Asianet News MalayalamAsianet News Malayalam

'ഞാനൊരു ഇടതുപക്ഷക്കാരനാണ്, ഒരുപക്ഷേ,നിങ്ങൾ സങ്കല്പിക്കുന്നതിലേറെ...', നയം വ്യക്തമാക്കി സദ്ഗുരു

"പക്ഷേ.. നിങ്ങൾ സാധാരണ കണ്ടു വരുന്നതുപോലെ വികസനപ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ 'ലെഫ്റ്റ് ഔട്ട്'  ആക്കുന്ന തരം തലതിരിഞ്ഞ 'ലെഫ്റ്റ്' അല്ല ഞാൻ" 

i am left too, may be much more than you could think, says Sadhguru Jaggi Vasudev
Author
Coimbatore, First Published Apr 24, 2020, 9:31 AM IST

"നിങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിലും എത്രയോ അധികം ഇടതു ചായ്വുള്ള ഒരു വ്യക്തിയാണ് ഞാൻ" എന്ന് യോഗാചാര്യനും ചാരിറ്റിപ്രവർത്തകനും ആത്മീയഗുരുവുമായ സദ് ഗുരു ജഗ്ഗി വാസുദേവ്. തന്റെ ഇഷാ ആശ്രമത്തിൽ അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, ഒരു ശിഷ്യയുടെ ചോദ്യത്തോട് പ്രതികരിക്കവെയാണ് സദ് ഗുരു തന്റെ രാഷ്ട്രീയ ചായ്‌വിനെപ്പറ്റി തുറന്നു സംസാരിച്ചത്. ഏപ്രിൽ 22 -നാണ് പ്രസ്തുത വീഡിയോ സദ്ഗുരുവിന്റെ ഔദ്യോഗിക വെബ്‌സൈറ്റിൽ അപ്‌ലോഡ് ആയിരിക്കുന്നത്.

 "ഞാൻ ഗുരുവിന്റെ ശിഷ്യയാണ്" എന്ന മുഖവുരയോടെ തുടങ്ങിയ ചോദ്യം, പിന്നീട് കടന്നത് തികഞ്ഞ ഇടതു ലിബറൽ ആയ, ഗുരുവിന്റെ ഭാഷയിൽ 'വാട്ട്സ്ആപ്പ് ഭ്രാന്തി'(Whatsapp Fanatic) ആയ തനിക്ക് എങ്ങനെയാണ് ഗുരുവിന്റെ ശിഷ്യയായിരിക്കുകയും, അതേ സമയം തന്നെ ഗുരുവുമായി രാഷ്ട്രീയപരമായ വൈരുധ്യം നിലനിർത്തുകയും ചെയ്യാനാവുക എന്ന പ്രത്യയശാസ്ത്ര പ്രതിസന്ധിയിൽ നിന്ന് കരകയറ്റണം എന്ന ആവശ്യമായി മാറി. ഈ ചോദ്യത്തോട് പ്രതികരിക്കവെയാണ്,"നിങ്ങൾക്ക് സങ്കല്പിക്കാനാവുന്നതിലും എത്രയോ അധികം 'ലെഫ്റ്റ്'ആണ് ഞാൻ" എന്ന് സദ് ഗുരു തന്റെ നയം വ്യക്തമാക്കിയത്.

 

i am left too, may be much more than you could think, says Sadhguru Jaggi Vasudev

 

സദ്ഗുരുവിന്റെ ആ പ്രഖ്യാപനം സദസ്സിൽ കയ്യടികളുയർത്തി. ഹർഷാരവങ്ങൾ ഒടുങ്ങിയപ്പോൾ അദ്ദേഹം, പാതിയിൽ നിർത്തിയ തന്റെ വാക്യം പൂരിപ്പിക്കാൻ ശ്രമിച്ചു. "പക്ഷേ.. നിങ്ങൾ സാധാരണ കണ്ടു വരുന്നതുപോലെ വികസനപ്രവർത്തനങ്ങളിൽ നിന്ന് ജനങ്ങളെ 'ലെഫ്റ്റ് ഔട്ട്' (പുറത്താക്കുന്ന) ആക്കുന്ന തരം തലതിരിഞ്ഞ (crazy) 'ലെഫ്റ്റ്' അല്ല ഞാൻ". അങ്ങനെ ചെയ്യുന്നവരെയാവും നിങ്ങൾ 'ലെഫ്റ്റ്' എന്ന് ഇപ്പോൾ വിളിക്കുന്നത്. എന്നാൽ, ഇടതുപക്ഷത്തെപ്പറ്റിയുള്ള എന്റെ സങ്കല്പം അതല്ല..."അദ്ദേഹം പറഞ്ഞു.

" ഇടതുപക്ഷമെന്നത് എന്റെ മനസ്സിൽ കുറേക്കൂടി നീതിപൂർവകമായ, ന്യായയുക്തമായ ഒരു രാഷ്ട്രീയ ഭരണ സംവിധാനമാണ്. 'കുറേക്കൂടി' എന്ന വാക്ക് മനഃപൂർവം ഉപയോഗിച്ചതാണ് ഞാനിവിടെ. കാരണം, ഒരു സംവിധാനത്തിനും പൂർണമായ നീതിയോ, ന്യായമോ പ്രവർത്തിച്ചു കാട്ടാനാകില്ല. അങ്ങനെയൊന്ന് ഇല്ല എന്നുതന്നെ പറയാം. ചുരുങ്ങിയ പക്ഷം ഇന്നാട്ടിൽ അങ്ങനെ ഇന്നോളം നടന്നിട്ടില്ല എന്നെങ്കിലും ഉറപ്പായി പറയാം.

മഹാത്മാഗാന്ധിയടക്കം പലരും, നീതിയും ന്യായവും പുലർന്നിരുന്ന 'രാമരാജ്യ'ത്തെപ്പറ്റി പറയുന്നത് നമ്മൾ കേട്ടിട്ടുണ്ട്. അവിടെ, രാമന്റെ ധർമ്മപത്നിയും ജനകപുത്രിയുമായ സീതയ്ക്കുപോലും ആജീവനാന്തം തോന്നിയത്, "ഇവിടെ എന്താണ് നടക്കുന്നത്? എനിക്ക് നീതികിട്ടാത്തതെന്തുകൊണ്ടാണ് " എന്നൊക്കെയായിരുന്നു. രാമപുത്രന്മാരായ ലവകുശന്മാർക്കും തോന്നിയത് തങ്ങൾക്ക് ജീവിതത്തിൽ നീതി കിട്ടിയില്ല എന്നുതന്നെയാകണം. എന്തിന്, ഏറെക്കുറെ അതേ തോന്നൽ ജീവിതത്തിന്റെ പല ഘട്ടങ്ങളിലും സാക്ഷാൽ ശ്രീരാമനെ വരെ അലട്ടിയിട്ടുണ്ടാവണം. "ഞാൻ ഇത്രയൊക്കെ ചെയ്തിട്ടും, എന്നോട് സമൂഹം എന്തുകൊണ്ടാണ് ഇങ്ങനെ നന്ദികേട് കാണിക്കുന്നത് ?" എന്നദ്ദേഹത്തിന് ഉറപ്പായും തോന്നിക്കാണണം എപ്പോഴെങ്കിലുമൊക്കെ. അതുകൊണ്ടുതന്നെ, ഈ ലോകത്ത് തീർത്തും നീതിപൂർവ്വകമായോ ന്യായയുക്തമായോ പ്രവർത്തിക്കുന്ന ഒരു സമൂഹം നിലവിലില്ല എന്നുതന്നെ പറയാം. എന്നാൽ, എല്ലാം ഏറെക്കുറെ നീതിപൂർവകമായ നടക്കുന്ന, ജനങ്ങൾക്ക് തുല്യമായ അവസരങ്ങൾ ലഭിക്കുന്ന, അവരെ തുല്യരായി സമൂഹം പരിഗണിക്കുന്ന ഒരു സാഹചര്യമുണ്ടാക്കുക എന്നത് സാധ്യമാണ്.

 

i am left too, may be much more than you could think, says Sadhguru Jaggi Vasudev

 

ഇത്രയും പറഞ്ഞെങ്കിലും, ഞാൻ എന്റെ ജീവിതത്തിലിന്നോളം,  ഒരിക്കൽ പോലും 'രാഷ്ട്രീയം' പറഞ്ഞിട്ടില്ല എന്നുകൂടി ഈ അവസരത്തിൽ ഓർക്കട്ടെ. ഞാൻ എന്റെ രാഷ്ട്രീയ നിലപാടുകൾ ഞാൻ തുറന്നു പറയാൻ തുടങ്ങിയാൽ,ഒരു പക്ഷേ, നിങ്ങൾ മോഹാലസ്യപ്പെട്ടു വീണേക്കാം. അതുകൊണ്ട് ഞാൻ ഒരിക്കലും ഞാൻ ഒന്നും വിട്ടുപറയാൻ പോകുന്നില്ല, പൂർണ്ണമായി. ഇടക്കൊക്കെ ചില പൊട്ടും പൊടിയും ഇങ്ങനെ പറഞ്ഞാലായി. ഏതിനും, ചില വസ്തുതകൾ മാത്രം സൂചിപ്പിക്കാം.

'വസ്തുത' അതാണ് ഇവിടെ പ്രസക്തമായ പദം. വസ്തുതയും അഭിപ്രായവും രണ്ടാണ്. 'വ്യക്തിപരമായ അഭിപ്രായം', ഒരു സമൂഹത്തിലെ ജനങ്ങളുടെ തീരുമാനങ്ങളെക്കാൾ വലുതാണ് എന്ന തോന്നൽ നിങ്ങൾക്കുണ്ടെങ്കിൽ നിങ്ങൾക്ക് അടിസ്ഥാനപരമായ എന്തൊക്കെയോ കുഴപ്പങ്ങളുണ്ട് എന്നാണർത്ഥം. അങ്ങനെ തോന്നുന്ന ഘട്ടത്തിൽ നിങ്ങൾ ലക്ഷ്യമിടുന്നത് 'സമ്പൂർണ്ണ വിപ്ലവ'തിന്നാണ് എന്നുവരും. 'സമ്പൂർണ്ണ വിപ്ലവം' എന്നാൽ 'സമ്പൂർണമായ ഉന്മൂലനം' എന്നു മാത്രമാണ് അർത്ഥം.

'സായുധ വിപ്ലവം' എന്ന ആശയത്തിന്റെ അടിവേരുകൾ ചികഞ്ഞു ചെന്നാൽ നിങ്ങളെത്തുക പത്തൊമ്പതാം നൂറ്റാണ്ടിന്റെ അവസാനത്തിലും, ഇരുപതാം നൂറ്റാണ്ടിന്റെ തുടക്കത്തിലുമാണ്. അത്തരം വിപ്ലവാശയങ്ങൾ കാലഹരണപ്പെട്ടുകഴിഞ്ഞു. ഇന്ന് ഈ നാട്ടിൽ ലഭ്യമായ ആയുധശേഖരം എന്തുമാത്രമുണ്ട് എന്നുമാത്രം ഒന്നോർക്കുക. വിപ്ലവകാരികൾക്കും, അവരെ എതിർക്കുന്ന സേനയ്ക്കും വേണ്ടത്ര ആയുധങ്ങൾ കിട്ടിക്കഴിഞ്ഞാൽ പിന്നെയുണ്ടാവുക സർവനാശവും സംഹാരതാണ്ഡവവും ആയിരിക്കും. അതിൽ കുറഞ്ഞൊന്നും സംഭവിക്കില്ല. അതുകൊണ്ട് സായുധ വിപ്ലവം എന്ന ആശയത്തെ മനസ്സിൽ താലോലിക്കുന്നവർ ഒന്നോർക്കുക, നിങ്ങളുടെ ജനനം ഏതാനും പതിറ്റാണ്ടുകൾ വൈകിപ്പോയിരിക്കുന്നു.

എന്റെയൊക്കെ ചെറുപ്പത്തിൽ ഈ 'സായുധവിപ്ലവം', 'ഉന്മൂലനം' എന്നൊക്കെയുള്ള ആശയങ്ങൾ പറഞ്ഞുകേട്ടിരുന്നു. ചാരു മജുൻദാറിന്റെയും സോമുലുവിന്റെയുമൊക്കെ കാലമായിരുന്നു അത്. നക്സൽബാരിയിലേക്ക് കടന്നുചെല്ലാനും അവർക്കൊപ്പം തോളോടുതോൾ ചേർന്ന് പോരാടാനും ഒക്കെ ഞങ്ങളിൽ പലർക്കും അന്ന് ആഗ്രഹമുണ്ടായിരുന്നു. എന്നാൽ, അത്തരം പോരാട്ടങ്ങളുടെ കാലം കഴിഞ്ഞിരിക്കുന്നു. ഇന്ന് നമ്മുടെ രാജ്യത്ത്, മാറ്റങ്ങൾ കൊണ്ടുവരാനുള്ള ഒരേയൊരു മാർഗം ജനാധിപത്യപരമായ മുന്നേറ്റങ്ങൾ മാത്രമാണ്. ജനാധിപത്യ പ്രക്രിയകൾ മറ്റുള്ള സാധാരണ കളികൾ പോലെത്തന്നെയാണ്. ഒരു കളി നടന്നാൽ അതിൽ ഒരാൾ ജയിക്കും, മറ്റുള്ളവർ തോൽക്കും. തെരഞ്ഞെടുപ്പിന്റെ കളിയിൽ തോറ്റവർക്കും നാട്ടിൽ നിയമനിർമാണം നടത്തണം എന്ന് തോന്നാം. തോറ്റമ്പിയവനും ട്രോഫിയും ഷീൽഡും കൊണ്ട് നാടുചുറ്റണം എന്നുണ്ടാകാം ഉള്ളിൽ. പക്ഷേ, ആത്മാർഥമായി ചിന്തിച്ചിട്ട് പറയൂ, അത് ന്യായമായ ഒരാവശ്യമാണോ? ഒരിക്കലുമല്ല. പക്ഷേ, ഇപ്പോൾ നിങ്ങളുടെ ആവശ്യം ഏറെക്കുറെ അതുതന്നെയാണ്.

എന്താണ് ഈ നാട്ടിലിപ്പോൾ നടക്കുന്നതെന്ന് നോക്കൂ. തെരഞ്ഞെടുപ്പിലൂടെ ജനം തെരഞ്ഞെടുത്ത ഒരു ഗവണ്മെന്റ് അധികാരത്തിലേറുന്നു. അങ്ങനെ അധികാരസ്ഥാനങ്ങളിൽ വരുന്നവരുടെ പ്രാഥമികധർമ്മം നിയമങ്ങൾ നിർമിക്കുക എന്നതാണ്. അത് അവർ നിറവേറ്റുമ്പോൾ, തോറ്റു ഗ്യാലറിയിലിരിക്കുന്ന പലരും പറയുന്നു, "പറ്റില്ല, ഈ നിയമം നടപ്പിലാക്കാൻ പറ്റില്ല. ഞങ്ങൾ സമ്മതിക്കില്ല"എന്ന്.  അങ്ങനെ പറയുന്നത് ശരിയല്ല. നിയമത്തിലെ പിഴവുകൾ ആർക്കും ചൂണ്ടിക്കാട്ടാം. ലഭ്യമായ ജനാധിപത്യ ഇടങ്ങളിൽ എല്ലാം വിയോജിപ്പുകളും രേഖപ്പെടുത്താം. എന്നാൽ, തെരഞ്ഞെടുക്കപ്പെട്ട ഒരു ഗവൺമെന്റിനോട് "നിങ്ങൾക്ക് നിയമം നിർമിക്കാൻ അവകാശമില്ല" എന്നുപറയുന്നത് ജനാധിപത്യത്തിന്റെ അടിസ്ഥാന സങ്കൽപ്പങ്ങൾക്ക് കടകവിരുദ്ധമാണ്.

ഇന്നിപ്പോൾ ''ഞങ്ങൾ ഇടതുപക്ഷക്കാരാണ്" എന്നും പറഞ്ഞുകൊണ്ട് നടക്കുന്നവരുണ്ടല്ലോ. അവരിൽ മിക്കവരും ഇടതുപക്ഷവുമായി താത്വികമായി പുലബന്ധം പോലുമില്ലാത്തവരാണ് എന്നതാണ് സത്യം. കമ്യൂണിസം എന്നത് കമ്യൂണിറ്റിയുടെ ക്ഷേമത്തെപ്പറ്റിയുള്ള കരുതലാണ്. അല്ലാതെ, സ്വാർത്ഥചിന്തയല്ല. നിങ്ങൾ ഏതുതരം 'ലെഫ്റ്റ്' ആണ് എന്നെനിക്കറിയില്ല. പക്ഷേ, നിങ്ങളുടെ ജീവിതരീതി, സഹജീവികളോടുള്ള നിങ്ങളുടെ മനോഭാവം ഒന്നും കണ്ടിട്ട് എനിക്ക് 'ഇടതുപക്ഷ'ത്തിന്റേതായി അനുഭവപ്പെട്ടിട്ടില്ല ഇന്നോളം. പിന്നെ, നിങ്ങൾ പറഞ്ഞു, നിങ്ങളൊരു 'ലെഫ്റ്റ് ലിബറൽ' ആണെന്ന്. നിങ്ങൾ ഒരു കാരണവശാലും 'ലിബറൽ' അല്ലേയല്ല. കാരണം, നിങ്ങൾക്കുമാത്രമേ അഭിപ്രായസ്വാതന്ത്ര്യമുള്ളൂ എന്നാണ് നിങ്ങൾ കരുതുന്നത്. അതെങ്ങനെ 'ലിബറൽ' ചിന്താഗതിയാകും ?

'ലിബറൽ' അഥവാ 'സ്വതന്ത്ര' ചിന്താഗതി എന്നത് ഞാൻ മനസ്സിലാക്കിയിടത്തോളം ഇതാണ്. എനിക്ക് എന്ന് തോന്നുന്നത് നിങ്ങൾ ഞാൻ പറയും. അതിൽ എന്തെങ്കിലും തെറ്റുണ്ടെങ്കിൽ നിങ്ങൾക്ക് അത് ജനാധിപത്യപരമായ രീതിയിൽ ചൂണ്ടിക്കാണിക്കാം. എന്നാൽ, അങ്ങനെ വസ്തുതകൾ ചൂണ്ടിക്കാട്ടുന്നതിനു പകരം നിങ്ങൾ എന്താണ് ചെയ്യുന്നത്, " എനിക്ക് നിങ്ങൾ ഈ പറഞ്ഞത് ഇഷ്ടപ്പെട്ടില്ല" എന്ന് പറയുക. ഇതിപ്പോൾ, ഭാര്യയും ഭർത്താവും തമ്മിലുള്ള തർക്കം പോലായി. " ഇഷ്ടപ്പെട്ടില്ല" "പിടിച്ചില്ല" "വിഷമമായി" എന്നൊക്കെ പറയുന്നതിൽ എന്തർത്ഥമാണുള്ളത്. ഞാൻ പറഞ്ഞതിൽ എന്തെങ്കിലും വസ്തുതാവിരുദ്ധമായി ഉണ്ടെങ്കിൽ, എന്തെങ്കിലും തെറ്റുകൾ ഉണ്ടെങ്കിൽ ഉടനടി ചൂണ്ടിക്കാണിക്കുക. എനിക്ക് എന്റെ തെറ്റുബോധ്യപ്പെട്ടാൽ, ഞാൻ നിങ്ങളെ കുനിഞ്ഞുവാങ്ങിക്കൊണ്ടുതന്നെ അത് തിരുത്താൻ തയ്യാറാണ്. പക്ഷേ, നിങ്ങൾക്ക് പറയാനുള്ളത്, " എനിക്ക് നിങ്ങൾ പറഞ്ഞത് ഇഷ്ടമായില്ല " എന്നാണെങ്കിൽ, എനിക്കതിൽ യാതൊന്നും ചെയ്യാനില്ല.

അതുപോലെ, നാട്ടിൽ ജനങ്ങളാൽ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്റ് ഒരു നിയമം കൊണ്ടുവരുന്നു. നിങ്ങൾക്ക് അതിന്റെ ചില ഭാഗങ്ങൾ ഇഷ്ടമാകുന്നില്ല. നിങ്ങൾക്ക് ജനാധിപത്യപരമായ രീതിയിൽ അത് പ്രകടിപ്പിക്കാം, ചൂണ്ടിക്കാണിക്കാം, പ്രതിഷേധിക്കാം. എന്നാലും, അത് പരിഗണിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കാനുള്ള വിവേചനാധികാരം തെരഞ്ഞെടുക്കപ്പെടുന്ന ഗവൺമെന്റുകൾക്കുണ്ട്. നിങ്ങൾക്ക് രാഷ്ട്രത്തെപ്പറ്റി അത്രയ്ക്ക് ആകുലതയുണ്ട് എങ്കിൽ, രാഷ്ട്രനിർമ്മാണം നടത്തുന്നതിൽ അത്ര താത്പര്യമുണ്ട് എന്നുണ്ടെങ്കിൽ അടുത്ത തെരഞ്ഞെടുപ്പിന് ജനങ്ങൾക്കിടയിലേക്കിറങ്ങി, സ്ഥാനാർത്ഥിയായി, തെരഞ്ഞെടുപ്പിൽ ജയിച്ചുകേറി വരാൻ നോക്കൂ. അത് മാത്രമാണ് അങ്ങനെ ചെയ്യാൻ നമ്മുടെ നാട്ടിലെ ജനാധിപത്യം നമുക്ക് നൽകുന്ന ഒരേയൊരു അവസരം. തെരഞ്ഞെടുപ്പിൽ തോറ്റവർക്ക് നിയമനിർമാണം നടത്താനുള്ള അവസരം ലോകത്തൊരു രാജ്യവും നൽകാറില്ല. അത് മനസ്സിലാക്കണം, തിരിച്ചറിയണം നിങ്ങൾ.

പറഞ്ഞുവന്നത്, ഒരു പാർട്ടി തെരഞ്ഞെടുപ്പിൽ ജയിച്ച്, പാർലമെന്റിൽ എത്തി ഒരു നിയമം പാസാക്കിയാൽ, അതിനെ അനുസരിക്കുക എന്നതാണ് ന്യായമായും ചെയ്യാനുള്ളത്. അത് ആ പാർട്ടിയുടെ അഭിപ്രായം മാത്രമാണ് എന്ന് നിങ്ങൾ കരുത്തുന്നിടത്താണ് പ്രശ്‌നമിരിക്കുന്നത്. അത് അവരുടെ അഭിപ്രായമല്ല ഇനി, നാട്ടിലെ പാർലമെന്റ് പാസാക്കിയ ഒരു നിയമമാണ്. " ഇല്ല, ഞങ്ങളിതിനെ അനുസരിക്കില്ല, ഞങ്ങൾ തെരുവിലേക്കിറങ്ങി പ്രതിഷേധിക്കും" എന്നതാണ് നിങ്ങളുടെ അടുത്ത നയം. ശരി. പ്രശ്നമൊന്നും ഇല്ല. നിങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശം ഭരണഘടന നൽകുന്നുണ്ട്. ശരി തന്നെ. എന്നാൽ, ആ പ്രതിഷേധങ്ങൾ നടത്തുമ്പോൾ, വേറെ ഒരു പൗരന്റെയും മൗലികാവകാശങ്ങൾ ലംഘിക്കാൻ നിങ്ങൾക്ക് അധികാരമില്ല എന്നതും പരിഗണിക്കണം. റോഡ് ബ്ലോക്ക് ചെയ്യാൻ നിങ്ങൾക്ക് അധികാരമില്ല. വാഹനങ്ങൾ നിരത്തിലിറങ്ങുന്നത് തടയാൻ അധികാരമില്ല. കല്ലെറിയാൻ അധികാരമില്ല. നിങ്ങൾക്ക് പ്രതിഷേധിക്കാനുള്ള അവകാശമുണ്ട്, മറ്റൊരാളുടെ സ്വൈരജീവിതം താറുമാറാക്കാനുള്ള അവകാശമില്ല. അധികാരികളോട് മുൻ‌കൂർ അനുവാദം വാങ്ങി, യുക്തമായ ഒരു സ്ഥലം കണ്ടെത്തി, അവിടെ ചെന്നിരുന്ന് വേണ്ടുവോളം പ്രതിഷേധിച്ചു കൊള്ളുക. ഒരു പ്രശ്നവുമില്ല അങ്ങനെ ചെയ്യുന്നതിൽ. തെരുവിൽ ഉച്ചഭാഷിണി വെച്ച് ബഹളമുണ്ടാക്കി ശബ്ദമലിനീകരണമുണ്ടാക്കാനുള്ള അവകാശം പോലും യഥാർത്ഥത്തിൽ നിങ്ങൾക്കില്ല.

ജനാധിപത്യപരമായി പ്രതിഷേധിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്. അതിന് ജനാധിപത്യത്തിൽ ഇഷ്ടം പോലെ ഇടങ്ങളുണ്ട്, ഇന്നും. പ്രതിഷേധിക്കാനുള്ള അവകാശത്തെ തടസ്സമുണ്ടാക്കാനുള്ള അവകാശമെന്ന് തെറ്റിദ്ധരിച്ചു പോകരുത് നിങ്ങൾ. ഇപ്പോൾ നിങ്ങൾ 'ക്വിറ്റ് ഇന്ത്യാ' പ്രക്ഷോഭവും, നിസ്സഹകരണപ്രസ്ഥാനവും ഒക്കെയായി മുന്നോട്ടു പോകാനാണോ ഉദ്ദേശിക്കുന്നത്. അതിന്റെയൊക്കെ കാലം കഴിഞ്ഞു. അതൊക്കെ നിങ്ങൾ വല്ല 1947 -ന് മുമ്പും പോയി ചെയ്യണമായിരുന്നു. ഇപ്പോൾ ഈ നാട് പഴയ ബ്രിട്ടീഷ് ഇന്ത്യയല്ല. ഇവിടുള്ളത് നിങ്ങളുടെ സഹജീവികൾ തെരഞ്ഞെടുത്തത് പാർലമെന്റിലേക്കയച്ചവർ ചേർന്നുണ്ടാക്കിയ നിങ്ങളുടെ തന്നെ ഗവൺമെന്റാണ്. " അല്ല, എന്റെ ഗവൺമെന്റ് ഇങ്ങനെയല്ല" എന്നാണ് നിങ്ങൾ പറയാൻ ഉദ്ദേശിക്കുന്നത് എങ്കിൽ, അത് ജനാധിപത്യമല്ല എന്ന് തിരിച്ചറിയണം. ഭൂരിപക്ഷം തെരഞ്ഞെടുത്ത് അധികാരത്തിലിരുന്ന ഗവൺമെന്റ്, അതിനെ നിങ്ങൾക്ക് ഇഷ്ടമല്ലെങ്കിൽ കൂടി, നിങ്ങളുടെ സ്വന്തം ഗവൺമെന്റ് തന്നെയാണ്. അതിനെ ഇഷ്ടപ്പെടാതിരിക്കാൻ നിങ്ങൾക്ക് അവകാശമുണ്ട്.

 

i am left too, may be much more than you could think, says Sadhguru Jaggi Vasudev

 

ഇന്ന് പലരും പറഞ്ഞു കേൾക്കാറുണ്ട്, 'മോദി ഗവൺമെന്റ്' എന്ന്. എന്റെ മനസ്സിലോ, ഹൃദയത്തിലോ 'നരേന്ദ്ര മോദി ഗവൺമെന്റ് ' എന്നൊന്നില്ല. എനിക്കിത് ഇന്ത്യൻ ഗവൺമെന്റ് മാത്രമാണ്. അത് ഇന്ത്യാ മഹാരാജ്യത്തിന്റെ ഗവൺമെന്റാണ്. ഞാൻ ഇന്ത്യയുടെ ഗവണ്മെന്റിനെ എന്തിനുമേതിനും പിന്തുണയ്ക്കും അതാണെന്റെ നയം. ഞാൻ ഒരാളുടെയും ഫാനായത് കൊണ്ടല്ല അത്. ഏതെങ്കിലും ഒരു പ്രത്യേക പ്രത്യയശാസ്ത്രത്തിൽ വിശ്വസിക്കുന്ന ആളായതുകൊണ്ടുമല്ല ഞാനങ്ങനെ ചെയ്യുന്നത്. ഈ രാജ്യം എനിക്ക് തരുന്ന ചില ആനുകൂല്യങ്ങളുണ്ട്, സൗകര്യങ്ങളുണ്ട്. എനിക്ക് വാഗ്ദാനം ചെയ്യുന്നൊരു സമൂഹമുണ്ട്, സ്വൈരജീവിതമുണ്ട്, എന്റെ കുഞ്ഞുങ്ങളുടെ വിദ്യാഭ്യാസമുണ്ട്, അവരുടെ ഭാവിയുണ്ട്, അതിനൊക്കെ പ്രത്യുപകാരം എന്നോണം ഞാൻ ഈ നാട്ടിലെ നിയമത്തെ അനുസരിക്കാൻ ബാധ്യസ്ഥനാണ്. അത് ഞാൻ ഉറപ്പായും ചെയ്യും.

'അവരുണ്ടാക്കുന്ന കരിനിയമങ്ങൾ എനിക്ക് സ്വീകാര്യമല്ല' എന്നാണ് പലരും പറയുന്നത്. സ്വീകാര്യമല്ലെങ്കിൽ സ്വീകരിക്കേണ്ട. നാട്ടിൽ നിയമമുണ്ട്, നീതിന്യായ വ്യവസ്ഥയുണ്ട്. ഹൈക്കോടതിയിൽ ഹർജി കൊടുക്കൂ, സുപ്രീം കോടതിയിൽ സ്യൂട്ട് ഫയൽ ചെയ്യൂ. വാദിക്കൂ. നിയമത്തിൽ എന്തെങ്കിലും നിയമപരമായ ശരികേടുണ്ടെങ്കിൽ കോടതികളിൽ അത് നിലനിൽക്കില്ല. സുപ്രീം കോടതി ഒരു നിയമത്തെ നീതിയുക്തം എന്ന് വിധിച്ച ശേഷവും നിങ്ങൾക്ക് ആ നിയമം സ്വീകാര്യമല്ല എന്നുണ്ടെങ്കിൽ,  നിങ്ങൾ അടുത്ത തെരഞ്ഞെടുപ്പിൽ തീർച്ചയായും ജയിക്കേണ്ടതുണ്ട്. അതുമാത്രമാണ് വഴി. അതിനുവേണ്ടി അടുത്ത അഞ്ചു വർഷം കഠിനാദ്ധ്വാനം ചെയ്യാൻ നിങ്ങൾ തയ്യാറല്ല എന്നുണ്ടെങ്കിൽ നടക്കില്ല. ഈ അഞ്ചു വർഷവും മൃഷ്ടാന്നം തീനും കുടിയുമായി വീട്ടിൽ സുഖിച്ചു കഴിഞ്ഞിട്ട്, അടുത്ത തെരഞ്ഞെടുപ്പിലും മത്സരിക്കാതെ, പിന്നെയും നിങ്ങൾ വെറും പ്രതിഷേധം മാത്രമാണ് നടത്താൻ ഉദ്ദേശിക്കുന്നത് എങ്കിൽ ഒരു പ്രയോജനവുമില്ല.

മറ്റൊരു കാര്യം കൂടി പറയാം. ആരാണ് ഭരിക്കുന്നത് എന്നത് നോക്കിയല്ല ഇന്ത്യാ ഗവണ്മെന്റിനോടുള്ള എന്റെ നയം. എന്നെ സംബന്ധിച്ചിടത്തോളം ഇന്ത്യൻ ഗവൺമെന്റ് എന്ന ഒന്നേയുള്ളൂ. അതിനെ ഞാൻ എന്നും പിന്തുണയ്ക്കും.  അത് നിങ്ങൾക്കിഷ്ടമില്ലെങ്കിൽ നിങ്ങൾ ചെന്ന് പ്രധാനമന്ത്രിയാകണം. പക്ഷേ, അതിന് നിങ്ങൾക്കുള്ള ഒരേയൊരു യോഗ്യത? ഞാൻ പറയുന്നത് നിങ്ങൾക്ക് ഇഷ്ടമില്ല എന്നുമാത്രം ആകരുത്.

ഏതൊരു സാഹചര്യത്തിലും എടുക്കുന്ന തീരുമാനങ്ങൾക്ക് പരിമിതിയുണ്ടാകാം. ഉദാഹരണത്തിന്, 'ലോക്ക്ഡൗൺ  ഇനിയും നീട്ടണോ? ' എന്നത് ഏറെ പ്രസക്തമായ ഒരു ചോദ്യമാണ്. നിലവിലെ സാഹചര്യങ്ങൾ അളന്ന്, ഇപ്പോഴത്തെ ട്രെൻഡുകളും, കണക്കുകളും വെച്ച് ഭാവിയെപ്പറ്റി ധാരണയുണ്ടാക്കി, ഇപ്പോഴത്തെ സാഹചര്യത്തിൽ ഏറ്റവും യുക്തം എന്ന് തോന്നുന്ന ഒരു തീരുമാനമാകും എടുക്കുന്നത്. അത് ലോക്ക്ഡൗൺ തുടരനാകാം, അല്ലെങ്കിൽ ഇളവുചെയ്യാനാകാം. തീരുമാനം രണ്ടായാലും, ഒരിക്കലും നൂറുശതമാനം ശരിയാകണം എന്നില്ല. നമ്മുടെ സാഹചര്യങ്ങൾക്കും, മുൻഗണനാക്രമത്തിനും അനുസൃതമായ വിലയിരുത്തൽ നടത്തി നമ്മളും ഒരു അഭിപ്രായം സ്വരൂപിക്കുന്നു. ഇക്കാര്യത്തിൽ എല്ലാം ആലോചിച്ച് സർക്കാർ എടുക്കുന്ന തീരുമാനം ചിലപ്പോൾ നിങ്ങൾക്ക് രുചിച്ചെന്നു വരില്ല. കാരണം നിങ്ങളുടെ ആവശ്യങ്ങളും സാഹചര്യവും വ്യത്യസ്തമാണ്. സർക്കാരിന് അതിനു അനുസൃതമായി തീരുമാനം എടുക്കാൻ കഴിഞ്ഞു കൊള്ളണമെന്നില്ല. ഒരു സമൂഹത്തിനു വേണ്ടി എടുക്കുന്ന തീരുമാനങ്ങൾ പലപ്പോഴും 'വിട്ടുവീഴ്ചാ'സ്വഭാവമുള്ളതാണ്. എല്ലാവരും കുറെയൊക്കെ 'അഡ്ജസ്റ്റ്' ചെയ്യേണ്ടി വന്നേക്കും.

അതുകൊണ്ട്, ആദ്യം പറഞ്ഞതിലേക്ക് തിരിച്ചു വരാം. ഞാൻ ചിന്തിക്കുന്ന പോലെ തന്നെ നിങ്ങൾ ചിന്തിച്ചെന്ന് വരില്ല. എന്റെ അഭിപ്രായമാവണമെന്നില്ല നിങ്ങൾക്ക്. ഞാൻ പറഞ്ഞുവന്നത് അതിനെപ്പറ്റി അല്ലേയല്ല. നമ്മുടെ രാജ്യത്തെ തിളച്ചുമറിയുന്ന രാഷ്ട്രീയ സാഹചര്യത്തെപ്പറ്റി, ഒരിക്കലും  നമുക്ക് എല്ലാവർക്കും ഹിതകരമായ രീതിയിൽ ഒരു അഭിപ്രായം സ്വരൂപിക്കാൻ കഴിഞ്ഞുകൊള്ളണം എന്നില്ല.  എന്റെ ജീവിതത്തിൽ, ഞാൻ ഇന്നോളം മറ്റുള്ളവരെ ഒരു അഭിപ്രായത്തിലേക്കും ഒതുക്കാതിരിക്കാൻ ശ്രദ്ധിച്ചിട്ടുണ്ട്. അവരിൽ ഒക്കെയും പല നന്മകളുണ്ട്. ചില തിന്മകളും. അവർ അന്നന്ന് എന്നോട് എങ്ങനെ പെരുമാറുന്നു എന്ന് മാത്രമേ ഞാൻ കണക്കാക്കാറുള്ളൂ. അങ്ങനെ ചെയ്യാൻ നല്ല ആത്മപരിശീലനം വേണം, ആത്മാവിൽ അച്ചടക്കം പാലിക്കേണ്ടതുണ്ട്, സ്വന്തം മനസ്സിനെ ക്രമപ്പെടുത്തേണ്ടതുണ്ട്.

നിങ്ങൾ എത്രമാത്രം ഇടതു ചായ്വുള്ള ആളാണ് എന്നെനിക്കറിയില്ല. പക്ഷേ, ഞാൻ വളരെയധികം ഇടത്തോട്ട് ചായ്ഞ്ഞു നിൽക്കുന്ന ഒരാൾ തന്നെയാണ്. ഉദാഹരണത്തിന് ഇവിടത്തെ കാര്യം തന്നെ നോക്കൂ. ഇവിടെ ആരും നിങ്ങളോട് മതമെന്തെന്നു ചോദിക്കുന്നില്ല. നിങ്ങൾ എത്ര സമ്പാദിക്കുന്നു എന്നത് വിഷയമല്ല. നിങ്ങൾ ഏത് കുടുംബത്തിലെ, ജാതിയിലെ എന്നത് ഇവിടെ ആർക്കും വിഷയമല്ല. നിങ്ങളുടെ അച്ഛന്റെ പേര് ഞാൻ ഇന്നുവരെ ചോദിച്ചിട്ടില്ല. നിങ്ങൾക്ക് അങ്ങനെ പറയാൻ ഒരു പേരില്ല എങ്കിലും എനിക്കൊന്നുമില്ല. ഇനി നിങ്ങൾ വായിൽ സ്വർണ്ണക്കരണ്ടിയുമായി പിറന്നുവീണ ആളാണ് എന്ന് പറഞ്ഞാലും ഞങ്ങൾക്ക്  നിങ്ങൾ മറ്റാരെയും പോലെ ഒരാൾ മാത്രമാണ്. ഇവിടെ, ഈ യോഗാശ്രമത്തിൽ, എല്ലാവരും തുല്യരാണ്. ഇത് 'ലെഫ്റ്റ്' അല്ലെങ്കിൽ പിന്നെ എന്താണ് 'ലെഫ്റ്റ്' ? ഇത് കമ്യൂണിസമല്ലെങ്കിൽ, മറ്റെന്താണ് കമ്യൂണിസം?

നിങ്ങൾ നിങ്ങളുടെ വീട്ടിൽ സകല സൗകര്യങ്ങളോടും കൂടി 'ലെഫ്റ്റ് ലിബറൽ' ആയി കഴിയുന്നവരോട് ആരെങ്കിലും എന്തെങ്കിലും പാവങ്ങളോട് പങ്കുവയ്ക്കാൻ പറഞ്ഞാൽ തീരുന്ന ഇടത് ആഭിമുഖ്യമേ നിങ്ങൾക്കുള്ളൂ. ഇവിടെ നമ്മുടെ ആശ്രമത്തിൽ അത്തരം പരിപാടികൾ അയത്ന ലളിതമായിത്തന്നെ നിത്യം നടക്കാറുണ്ട്. ആത്മാന്വേഷണത്തിന്റെ പാതയിൽ ഏകാഗ്രമായി ദിശതെറ്റാതെ തുടരേണ്ടത് അത്യന്താപേക്ഷിതമാണ്. നിങ്ങൾ ഇപ്പോൾ ചെയ്യുന്നതുപോലെ ഇടത്തോട്ടോ വലത്തോട്ടോ അമിതമായി ചാഞ്ഞുകൊണ്ട് ഒടുവിൽ പോയി വല്ല കൊക്കയിലും വീഴരുത്.

ഇത്രയും പറഞ്ഞതുകൊണ്ട് ഞാൻ 'റൈറ്റ് വിങ്ങ്' ആണെന്ന് നിങ്ങൾ തെറ്റിദ്ധരിക്കരുത്. പറക്കാൻ, രണ്ടു 'വിങ്‌സും' ആവശ്യമുണ്ട്. എനിക്ക് രണ്ടിന്റെയും സഹായമുണ്ട്, പറക്കാൻ. വീണ്ടും വിധം ഇടതും വലതും വിങ്ങുകൾ മാറിമാറി വീശി അനന്തവിഹായസ്സിലേക്ക് പറന്നുയരാൻ തല്ക്കാലം എന്തായാലും എനിക്കാകുന്നുണ്ട്. 

 

Follow Us:
Download App:
  • android
  • ios