1971 -ലാണ്, പശ്ചിമ പാകിസ്ഥാനിൽ നിന്ന് ബംഗ്ലാദേശിന് സ്വാതന്ത്ര്യം നേടിക്കൊടുത്ത ഒമ്പത് മാസത്തെ യുദ്ധം നടക്കുന്നത്... എല്ലാ യുദ്ധത്തിന്‍റെയും ആദ്യത്തെ ഇരകള്‍ സ്ത്രീകളാണല്ലോ. പല യുദ്ധങ്ങളിലും സ്ത്രീകള്‍ ശാരീരികമായി അതിക്രമിക്കപ്പെട്ടു. ഇവിടെയും സ്ഥിതി മറിച്ചായിരുന്നില്ല. ബംഗ്ലാദേശ് വിമോചന യുദ്ധകാലത്ത് അവിടെ നടന്നത് കൂട്ടബലാത്സംഗമാണ്. പാകിസ്ഥാന്‍ പട്ടാളക്കാരും സഹകാരികളും ചേര്‍ന്ന് ആയിരക്കണക്കിന് സ്ത്രീകളെ ബലാത്സംഗം ചെയ്‍തു. ബലാത്സംഗ ക്യാമ്പുകളുണ്ടാവുകയും അവിടേക്ക് സ്ത്രീകളെ ബലമായി പിടിച്ചുകൊണ്ടുപോവുകയും ചെയ്‍തു. അവിടെവച്ചവര്‍ ക്രൂരമായ ബലാത്സംഗത്തിനിരയായി. പലരും പിന്നീട് ആത്മഹത്യ ചെയ്‍തു. ചിലര്‍ പുറംരാജ്യങ്ങളിലേക്ക് വേലക്കാരികളായും മറ്റും ജോലി തേടിപ്പോയി. ചിലര്‍, ഗര്‍ഭഛിദ്രത്തിനിടയില്‍ വൈദഗ്ദ്ധ്യമില്ലാത്ത മിഡ്‍വൈഫുമാരുടെ കൈകളില്‍ കിടന്നു മരിച്ചു. 

ആമിന, മലേഖ, മുഖ്‌ലെസ, ബുധി ബീഗം എന്നീ നാല് സഹോദരിമാരും, പാകിസ്ഥാൻ സൈനികരും പ്രാദേശിക സഹകാരികളും തട്ടിക്കൊണ്ടുപോയവരില്‍പ്പെടും. ആ ബലാത്സംഗ ക്യാമ്പുകളിലെ തടവ് നീണ്ടത് രണ്ടരമാസമാണ്. 'ഞങ്ങള്‍ 22 പേര്‍ ആ മുറിയില്‍ മൃതദേഹങ്ങളെപ്പോലെ കിടന്നു' എന്നാണ് മലേഖ ആ ദിവസത്തെ കുറിച്ച് പറയുന്നത്. തന്‍റെ മൂത്ത സഹോദരി ബുധി വേദന താങ്ങാനാവാതെ എങ്ങനെയാണ് മോചിപ്പിക്കപ്പെടും മുമ്പ് തന്നെ മരിച്ചുപോയതെന്നതിനെ കുറിച്ചും മലേഖ വിവരിക്കുന്നു. 

യുദ്ധകാലത്ത് തട്ടിക്കൊണ്ടുപോകപ്പെട്ട് പീഡനങ്ങളെ അതിജീവിച്ച ഈ സ്ത്രീകള്‍ അറിയപ്പെടുന്നത് വീരാംഗനമാര്‍ (Birangona) എന്നാണ്. ഈ സ്ത്രീകളുടെ ജീവിതത്തെ കുറിച്ച് ലീസ ഗാസി നിര്‍മ്മിച്ച ഡോക്യുമെന്‍ററിയാണ് നിരവധി പുരസ്‍കാരങ്ങള്‍ നേടിയ റൈസിങ് സയലന്‍സ് (Rising Silence).

ഈ കൊടും പീഡനം നടന്നിട്ടിപ്പോള്‍ നാല് പതിറ്റാണ്ടുകള്‍ കഴിഞ്ഞിരിക്കുന്നു... അന്ന് പട്ടാളക്കാരുടെ കണ്ണില്‍പ്പെടാതിരിക്കാനായി വെള്ളത്തിലൊളിച്ചിരുന്നവളാണ് മുഖ്‍ലെസ. പക്ഷേ, അവളുടെ വിധിയും മറിച്ചായിരുന്നില്ല. അവളും ക്യാമ്പിലെത്തപ്പെട്ടു. ലീസ ഗാസിയെ ആ അതിക്രമങ്ങള്‍ നടന്ന സ്ഥലങ്ങളെല്ലാം കാണിച്ചുകൊടുത്തത് മുഖ്‍ലെസയാണ്. താന്‍ ദൃസാക്ഷിയായിരുന്ന ആ കൊടുംപാതകങ്ങളെ കുറിച്ച് അവര്‍ ഗാസിയോട് വിവരിച്ചു. എങ്ങനെയാണ് ആ പട്ടാളക്കാര്‍ തോന്നുമ്പോഴെല്ലാം വന്ന് സ്ത്രീകളെ പിടിച്ചുകൊണ്ടുപോയതെന്ന്, അവരെ മനുഷ്യപരിചകളായി ഉപയോഗിച്ചതെന്ന് അവര്‍ പറയുന്നു. അവിടെയുണ്ടായിരുന്ന ഒരു തടാകവും മുഖ്‍ലെസ ഗാസിക്ക് കാണിച്ചുകൊടുത്തു. യുദ്ധത്തിന്‍റെ സമയത്ത് എങ്ങനെയാണത് ചുവപ്പ്നിറമായിത്തീര്‍ന്നതെന്ന് വിവരിച്ചു. രണ്ടായിരത്തിലധികം സ്വാതന്ത്ര്യസമരപോരാളികളുടെ ശവശരീരങ്ങളാണ് ആ തടാകത്തില്‍ കൊണ്ടിട്ടത്. ഒന്നിനുമീതെ ഒന്നായി ശവശരീരങ്ങള്‍... 'ആ അവസ്ഥയില്‍ ഞങ്ങള്‍ ഞങ്ങളുടെ ആളുകളെ രക്ഷിച്ചു. പലരെയും കാണാതായി. നമുക്കവരെ രക്ഷിച്ചേ തീരുവായിരുന്നു- അതില്‍ ഹിന്ദുവും മുസ്ലിമും മറ്റുള്ളവരും ഉണ്ടായിരുന്നു.' -മുഖ്‍ലെസ പറയുന്നു. 

ഗാസി നിര്‍മ്മിച്ച റൈസിങ് സയലന്‍സ് (Rising Silence) എന്ന ഡോക്യുമെന്‍ററി ഈ നാല് സഹോദരിമാരുടെ ജീവിതമാണ്. ചൊവ്വാഴ്‍ച ലണ്ടനില്‍ ഡോക്യുമെന്‍ററി പ്രദര്‍ശിപ്പിച്ചു. അതില്‍ പറഞ്ഞിരിക്കുന്ന ചുരുക്കം സ്ത്രീകള്‍ മാത്രമാണ് ഇന്ന് ജീവിച്ചിരിക്കുന്നത്. ചിലര്‍ ചിത്രീകരണത്തിനുശേഷം മരിച്ചു.

ബ്രിട്ടീഷ്-ബംഗ്ലാദേശ് നടിയും നാടകകൃത്തുമായ ഗാസി, വീരാംഗനകളെന്ന് വിളിക്കപ്പെടുന്ന ഈ സ്ത്രീകളെക്കുറിച്ച് ആദ്യമായി കേള്‍ക്കുന്നത് അവളുടെ കൗമാര കാലഘട്ടത്തിലാണ്. അവള്‍ പഠിച്ച പാഠപുസ്‍തകങ്ങളിലോ, ചരിത്രപുസ്‍തകങ്ങളിലോ ഒന്നും തന്നെ ആ സ്ത്രീകളുടെ കഥയുണ്ടായിരുന്നില്ല. എന്നാല്‍, സ്വാതന്ത്ര്യസമരസേനാനിയായ അവളുടെ പിതാവ് നൂറുകണക്കിന് സ്ത്രീകളെ ട്രക്കില്‍ കയറ്റി ധാക്കയിലേക്ക് കൊണ്ടുപോകുന്നത് കണ്ടതായി അവള്‍ക്ക് പറഞ്ഞുകൊടുത്തിട്ടുണ്ട്. ഏതായാലും അതുകൂടി കേട്ടതോടെ ആ സ്ത്രീകളെ കുറിച്ച് കൂടുതലറിയാന്‍തന്നെ അവള്‍ തീരുമാനിച്ചു. 

ആ അന്വേഷണത്തില്‍ ചില വിവരങ്ങളെല്ലാം ഗാസിക്ക് ലഭിച്ചു. ഇരുപതാം നൂറ്റാണ്ടിൽ ബലാൽസംഗം യുദ്ധായുധമായി ഉപയോഗിച്ചതിന്‍റെ, രേഖപ്പെടുത്തിയ ആദ്യത്തെ ഉദാഹരണമായിരുന്നു ഈ വീരാംഗനകളുടെ അനുഭവങ്ങള്‍. അവര്‍ മോചിപ്പിക്കപ്പെട്ട ദിവസം യുദ്ധത്തിലെ പോരാളികളായിക്കണ്ട് ആ സ്ത്രീകളെ വീരാംഗനമാരായി ആദരിച്ചു. അവരുടെ രാഷ്ട്രത്തിന്‍റെ പിതാവായ മുജിബുര്‍ റഹ്മാനാണ് അത് പ്രഖ്യാപിച്ചത്. ഇതില്‍ ഏതെങ്കിലും സ്ത്രീകളെ വീട്ടില്‍ കയറ്റാതെ വന്നാല്‍ അവര്‍ക്കായി വിവിധ ജോലികളില്‍ പരിശീലനമുള്‍പ്പടെ നല്‍കുന്ന പുനരധിവാസകേന്ദ്രങ്ങള്‍ നിര്‍മ്മിക്കാനും അദ്ദേഹം നിര്‍ദ്ദേശം നല്‍കി. 

1975 -ല്‍ സൈനിക അട്ടിമറിയില്‍ പ്രധാനമന്ത്രിയായിരുന്ന മുജീബുര്‍ റഹ്മാന്‍ വധിക്കപ്പെട്ടു. തുടര്‍ന്നുണ്ടായ രാഷ്ട്രീയ പ്രക്ഷോഭത്തില്‍ ഈ പുനരധിവാസകേന്ദ്രങ്ങള്‍ അടച്ചുപൂട്ടി. ആ പാവപ്പെട്ട സ്ത്രീകള്‍ കടന്നുപോയ ശാരീരികവും മാനസികവുമായ അതിക്രമങ്ങളും കഠിനപരീക്ഷണങ്ങളും നാടിനുവേണ്ടി അനുഭവിച്ച ത്യാഗവുമെല്ലാം അവഗണിക്കപ്പെട്ടു. പിന്നീടുള്ള വര്‍ഷങ്ങളില്‍ സ്വന്തം നാട്ടില്‍നിന്നുതന്നെ, ബലാത്സംഗ ക്യാമ്പുകളില്‍ കഴിയേണ്ടിവന്ന സ്ത്രീകളെന്നതിന്‍റെ പേരില്‍ അപമാനവും വിവേചനവും ഏകാന്തതയും ഈ സ്ത്രീകളെ വേട്ടയാടി. ഇവരെ മാത്രമല്ല, അവരുടെ വരും തലമുറയേയും. ഇതില്‍ ഭൂരിഭാഗം സ്ത്രീകളും പാവപ്പെട്ടവരും ദുര്‍ബലരുമായിരുന്നു. പലര്‍ക്കും അവരുടെ ജീവിതമാര്‍ഗ്ഗങ്ങളില്ലാതെയായി. അവരുടെ മക്കളെയും ഭര്‍ത്താക്കന്മാരെയും മാതാപിതാക്കളെയും നഷ്‍ടപ്പെട്ടു.  

ഈ കഥകളെല്ലാം കേട്ടറിഞ്ഞ ഗാസി അവ ചിത്രീകരിക്കുന്നതിനും ലോകത്തെ അറിയിക്കുന്നതിനുമായി ക്യാമറയുമായി തിരികെ വരികയായിരുന്നു. ബംഗ്ലാദേശ്, ഐസ്‌ലാന്‍റ്, ഇറ്റലി, നെതർലാൻഡ്‌സ് എന്നിവിടങ്ങളിൽ റൈസിങ് സയലന്‍സ് പ്രദർശിപ്പിച്ചിട്ടുണ്ട്. ധാക്ക മുതൽ മൊണ്ടാൻസ് വരെയുള്ള ഫെസ്റ്റിവലുകളിൽ പുരസ്‍കാരങ്ങൾ നേടിയിട്ടുണ്ട്, അടുത്തിടെ ഏഷ്യൻ മീഡിയ അവാർഡും നേടി. 

ഗാസി പറയുന്നത്, ''ചരിത്രപരമായ ഇത്തരം ലൈംഗികാതിക്രമങ്ങളെ നാം വിസ്‍മരിച്ചാല്‍ അതൊരിക്കലും അവസാനിക്കില്ല. നമ്മള്‍ അവ അതിജീവിച്ചവരുടെ കഥകളിലേക്ക് ശ്രദ്ധ നല്‍കണം, അവ ശ്രദ്ധിച്ച് കേള്‍ക്കണം.'' എന്നാണ്. ''വിദൂരത്തൊരു ദേശത്ത് 50 വര്‍ഷം മുമ്പ് നടന്ന ഒരു ഒറ്റപ്പെട്ട സംഭവമെന്ന് പറഞ്ഞ് നമുക്ക് വേണമെങ്കില്‍ അവരുടെ അനുഭവങ്ങളെ തള്ളിക്കളയാം. പക്ഷേ, ഒരുകാര്യം നാം മറക്കരുത്, ഇന്നും ഇതേ രീതിയിലുള്ള അതിക്രമങ്ങള്‍ സായുധപോരാട്ടങ്ങളുടെ ഭാഗമായി നടന്നുവരുന്നുണ്ട് എന്നതാണത്.'' മ്യാന്‍മറിലെയും സൗത്ത് സുഡാനിലെയും സംഭവങ്ങളെ പരാമര്‍ശിച്ചുകൊണ്ട് ഗാസി പറയുന്നു. 

''ഞാനെപ്പോഴും ചിന്തിക്കാറുണ്ട്, എങ്ങനെയാണ് ഒരു സ്ത്രീശരീരത്തിന് ഇത്രയധികം വെറുപ്പും അതിക്രമങ്ങളും സഹിക്കാനായിട്ടുണ്ടാവുക എന്ന്. ഒരു കുടുംബത്തെ അപമാനിക്കണമെങ്കില്‍ നാം അവരുടെ മകളുടെ പിന്നാലെ പോകും, ഒരു സമുദായത്തെ അപമാനിക്കണമെങ്കില്‍ അവിടുത്തെ പെണ്‍മക്കളുടെ പിന്നാലെ, ഒരു രാജ്യത്തെ അപമാനിക്കണമെങ്കില്‍ ആ രാജ്യത്തെ പെണ്‍മക്കളുടെ പിന്നാലെ... ഇതാണ് ഏത് യുദ്ധത്തിലായാലും കലഹത്തിലായാലും കണ്ടുവരുന്നത്. അതു നാം അവസാനിപ്പിച്ചേ മതിയാവൂ.'' -ഗാസി പറയുന്നു. 

തന്‍റെ ഡോക്യുമെന്‍ററി ബലാത്സംഗത്തെ കുറിച്ചല്ല എന്നും അവര്‍ കൂട്ടിച്ചേര്‍ക്കുന്നുണ്ട്. ''അതിഭീകരമായ ശാരീരികവും വൈകാരികവുമായ അതിക്രമത്തിനുശേഷം സ്വയം ഉയിര്‍ത്തെഴുന്നേറ്റ സ്ത്രീകളെ കുറിച്ചാണത്. അവരുടെ അതിജീവനത്തിനുള്ള ആഗ്രഹത്തെ കുറിച്ചാണ്. അവഗണനയ്ക്കും, ബലാത്സംഗം ചെയ്യപ്പെടുന്ന സ്ത്രീകളാണ് പാപികളെന്ന ചൊല്ലിനും നേരെയുണ്ടായ അവരുടെ പോരാട്ടത്തെ കുറിച്ചാണ്'' എന്നും ഗാസി പറയുന്നു.

2015 മുതല്‍ ബംഗ്ലാദേശി സര്‍ക്കാര്‍ ഈ വീരാംഗനമാര്‍ക്ക്, രാജ്യത്തിന് വേണ്ടി അവര്‍ സഹിച്ച യാതനകള്‍ക്കും പോരാട്ടങ്ങള്‍ക്കുമുള്ള സംഭാവനയായി പെന്‍ഷന്‍ നല്‍കിവരുന്നുണ്ട്. അപ്പോഴും കൊല്ലപ്പെട്ട, ആത്മഹത്യ ചെയ്‍ത, അപമാനിക്കപ്പെട്ട ആ സ്ത്രീകളുടെ സ്ഥാനം ചരിത്രത്തിലെവിടെയാണ് എന്നത് ആലോചിക്കേണ്ടതാണ്.