത്തെ അവസ്ഥ മാറ്റാന്‍ കഴിയുമെന്നാണ് ഇവര്‍ വിശ്വസിക്കുന്നത്. മലഞ്ചെരിവുകളിൽ താമസിക്കുന്ന കുട്ടികൾക്ക് ഇവിടെ കണ്ടെത്തിയ ദിനോസറുകളെക്കുറിച്ച് പലപ്പോഴും അറിയില്ല, ഭൂരിഭാഗം പേർക്കും ഒരു ദിനോസറുകളുടെ പേരും പറയാനാവില്ലായെന്നും ബൊലോർസെറ്റ്സെഗ് വിശദീകരിക്കുന്നു.

ബൊലോർ‌സെറ്റ്സെഗ് 2007 മുതല്‍ കനത്ത തുക തന്നെ ചെലവഴിച്ച് സമീപത്തെ കുട്ടികളില്‍ ദിനോസറുകളെ കുറിച്ചും അതിന്‍റെ ചരിത്രപരമായ പ്രാധാന്യത്തെ കുറിച്ചും പഠിപ്പിക്കാന്‍ ശ്രമിക്കുന്നുണ്ട്. അതുവരെ ടിവിയിൽ കണ്ടിട്ടുണ്ടെങ്കിലും അവ  ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് ജീവിച്ചിരുന്നുവെന്ന് അറിയില്ലായിരുന്നു. ഇത് ഒരു ഇതിഹാസമോ കുട്ടികളുടെ കഥയോ ആണെന്നാണ് കരുതിയിരുന്നതെന്നുമാണ് ഇതിനെക്കുറിച്ച് പഠിക്കാന്‍ സാധിച്ച കുട്ടികള്‍ പറഞ്ഞത്. വരും തലമുറകൾക്കും ചരിത്രത്തിന്‍റെ പ്രാധാന്യത്തെ കുറിച്ച് മനസിലാക്കാൻ ഒരവസരം ഒരുക്കുകയാണ് ഇതിലൂടെ ഗവേഷകർ ഉദ്ദേശിക്കുന്നത്. കാരണം കുട്ടികളിൽനിന്ന് തന്നെ ആരംഭിക്കണം അറിവിന്‍റെ ആദ്യപാഠങ്ങൾ എന്നതുതന്നെ.


 

Follow Us:
Download App:
  • android
  • ios