മുംബൈയിലെ ജനജീവിതങ്ങള്‍ക്കിടയില്‍ ഞെട്ടിക്കുന്ന അസമത്വവും അന്തരവും പലതരത്തിലും എടുത്തുകാണിക്കപ്പെടാറുണ്ട്. തിരക്കുള്ള റോഡിലൂടെ വാഹനമോടിച്ചു പോകുമ്പോഴോ ഒരു ട്രെയിനിലെ ജനാലയ്ക്കരികിലിരുന്ന് പുറത്തേക്ക് നോക്കുമ്പോഴൊ ഒക്കെ അത് ദൃശ്യമായേക്കാം. പക്ഷെ, അതിന്‍റെ യഥാര്‍ത്ഥദൃശ്യം മനസിലാകണമെങ്കില്‍ ആകാശത്തുനിന്നുള്ള കാഴ്ച കാണണം. 

അതാണ് അമേരിക്കന്‍ ഫോട്ടോഗ്രാഫറായ ജോണി മില്ലര്‍ തന്‍റെ ക്യാമറക്കണ്ണിലൂടെ കാണിച്ചു തന്നതും. മുംബൈയിലെ ധാരാവി, മാഹിം, ബാന്ദ്രാ-കുര്‍ള കോംപ്ലക്സ് എന്നിവിടങ്ങളില്‍ നിന്നുള്ള ദൃശ്യങ്ങളാണ് മില്ലറുടെ ക്യാമറ ഒപ്പിയെടുത്തത്. പാവപ്പെട്ടവരേയും പണക്കാരേയും അകറ്റിനിര്‍ത്തുന്ന ആ അതിര്‍വരമ്പ് വളരെ സൂക്ഷ്മതയോടെ പ്രദര്‍ശിപ്പിക്കുന്നതാണ് അദ്ദേഹം പകര്‍ത്തിയിരിക്കുന്ന ദൃശ്യങ്ങള്‍. 

Unequal Scenes

അണ്‍ ഈക്വല്‍ സീന്‍സ് (Unequal Scenes) എന്ന് പേരിട്ടിരിക്കുന്ന പ്രൊജക്ടിന്‍റെ ഭാഗമായുള്ളതാണ് മില്ലറിന്‍റെ ഈ ഫോട്ടോയും. ഡ്രോണ്‍ ഉപയോഗിച്ച് ലോകത്തിലാകെ നിലനില്‍ക്കുന്ന അസമത്വത്തെ ദൃശ്യവല്‍ക്കരിക്കുക എന്നതാണ് ഈ പ്രൊജക്ടിലൂടെ അദ്ദേഹം ഉദ്ദേശിക്കുന്നത്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങളിലായി സൗത്ത് ആഫ്രിക്കയുടെ വിവിധ ഭാഗങ്ങള്‍, കെനിയ, ടാന്‍സാനിയ, യു എസ്, മെക്സിക്കോ എന്നിവിടങ്ങളില്‍ നിന്നെല്ലാം  ഇതുപോലെ ഫോട്ടോ പകര്‍ത്തിയിട്ടുണ്ട് മില്ലര്‍. മില്ലര്‍ ജനിച്ചത് യു എസ്സിലാണ്. 2012 -ല്‍ നരവംശ ശാസ്ത്രത്തില്‍ ബിരുദാനന്തരബിരുദമെടുക്കുന്നതിനായി കേപ് ടൗണിലെത്തി. അവിടെനിന്നും നാല് വര്‍ഷങ്ങള്‍ക്ക് ശേഷമാണ് അദ്ദേഹത്തിന്‍റെ അണ്‍ ഈക്വല്‍ സീന്‍സ് യാത്ര തുടങ്ങുന്നത്. 

'സൗത്ത് ആഫ്രിക്കയിലെ അസമത്വം അവഗണിക്കാന്‍ കഴിയുന്നതല്ല...' മില്ലര്‍ പറയുന്നു. അത് സാമ്പത്തിക ഘടനയെ മാത്രം കണക്കാക്കി നിലനില്‍ക്കുന്ന ഒന്നല്ല. അത് സാമൂഹികവും സാമ്പത്തികവും വീടുകളുടെ നിര്‍മ്മാണത്തിന്‍റെ തലത്തിലും വ്യക്തമായി ദൃശ്യമാകുന്ന ഒന്നാണ്. അതൊരു സിസ്റ്റത്തിന്‍റെ പ്രവര്‍ത്തന ഭാഗമാണ്. വെള്ളക്കാരില്‍ നിന്നും വ്യത്യസ്തമായ ഇടങ്ങളിലാണ് അവിടെ കറുത്ത മനുഷ്യര്‍ താമസിക്കുന്നത്. അത് നഗരത്തില്‍ നിന്നും അകലെയാണ്. നഗരത്തിന്‍റെ പ്രധാന ഭാഗത്ത് താമസിക്കാന്‍ ഇപ്പോഴും അവര്‍ക്കായിട്ടില്ല. നദികള്‍, ചതുപ്പ് നിലങ്ങള്‍, തരിശുനിലങ്ങള്‍ എന്നിവയെല്ലാം പണക്കാരെയും പാവപ്പെട്ടവരെയും മാറ്റിനിര്‍ത്തുകയും അതിന് അതിര്‍വരമ്പാവുകയും ചെയ്യുന്നുവെന്നും മില്ലര്‍ പറയുന്നു.

കേപ് ടൗണില്‍ കാലുകുത്തുമ്പോള്‍ മുതല്‍ നിങ്ങള്‍ക്ക് താല്‍ക്കാലികമായി കെട്ടിയുണ്ടാക്കുന്നതരം ഷെഡ്ഡുകളില്‍ താമസിക്കുന്ന മനുഷ്യരെ കാണാം. ആ അസമത്വത്തിന്‍റെ കാഴ്ചകളാണ് ഡ്രോണ്‍ വഴി ചിത്രങ്ങള്‍ പകര്‍ത്താന്‍ തന്നെ പ്രേരിപ്പിച്ചതെന്നും മില്ലര്‍ പറയുന്നു. അത് പകര്‍ത്തുക, വിഷയത്തിലേക്ക് ജനങ്ങളുടെ ശ്രദ്ധ തിരിക്കുക, അവരുടെ കാഴ്ചപ്പാടില്‍ മാറ്റമുണ്ടാക്കുക എന്നതാണ് ലക്ഷ്യമായി മനസ്സിലുണ്ടായിരുന്നത്. അങ്ങനെ 2016 -ല്‍ അത് ഞാന്‍ പകര്‍ത്തി. ആ പ്രൊജക്ട് ജനിച്ചു. 

ഒരു പ്രദേശത്തെ പകര്‍ത്തുകയെന്നതാണ് ആ സ്ഥലത്ത് നിലനില്‍ക്കുന്ന അസമത്വം ഏറ്റവും എളുപ്പത്തില്‍ ദൃശ്യമാക്കാനുള്ള വഴിയെന്നാണ് മില്ലര്‍ വിശ്വസിക്കുന്നത്. മുകളില്‍ നിന്ന് താഴേക്കുള്ള ദൃശ്യങ്ങള്‍ പകര്‍ത്തുകയെന്നതാണ് അതിന് ഏറ്റവും ചേര്‍ന്ന മാര്‍ഗ്ഗം. അവിടെ നമുക്ക് പാവപ്പെട്ടവരും പണക്കാരും തമ്മിലുള്ള ഏറ്റവും വ്യക്തമായ അതിര്‍വരമ്പുകളുടെ ദൃശ്യങ്ങള്‍ ലഭ്യമാകും എന്നും മില്ലര്‍ പറയുന്നു. ചിലപ്പോള്‍ അതൊരു വേലിയാകാം, ചിലപ്പോള്‍ റോഡാകാം, മറ്റു ചിലപ്പോള്‍ ചതുപ്പ് നിലമാകാം. കുഞ്ഞു കുടിലുകളോ, ഷെഡ്ഡുകളോ ഒരു ഭാഗത്തുണ്ടാകാം, വലിയ വീടുകളോ കെട്ടിടങ്ങളോ മറുവശത്തും. എന്താണോ ആ ഫോട്ടോഗ്രാഫില്‍ ദൃശ്യമാകുന്നത് അത് ശക്തമായി ജനങ്ങളിലേക്കെത്തും. 

2016 -ല്‍ മില്ലര്‍ തന്‍റെ യൂട്യൂബ് ചാനലില്‍ അപ്ലോഡ് ചെയ്തൊരു വീഡിയോ ഇത് വ്യക്തമാക്കുന്നതാണ്. കേപ് ടൗണിലെ പാവപ്പെട്ട ജനങ്ങള്‍ താമസിക്കുന്ന Masiphumelele എന്ന പ്രദേശവും സമ്പന്നര്‍ താമസിക്കുന്ന Lake Michelle നഗരപ്രദേശവുമായിരുന്നു ദൃശ്യത്തില്‍. അവയെ തമ്മില്‍ വേര്‍തിരിച്ചിരിക്കുന്നത് ഒരു ചതുപ്പ് നിലമാണ്. 

ടാന്‍സാനിയ, നൈറോബി, മെക്സിക്കോ സിറ്റി എന്നിവിടങ്ങളില്‍ നിന്നൊക്കെ അദ്ദേഹം ചിത്രങ്ങള്‍ പകര്‍ത്തി. അമേരിക്കയുടെ വിവിധ ഭാഗങ്ങളിലും ദൃശ്യങ്ങള്‍ പകര്‍ത്തി. ആ ദൃശ്യങ്ങള്‍ വികസിത രാജ്യങ്ങളില്‍ എങ്ങനെയാണ് അസമത്വം പ്രവര്‍ത്തിക്കുന്നത് എന്നതിന്‍റെ നേര്‍ക്കാഴ്ചകളായി. സെന്‍സസ് വിവരങ്ങള്‍, മാപ്പുകള്‍, ന്യൂസ് റിപ്പോര്‍ട്ടുകള്‍, ജനങ്ങളോടുള്ള സംസാരം ഇതിന്‍റെയൊക്കെ ഫലങ്ങള്‍ കൂടി ഉള്‍ക്കൊള്ളുന്നതാണ് തന്‍റെ ചിത്രങ്ങളെന്നും മില്ലര്‍ പറയുന്നു. 

മുംബൈയിലെ കാഴ്ചകള്‍

മുംബൈയിലെ ചിത്രങ്ങള്‍ പകര്‍ത്തുന്നതിന് ആര്‍ക്കിടെക്റ്റ് പി കെ ദാസ് തയ്യാറാക്കിയ സ്ലം മാപ്പാണ് ഉപയോഗിച്ചത്. പലതവണ മുംബൈ സന്ദര്‍ശിച്ചൊരാളാണ് മില്ലര്‍. അപ്പോഴൊക്കെ വല്ലാതെ തിരക്ക് നിറഞ്ഞ നഗരമായാണ് അനുഭവപ്പെട്ടതെന്ന് മില്ലര്‍ പറയുന്നു. പക്ഷെ, അത് തനിക്ക് അസ്വസ്ഥതയുണ്ടാക്കുന്ന ഒന്നായിരുന്നില്ലെന്നും താനിവിടെ ഭയങ്കര കംഫര്‍ട്ടബിളായിരുന്നുവെന്നും അദ്ദേഹം പറയുന്നു.  

അങ്ങനെ ഒരിടത്തുവെച്ച് ആ പ്രദേശത്തെ കുറിച്ച് ഒരു ഏകദേശധാരണയുണ്ടാക്കാനായി ഗൂഗിള്‍ എര്‍ത്ത് ഉപയോഗിക്കുകയായിരുന്നു അദ്ദേഹം. ആഫ്രിക്കയിലേതിന് സമാനമായ പല കാഴ്ചകളിലും മുംബൈയില്‍ വെച്ച് അദ്ദേഹത്തിന്‍റെ കണ്ണുടക്കി. വീടുകളുടെ വലിപ്പത്തിലും മറ്റുമായിരുന്നു പ്രത്യേകിച്ച് അത്. ഞാന്‍ ഫോട്ടോയെടുക്കുന്ന തെരുവുകളില്‍ ഒരുപക്ഷെ ധനികരായ ആരെങ്കിലും താമസിക്കുന്നുണ്ടാകാം. ചിലപ്പോള്‍ വലിയ കെട്ടിടങ്ങളില്‍ പാവപ്പെട്ടവരും. പക്ഷെ, പോയിന്‍റ് ഇതാണ്, അസമത്വം ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. അത് ലോകത്തിലെ ലക്ഷക്കണക്കിന് ജനങ്ങളുടെ ജീവിതത്തെ ബാധിക്കുന്നുണ്ട്. അതിനെതിരെ എന്തുചെയ്യാം എന്നാണ് ഞാന്‍ ചിന്തിച്ചത് എന്നും മില്ലര്‍ വ്യക്തമാക്കുന്നു. 

പൊളിറ്റിക്കല്‍ സയന്‍സ് വിദ്യാര്‍ത്ഥിയായിരിക്കെ ഇരുപത്തിയൊമ്പതാമത്തെ വയസ്സിലാണ് മില്ലര്‍ ഒരു ക്യാമറ സമ്പാദിക്കുന്നത്. ഡ്രോണ്‍ ഇമേജുകളെടുക്കുന്നത് തികച്ചും യാദൃച്ഛികമായാണ്. സുഹൃത്തുക്കളുടെ കൂടെ കേപ്പ് ടൗണിലെ ടേബിള്‍ മൗണ്ടയിന്‍ സന്ദര്‍ശിച്ചപ്പോഴായിരുന്നു അത്. ഫോട്ടോഗ്രാഫ് വളരെ ശക്തമായ ഒരു ആയുധമാണ്. അത് വൈകാരികതയെ കൂടി ദൃശ്യവല്‍ക്കരിക്കുന്നു. അതുകൊണ്ടാണ് എന്‍റെ പ്രൊജക്ട് പ്രധാനപ്പെട്ടതാണ് എന്ന് ഞാന്‍ വിശ്വസിക്കുന്നത്. നമ്മുടെ സമൂഹം ഇങ്ങനെ വേര്‍തിരിവോടെ തുടരാന്‍ നമ്മള്‍ തന്നെയാണ് അനുവാദം നല്‍കുന്നത്. ഈ ഫോട്ടോഗ്രാഫിലൂടെ സംവാദങ്ങളുണ്ടാകണം. പ്രശ്നത്തെ കുറിച്ച് സംസാരിക്കണം. പരിഹാരം കാണണം എന്നാണ് മില്ലര്‍ പറയുന്നത്. 

ആഗോളമാധ്യമങ്ങളെല്ലാം മില്ലറിന്‍റെ വര്‍ക്ക് കവര്‍ ചെയ്തു കഴിഞ്ഞു. നിരവധി പുരസ്കാരങ്ങളും അദ്ദേഹത്തിന് ലഭിച്ചു.  africanDRONE.org എന്നൊരു നോണ്‍-പ്രോഫിറ്റ് ഓര്‍ഗനൈസേഷനും അദ്ദേഹം തുടങ്ങിയിട്ടുണ്ട്.