വികാസ് ദുബെയുടെ ജീവിതത്തിൽ കഴിഞ്ഞ ആറു ദിവസങ്ങൾക്കുള്ളിൽ നടന്ന സംഭവങ്ങൾ നിരവധി ചോദ്യങ്ങളാണ് സമൂഹത്തിനു മുന്നിലേക്ക് ഒരുമിച്ച് എടുത്തിടുന്നത്. മുപ്പതു വർഷം കൊണ്ട് അറുപത് ക്രിമിനൽ കേസുകൾ സമ്പാദിച്ച, നിരവധി പേരെ കൊന്ന ഒരു കുപ്രസിദ്ധ കുറ്റവാളിയാണ് വികാസ് ദുബെ. അക്കാര്യത്തിൽ സംശയം വേണ്ട. ഏറ്റവും ഒടുവിലായി അയാൾ ചെയ്തത് വളരെ അവിശ്വസനീയമായ ഒരു കുറ്റകൃത്യമാണ്. തന്നെ അറസ്റ്റു ചെയ്യാൻ വന്ന പൊലീസ് ഓഫീസർ അടക്കമുള്ള എട്ടുപോലീസുകാരെ വെടിവെച്ചു കൊന്നുകളഞ്ഞു. അതിൽ തന്നെ സംഘത്തെ നയിച്ച ഡിവൈഎസ്പിയെ വെടിവെച്ചിട്ട ശേഷം മഴുവിന് കഴുത്തിലും കാലിലും വെട്ടി. അതും നടന്ന കാര്യം തന്നെ. ദൃക്‌സാക്ഷികൾ വരെ ഉണ്ട് അതിന്.

ഇത്രക്ക് ഭീകരനായ ഒരു കുറ്റവാളി, ആ ഏറ്റുമുട്ടൽ നടന്ന നിമിഷം മുതൽ പൊലീസിന് പിടി കൊടുക്കാതെ ഓടിക്കൊണ്ടേ ഇരിക്കുകയാണ് നാടുമുഴുവൻ. ഉത്തർപ്രദേശ് തങ്ങളുടെ എല്ലാ ശേഷിയും പ്രയോഗിച്ച് അന്വേഷിച്ചിട്ടും ആറു ദിവസത്തോളം അയാളുടെ അനുയായികളെ ഒന്നൊന്നായി തോക്കിനിരയാക്കാനായി എന്നല്ലാതെ ദുബെ എവിടെ എന്ന് അറിയാൻ അവർക്ക് സാധിച്ചില്ല. ഒടുവിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ അവർ ഹരിയാനയിലെ ഫരീദാബാദിലുള്ള ഒരു ലോഡ്ജിൽ ദുബെയെ തേടിച്ചെന്നെങ്കിലും അയാൾ തലനാരിഴയ്ക്ക് സ്ഥലം അവിടെ നിന്നും രക്ഷപ്പെട്ടു.

എന്നിട്ട് വികാസ് ദുബെ പിടിക്കപ്പെട്ടോ? ഉവ്വ്. മധ്യപ്രദേശിലെ ഉജ്ജയിൻ മഹാകാൾ ക്ഷേത്രത്തിന്റെ നടയ്ക്കൽ വന്ന് അവിടത്തെ കമ്മറ്റി ഓഫീസിൽ ദർശനത്തിനു പാസ് എടുക്കുമ്പോൾ അയാളെ അവിടത്തെ ഒരു സുരക്ഷാ ജീവനക്കാരൻ കണ്ടു തിരിച്ചറിഞ്ഞ് തടഞ്ഞു വെച്ച് മധ്യപ്രദേശ് പൊലീസിന് കൈമാറി. അവർ അറസ്റ്റു ചെയ്യാൻ എത്തിയപ്പോൾ വിനീത വിധേയനായി അയാൾ പറഞ്ഞു," ഞാൻ വികാസ് ദുബെ ആണ്, കാൺപൂർ വാല..." അറസ്റ്റു ചെയ്യാനെത്തിയ പോലീസുകാരൻ "മിണ്ടാതിരിയെടാ..." എന്ന് ഗർജ്ജിച്ചുകൊണ്ട് അയാളുടെ തലയ്ക്ക് ഒരു അടിപറ്റിച്ച് വണ്ടിയിലേക്ക് കയറ്റിക്കൊണ്ടു പോകുന്നതിന്റെ ദൃശ്യങ്ങൾ ANI റിപ്പോർട്ട് ചെയ്തിരുന്നു.

 


വികാസ് ദുബെ പ്രവർത്തിച്ച കൊടുംക്രൂരകൃത്യങ്ങൾ അയാളുടെമേൽ സഹാനുഭൂതിക്ക് ഇടനൽകാത്ത ഒന്നാണ്. അതുകൊണ്ടുതന്നെ, വികാസ് ദുബെ കോടതി സമക്ഷം ഹാജരാക്കപ്പെടേണ്ടതും, നിയമം അനുശാസിക്കുന്ന ഏറ്റവും വലിയ ശിക്ഷയ്ക്ക് തന്നെ വിധേയനാകേണ്ടതും അത്യാവശ്യമാണ്. മാതൃകാപരമായിത്തന്നെ അയാൾ ശിക്ഷിക്കപ്പെടണം. എന്നാൽ, അതിനു മുമ്പ് അത്യാവശ്യമായി നടത്തപ്പെടേണ്ടിയിരുന്ന, അയാളെ ചോദ്യം ചെയ്യുകയും ഇന്നോളം അയാളുടെ ക്രിമിനൽ നെറ്റ്‌വർക്കിൽ പങ്കുചേർന്നിട്ടുള്ള എല്ലാവരുടെയും ജാതകങ്ങൾ ചികഞ്ഞെടുക്കുകയും ചെയ്യുക എന്ന വളരെ അത്യാവശ്യമായിരുന്നു ഒരു പ്രക്രിയ ഒഴിവാക്കപ്പെട്ടു എന്നതാണ് ഇവിടെ നടന്നിരിക്കുന്ന ഏറ്റവും വലിയ കുറ്റകൃത്യം. അതിനു കാരണമായ ഒന്നെന്ന നിലയ്ക്കാണ് ഉത്തർപ്രദേശ് പൊലീസ് നടത്തിയിരിക്കുന്ന ഈ എൻകൗണ്ടർ നാടകത്തെ കാണേണ്ടത്.

മധ്യപ്രദേശ് പൊലീസ് അറസ്റ്റുചെയ്തു കൊണ്ടുപോകുമ്പോൾ അയാൾ "ഞാൻ വികാസ് ദുബൈയാണ്, കാൺപൂർവാല..." എന്ന് പറയുന്നതിനും അയാൾ കാൺപൂർ പരിസരത്തുവെച്ച് ഉത്തർപ്രദേശ് പൊലീസിന്റെ വെടിയേറ്റ് കൊല്ലപ്പെടുന്നതിനും ഇടയിൽ കഴിഞ്ഞുപോയത് വെറും 24 ൽ താഴെ മണിക്കൂറുകൾ മാത്രമാണ്. ആദ്യത്തെ കേൾവിയിൽ ദുബെയുടെ ആ പറച്ചിൽ ചിലപ്പോൾ നമുക്ക് വീരവാദമായി അനുഭവപ്പെട്ടേക്കാം. ഇത്രയൊക്കെ ചെയ്തിട്ടും, ഇപ്പോൾ പിടിക്കപ്പെടുമ്പോൾ വീണ്ടും ഇയാൾ വീമ്പടിക്കുന്നോ എന്ന് തോന്നിയാൽ അത്ഭുതമില്ല. എന്നാൽ, ഇന്നലെ രാവിലെ അയാളെ യുപി പൊലീസ് എൻകൗണ്ടർ ചെയ്തു കളഞ്ഞ ശേഷം ആ പറച്ചിലിന്റെ ടോൺ വേറെ ആയിരുന്നു എന്നത് നമുക്ക് തോന്നും. "ഞാൻ വികാസ് ദുബെയാണ്. കാൺപൂരിലെ പൊലീസുകാരെ കൊന്ന കേസിലെ പ്രതി. എന്റെ കൂട്ടാളികളെ ഒന്നൊന്നായി അവർ കസ്റ്റഡിയിലെടുത്ത് കൊന്നുകളഞ്ഞു. ഇപ്പോൾ ഞാൻ പൊലീസ് കസ്റ്റഡിയിലാണ്. അവർ എന്നെയും കൊല്ലും" എന്നാണ് അയാൾ മീഡിയയോട് പറയാൻ ആഗ്രഹിച്ചത് എന്ന് ബോധ്യപ്പെടും.

ഇതിനു മുമ്പും ഉത്തർപ്രദേശിലെ പല കുപ്രസിദ്ധ അപരാധികളും ഒച്ചവെച്ച് മാധ്യമങ്ങളെ അറിയിച്ചു കൊണ്ട് കീഴടങ്ങിയ ചരിത്രമുണ്ട്. അത് പൊലീസ് എൻകൗണ്ടർ ചെയ്തു കളയാതിരിക്കാനുള്ള ഒരു മുൻകരുതലാണ്. ആ മുൻകരുതൽ തന്നെയാണ് വികാസ് ദുബൈയും എടുത്തത്. അത് ആ നിമിഷം വിജയിക്കുകയും ചെയ്തു. വികാസ് ദുബെ മധ്യപ്രദേശിൽ വെച്ച് അറസ്റ്റിലായി എന്ന വിവരം മാധ്യമങ്ങൾ അറിഞ്ഞു. അവർ ആ നിമിഷം തൊട്ട് പൊലീസ് പാർട്ടിയുടെ പിന്നാലെ കൂടുകയും ചെയ്തു.  മധ്യപ്രദേശ് പൊലീസിൽ നിന്ന് വികാസ് ദുബെയെ ഏറ്റുവാങ്ങിയ യുപി പൊലീസ് ഒരു വാഹനവ്യൂഹമായി കാൺപൂരിലേക്ക് പുറപ്പെടുന്നു. മാധ്യമങ്ങളുടെ വാഹനങ്ങൾ അങ്ങോട്ടും അവരെ പിന്തുടർന്നുചെന്നു. എന്നാൽ, കാൺപൂർ അതിർത്തിയിൽ വെച്ച് ആ വാഹനവ്യൂഹം ബാരിക്കേഡ് വെച്ച് ഉത്തർപ്രദേശ് പൊലീസ് തടഞ്ഞു. മുന്നിൽ വന്ന പൊലീസ് വാഹനങ്ങൾ മാത്രം കടത്തിവിട്ട് പിന്നാലെ കൂടിയ മാധ്യമവാഹനങ്ങൾ ഒക്കെ അവിടെ തടഞ്ഞിട്ടു. പൊലീസ് വാഹനവ്യൂഹം മുന്നോട്ട് പോയി. അഞ്ചു മിനിറ്റിനകം അതിൽ ഒരു വാഹനം തകിടം മറിഞ്ഞു. ആകെ അങ്കലാപ്പുണ്ടായി. സാഹചര്യം മുതലെടുത്ത വികാസ് ദുബെ പൊലീസുകാരനിൽ നിന്ന് പിസ്റ്റൾ തട്ടിയെടുക്കാൻ ശ്രമിച്ച്‌ പ്രാണരക്ഷാർത്ഥം അയാളെ തലക്ക് വെടിവെച്ച് കൊന്നുകളഞ്ഞു. വളരെ സ്വാഭാവികവും, അത്രമേൽ വിശ്വസനീയവുമായ ഒരു കഥ. എന്നാൽ ആ കഥയിൽ നിരവധി ചോദ്യങ്ങൾക്കുള്ള പഴുതുകൾ അവശേഷിക്കുന്നുണ്ട്.

 


മിനിഞ്ഞാന്ന് പകൽ, അതായത് മധ്യപ്രദേശ് പൊലീസ് വികാസ് ദുബെയെ ഉത്തർപ്രദേശ് പൊലീസിന് കൈമാറാനിരുന്ന സമയം തൊട്ടുതന്നെ സോഷ്യൽ മീഡിയയിൽ ചറപറാ പോസ്റ്റുകൾ വന്നുകൊണ്ടേയിരിക്കുകയായിരുന്നു. ഇനി ഏത് നിമിഷവും എൻകൗണ്ടർ നടക്കാം. വികാസ് ദുബെ കൊല്ലപ്പെട്ടേക്കാം. ഉത്തർ പ്രദേശ് പൊലീസ് എൻകൗണ്ടറിനു ശേഷം പറയാൻ പോകുന്ന കഥ പോലും പ്രവചിക്കപ്പെട്ടിരുന്നു കൃത്യമായി. സുപ്രസിദ്ധ മാധ്യമപ്രവർത്തകനായ രാജ് ദീപ് സർദേശായി ട്വീറ്റ് ചെയ്തത് ഇങ്ങനെ, " ഒരു റിട്ടയേർഡ് ഐപിഎസ് ഓഫീസർ എന്നോട് പറഞ്ഞത് ഇങ്ങനെ - വികാസ് ദുബെ ജീവനോടെ പിടിക്കപ്പെടാനുള്ള സാധ്യത തുലോം തുച്ഛമാണ്. അയാളും അയാളുടെ സകല അനുയായികളും എൻകൗണ്ടർ ചെയ്യപ്പെടാനാണ് സാധ്യത. അവർക്ക് പല വൻതോക്കുകളെക്കുറിച്ചും പല രഹസ്യങ്ങളും അറിയാം. " അതോടൊപ്പം ചേർത്തുവായിക്കേണ്ടത് സംഭവം നടന്ന് ആറു ദിവസങ്ങൾക്കുള്ളിൽ നടന്ന എൻകൗണ്ടറുകളുടെ വാർത്തകൾ കൂടിയാണ്. പ്രഭാത് മിശ്ര എന്ന കൂട്ടാളിയെ ഫരീദാബാദിൽ വെച്ച് പിടികൂടിയ ആൾ, കാൺപൂരിലേക്കുള്ള വഴിയിൽ വെച്ച് രക്ഷപെടാൻ ശ്രമിച്ചു, അയാളെ പൊലീസ് വെടിവെച്ചു കൊന്നു. ഇട്ടാവയിൽ പ്രവീൺ ദുബെ കൊല്ലപ്പെട്ടു. അമർ ദുബെ എന്ന മറ്റൊരു കൂട്ടാളിയും അതുപോലെ കൊല്ലപ്പെട്ടു. ഈ പാറ്റേൺ ആയിരുന്നു പല പ്രവചനങ്ങളുടെയും ആധാരം.

ജൂലൈ 9 -ന് വൈകുന്നേരം അഞ്ചരയോടെയാണ് മധ്യപ്രദേശ് പൊലീസ് യുപി പൊലീസിന് വികാസ് ദുബെയെ കൈമാറുന്നത്. ഉജ്ജയിനിൽ നിന്ന് കാൺപൂർ അതിർത്തി വരെ മീഡിയാ വാഹനങ്ങൾ യുപി പൊലീസ് കോൺവോയെ പിന്തുടർന്ന് ചെന്നു. കാൺപൂർ അതിർത്തിയിൽ എത്തിയപ്പോൾ അവർ തടഞ്ഞു നിർത്തപ്പെട്ടു. മുന്നോട്ടു പോയത് പൊലീസ് വാഹനങ്ങൾ മാത്രം. മറ്റുവാഹനങ്ങളെ പൊലീസ് അവിടെത്തന്നെ തടഞ്ഞു നിർത്തി. അവിടെ വെച്ച് പിന്തുടർന്നെത്തിയ റിപ്പോർട്ടർമാർ പൊലീസിന്റെ ഈ നടപടിയെ ചോദ്യം ചെയ്തുകൊണ്ട് ചോദിക്കുന്നുണ്ട്, " എന്താ വികാസ് ദുബെക്ക് വല്ല സുരക്ഷാ ഭീഷണിയുമുണ്ടോ?" എന്ന്. ആ ചോദ്യം മറികടന്നു കൊണ്ട്, ദുബെയെ കൊണ്ടുപോയ പൊലീസ് വാഹനങ്ങൾ പത്തു കിലോമീറ്റർ പിന്നിടും മുമ്പ് മാറിയാലും, ദുബെ രക്ഷപെടാൻ ശ്രമിക്കലും, അയാളെ വെടിവെച്ചു കൊല്ലലും ഒക്കെ കഴിഞ്ഞിരുന്നു. ആശുപത്രികരുടെ റിപ്പോർട്ട് "വികാസ് ദുബെ 'brought dead' ആയിരുന്നു എന്നാണ്.


 യുപി ലോ ആൻഡ് ഓർഡർ എഡിജിപി പ്രശാന്ത് കുമാർ ആണ് എൻകൗണ്ടറിൽ കഥ മാധ്യമങ്ങളോട് പറഞ്ഞത്. മഴ പെയ്തുകിടന്നതിനാൽ റോഡിൽ വഴുക്കൽ ഉണ്ടായിരുന്നു എന്നും അതിൽ തെന്നി മറിഞ്ഞുവീണതാണ് വണ്ടി എന്നുമുള്ള വിശദീകരണങ്ങൾ എസ്എസ്പി ദിനേശും നൽകി. ആ അവസരം മുതലെടുത്ത് വികാസ് ദുബെ രക്ഷപെടാൻ ശ്രമിച്ചു എന്നാണ് പൊലീസ് കഥ. അവിടെ ഉയരുന്ന ഒന്നാമത്തെ ചോദ്യമിതാണ്. മധ്യപ്രദേശിൽ ഒരു അമ്പലത്തിന്റെ സെക്യൂരിറ്റി തടഞ്ഞു വെച്ചപ്പോൾ രക്ഷപെടാൻ ശ്രമിക്കാതിരുന്ന, അതിനു ശേഷം മധ്യപ്രദേശ് പൊലീസ് വിലങ്ങുപോലും അണിയിക്കാതെ കൊണ്ട് പോയ നേരത്തും രക്ഷപെടാൻ ശ്രമിക്കാതിരുന്ന ഒരു കുറ്റവാളി എന്തിനാണ്, രക്ഷപെടാൻ ശ്രമിച്ചാൽ തീർത്തുകളയുന്ന ചരിത്രമുള്ള യുപി പൊലീസിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചത്?

രണ്ടാമത്തെ ചോദ്യം, വികാസ് ദുബെയെ കൈവിലങ്ങണിയിച്ചിരുന്നോ എന്നതാണ്? വികാസ് ദുബെയെ കാൺപൂർ പൊലീസ് 650 കിലോമീറ്റർ അകലെയുള്ള കാൺപൂരിൽ ചെന്ന് അറസ്റ്റു ചെയ്തത് പോക്കറ്റടിച്ച കുറ്റത്തിനോ അല്ലെങ്കിൽ ഈവ് ടീസിംഗിനോ അല്ല. അയാൾ അറുപതിലധികം കൊടും കുറ്റകൃത്യങ്ങളിൽ പ്രതിയായ ഒരു കുപ്രസിദ്ധ ഗ്യാങ്സ്റ്റർ ആണ്. അയാളെ അറസ്റ്റു ചെയ്തു കൊണ്ടുവരുമ്പോൾ അയാളെ കൈവിലങ്ങണിയിക്കാതിരുന്നത് എന്തുകൊണ്ടാണ്? അഥവാ അണിയിച്ചിരുന്നു എങ്കിൽ അയാൾ എങ്ങനെയാണ് പിന്നെ കൂടെയുള്ള പൊലീസുകാരന്റെ തോക്ക് തട്ടിയെടുത്തത്?

വികാസ് ദുബെയെ ഏറ്റുവാങ്ങാൻ ഉജ്ജയിനിലേക്ക് പോയത് ഏതെങ്കിലും നാല് കോൺസ്റ്റബിൾമാരല്ല. ഉത്തർപ്രദേശ് എസ്ടിഎഫ് കമാണ്ടോകളാണ്. സ്വന്തം തോക്കുപോലും കൈവിലങ്ങിട്ട ഒരു പ്രതിയുടെ കൈയിൽ പെടാതെ നോക്കാനാവാത്തവരാണോ എസ്ടിഎഫ് കമാൻഡോസ് എന്നതാണ് മൂന്നാമത്തെ ചോദ്യം. രണ്ടു ദിവസം മുമ്പ് വികാസ് ദുബെയുടെ തന്നെ ഒരു കൂട്ടാളിയെ ഫരീദാബാദിൽ നിന്ന് കൊണ്ടുവരുന്ന വഴി അയാൾ ഇതേപോലെ ആയുധം തട്ടിയെടുക്കാൻ ശ്രമിക്കുന്നതിനിടെ വെടിവെച്ചു കൊല്ലേണ്ടി വന്നിട്ടും അടുത്ത ദിവസം ദുബെയെ കസ്റ്റഡിയിൽ എടുത്ത് കൊണ്ടുവരാൻ നേരത്ത് ഒരു മുൻകരുതലും എടുത്തില്ല എന്നാണോ പൊലീസ് പറയുന്നത്?

പത്തുപന്ത്രണ്ടു വാഹനങ്ങൾ നിരനിരയായി പോവുന്നു. അതിൽ ഒരെണ്ണത്തിൽ വികാസ് ദുബെ ഉണ്ട്. ആ വണ്ടി തന്നെ തകിടം മറിഞ്ഞു എന്ന് പറഞ്ഞാൽ എന്തൊരു യാദൃച്ഛികതയാണത്. ആ വണ്ടി സ്കിഡ് ചെയ്ത് മറിഞ്ഞു എന്നാണ് പറയുന്നത്. മഴപെയ്തിട്ടുണ്ട് രാത്രി. എന്നിട്ടും ആ റോഡിൽ നിന്ന് വണ്ടി മറിഞ്ഞു കിടക്കുന്നിടം വരെ ഒരു സ്കിഡ് മാർക്‌സും ഇല്ല എന്നത് അത്ഭുതകരമാണ്. ആ പ്രദേശത്തെങ്ങും ഒരു ഡിവൈഡർ ഇല്ല. വണ്ടി വേഗത്തിൽ പോകുമ്പോഴാണ് മറിഞ്ഞതെങ്കിൽ എന്തുകൊണ്ടാണ് ഒരേയൊരു തകിടം മറിച്ചിലിൽ നിന്നുപോയത്? ഒന്നിലധികം തകിടം മറിയാതിരുന്നത് എന്തുകൊണ്ടാണ്? ഇത്ര വലിയ തകിടം മറിച്ചിൽ ഉണ്ടായിരുന്നു എങ്കിൽ റോഡിൽ ടയർ ഉരഞ്ഞ പാടുണ്ടാവേണ്ടതല്ലേ? അതെന്തുകൊണ്ടാണ് കാണാത്തത്?

 


അവസാന ചെക്ക് പോസ്റ്റ് കടക്കും വരെ ടാറ്റ സഫാരി സ്റ്റോം എന്ന വാഹനത്തിൽ പോയ ദുബെ അപകടം നടക്കാൻ വേണ്ടി മാത്രമാണോ മഹിന്ദ്ര ടിയുവി 300 'ലേക്ക് മാറിയിരുന്നത് എന്ന ചോദ്യവും പ്രസക്തമാണ്. വാഹനത്തിൽ നിന്ന് ദുബെ ഇറങ്ങി ഓടി എന്നും റോഡിൽ നിന്ന് 100 മീറ്ററോളം ചെന്ന ശേഷം പൊലീസ് പിന്നിൽ നിന്ന് വെടിവെച്ചിടുകയായിരുന്നു എന്നുമാണ് പറയുന്നത്. വികാസ് ദുബെയുടെ ഓട്ടോപ്സി പ്രകാരം മരണകാരണം നെഞ്ചുതുളച്ച് കടന്നു പോയ മൂന്നു വെടിയുണ്ടകളാണ്. ഓടിപ്പോകുന്ന ഒരാളെ പിന്തുടർന്ന് അയാളുടെ നെഞ്ചിലൂടെ വെടിയുതിർക്കാനും മാത്രം അമാനുഷികരാണോ ഈ ഉത്തർപ്രദേശ് പൊലീസ്? വികാസ് ദുബെയുടെ വെടിയേറ്റ് ഒരു പൊലീസുകാരന്റെ കയ്യിൽ പരിക്കുണ്ട്. മറ്റൊരാളുടെ കാലിലും. കുറ്റവാളികളെ ജീവനോടെ പിടിക്കാൻ അവരുടെ കാൽമുട്ടിന് താഴെയോ, അല്ലെങ്കിൽ അവരുടെ ജീവൻ നഷ്ടപ്പെടാത്ത രീതിയിൽ മറ്റേതെങ്കിലും ഇടത്തോ വെടിവെച്ചു വീഴ്ത്താൻ വേണ്ട പരിശീലനം സിദ്ധിച്ചവരാണ് എസ്ടിഎഫ് കമാൻഡോസ്. വികാസ് ദുബെയുടെ ദേഹത്തെ മുറിവുകളും, പരിക്കേറ്റ ജവാന്മാരുടെ ദേഹത്തെ മുറിവുകളും കണ്ടാൽ ആ പരിശീലനം കിട്ടിയിട്ടുള്ളത് വികാസ് ദുബെക്കാണോ എന്നുപോലും സംശയം തോന്നാവുന്നതാണ്.

മധ്യപ്രദേശ് പൊലീസ് ജൂലൈ 9 -ന് വൈകുന്നേരം അഞ്ചരയ്ക്കാണ് ദുബെയെ യുപി പൊലീസിന്റെ വാഹനത്തിൽ കയറ്റി വിട്ടത്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിപ്പിച്ചാണ് അവർ ദുബെയെ വാഹനത്തിൽ ഇരുത്തിയത് എന്ന് വാർത്തകൾ ഉണ്ടായിരുന്നു. അതിന്റെ വീഡിയോയും റെക്കോർഡ് ചെയ്യപ്പെട്ടിട്ടുണ്ട്. ബുള്ളറ്റ് പ്രൂഫ് ജാക്കറ്റ് ധരിച്ച ഒരാൾക്ക് എങ്ങനെയാണ് നെഞ്ചിൽ വെടിയേൽക്കുന്നത്?

അങ്ങനെ നിരവധി ചോദ്യങ്ങൾ ഇവിടെ അവശേഷിക്കുമ്പോഴും, ഇത് എൻകൗണ്ടർ കൊലപാതകമാണ് എന്ന് തുറന്നു സമ്മതിക്കുമ്പോഴും, വികാസ് ദുബൈയെപ്പോലുള്ള ഒരു നരാധമൻ അത് അർഹിച്ചിരുന്നു എന്ന വാദത്തിൽ അതിനെ ന്യായീകരിക്കുകയാണ് നമ്മുടെ സമൂഹത്തിന്റെ വലിയൊരു ഭാഗവും ചെയ്യുന്നത്. വികാസ് ദുബെയ്ക്ക് അയാൾ ചെയ്ത കുറ്റങ്ങളുടെ പേരിൽ ശിക്ഷ വിധിച്ച് അത് നടപ്പിലാക്കുന്നതിന് മുമ്പ്, അയാളുടെ ക്രിമിനൽ നെറ്റ്‌വർക്കിന് ഒത്താശ ചെയ്തുകൊടുത്തിരുന്ന ആരൊക്കെ പൊലീസിലും രാഷ്ട്രീയത്തിലും ഉണ്ടായിരുന്നു എന്നുകൂടി അന്വേഷിക്കേണ്ടതുണ്ടായിരുന്നു. അതിനുള്ള സാധ്യത ഈ എൻകൗണ്ടർ കൊലപാതകത്തിലൂടെ അടഞ്ഞിരിക്കുകയാണ്, അഥവാ അടച്ചിരിക്കുകയാണ്. അത്, ഇനിയും നിരവധി വികാസ് ദുബെമാരെ നമ്മുടെ സമൂഹത്തിൽ അവശേഷിപ്പിക്കുകയാണ് ചെയ്തിരിക്കുന്നത് എന്ന സത്യം വിസ്മരിക്കാവുന്നതല്ല.