Asianet News MalayalamAsianet News Malayalam

പ്രക്ഷോഭങ്ങൾക്കിടയിൽ ഗവൺമെന്റ് ഇന്റർനെറ്റ് അപ്പാടെ റദ്ദാക്കുമ്പോൾ ഡിജിറ്റൽ ഇന്ത്യയിൽ നടക്കുന്നത് മൗലികാവകാശലംഘനമോ ?

 ചുരുക്കം ചിലർ ചെയ്യുന്ന കുറ്റത്തിന്റെ പേരിൽ ഒരു പ്രദേശത്തെ ഉപഭോക്താക്കളുടെ മുഴുവൻ ഇന്റർനെറ്റും വിച്ഛേദിച്ചു കളയുന്നത്, 'എലിയെപ്പേടിച്ച്  ഇല്ലം ചുടുന്ന നടപടിയാണ്' എന്നാണ് ഡിജിറ്റൽ ഇന്ത്യ 'കണക്ടഡ്' ആകുന്ന സമയത്ത് പരസ്പരം പറയുന്നത്. 

Is banning internet a human rights violation in Modis digital india
Author
Delhi, First Published Dec 21, 2019, 3:42 PM IST

"ഹൈ സ്പീഡ് ഡിജിറ്റൽ ഹൈവേകൾ രാജ്യത്തെ ഒരുമിപ്പിക്കുന്ന ഒരു ദിവസമാണ് എന്റെ സ്വപ്നം" 2015 ജൂലൈ ഒന്നാം തീയതി ഡിജിറ്റൽ ഇന്ത്യ എന്ന പദ്ധതി പ്രഖ്യാപിച്ചുകൊണ്ട്  പ്രധാനമന്ത്രി നരേന്ദ്ര മോഡി പറഞ്ഞ വാക്കുകളാണിവ. "വിവരം അറിയാൻ ആഗ്രഹിക്കുന്നവർക്കുമുന്നിൽ ഒരു തടസ്സങ്ങളുമില്ലാത്ത ഒരു ഡിജിറ്റൽ ഇന്ത്യയാണ് എന്റെ സ്വപ്നം" എന്ന് പറഞ്ഞുകൊണ്ട് മോദി തുടർന്ന് വർണ്ണിച്ചത് സാധാരണക്കാരന്റെ ജീവിതങ്ങളിൽ നിർണായകമായ സ്വാധീനശക്തിയായി മൊബൈൽ 'കണക്ടിവിറ്റി' മാറാൻ പോകുന്നതിനെപ്പറ്റിയാണ്.

മോദി തുടങ്ങിവെച്ച ആ പദ്ധതിയുടെ ചുവടുപിടിച്ചുകൊണ്ട് നിരവധി കാതലായ വിപ്ലവങ്ങൾ ഇന്ത്യയിലെ വിദ്യാഭ്യാസ, ഭരണനിർവഹണ, സാമ്പത്തിക, വ്യാപാര രംഗങ്ങളിൽ ഉണ്ടായി. ഏറെക്കുറെ എല്ലാം തന്നെ ഡിജിറ്റൽ പ്ലാറ്റ്ഫോമിൽ, ആളുകളുടെ കയ്യിലുള്ള മൊബൈലുകളിൽ, ഇന്റർനെറ്റിന്റെ സഹായത്തോടെ ലഭ്യമാകാൻ തുടങ്ങി. എന്നുമാത്രമല്ല, അതിന് അവരെ പ്രോത്സാഹിപ്പിക്കാൻ വേണ്ടി അല്ലാതുള്ള പല സൗകര്യങ്ങളും വെട്ടിച്ചുരുക്കി, അല്ലെങ്കിൽ പണച്ചെലവുള്ളതാക്കി. അങ്ങനെ ജനം ഡിജിറ്റൽ മാർഗ്ഗങ്ങളിലേക്ക് കുടിയേറി. 
 

Is banning internet a human rights violation in Modis digital india


2016 നവംബർ എട്ടാം തീയതി, രാത്രി എട്ടുമണിയോടെ 'മേരെ പ്യാരേ ദേശ് വാസിയോം എന്നുതുടങ്ങിയ തന്റെ  പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോഡി രാജ്യത്ത് നിലവിലുള്ള അഞ്ഞൂറിന്റെയും ആയിരത്തിന്റെയും നോട്ടുകൾ നിരോധിക്കുന്നതായി പ്രഖ്യാപിച്ചു.  അന്നേദിവസമാണ് ഇന്ത്യയിൽ ഡിജിറ്റൽ പേയ്‌മെന്റ് എന്ന സങ്കല്പത്തിന്റെ ക്ലച്ചു പിടിച്ചു തുടങ്ങിയ ദിവസവും. താൻ വിഭാവനം ചെയ്യുന്നത് ഒരു 'കാഷ് ലെസ്സ് ' ഇക്കോണമിയാണ് എന്ന് അന്നത്തെ തന്റെ പ്രസംഗത്തിൽ പ്രധാനമന്ത്രി  നരേന്ദ്ര മോദി തന്നെ ഊന്നിപ്പറഞ്ഞു.  നോട്ടുനിരോധനത്തിനു മുമ്പുതന്നെ പലതരത്തിലുള്ള ഈ പേയ്‌മെന്റ് ആപ്പുകൾ വിപണിയിൽ പിച്ചവെച്ചു തുടങ്ങിയിരുന്നു എങ്കിലും, ഈ സാങ്കേതികവിദ്യ  എടിഎം പോലെ ആളുകൾ നിരന്തരം ഉപയോഗിച്ച് തുടങ്ങുന്നത് നോട്ടുനിരോധിച്ച അന്നുതൊട്ടാണ്.  തങ്ങളുടെ കയ്യിൽ കാഷായി ഉണ്ടായിരുന്ന തങ്ങളുടെ സമ്പാദ്യങ്ങൾ പലതും പലരും അതോടെ ബാങ്കുകളിൽ കൊണ്ടുചെന്നിട്ടു. മോദി പറഞ്ഞപോലെ ഡിജിറ്റൽ സേവനങ്ങളെ ആശ്രയിക്കാൻ തുടങ്ങി. 

ഇന്ന് പലരുടെയും ജീവിതത്തിൽ അവർ ദിവസേന പലവട്ടം ഗൂഗിൾ പേ, പേടിഎം തുടങ്ങിയ ആപ്പുകളെ ആശ്രയിക്കുന്നു. തങ്ങളുടെ ജീവിതത്തിൽ അത്രമാത്രം ജനങ്ങൾ ഡിജിറ്റൽ സേവനങ്ങളെ ആശ്രയിക്കുന്നുണ്ട് ഇന്ന്. എന്തിന്, അന്നന്നത്തെ ഭക്ഷണം കഴിക്കണമെങ്കിൽ  യൂബർ ഈറ്റ്സോ, സൊമാറ്റോയോ, സ്വിഗ്ഗിയോ ഒക്കെ കനിഞ്ഞേ പറ്റൂ പലർക്കും ഇന്ന്. ഒരിടത്തു നിന്ന് മറ്റൊരിടത്തേക്ക്  പോകണമെങ്കിൽ ടാക്സി വിളിക്കാൻ യൂബറോ ഓലയോ ഒക്കെ കൂടിയേ തീരൂ. അതിനൊക്കെ അടിസ്ഥാനപരമായി വേണ്ടതോ ഇന്റർനെറ്റും. അങ്ങനെ നോക്കുമ്പോൾ, ഇന്റർനെറ്റ് കട്ട് ചെയ്യുന്നതിലൂടെ ആളുകളുടെ പരസ്പര സമ്പർക്കം മാത്രമല്ല സർക്കാർ തടയുന്നത്, അവരുടെ ജീവിതങ്ങളിലെ അത്യന്താപേക്ഷിതമായ പല സേവനങ്ങളും അതോടെ റദ്ദാക്കപ്പെടുകയാണ്. അടിസ്ഥാന സൗകര്യങ്ങൾ തന്നെ നഷ്ടമാകുന്നു എന്ന് പറഞ്ഞു കഴിഞ്ഞ സ്ഥിതിക്ക് പിന്നെ ജനങ്ങളുടെ ഉല്ലാസോപാധികളായ സ്ട്രീമിംഗ് സർവീസുകൾ മുടങ്ങുന്നതിനെപ്പറ്റി പറയേണ്ടതില്ലല്ലോ. 

 ഇന്ന് അങ്ങനെ ഡിജിറ്റൽ ആശ്രയത്വം വന്നുപോയ ഒരു ജനതയോട് നമ്മുടെ ഗവൺമെന്റ് ചെയ്യുന്നത് കുറച്ചു കടുപ്പമുള്ള പ്രവൃത്തിയാണ്. ക്രമസമാധാനനില നിയന്ത്രണാധീനമാക്കാൻ എന്ന പേരും പറഞ്ഞ്, വർഷങ്ങൾ കൊണ്ട് തങ്ങൾ ജനങ്ങളുടെ ഒരു ശീലമാക്കി മാറ്റിയ, ഏതാണ്ട് ജീവശ്വാസം തന്നെയാക്കി മാറ്റിയ ഒരു സൗകര്യം: ഇന്റർനെറ്റ് കണക്ടിവിറ്റി, അതങ്ങു വിച്ഛേദിച്ചു കളയുക. ജനങ്ങളുടെ സ്വൈരജീവിതങ്ങളിൽ അതുണ്ടാക്കുന്ന ആഘാതങ്ങൾ ഏറെ വലുതാണ് . കഴിഞ്ഞ ഓഗസ്റ്റ് 4  -ന് ആർട്ടിക്കിൾ 370 റദ്ദാക്കിയതിന്റെ തലേന്ന് കശ്മീരിലാണ് സാമാന്യം നീണ്ടൊരു ഇന്റർനെറ്റ് നിരോധനത്തിന് ഗവൺമെന്റ് തുടക്കം കുറിച്ചത്. ഇന്നത് നാലുമാസം പിന്നിട്ടിരിക്കുന്നു. ഇന്നുവരെ അവർക്ക് മൊബൈൽ ഇന്റർനെറ്റ് തിരികെ കിട്ടിയിട്ടില്ല. 

 

Is banning internet a human rights violation in Modis digital india

 

ഇന്റർനെറ്റ് ഷട്ട് ഡൗണുകൾ നിരീക്ഷിക്കുന്ന ഒരു സംഘടനയായ ആക്സസ് നൗ'ന്റെ റിപ്പോർട്ട് പ്രകാരം 2018 -ൽ ലോകത്ത് ആകെ നടന്നിട്ടുള്ളത് 196 ഇന്റർനെറ്റ് ഷട്ട് ഡൗണുകളാണ്. അതിൽ 134 എണ്ണവും (67%)  നടന്നിരിക്കുന്നത് ഇന്ത്യയിലാണ്. പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ള പാകിസ്ഥാനിൽ ആകെ നടന്നിട്ടുള്ളത് 12 എണ്ണം മാത്രം. ഇക്കൊല്ലം ഇതുവരെ 95 വട്ടം സർക്കാർ ഇന്ത്യയിൽ ഇന്റർനെറ്റ് ബന്ധം വിച്ഛേദിക്കുകയുണ്ടായിട്ടുണ്ട്. സർക്കാരുകൾ ഈ ഒരു ആയുധം പൗരന്മാർക്ക് നേരെ എടുത്തുപയോഗിക്കുമ്പോൾ പുറത്തുപറയുന്ന ന്യായീകരണങ്ങൾ ദേശസുരക്ഷ, പൊതുസുരക്ഷ. ഫേക്ക് ന്യൂസ്, വിദ്വേഷ പ്രചാരണം തുടങ്ങിയവയാണ്. എന്നാൽ ശരിക്കുള്ള കാരണങ്ങൾ പലപ്പോഴും, അതൊന്നും ആവണമെന്നില്ല. രാഷ്ട്രീയ കോളിളക്കങ്ങൾ ഒരു പ്രധാന കാരണമാണ്. സമരങ്ങളെ തകർക്കാൻ വേണ്ടി ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ചെടുക്കുക പതിവാണ്. വിവരങ്ങൾ നിയന്ത്രിച്ചു നിർത്താനും അത് പ്രയോജനപ്പെടുത്താറുണ്ട് ഗവൺമെന്റുകൾ. 

ചൈന കഴിഞ്ഞാൽ ഏറ്റവുമധികം ഇന്റർനെറ്റ് ഉപഭോക്താക്കൾ ഉള്ളത് ഇന്ത്യയിലാണ്. ഇന്റർനെറ്റ് ആൻഡ് മൊബൈൽ അസോസിയേഷൻ ഓഫ് ഇന്ത്യ (IMAI) യുടെ കണക്കു പ്രകാരം ഇന്ത്യയിൽ 45 കോടി ഇന്റർനെറ്റ് ഉപഭോക്താക്കളുണ്ടെന്നാണ്.  അനുദിനം ഡിജിറ്റൈസേഷനെപ്പറ്റി പരസ്യം ചെയ്തുകൊണ്ടിരിക്കുന്ന രാജ്യം തന്നെ ഇങ്ങനെ ഇന്റർനെറ്റ് കട്ട് ചെയ്ത് ജനങ്ങളെ പ്രയാസപ്പെടുത്തുന്നത് എന്തൊരു വിരോധാഭാസമാണ്. പൗരത്വ നിയമ ഭേദഗതിയോട് അനുബന്ധിച്ചു നടന്ന പ്രക്ഷോഭങ്ങളിൽ ആദ്യം ഡൽഹിയിലാണ് ഇന്റർനെറ്റ് ബന്ധങ്ങൾ വിച്ഛേദിക്കപ്പെട്ടത്. പ്രസ്തുത ബിൽ അവതരിപ്പിച്ചതിന്റെ തലേന്നുതൊട്ടുതന്നെ വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ 'ഇന്റർനെറ്റ് ഇരുട്ടിൽ' ആയിരുന്നു. അത് 48 മണിക്കൂറോളം നീണ്ടുനിന്നു. പിന്നീട് ബംഗാളിലും ഇന്റർനെറ്റ് വിച്ഛേദിക്കപ്പെട്ടു. തലസ്ഥാന നഗരിയിലുണ്ടായ ഇന്റർനെറ്റ് ഷട്ട് ഡൗണിനോട് പല ദില്ലിക്കാരും ഏറെ വൈകാരികമായാണ് പ്രതികരിച്ചത്. 

 

Is banning internet a human rights violation in Modis digital india

 

ഇന്ത്യൻ ഗവൺമെന്റിന്റെ ഈ 'ഇന്റർനെറ്റ് അധിഷ്ഠിത കലാപനിയന്ത്രണതന്ത്ര'ത്തിനെതിരെ രാജ്യത്തിൻറെ പലഭാഗത്തും നിന്നും പ്രതിഷേധങ്ങൾ ഉയർന്നുവരുമ്പോൾ, മറ്റെല്ലാ കാര്യങ്ങളിലും ഇന്ത്യയ്ക്ക് ശത്രുസ്ഥാനത്തുള്ള അല്ലെങ്കിൽ ഇന്ത്യയോട് നിരന്തരം മത്സരിച്ചുകൊണ്ടിരിക്കുന്ന ഒരു രാജ്യം ഇന്ത്യയെ ഇക്കാര്യത്തിൽ സസന്തോഷം മാതൃകയാക്കിയിട്ടുണ്ട്.  ഏഴു പതിറ്റാണ്ടിന്റെ ജനാധിപത്യപാരമ്പര്യമുള്ള ഇന്ത്യ ഇന്റർനെറ്റ് നിയന്ത്രണം ഫലപ്രദമായ ഒരു ആയുധമായി ഉപയോഗിക്കുന്നത് അത് തികച്ചും സ്വാഭാവികമായ ഒരു നടപടിയാണ് ഇതെന്നതിന്റെ തെളിവാണ് എന്നാണ് അവർ ചൂണ്ടിക്കാണിക്കുന്നത്. ചൈനയിലെ സിൻജിയാങ് പ്രവിശ്യയിലെ ഉയിഗുറുകളോടും ചൈന പ്രയോഗിച്ചത് ഇതേ തന്ത്രമായിരുന്നു. 

ഇവിടെ പ്രസക്തമാകുന്നത് ഫഹീമ ഷിറിൻ എന്ന കോളേജ് വിദ്യാർത്ഥിനി തന്റെ കലാലയത്തിന്റെ മാനേജ്‌മെന്റിനെതിരെ പൊരുതി നേടിയ ഒരു കോടതി വിധിയും അത് പ്രസ്താവിച്ച വേളയിൽ കേരള ഹൈക്കോടതി നടത്തിയ നിരീക്ഷണവുമാണ്. ചേളന്നൂർ എസ് എൻ കോളേജിലാണ് ഫഹീമ പഠിച്ചിരുന്നത്. അവിടത്തെ വിമൻസ് ഹോസ്റ്റലിൽ വൈകുന്നേരം ആറുമണിക്കും രാത്രി പത്തുമണിക്കും ഇടയിൽ മൊബൈൽ ഫോൺ ഉപയോഗിക്കാനുള്ള അവകാശം നിഷേധിക്കപ്പെട്ടിരുന്നു. അതേത്തുടർന്നുണ്ടായ തർക്കത്തിനൊടുവിൽ ഫഹീമ ഹോസ്റ്റലിൽ നിന്ന് പുറത്താക്കപ്പെട്ട സാഹചര്യമുണ്ടായി. പിന്നീട്, ഇത് സംബന്ധിച്ച് ആ വിദ്യാർത്ഥിനിയും കോളേജ് മാനേജ്‌മെന്റും തമ്മിൽ നടന്ന വ്യവഹാരത്തിൽ വിധിപറഞ്ഞുകൊണ്ട് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് പിവി ആയിഷയുടെ വിധി ഇപ്രകാരമായിരുന്നു, " ഇത്തരത്തിലുള്ള നിയന്ത്രണങ്ങൾ നീതിക്ക് നിരക്കുന്നതല്ല. പെൺകുട്ടിയെ എത്രയും പെട്ടെന്ന് ഹോസ്റ്റലിൽ തിരികെ പ്രവേശിപ്പിക്കണം". ഒപ്പം ഏറെ പ്രസക്തമായ  ഒരു നിരീക്ഷണവും അന്ന് ജഡ്ജി നടത്തി. ഐക്യരാഷ്ട്ര സംഘടനയുടെ മനുഷ്യാവകാശ സമിതിയെ ഉദ്ധരിച്ചുകൊണ്ട് അന്ന് കോടതി പറഞ്ഞത് 'ഇന്റർനെറ്റ് ആക്സസ് എന്നത് ഒരു പൗരന്റെ മൗലികാവകാശമാണ്, അത് നിഷേധിക്കുന്നത് വിവേചനമാണ്' എന്നാണ്. 

 

Is banning internet a human rights violation in Modis digital india

 

ഐടി ആക്ട് വകുപ്പുകൾ ഉപയോഗിച്ച്  ഏതെങ്കിലും വെബ്സൈറ്റോ പ്രത്യേക ആപ്പോ റദ്ദാക്കാൻ കേന്ദ്രസർക്കാരിന്റെ സെക്രട്ടറിക്ക് അധികാരമുണ്ട്. എന്നാൽ അതും ഇന്റർനെറ്റ് ബന്ധം ആകെ റദ്ദാക്കാൻ പോന്ന അധികാരമല്ല. പൗരന്മാരുടെ മൗലികാവകാശമായ ഇന്റർനെറ്റ് ഒറ്റയടിക്ക് റദ്ദാക്കുന്നതിനുള്ള അധികാരം ഗവൺമെന്റുകൾക്ക് എങ്ങനെ കൈവരുന്നു എന്നാണ് നിയമവിദഗ്ദ്ധർ പലരും അത്ഭുതത്തോടെ ചോദിക്കുന്നത്. ഇത് പൗരന്മാരുടെ ജീവിക്കാനുള്ള അവകാശം റദ്ദാക്കലാണ് എന്നാണ് അവർ പറയുന്നത്. എന്നാൽ സർക്കാർ വൃത്തങ്ങൾ ഇത്തരത്തിൽ ഒരു ഉത്തരവ് ഇറക്കുന്നത് 1885 ലെ ഇന്ത്യൻ ടെലഗ്രാഫ് ആക്ടിലെ വകുപ്പുകൾ ഉപയോഗിച്ചാണ്. ആഭ്യന്തര വകുപ്പ് സെക്രട്ടറിക്കാണ് ഇത്തരത്തിൽ ഒരു ഉത്തരവിറക്കാനുള്ള അധികാരം ഈ നിയമ നൽകുന്നത്. 

ഇന്ന് പല പ്രതിഷേധങ്ങൾക്കും വൻതോതിൽ ജനങ്ങളെ എത്തിക്കാൻ പ്രയോജനപ്പെടുത്തുന്നത് വാട്ട്സ്ആപ്പ്, ഫേസ്‌ബുക്ക് തുടങ്ങിയ സാമൂഹ്യമാധ്യമങ്ങളിലെ കൂട്ടായ്മകളും അവയിലൂടെ നടക്കുന്ന ആശയപ്രചാരണവുമാണ്. എന്നാൽ ഇങ്ങനെയുള്ള ആഹ്വാനങ്ങളുടെ മറവിൽ രാജ്യത്ത് കലാപമുണ്ടാക്കാൻ ഏതെങ്കിലും കുത്സിത ശക്തികൾ ശ്രമിക്കുന്നുണ്ടെങ്കിൽ തന്നെ പ്രചാരണങ്ങൾക്ക് തടയിടാൻ എന്ന പേരിൽ ഒരു പ്രദേശത്തെ മുഴുവൻ ഇന്റർനെറ്റ് ബന്ധം അപ്പാടെ വിച്ഛേദിച്ചു കളയുന്നത്, അന്താരാഷ്ട്ര മനുഷ്യാവകാശ ചട്ടങ്ങൾക്ക് വിരുദ്ധമാണ്, എന്ന് പലരും പറയുന്നു. ചുരുക്കം ചിലർ ചെയ്യുന്ന കുറ്റത്തിന്റെ പേരിൽ ഒരു പ്രദേശത്തെ ഉപഭോക്താക്കളുടെ മുഴുവൻ ഇന്റർനെറ്റും വിച്ഛേദിച്ചു കളയുന്നത്, 'എലിയെപ്പേടിച്ച് ഇല്ലം ചുടുന്ന നടപടിയാണ്' എന്നാണ് ഡിജിറ്റൽ ഇന്ത്യ പരസ്പരം കണക്ടഡ് ആകുന്ന സമയത്ത് പരസ്പരം പറയുന്നത്.

Follow Us:
Download App:
  • android
  • ios