കടൽ ചൂടുപിടിച്ചു കിടക്കുന്നു. രവി അന്ന് നിസ്സഹായനായിരുന്നു. കാരണം മീന്‍ പിടിക്കാന്‍ പോയപ്പോള്‍ അവരുടെ ഒരു കൂട്ടുകാരന് പെട്ടെന്ന് ഹൃദയാഘാതം  ഉണ്ടായി. എന്ത് ചെയ്യണമെന്നറിയാതെ ആകെ പകച്ചു പോയി എല്ലാവരും. “ഞങ്ങൾ അദ്ദേഹത്തിന് കുറച്ചു വെള്ളം കൊടുത്തു. അത് വിപരീതഫലം ഉണ്ടാക്കുമെന്ന് പിന്നീട് ഞങ്ങൾക്ക് മനസ്സിലായി. പക്ഷേ ഭാഗ്യത്തിന്, ആ മനുഷ്യനെ ആശുപത്രിയിൽ എത്തിക്കാൻ ഞങ്ങൾക്ക് കഴിഞ്ഞു.”

പക്ഷേ, ഇന്ന് സമാനമായ ഒരു അവസ്ഥയുണ്ടായാൽ എന്ത് ചെയ്യണമെന്ന് രവിക്ക് അറിയാം. 'കടൽ ഒസായ് ’(സൗണ്ട്സ് ഓഫ് സീ) എന്ന എഫ്എം സ്റ്റേഷനിലെ ഡോക്ടറുടെ ഉപദേശമാണ് രവിയെ അതിന് സഹായിച്ചത്. കടലിൽ വച്ചുണ്ടാകുന്ന അത്തരം പ്രതിസന്ധികളെ എങ്ങനെ കൈകാര്യം ചെയ്യാമെന്നതിനെ കുറിച്ച് ചാനൽ ഒരു വർക്ക് ഷോപ്പും സംഘടിപ്പിച്ചു. "എന്നെപ്പോലുള്ള മത്സ്യത്തൊഴിലാളികൾക്കായി കടൽ ഒസായ് ഒരു പുതിയ ലോകം തുറന്നു. ഇപ്പോൾ ഞങ്ങളുടെ ബോട്ടുകൾ മാത്രമല്ല ഞങ്ങളുടെ ജീവിതവും കൈകാര്യം ചെയ്യാൻ ഞങ്ങൾക്കു കഴിയും.” അദ്ദേഹം പറയുന്നു.

2014 -ലെ സുനാമിക്ക് ശേഷം ഒരു കൂട്ടായ്‌മ വേണമെന്ന ആവശ്യത്തിന്‍റെ ഫലമായാണ് 2016 ഓഗസ്റ്റിൽ 'കടൽ ഒസായ്' എന്ന എഫ്എം രാമേശ്വരം ദ്വീപിൽ നിന്ന് പ്രക്ഷേപണം ആരംഭിച്ചത്. ഈ എഫ് എം തുടങ്ങിയത് ആംസ്ട്രോംഗ് ഫെർണാണ്ടോ എന്ന മത്സ്യത്തൊഴിലാളിയാണ്. ഇതിനായി രണ്ട് കോടിയിലധികം ചെലവഴിച്ച് അദ്ദേഹം ഒരു അത്യാധുനിക സ്റ്റുഡിയോ തുടങ്ങി. മികച്ച ജർമ്മൻ ഉപകരണങ്ങൾ വാങ്ങി, റിപ്പോർട്ടർമാർക്ക് ഇരുചക്രവാഹനങ്ങളും ഒരു എസ്‌യുവിയും നൽകി.

“ഞങ്ങൾക്ക് ശക്തമായ ഒരു ട്രാൻസ്മിറ്റർ ഉണ്ട്, എന്നാൽ മാത്രമേ കടലിൽ 10 കിലോമീറ്റർ അകലെയുള്ള മത്സ്യത്തൊഴിലാളികൾക്ക് ഞങ്ങളുടെ പരിപാടികൾ കേൾക്കാൻ കഴിയൂ. മത്സ്യബന്ധനവും അനുബന്ധ പ്രവർത്തനങ്ങളും എപ്പോഴും നടക്കുന്നതുകൊണ്ട് ഞങ്ങൾ 24 മണിക്കൂറും പ്രക്ഷേപണം നടത്തുന്നു.” ആംസ്ട്രോംഗ് വിശദീകരിക്കുന്നു.

കാലാവസ്ഥ, ഇന്ധന വില, മീൻപിടിത്തത്തിനുള്ള മേഖലകൾ, വിപണി വില എന്നിവയെക്കുറിച്ചുള്ള വിവരങ്ങൾ എല്ലാദിവസവും തുടക്കത്തിൽ പ്രക്ഷേപണം ചെയ്യുന്നു. തുടർന്ന് ഉപയോഗപ്രദമായ അലേർട്ടുകൾ നൽകുന്നു. അതുപോലെ, ഇന്ധനം ലാഭിക്കാനുള്ള മാർഗ്ഗങ്ങൾ, സബ്‌സിഡികൾ, സർക്കാർ നൽകുന്ന സഹായ പദ്ധതികൾ എന്നിവയെ കുറിച്ചുള്ള അറിവുകളും പങ്കുവെക്കുന്നു.

സാമൂഹ്യ പ്രശ്നങ്ങളിലും എഫ്.എം ഇടപെടാറുണ്ട്. 17 വയസ്സിൽ പെൺകുട്ടികൾ വിവാഹം കഴിക്കുന്ന രീതി ഇപ്പോഴും നിലവിലുണ്ട്. അതിനാൽ ഈ എഫ് എം പെൺകുട്ടികളുടെ വിദ്യാഭ്യാസത്തിനായി പ്രത്യേകം പരിപാടികൾ സംഘടിപ്പിക്കുന്നു. കരിയർ കൗൺസിലർമാർ അവർക്ക് അനുയോജ്യമായ കോളേജ് കോഴ്‌സുകളെക്കുറിച്ച് സംസാരിക്കുന്നു. "മത്സ്യബന്ധന ഗ്രാമങ്ങളിൽ നിന്നുള്ള നിരവധി പെൺകുട്ടികൾ ഇപ്പോൾ സമുദ്ര മലിനീകരണത്തിനെതിരെ ശബ്‌ദമുയർത്തുന്നു. അവർ പരിസ്ഥിതി പ്രശ്നങ്ങളെക്കുറിച്ച് ഞങ്ങളുടെ ഷോകളിൽ പതിവായി സംസാരിക്കുന്നു” കടൽ ഒസായ് സ്റ്റേഷൻ മേധാവി ഗായത്രി ഉസ്മാൻ ചൂണ്ടിക്കാട്ടുന്നു.

മീൻ വിൽക്കുന്ന അലിൻ നിരവധി സ്ത്രീ കേന്ദ്രീകൃത പരിപാടികൾ പതിവായി കേൾക്കാറുണ്ട്. “ഞങ്ങളുടെ കുട്ടികൾക്ക് ഇപ്പോൾ ‘മോശം സ്‌പർശം' എന്താണെന്ന് അറിയാം. ജനന വൈകല്യങ്ങൾക്ക് കാരണമായ അടുത്ത ബന്ധുക്കൾ തമ്മിലുള്ള വിവാഹം ഞങ്ങളുടെ സമൂഹത്തിൽ സാധാരണമായിരുന്നു. പക്ഷേ, ഇപ്പോൾ അത് വളരെ കുറഞ്ഞു. റേഡിയോയിൽ അതിനെ കുറിച്ച് കേട്ടതിനുശേഷം ഞങ്ങളുടെ വനിതാ സ്വാശ്രയ സംഘങ്ങളും അതിനെതിരായ പ്രചാരണത്തിൽ പങ്കുചേർന്നു” അവർ പറയുന്നു.

പക്ഷേ, ഇതൊക്കെയാണെങ്കിലും കടൽ ഒസായെ ലാഭത്തിലെത്തിക്കാൻ ആംസ്ട്രോംഗിന് കഴിഞ്ഞിട്ടില്ല. എന്നാൽ, 11 ജീവനക്കാർക്ക് പ്രതിമാസം രണ്ട് ലക്ഷം രൂപ ശമ്പളവും മറ്റ് പ്രവർത്തന ചെലവുകൾ ഉണ്ടായിട്ടും ആംസ്ട്രോംഗ്  ഇത് തുടരാൻ തന്നെ തീരുമാനിച്ചു. “എന്‍റെ ക്വാറി ബിസിനസിൽ നിന്നുള്ള വരുമാനം കൊണ്ട്  ഈ സ്റ്റേഷനെ മുന്നോട്ടു കൊണ്ടുപോകാൻ എനിക്കാവും. ഇത് ഇപ്പോൾ 50,000 ത്തിലധികം മത്സ്യത്തൊഴിലാളികളുടെ ജീവിതത്തിന്‍റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു” അദ്ദേഹം പറയുന്നു.

സമൂഹത്തിനും മത്സ്യത്തൊഴിലാളികൾക്കും ഒരു കൈത്താങ്ങാവുകയാണ് കടൽ ഒസായ്. ഇനിയും ഒരുപാട് മാറ്റം സമൂഹത്തിൽ കൊണ്ടുവരാനാകുമെന്ന പ്രതീക്ഷയിലാണ് ഈ എഫ് എം.