ഗതാഗത നിയമലംഘനങ്ങൾക്ക് കേന്ദ്ര ഭേദഗതിയിലൂടെ പരിഷ്‍കരിച്ച പിഴത്തുക കേരളവും മറ്റു പല സംസ്ഥാനങ്ങളും കുറച്ചതായി കഴിഞ്ഞ ദിവസങ്ങളിൽ വാർത്ത വന്നിരുന്നു. കേന്ദ്രം പിഴത്തുക ഉയർത്തിയതിനെയും സംസ്ഥാനങ്ങൾ അത് വെട്ടിക്കുറച്ചതിനെയും അനുകൂലിച്ചും എതിർത്തും പലവിധ വാദപ്രതിവാദങ്ങളും ഉയർന്നുവന്ന പശ്ചാത്തലത്തിൽ കുറച്ചു കാര്യങ്ങൾ പറയട്ടേ.

ഉയർന്ന പിഴ ഈടാക്കുന്നതിൽ വ്യാപക എതിർപ്പുയർന്നത് പരിഗണിച്ചാണ് അത് കുറയ്ക്കാൻ സംസ്ഥാനങ്ങൾ നിർബന്ധിതമായിരിക്കുന്നത്. അന്യായമായും യാതൊരു മാനദണ്ഡങ്ങളോ വീണ്ടുവിചാരമോ ഇല്ലാതെയാണ് പിഴത്തുക ഉയർത്തിയതെന്ന നിലയിലാണ് അതിനെ എതിർക്കുന്നവരുടെ വാദഗതികൾ. തുക എത്രത്തോളം ഉയർത്തിയാലെന്താ; ശിക്ഷ എത്രത്തോളം കഠിനമാക്കിയാലെന്താ, നിയമങ്ങൾ കണിശതയോടെ പാലിച്ചാൽ പോരേ? അപ്പോൾ ജനങ്ങൾക്ക് യാതൊരു ബാധ്യതയോ നഷ്ടമോ സാമ്പത്തികഭാരമോ വരാനിടയാകില്ലായെന്നതാണ് ഭേദഗതി അനുകൂലിക്കുന്നവരുടെ സ്വാഭാവിക ന്യായം.

അമ്മയെ തല്ലിയാലും രണ്ടുപക്ഷം എന്നതുപോലെ ഇക്കാര്യത്തിലും ഇരുചേരിയിലായി നിന്നു തർക്കിക്കുമ്പോഴും അത്തരമാളുകൾ വർദ്ധിപ്പിച്ചതും പിന്നീട് വെട്ടിക്കുറച്ചതുമായ പിഴത്തുകയിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതും ചർച്ചാവിഷയമാക്കുന്നതും. പ്രസ്തുത നിയമത്തിലെ മറ്റു ഭേദഗതികളിലേക്ക് ഇരുചേരിക്കാരുടേയും ശ്രദ്ധ പതിയുന്നില്ല.

അതായത്, ഇരുചക്രവാഹനത്തിൽ പിൻസീറ്റ് യാത്രക്കാരും ഹെൽമറ്റ് ധരിക്കണം, നാലോ അതിലധികമോ ചക്രവാഹനയാത്രക്കാരും, വണ്ടിയോടിക്കുന്നയാളും കൂട്ടുയാത്രികരുമുൾപ്പെടെ, സീറ്റുബെൽറ്റ് ധരിക്കണം തുടങ്ങിയ വിഷയങ്ങളിൽ പരമോന്നത നീതിപീഠം പുറപ്പെടുവിച്ച തീരുമാനങ്ങളുൾപ്പെടെ ആരും ഗൗരവമായി ചർച്ച ചെയ്തുകാണുന്നില്ല.

എന്താണ് സീറ്റ് ബെൽറ്റിന്റെ പ്രയോജനം? വിദേശരാജ്യങ്ങളിൽ നൂറും അതിലധികവും കിലോമീറ്റർ വേഗതയിൽ വാഹനങ്ങൾക്ക് സഞ്ചരിക്കാനുതകുന്ന പാതകൾ അവിടുത്തെ ഭരണകൂടം ഒരുക്കിക്കൊടുത്തിട്ടുണ്ട്, എന്നിട്ടാണ് അവിടങ്ങളിലൊക്കെ സീറ്റുബെൽറ്റ് നിർബന്ധമാക്കിയിരിക്കുന്നത്. ആ വേഗതയിൽ സഞ്ചരിക്കുമ്പോൾ അപകടമുണ്ടായാൽ തീർച്ചയായും സീറ്റുബെൽറ്റ് പ്രവർത്തിക്കും. മുഖവും നെഞ്ചും മുൻപിൽ ചെന്നിടിക്കുന്നതിൽ നിന്നും ചെറുക്കും; യാത്രക്കാരുടെ ജീവൻ രക്ഷിക്കാൻ ഉപകരിക്കും.

പക്ഷേ, അതെങ്ങനെയാണ് 20, 30 കിലോമീറ്റർ വേഗതയിൽപ്പോലും സഞ്ചരിക്കാൻ പ്രയാസപ്പെടുന്ന നമ്മുടെ നിരത്തുകളിൽ പ്രാവർത്തികമാകുന്നതെന്ന് എങ്ങനെയൊക്കെ ചിന്തിച്ചിട്ടും മനസിലാകുന്നില്ല. ഹൈവേകളിലും ബൈപ്പാസുകളിലും നിർബന്ധമാക്കിയാൽ അതിലൊരു പ്രായോഗികത കാണാൻ കഴിയും. കാരണം സീറ്റുബെൽറ്റിന്റെ പ്രവർത്തനോദ്ദേശ്യം പ്രാവർത്തികമാകണമെങ്കിൽ പോലും ഒരു നിശ്ചിത വേഗതയിൽ വാഹനം സഞ്ചരിക്കുകയും കൂട്ടിയിടിക്കും മറ്റും അത്രയും ആഘാതം ഉണ്ടാകുകയും വേണം. അല്ലാത്തപക്ഷം സീറ്റുബെൽറ്റിന്റെ ലോക്ക് വീഴുകയുമില്ല; എയർബാഗുള്ള വാഹനമെങ്കിൽ അത് പ്രവർത്തിക്കുകയുമില്ല.

ഇനി, എല്ലാത്തരം നിരത്തുകളിലും സീറ്റുബെൽറ്റും ഹെൽമെറ്റും (പിൻസീറ്റ് യാത്രക്കാർക്കുൾപ്പെടെ) നിർബന്ധമായും ധരിക്കണമെന്നത് സാധൂകരിക്കാവുന്നതാണെന്നു തന്നെ കരുതുക. അപ്പോൾ ഉയരുന്ന ചോദ്യം ഇതാണ്. കെ.എസ്.ആർ.ടി.സി ഉൾപ്പെടെയുള്ള ബസുകളിലും അത്തരം സമാന വാഹനങ്ങളിലും (ഡ്രൈവർക്കും കണ്ടക്ടർക്കും മറ്റെല്ലാ യാത്രക്കാർക്കും) ഇപ്പറയുന്ന സീറ്റുബെൽറ്റ് ബാധകമാക്കേണ്ടതല്ലേ? അതും മോട്ടോർ വാഹന നിയമത്തിനു കീഴിൽ വരുന്നതുതന്നെയല്ലേ? യാത്രക്കാർക്കോ ഡ്രൈവർക്കോ സീറ്റുബെൽറ്റില്ലാതെ നഗ്നമായ നിയമലംഘനമാണ് സർക്കാർ വാഹനമായ കെ.എസ്.ആർ.ടി.സി.യും ഇത്തരം മറ്റു വാഹനങ്ങളും നടത്തിപ്പോരുന്നത്. എന്നാൽ നാളിതുവരെ ഇതിനെതിരെ എന്തെങ്കിലുമൊരു നിയമനടപടി സ്വീകരിച്ചതായ ഒറ്റപ്പെട്ട വാർത്തകൾ പോലും കേട്ടുകേൾവിയിലില്ല. മറ്റു വാഹനങ്ങളിലെ പിൻസീറ്റു യാത്രക്കാർക്ക് ഹെൽമെറ്റും സീറ്റുബെൽറ്റും നിർബന്ധമാക്കുകയും സാധാരണക്കാർ ബഹുഭൂരിപക്ഷം ആശ്രയിക്കുന്ന ബസ് പോലുള്ള പൊതുഗതാഗത വാഹനങ്ങളെ ഈ വിഷയത്തിൽ തഴയുകയോ കണ്ടില്ലെന്നു നടിക്കുകയോ ചെയ്യുന്നത് ഈ നിയമത്തിന്റെ സാംഗത്യത്തെ തന്നെ ചോദ്യം ചെയ്യാനുതകുന്നതല്ലേ. സാധാരണക്കാരായ ഇത്തരം യാത്രക്കാരുടെ ജീവന് വിലയില്ലേ; മറ്റു സ്വകാര്യവാഹന യാത്രക്കാരുടെതിനു തുല്യമായി ഇത്തരം യാത്രക്കാരുടെ ജീവന് അധികൃതർ വില കൽപ്പിക്കുന്നില്ലേ? സാധാരണക്കാരായ യാത്രക്കാരോടുള്ള വിവേചനമായി ഒരാൾ സാമാന്യബുദ്ധിയിൽ ചിന്തിച്ചാൽ കുറ്റം പറയാനൊക്കുമോ.

അതുപോലെ, കുറഞ്ഞപക്ഷം കെ.എസ്.ആർ.ടി.സി ബസിലെങ്കിലും പുറകിൽ വെളിയിലായി ചില വിവരങ്ങൾ കുറിച്ചുവച്ചിട്ടുള്ളതായി നമുക്ക് വായിക്കാം. അതിലൊന്നാണ് PC (Passenger Capacity). ആ ബസിൽ എത്ര യാത്രക്കാരെ കയറ്റാം എന്നതാണ് അതുകൊണ്ട് അർത്ഥമാക്കുന്നത്; അതായത് ഇരുത്തിക്കൊണ്ടുപോകാവുന്ന യാത്രക്കാരുടെ എണ്ണമാണ് അത് സൂചിപ്പിക്കുന്നത്. യാത്രക്കാരെ നിർത്തിക്കൊണ്ടുപോകുന്നത് അമിതഭാരം കയറ്റലും നിയമലംഘനവുമെന്നു സാരം. അങ്ങനെ PC മാനദണ്ഡം പാലിക്കുന്ന എത്ര പൊതുഗതാഗത വാഹനം നമുക്ക് കാണാൻ കഴിയുന്നുണ്ട് നിരത്തുകളിൽ (പരിഷ്കരിച്ച ഗതാഗത നിയമം പറയുന്നത് ഓരോ അധിക യാത്രക്കാരനും 200 രൂപ പിഴ എന്നാണ്; സംസ്ഥാനം ഇത് 100 ആയി കുറച്ചിട്ടുമുണ്ട്).

പാശ്ചാത്യവും വികസിതവുമായ രാജ്യങ്ങൾ അവിടുത്തെ ജനങ്ങൾക്ക് പ്രായോഗികവും പരിഷ്കൃതവും ആധുനികവുമായ പുരോഗതിയും വികസനവും നൂതന സൗകര്യങ്ങളും മറ്റെല്ലാ മേഖലകളിലുമെന്നപോലെ വാഹനങ്ങൾക്കായി നിരത്തുകളിലും ഒരുക്കിക്കൊടുത്തിട്ട് നടപ്പിൽ വരുത്തിയിരിക്കുന്നതാണ് അവിടങ്ങളിലെ കർശന നിയന്ത്രണങ്ങളും ഉപാധികളും നിയമങ്ങളും. എന്നാൽ, പുതിയതായി ഒരു വാഹനം നിരത്തിലിറങ്ങുമ്പോൾ പതിനഞ്ച് വർഷത്തെ നിരത്തുനികുതി മുൻകൂറായി വാങ്ങുന്ന ഭരണകൂടം അത്തരം യാതൊരു സൗകര്യങ്ങളോ രീതികളോ വികസനമോ നിരത്തുകളിൽ പ്രാവർത്തികമാക്കുന്നില്ലെന്നു മാത്രമല്ല അനുദിനം നിരത്തുകളുടെ അവസ്ഥ ശോചനീയവും ഗതികെട്ടതുമായിക്കൊണ്ടിരിക്കുമ്പോഴാണ് വികസിത രാജ്യങ്ങളെ നോക്കി നിയന്ത്രണങ്ങളും നിയമങ്ങളും മാത്രം അവരിൽ നിന്നും കടമെടുക്കുന്നത്.

നിരത്തുകളുടെ ഇത്തരം ശോചനീയാവസ്ഥ കാരണം നിരവധി അപകടങ്ങളും മരണങ്ങളും സംഭവിക്കുന്നുണ്ട് നമ്മുടെ നാട്ടിൽ. ശരാശരി പതിനഞ്ചു വർഷം ഉപയോഗിക്കാത്ത ഒരു വാഹനത്തിന് അത്രയും നാളത്തെ നികുതി പിരിക്കുന്നവർക്ക് നിരത്തുകളുടെ അറ്റകുറ്റപ്പണികൾ സമയബന്ധിതമായി പരിഹരിക്കണമെന്നുള്ള ഉത്തരവാദിത്തം ബന്ധപ്പെട്ട വകുപ്പുകൾ (ഗതാഗതം, പൊതുമരാമത്ത്) കാണിക്കാറില്ല. ഗതാഗത വകുപ്പും പൊതുമരാമത്ത് വകുപ്പും തമ്മിൽ ഇക്കാര്യങ്ങളിൽ യാതൊരുവിധ ധാരണയോ ഏകോപനമോ യോജിച്ചുള്ള എന്തെങ്കിലും പദ്ധതിയോ പ്രവർത്തനമോ ഉള്ളതായി അറിവില്ല.

ശുഷ്കാന്തി ജനങ്ങളെ പിഴിഞ്ഞ് പിഴയീടാക്കുന്നതിൽ ഒതുങ്ങുന്നു. നിരത്തുകൾ സഞ്ചാരയോഗ്യമാക്കുകവഴി അപകടങ്ങളും മരണങ്ങളും കുറച്ചുകൊണ്ടുവരേണ്ട ഉത്തരവാദിത്തവും കരുതലും ഈ വകുപ്പുകൾക്കില്ലേ!

അത്തരം അടിസ്ഥാനസൗകര്യങ്ങളും മുന്നൊരുക്കങ്ങളും ഒരുക്കാൻ ബാധ്യസ്ഥരായവർ ആയതൊന്നും നിർവഹിക്കാതെ; അവരുടെ ഭാഗം ഭംഗിയാക്കാതെ ഉപാധികളും കർശന ചട്ടങ്ങളും യാത്രക്കാരായ ജനങ്ങൾക്കു മുന്നിലേക്ക് വയ്ക്കുന്നത് ആ നിലയ്ക്കുകൂടി ജനങ്ങളിൽ നിന്ന് പരമാവധി ധനം സ്വരൂപിക്കുകയെന്ന സ്ഥാപിത താൽപര്യം മാത്രമായേ കാണാൻ കഴിയൂ.

ഹെൽമെറ്റിന്റെ കാര്യമെടുത്താൽ, മോട്ടോർ വാഹന നിയമത്തിൽ നിഷ്കർഷിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ യാതൊന്നും തന്നെ പാലിക്കാതെയുള്ളവയാണ് ഉപയോഗത്തിലിരിക്കുന്ന നല്ലൊരു ശതമാനം ഹെൽമെറ്റുകളും (ഗതാഗത നിയമത്തിൽ ഹെൽമെറ്റിനെ headgear എന്നാണ് വിശേഷിപ്പിച്ചിട്ടുള്ളത്). നിയമത്തിൽ പ്രതിപാദിക്കുന്ന സുരക്ഷാമാനദണ്ഡങ്ങൾ പരിശോധിക്കാനുള്ള സംവിധാനം വകുപ്പിനില്ല; അല്ലെങ്കിൽ പരിശോധിക്കുന്നില്ല. അത്തരം ഹെൽമെറ്റുകളുടെ ലഭ്യത ഉറപ്പുവരുത്താൻ ആവശ്യമായ നടപടികളും സ്വീകരിച്ചുകാണുന്നില്ല. കാഴ്ചയിൽ ഹെൽമെറ്റു പോലെ തോന്നിക്കുന്ന എന്തെങ്കിലും തലയിൽ ധരിച്ചാൽ മതിയെന്നതാണ് നിലവിലെ അവസ്ഥ. ഗതാഗത വകുപ്പ് ഉദ്യോഗസ്ഥരുടെയും അത്തരം കാര്യാലയത്തിനു മുന്നിൽ വരെയും സുരക്ഷാമാനദണ്ഡങ്ങൾ പാലിക്കാതെയും ISI മുദ്രണവും ലഭിക്കാത്ത ഇത്തരം ഹെൽമെറ്റുകൾ വഴിയോരങ്ങളിൽ പോലും തകൃതിയായി വിറ്റുപോരുന്നു. ആർക്കും വാങ്ങി ധരിക്കാം; നിയമലംഘനത്തിൽ നിന്നും രക്ഷനേടാം.

നമ്മുടെ നാട്ടിൽ നടന്നുപോരുന്ന തികച്ചും വിരോധാഭാസവും പരിഹാസ്യവുമായ ഒരു സംഭവം കൂടി പറഞ്ഞ് അവസാനിപ്പിക്കാം. സീറ്റുബെൽറ്റ്/ഹെൽമെറ്റ് ധരിക്കാതിരിക്കൽ, അമിതവേഗത, വാഹനത്തിന്റെ പ്രമാണങ്ങളും രേഖകളും ലൈസൻസ് മുതലായവ ഇല്ലാതിരിക്കൽ ഇത്യാദി നിയമലംഘനങ്ങൾ പിടിക്കപ്പെട്ട് നിരത്തിൽ വച്ചുതന്നെ പിഴയൊടുക്കി അധികൃതരിൽ നിന്നും രസീത് കൈപ്പറ്റിയാൽ ആ വാഹനയാത്രികന്/വ്യക്തിക്ക് അന്നത്തെ ദിവസം മുഴുവനും അതേ നിയമലംഘനം നടത്തിപ്പോരാമെന്നതാണ് നാമിപ്പോൾ കണ്ടുപോരുന്ന കീഴ്‍വഴക്കം. അതായത്, അന്നേദിവസം എത്ര ആവർത്തി ഒരേതരം നിയമലംഘനത്തിന് വാഹനം പിടിക്കപ്പെട്ടാലും ആദ്യം പിഴയടച്ച രസീതുണ്ടെങ്കിൽ വീണ്ടും പിഴയടക്കേണ്ടതില്ല; പിഴ ഈടാക്കാറില്ലെന്നു പറയുന്നതാണ് പച്ചപ്പരമാർത്ഥം.

ഇങ്ങനെ ശിക്ഷിക്കാതെ/പിഴയീടാക്കാതെ വിടുന്നത്തിന്റെ പിന്നിലെ സാമാന്യയുക്തി എന്തെന്നറിയാനുള്ള കൗതുകവും ഉത്ഖണ്ഠയുമായി വകുപ്പ് ഉദ്യോഗസ്ഥരോടും, എന്തിനധികം, ചില നിയമജ്ഞരോടും ആരാഞ്ഞപ്പോൾ ലഭിച്ചത് 'മാനുഷിക പരിഗണന' നൽകി വീണ്ടും പിഴ ചുമത്തുന്നില്ലെന്നും മറ്റുമുള്ള ബഹുരസ മറുപടികളും അഭിപ്രായങ്ങളുമാണ്. അങ്ങനെ നോക്കുമ്പോൾ ഓരാളുടെ ജീവന്റെ സുരക്ഷയ്ക്കും മുകളിലത്രേ മാനുഷികമെന്ന് കരുതേണ്ട ഗതികേടിലേക്ക് പോകേണ്ടി വരും നമ്മൾ. അതേസമയം അമിതവേഗത, സീറ്റുബെൽറ്റ് ധരിക്കാതിരിക്കൽ തുടങ്ങിയവ നിരത്തുകളിൽ സ്ഥാപിച്ചിട്ടുള്ള ക്യാമറകളിൽ ഒരു ദിവസം എത്ര തവണ പതിയുന്നുവോ അത്രയും തവണ ശിക്ഷണനടപടികളെടുത്ത് പിഴയീടാക്കുന്നുമുണ്ട്.

ഒരേ കുറ്റകൃത്യത്തിന്/നിയമലംഘനത്തിന് ഒന്നിലധികം തവണ ഒരാളെ ശിക്ഷിക്കാൻ നിയമം അനുശാസിക്കുന്നില്ലെന്നും (Double Jeopardy) ക്രിമിനൽ നടപടിക്രമത്തിലെ (CrPC) 300 ആം വകുപ്പ് അത് തടയുന്നെന്നുമുള്ള മറ്റൊരു വിചിത്ര ന്യായമാണ് മറ്റുചില കോണുകളിൽ നിന്നും ഉയർന്നുവന്ന ന്യായീകരണം. ഒരിക്കലുമത് CrPC Section 300 -ന്റെ (double jeopardy) പരിധിയിൽ വരുന്നില്ലെന്നുമാത്രമല്ല, അതൊരു തുടർ കുറ്റകൃത്യവുമാണ്; അതിനെ അങ്ങനെതന്നെ കണ്ട് വീണ്ടും പിഴയീടാക്കി ശിക്ഷിക്കേണ്ടതുമാണ്. അതല്ലെങ്കിൽ, ദിവസേന ഒരുനേരം പിഴയൊടുക്കാൻ തയാറുള്ള (അല്ലെങ്കിൽ അതിനുവേണ്ടി ഒരു തുക മാറ്റിവയ്ക്കാൻ കെൽപ്പുള്ള) ഏതൊരാൾക്കും ഗതാഗത നിയമങ്ങൾ ബാധകമല്ലെന്നുവരും; അവർ നിയമത്തിനതീതരാകും; അത് ഭരണഘടനാലംഘനമാകും.