Asianet News MalayalamAsianet News Malayalam

ലോക് ഡൗണ്‍: അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളുടെ അളവ് 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തോതില്‍

കോവിഡ് ലോക്ഡൗണ്‍ മൂലം ഉത്തരേന്ത്യയിലെ എയ്റോസോളിന്റെ (അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളുടെ) അളവ് 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തോതിലാണെന്ന് നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍.
 

Lockdown Effect  NASA Data Shows A 20 Year Dip In Aerosol Levels In North India
Author
Thiruvananthapuram, First Published Apr 28, 2020, 6:26 PM IST

ലോക് ഡൗണ്‍ മൂലം ഉത്തരേന്ത്യയിലെ എയ്റോസോളിന്റെ (അന്തരീക്ഷത്തിലെ സൂക്ഷ്മ കണികകളുടെ) അളവ് 20 വര്‍ഷത്തെ ഏറ്റവും കുറഞ്ഞ തോതിലാണെന്ന് നാസയുടെ ഉപഗ്രഹ ചിത്രങ്ങള്‍. നാസയുടെ ടെറ ഉപഗ്രഹത്തിലെ മോഡിസില്‍ (മോഡറേറ്റ് റെസൊല്യൂഷന്‍ ഇമേജിംഗ് സ്‌പെക്ട്രോറാഡിയോമീറ്റര്‍)  നിന്നുമാണ് ഈ വിവരങ്ങള്‍ ശേഖരിച്ചത്. ഇന്ത്യയില്‍ ലോക്ഡൗണ്‍ കര്‍ശനമാക്കിയശേഷം രാജ്യത്തുടനീളം ഫാക്ടറികളുടെ പ്രവര്‍ത്തനം ഗണ്യമായി കുറയുകയും കാര്‍, ബസ്,വിമാനം തുടങ്ങിയ ഗതാഗത മാര്‍ഗ്ഗങ്ങള്‍ വലിയരീതിയില്‍ നിലക്കുകയും ചെയ്തിരുന്നു. ഇതുമൂലമുണ്ടാകുന്ന പുകയുടെയും പൊടിപടലങ്ങളുടെയും കുറവ് മൂലമാണ് എയ്റോസോളിന്റെ അളവിലും വലിയരീതിയിലുള്ള മാറ്റങ്ങള്‍ സംഭവിച്ചത്. 

ദൃശ്യത കുറയ്ക്കുന്ന, ശ്വാസകോശത്തെയും ഹൃദയത്തെയും ബാധിക്കുന്ന ചെറിയ ഖര-ദ്രാവക കണങ്ങളാണ് എയറോസോളുകള്‍. എല്ലാവര്‍ഷവും മനുഷ്യരുടെ ഭാഗത്തുനിന്നുള്ള പുറംതള്ളലുകള്‍ മൂലമുണ്ടാകുന്ന ഇത്തരം എയറോസോളുകള്‍ ഇന്ത്യയിലെ നഗരങ്ങളിലും പ്രാന്തപ്രദേശങ്ങളിലും പലരീതിയിലുള്ള ആരോഗ്യപ്രശ്‌നനങ്ങള്‍ക്കു കാരണമാകാറുണ്ട്. പ്രകൃതിദത്ത സ്രോതസ്സുകളായ പൊടിക്കാറ്റുകള്‍, അഗ്‌നിപര്‍വ്വത വിസ്‌ഫോടനങ്ങള്‍, കാട്ടുതീ മുതലായവ അന്തരീക്ഷ എയ്റോസോളിന്റെ അളവ് കൂട്ടും, എന്നാല്‍ മനുഷ്യശരീരത്തിന് കൂടുതല്‍ ദോഷകരമായ ചെറിയ എയ്റോസോള്‍ കണികകള്‍ കൂടുതലും പുറംതള്ളുന്നത് മനുഷ്യ സ്രോതസ്സുകളായ ഫോസില്‍ ഇന്ധനങ്ങളുടെ ഉപയോഗവും കൃഷിനിലങ്ങള്‍ കൈകാര്യം ചെയ്യുന്നതുമാണ്. 

എയ്റോസോള്‍ ഒപ്റ്റിക്കല്‍ ഡെപ്തിന്റെ അളവുകളില്‍ ആണ് നാസ എയ്റോസോളിന്റെ അളവ് വിശകലനം ചെയ്തത്. കണങ്ങള്‍ അന്തരീക്ഷത്തിലൂടെ സഞ്ചരിക്കുമ്പോള്‍ പ്രകാശത്തെ അവയെങ്ങനെ ആഗിരണം ചെയ്യുന്നു എന്നതിന്റെ അളവിനെയാണ് എയ്റോസോള്‍ ഒപ്റ്റിക്കല്‍ ഡെപ്ത് എന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. ഭൗമോപരിതലത്തിനടുത്തായി കേന്ദ്രീകരിച്ചിരിക്കുന്ന എയറോസോളുകള്‍ സൂചിപ്പിക്കുന്നത് ഒന്നോ അതിലധികമോ ഒപ്റ്റിക്കല്‍ ഡെപ്താണ്. അതായത് വളരെ മങ്ങിയ അവസ്ഥയെ ആണ് അത് സൂചിപ്പിക്കുന്നത്. 1 അല്ലെങ്കില്‍ അതില്‍ താഴെയോ ഉള്ള ഒപ്റ്റിക്കല്‍ ഡെപ്ത് സൂചിപ്പിക്കുന്നത് വളരെ ശുദ്ധമായ അന്തരീക്ഷത്തെയാണ്. 

ലോക്ക്ഡൗണ്‍ തുടങ്ങിയതിന് ശേഷം മാര്‍ച്ച് 27ന് ഉത്തരേന്ത്യയില്‍ ആകെ പെയ്ത മഴയുടെ ഫലമായി എയ്റോസോളിന്റെ അളവ് ഗണ്യമായി കുറഞ്ഞിരുന്നു. എന്നാല്‍ അതിശയിപ്പിക്കുന്നകാര്യം അതിനുശേഷം എയ്റോസോളിന്റെ അളവ് പിന്നീട് ഉയര്‍ന്നില്ല എന്നതാണ്. പക്ഷെ ദക്ഷിണേന്ത്യയില്‍ ഇതുവരെയും എയ്റോസോളിന്റെ അളവില്‍ ഗണ്യമായ മാറ്റം സംഭവിച്ചിട്ടില്ല.

 

Follow Us:
Download App:
  • android
  • ios