Asianet News MalayalamAsianet News Malayalam

ബുർഖ ധരിക്കാം, നമ്മുടെ പെൺകുട്ടികൾക്ക് വിദ്യാഭ്യാസം വേണം, തൊഴിലെടുക്കാനാവണം, അഫ്​ഗാൻ സ്ത്രീകളുടെ പ്രതിഷേധം

ഭയവും അനിശ്ചിതത്വവും കാരണം ഹെറാത്തിലെ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഭൂരിഭാഗവും വീട്ടിൽ തന്നെയാണെന്ന് അവർ വിവരിച്ചു. തിരികെ ജോലിചെയ്യാൻ എത്തിയവർക്ക് താലിബാൻ സേനയുടെ ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നതായും മറിയം പറഞ്ഞു.

let us work protest of afghan women
Author
Afghanistan, First Published Sep 3, 2021, 3:32 PM IST

അഫ്ഗാനിസ്ഥാന്റെ പുതിയ ഭരണത്തിൽ സ്ത്രീകൾക്ക് ഇടം ലഭിക്കുമോ എന്ന ആശങ്കയിലാണ് ജനങ്ങൾ. എന്നാൽ ഇതിനിടയിൽ അഫ്ഗാനിൽ സ്ത്രീകൾ ഒരു വ്യത്യസ്തമായൊരു പ്രതിഷേധവുമായി തെരുവിൽ ഇറങ്ങിയിരിക്കയാണ്. താലിബാൻ ഭരണത്തിൻ കീഴിൽ തങ്ങളുടെ പെൺമക്കൾക്ക് സ്കൂളിൽ പോകാൻ കഴിയുമെങ്കിൽ തങ്ങൾ ബുർഖ ധരിക്കാൻ തയ്യാറാണെന്നാണ് വ്യാഴാഴ്ച നടന്ന ഈ അപൂർവ പ്രതിഷേധത്തിൽ അഫ്ഗാൻ സ്ത്രീകൾ പറഞ്ഞത്.  

അഫ്ഗാനിസ്ഥാനിലെ പടിഞ്ഞാറൻ നഗരമായ ഹെറാത്തിലെ തെരുവുകളിൽ പ്ലക്കാർഡുകൾ വീശിക്കൊണ്ട് 50 ഓളം വനിതാ പ്രകടനക്കാരാണ് സമരം ചെയ്തത്. "വിദ്യാഭ്യാസം, ജോലി, സുരക്ഷ എന്നിവ ഞങ്ങളുടെ അവകാശമാണ്" അവർ പറഞ്ഞു. 2001 -ന് മുൻപ് താലിബാൻ ഭരണസമയത്ത്, സ്ത്രീകൾക്കും പെൺകുട്ടികൾക്കും വിദ്യാഭ്യാസവും ജോലിയും നിഷേധിക്കപ്പെട്ടിരുന്നു. പൊതുസ്ഥലത്ത് ബുർഖ നിർബന്ധമാക്കി. സ്ത്രീകൾക്ക് പുരുഷന്റെ കൂടെയല്ലാതെ വീടുവിട്ട് പോകാൻ കഴിഞ്ഞിരുന്നില്ല. തെരുവിൽ പ്രതിഷേധിക്കുന്നത് ചിന്തിക്കാൻ കൂടി സാധിക്കില്ലായിരുന്നു. എന്നാൽ ആ സമയത്തിൽ നിന്ന് വ്യത്യസ്തമായി ഇന്ന് പലയിടത്തും പ്രതിഷേധങ്ങൾ തലപൊക്കുന്നു. "ഞങ്ങളുടെ അവകാശങ്ങൾ ചോദിക്കാൻ ഞങ്ങൾ ഇവിടെയുണ്ട്" പ്രക്ഷോഭക്കാരിൽ ഒരാളായ ഫെരേഷ്ട തഹേരി ഫോണിലൂടെ AFP -യോട് പറഞ്ഞു.

"ഞങ്ങൾ ബുർഖ ധരിക്കാൻ പോലും തയ്യാറാണ്, പക്ഷേ ഞങ്ങളുടെ പെൺകുട്ടികൾക്ക് സ്കൂളിൽ പോകാനും, സ്ത്രീകൾക്ക് ജോലി ചെയ്യാനും കഴിയണം" ഫോട്ടോഗ്രാഫറും ആർട്ടിസ്റ്റുമായ ഫെരേഷ്ട കൂട്ടിച്ചേർത്തു. "ഞങ്ങൾ വാർത്തകൾ കാണുന്നുണ്ട്. താലിബാൻ വിളിച്ചുകൂട്ടിയ  മീറ്റിംഗുകളിലും ഒത്തുചേരലുകളിലും സ്ത്രീകളെ കാണാൻ ഞങ്ങൾക്ക് സാധിച്ചില്ല" ഹെറാത്ത് പ്രതിഷേധക്കാരിയായ മറിയം എബ്രാം പറഞ്ഞു. ഇറാനിയൻ അതിർത്തിയോട് ചേർന്നുള്ള ഹെറാത്ത്, മറ്റ് യാഥാസ്ഥിതിക കേന്ദ്രങ്ങളിൽ നിന്ന് വ്യത്യസ്തമായി ഒരു പുരോഗമന നഗരമാണ്. എന്നാൽ ഇവിടെ ചില സ്ത്രീകൾ ഇതിനകം തന്നെ ബുർഖ ധരിച്ചു തുടങ്ങി.  

ശരീഅത്ത് നിയമത്തിന്റെ പരിധിക്കുള്ളിലാണെങ്കിൽ സ്ത്രീകളെ ജോലി ചെയ്യാൻ അനുവദിക്കുമെന്നുള്ള ഒരു മൃദു സമീപനമാണ് താലിബാൻ ഇപ്പോൾ കൈക്കൊണ്ടിരിക്കുന്നത്. എന്നാൽ, ഇത് താൽക്കാലികമാണോ എന്ന് പലരും സംശയിക്കുന്നു. അതേസമയം സർക്കാർ രൂപീകരണത്തിനുള്ള ചർച്ചകൾ നടക്കുന്നുണ്ടെങ്കിലും സ്ത്രീകളുടെ പങ്കാളിത്തത്തെക്കുറിച്ച് ആരും സംസാരിക്കുന്നില്ലെന്ന് റാലിയുടെ സംഘാടകരിൽ ഒരാളായ ബാസിറ തഹേരി പറഞ്ഞു. സർക്കാരിന്റെ ഭാഗമാകാനാണ് തങ്ങൾ ആഗ്രഹിക്കുന്നതെന്നും, സ്ത്രീകളില്ലാതെ ഒരു ഗവൺമെന്റും രൂപീകരിക്കാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. ഭയവും അനിശ്ചിതത്വവും കാരണം ഹെറാത്തിലെ ജോലി ചെയ്യുന്ന സ്ത്രീകളിൽ ഭൂരിഭാഗവും വീട്ടിൽ തന്നെയാണെന്ന് അവർ വിവരിച്ചു. തിരികെ ജോലിചെയ്യാൻ എത്തിയവർക്ക് താലിബാൻ സേനയുടെ ചെറുത്തുനിൽപ്പ് നേരിടേണ്ടി വന്നതായും മറിയം പറഞ്ഞു.

"ജോലിക്ക് മടങ്ങാൻ ധൈര്യപ്പെട്ട ഡോക്ടർമാരെയും നഴ്സുമാരെയും താലിബാൻ പരിഹസിച്ചെന്ന പരാതിയുമുണ്ട്. "പ്രൈമറി സ്കൂളിൽ പഠിക്കുന്ന പെൺകുട്ടികൾ സ്കൂളിൽ തിരിച്ചെത്തിയിട്ടുണ്ടെങ്കിലും സർക്കാർ രൂപീകരിക്കുന്നതുവരെ തുടർവിദ്യാഭ്യാസം നിർത്തിവച്ചിരിക്കുകയാണെന്ന് താലിബാൻ പറയുന്നു. "ഈ നാട്ടിലെ സ്ത്രീകൾ വിവരമുള്ളവരും വിദ്യാസമ്പന്നരുമാണ്. ഞങ്ങൾക്ക് ഭയമില്ല. ഞങ്ങൾ ഒരുമിച്ചാണ്.  
ഞങ്ങളുടെ ആവശ്യങ്ങൾ അംഗീകരിക്കുന്നതുവരെ ഞങ്ങൾ പ്രതിഷേധം തുടരും. ഇത് ഹെറാത്തിലാണ് ആരംഭിച്ചതെങ്കിലും, അത് താമസിയാതെ മറ്റ് പ്രവിശ്യകളിലേക്കും വ്യാപിപ്പിക്കും" ബാസിറ പറഞ്ഞു.  

Follow Us:
Download App:
  • android
  • ios