ആമസോണ്‍ കാടുകള്‍ കത്തിയെരിയുന്നത് ലോകത്തെയാകെ ആശങ്കയിലാക്കിയ വാര്‍ത്തയാണ്. ലോകത്തിന്‍റെയാകെ ശ്രദ്ധ വിഷയത്തിലുണ്ടായി. പ്രസിഡണ്ട് ജെയ്ർ ബോൽസൊനാരോയുടെ നടപടികളെ അവിടെയുള്ള ഓരോ ജനവിഭാഗവും എതിര്‍ത്തിരുന്നു. അവരുടെ നിലനില്‍പ്പിന് തന്നെ ഭീഷണിയാകുന്ന പ്രവര്‍ത്തനങ്ങള്‍ നിര്‍ത്തിവെക്കണമെന്നും അവരാവശ്യപ്പെട്ടു. 

ഇപ്പോഴിതാ കാലങ്ങളായി ശത്രുതയിലായിരുന്ന രണ്ട് സംഘങ്ങള്‍ സര്‍ക്കാര്‍ നടപടിക്കെതിരെ  പ്രതിഷേധിക്കാനും ആമസോണ്‍ കാടുകളും തങ്ങളുടെ നിലനില്‍പ്പും തകരാതിരിക്കാനായി ഒത്തുചേര്‍ന്ന് പോരാടാനും തീരുമാനിച്ചിരിക്കുന്നു. അവരുടെ ജന്മസ്ഥലമാണ് ആ വനവും അതുമായി ചേര്‍ന്ന പ്രദേശവും. ദശകങ്ങളായി കയാപോ, പനാര എന്നീ രണ്ട് ഗോത്രവിഭാഗങ്ങള്‍ തമ്മില്‍ പോരാണ്. ഗ്രാമങ്ങളില്‍ അതിക്രമിച്ച് കയറുക, ആക്രമിക്കുക എന്നിവയെല്ലാം ഇതിന്‍റെ ഭാഗമായി നടക്കാറുമുണ്ട്. 1968 -ല്‍ തോക്കുകളും ആയുധങ്ങളുമായെത്തിയ കയാപോ വിഭാഗത്തില്‍ പെട്ടവര്‍ പനാര വിഭാഗത്തെ ആക്രമിച്ചു. പ്രതിരോധിക്കാൻ അവരുടെ കയ്യിൽ അമ്പുകളാണ് ആകെയുണ്ടായിരുന്നത്. അന്ന്, കയാപോ വിഭാഗത്തിന്‍റെ അക്രമത്തില്‍ പനാരാ വിഭാഗത്തില്‍പെട്ട നിരവധിപേര്‍ മരിച്ചു. 

പിന്നീടിങ്ങോട്ടും ഈ ശത്രുതാമനോഭാവം അതുപോലെതന്നെ നിലനിന്നു. എന്നാലിപ്പോള്‍, ഈ രണ്ട് ഗോത്രവിഭാഗങ്ങളും ശത്രുത മാറ്റിവെച്ച് ഒരുമിച്ചു ചേര്‍ന്നിരിക്കുകയാണ്. 'ഇന്ന് നമുക്ക് ഒരൊറ്റ ശത്രു മാത്രമേയുള്ളൂ. അത് ബ്രസീല്‍ ഗവണ്‍മെന്‍റാണ്, ബ്രസീല്‍ പ്രസിഡണ്ടാണ്. അവര്‍ നമ്മുടെ പ്രദേശങ്ങളില്‍ അതിക്രമിച്ച് കടന്നിരിക്കുകയാണ്. ഞങ്ങള്‍ ഇരുവിഭാഗങ്ങള്‍ക്കുമിടയില്‍ പ്രശ്നങ്ങളുണ്ടായിട്ടുണ്ട്. പക്ഷേ, ഗവണ്‍മെന്‍റിനെതിരെ പോരാടാന്‍ നമ്മള്‍ ഒരുമിച്ചു ചേര്‍ന്നിരിക്കുകയാണ്' -കയാപോ നേതാവ് മുദ്‍ജിറെ പറയുന്നു. 

പനാര നേതാവ് സിന്‍കുവും പറയുന്നത് ഇതുതന്നെയാണ്, 'ഞങ്ങള്‍ കയാപോ വിഭാഗത്തില്‍ പെട്ടവരെ കൊന്നിട്ടുണ്ട്. അവര്‍ ഞങ്ങളുടെ ആളുകളെയും കൊന്നിട്ടുണ്ട്. പക്ഷേ, ഞങ്ങളൊന്നുചേര്‍ന്നിരിക്കുന്നു. ഇനി പരസ്‍പരം പോരടിക്കാനില്ല. പുറത്തുള്ളവരാല്‍ അക്രമിക്കപ്പെടാനും ഇല്ലാതാക്കപ്പെടാനും ഞങ്ങളാഗ്രഹിക്കുന്നില്ല. അതിനെതിരെ നമ്മളൊരുമിച്ച് ചേര്‍ന്നിരിക്കുകയാണ്' എന്നാണ് സിന്‍കു പറയുന്നത്. അവിടെ നടക്കുന്ന ഖനനത്തിനും വനനശീകരണത്തിനുമെതിരെയെല്ലാം ഒന്നുചേരുകയാണ് രണ്ട് വിഭാഗങ്ങളും. ബോൽസൊനാരോ അധികാരമേറ്റതോടെ ഖനനത്തിനും മറ്റ് പ്രവര്‍ത്തനങ്ങള്‍ക്കും അനുമതി നല്‍കുന്ന നടപടികളെ കുറിച്ച് ആലോചിക്കുകയാണ് ചെയ്തത്. അത് ഗോത്രവിഭാഗങ്ങളുടെ പ്രതിഷേധത്തിന് കാരണമായി.

കഴിഞ്ഞ ദിവസം രണ്ട് വിഭാഗങ്ങളും ചേര്‍ന്ന യോഗത്തില്‍ സിന്‍കു പറഞ്ഞത് ഇപ്രകാരമാണ്, 'ഇതിന് മുമ്പുണ്ടായിരുന്ന പ്രസിഡണ്ടുമാര്‍ നമ്മളെ പരിഗണിക്കുന്നവരായിരുന്നു. എന്നാല്‍, ബോൽസൊനാരോ ഇതിനെ കുറിച്ചൊന്നും യാതൊരു പരിഗണനയുമില്ലാത്തയാളാണ്. ഞങ്ങളെങ്ങനെയാണോ ജീവിക്കുന്നത് അത് അവസാനിപ്പിക്കാനാണ് അദ്ദേഹം ശ്രമിക്കുന്നത്. അതുകൊണ്ടാണ്, അതിനെതിരെ പ്രതികരിക്കാനാണ് ഞങ്ങള്‍ ഒന്നുചേര്‍ന്നിരിക്കുന്നത്. ഇങ്ങനെയിരുന്ന് സംസാരിക്കുന്നത്.'

ഈ വർഷത്തിന്‍റെ തുടക്കം മുതൽ തന്നെ നാനൂറോളം ഖനിത്തൊഴിലാളികളും തടിവെട്ടുകാരും ബകാജെ പ്രദേശത്ത് അനധികൃതമായി പ്രവേശിച്ചതെങ്ങനെയെന്ന് തദ്ദേശ നേതാവ് ബെപ്റ്റോ സിക്രിൻ ചോദിക്കുന്നു. തന്റെ ജനങ്ങളെ ഇത് ഭയപ്പെടുത്തുന്നുവെന്നും എന്തുചെയ്യണമെന്ന് അറിയില്ലെന്നും അദ്ദേഹം പറഞ്ഞു. 69,000 ഫുട്ബോൾ മൈതാനങ്ങൾക്ക് തുല്യമായ പ്രദേശം ഈ വർഷം ജനുവരി മുതൽ ജൂൺ വരെ സിങ്കു നദി പ്രദേശത്ത് മാത്രം നശിപ്പിക്കപ്പെട്ടതായും കണക്കുകള്‍ പറയുന്നുണ്ട്.

'ഞങ്ങള്‍ വൃക്ഷം, ജലം, മത്സ്യങ്ങള്‍ എന്നിവയ്ക്കെല്ലാം പ്രാധാന്യം കൊടുക്കുന്ന അവയെ എല്ലാം പരിഗണിക്കുന്ന ആളുകളാണ്. അവയെ ഒന്നും ഖനനത്തിലൂടെയും മറ്റും മലിനപ്പെടുത്താന്‍ ഞങ്ങള്‍ സമ്മതിക്കില്ല. അതുകൊണ്ടാണ് ഞങ്ങളെല്ലാം ഒത്തുചേര്‍ന്നിരിക്കുന്നത്. ഞങ്ങള്‍ക്ക് വേണ്ടി, ഈ സ്ഥലങ്ങള്‍ക്ക് വേണ്ടി സംസാരിക്കാന്‍ തങ്ങള്‍ മാത്രമേയുള്ളൂ അതിനാല്‍ പോരാട്ടം തുടരും എന്നും ഇവര്‍ പറയുന്നു. ഒപ്പം പരസ്പരം പോരടിച്ചിരുന്ന ആ കാലം ഇനി ആവര്‍ത്തിക്കില്ലെന്നും തങ്ങളുടെ മണ്ണിനായി ഇവിടെ നാം ഒന്നിച്ചിരിക്കുന്നു എന്നും കൂടി അവര്‍ പറയുന്നു.