കണ്ണെത്താത്ത ദൂരം പരന്നുകിടക്കുന്ന, തണുത്തുറഞ്ഞ മരുഭൂമി ഭൂമിപോലൊരിടമാണ് ഹിമാചല്‍ പ്രദേശിലെ കിനൗര്‍ മേഖല. ഇവിടത്തെ ചെറുഗ്രാമമാണ് തങ് കര്‍മ്മ.  'വെളുത്ത തുറന്ന പ്രദേശം' എന്നാണ് ഇതിനര്‍ത്ഥം. 

ഒരു പുല്‍നാമ്പുപോലും കിളിര്‍ക്കാത്ത കാഠിന്യമേറിയ മണ്ണാണ് അവിടെയുള്ളത്. നിര്‍ജീവമായ ആ മണ്ണില്‍ മനുഷ്യവാസം നന്നേ കുറവാണ്. തീര്‍ത്തും വറ്റി, വരണ്ട, ജീവന്റെ ഒരു കണിക പോലും അവശേഷിക്കാത്ത ആ മണ്ണിനെ മാറ്റിമറിച്ച ഒരു മനുഷ്യന്റെ കഥയാണിത്. ഹിമാചല്‍ പ്രദേശ് ധനകാര്യ വകുപ്പിലെ ഉദ്യോഗസ്ഥനായിരുന്ന ആനന്ദ് ധ്വാജ് നേഗി. 

വെറും പാറയായിരുന്ന അവിടം ഒന്നിനും കൊള്ളില്ലെന്ന് എല്ലാവരും എഴുതിത്തള്ളിയപ്പോഴും, അദ്ദേഹം തന്റെ ജീവിതവും, സ്വപ്നങ്ങളും ആ മണ്ണില്‍ സമര്‍പ്പിച്ചു. ഇന്ന് ആ മരുഭൂമിക്കുള്ളില്‍ ഒരു പച്ചപ്പ് കാണുന്നെങ്കില്‍, അത് ആ വ്യക്തിയുടെ അധ്വാനമാണ്, കരുതലാണ്. എന്നാല്‍ പ്രകൃതിയുടെ ആ കാവലാള്‍ ഇന്നില്ല. ഗുരുതരമായ മസ്തിഷ്‌കാഘാതത്തെ തുടര്‍ന്ന് കഴിഞ്ഞ മാസം 23 ന് അദ്ദേഹം വിടപറഞ്ഞു. 74 വയസ്സായിരുന്നു.  പക്ഷെ മരിക്കുന്നതിന് മുന്‍പ് അദ്ദേഹം കാട്ടിത്തന്ന മൂല്യവത്തായ കൃഷിയുടെ അടിസ്ഥാന പാഠങ്ങള്‍ ഇന്നും പ്രചോദനമാണ്. 

1990 കളിലാണ് ഇതിന്റെയെല്ലാം ആരംഭം. അന്ന് അദ്ദേഹം സംസ്ഥാന സര്‍ക്കാരിന്റെ മരുഭൂ വികസന പദ്ധതിയില്‍ പ്രവര്‍ത്തിക്കുകയായിരുന്നു. മരുഭൂമിയില്‍ വൃക്ഷങ്ങള്‍ നട്ട് പിടിപ്പിക്കുന്നതിനുള്ള ഒരു പദ്ധതിയായിരുന്നു അത്. എന്നാല്‍ അവിടെ കാര്യമായി ഒന്നും തന്നെ നടക്കുന്നുണ്ടായിരുന്നില്ല. കോടിക്കണക്കിന് നികുതിദായകരുടെ പണം ഉപയോഗശൂന്യമായി പോകുന്നത് അദ്ദേഹം വേദനയോടെ കണ്ടു. ഒരു കര്‍ഷകന്റെ മകനായ അദ്ദേഹത്തിന് അത് താങ്ങാനായില്ല.

ഒടുവില്‍ 1998 -ല്‍ അദ്ദേഹം ഇതിനായി തുനിഞ്ഞിറങ്ങി. വെറും പാറകള്‍ നിറഞ്ഞ ഭൂമിയില്‍ മരങ്ങള്‍ നട്ട് വളര്‍ത്തുക എന്നത്  എളുപ്പമുള്ള കാര്യമല്ല എന്നത് അദ്ദേഹത്തിന് നല്ല ബോധ്യമുണ്ടായിരുന്നു. ഒരു പരീക്ഷണത്തിനാണ് ഇറങ്ങി തിരിക്കുന്നതെന്ന് മനസ്സിലാക്കി തന്നെ  അദ്ദേഹം ആ ദൗത്യം നിര്‍ഭയം ഏറ്റെടുത്തു. മരുഭൂമിയില്‍ വളരാന്‍ സാധ്യതയുള്ള സസ്യങ്ങളുടെ വിത്തുകള്‍ ശേഖരിച്ച് അദ്ദേഹം മണ്ണില്‍ പാകി.  കൊടും തണുപ്പില്‍, ആവശ്യത്തിന് വെള്ളം ലഭിക്കാതെ ആ വിത്തുകള്‍ എല്ലാം നശിച്ചുപോയി. കടുത്ത നിരാശ തോന്നിയെങ്കിലും, പിന്‍വാങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. സാധ്യമായ എല്ലായിടത്തും നിന്നും അദ്ദേഹം കൃഷിയെ സംബന്ധിച്ച അറിവുകള്‍ ശേഖരിച്ചു. വനമേഖലയില്‍ വളര്‍ത്താന്‍ കഴിയുന്ന സസ്യങ്ങളെയും വിളകളെയും കുറിച്ച് പ്രായമായവരോട് അദ്ദേഹം തിരക്കി. തട്ട് തിരിച്ചുള്ള കൃഷിരീതി പരീക്ഷിച്ചു. ഇത് മഴവെള്ളം സംരക്ഷിക്കുന്നതിനും, മണ്ണൊലിപ്പ് തടയുന്നതിനും സഹായിച്ചു. തന്റെ കൃഷിയിടത്തില്‍ രാസവളങ്ങള്‍ ഉപയോഗിക്കുന്നതിന് പകരം അദ്ദേഹം കമ്പോസ്റ്റ് വളം ഉപയോഗിച്ചു.  

 

 

അടുത്തത് ആവശ്യത്തിന് വെള്ളം കണ്ടെത്തുകയെന്ന ദൗത്യമായിരുന്നു. തണുത്ത മരുഭൂമിയില്‍ മഞ്ഞ് ഉരുക്കിയാണ് വെള്ളം ശേഖരിച്ചിരുന്നത്. എന്നാല്‍ ഇത് പലപ്പോഴും പ്രയോഗികമായിരുന്നില്ല. ഒടുവില്‍ 25 കിലോമീറ്റര്‍ അകലെയുള്ള ഹിമാനികളില്‍ നിന്ന് അരുവികളുണ്ടാക്കാന്‍ പ്രാദേശിക സമൂഹങ്ങളുമായി ചേര്‍ന്ന് അദ്ദേഹം പ്രവര്‍ത്തിച്ചു. അത് കൂടാതെ പരമ്പരാഗത രീതികള്‍ ഉപയോഗിച്ച് കൃഷിക്കാവശ്യമായ ജല ലഭ്യത റപ്പ് വരുത്തി. 2003 ആയപ്പോഴേക്കും ഈ പദ്ധതിയില്‍ അദ്ദേഹം മുഴുവന്‍ സമയവും പ്രവര്‍ത്തിക്കാന്‍ തുടങ്ങി. കൈയിലുണ്ടായിരുന്ന സകല സമ്പാദ്യവും അദ്ദേഹം ഇതില്‍ മുടക്കി.  

ഒടുവില്‍ തന്റെ അശ്രാന്ത പരിശ്രമത്തിലൂടെ 65 ഹെക്ടര്‍ മരുഭൂമിയില്‍ 30,000 ലധികം മരങ്ങള്‍ അദ്ദേഹം നട്ടു പിടിപ്പിച്ചു. വൃക്ഷങ്ങള്‍ക്ക് പുറമേ ഉരുളക്കിഴങ്ങ്, കടല, ശതാവരി, സൂര്യകാന്തി, മഷ്‌റൂം, കിഡ്‌നി ബീന്‍സ് എന്നിവയും, ആപ്പിള്‍, ആപ്രിക്കോട്ട് തുടങ്ങിയ പഴങ്ങളും അദ്ദേഹം അവിടെ വളര്‍ത്തി.  അങ്ങനെ മരുഭൂമിയുടെ ഒരു ഭാഗം മരുപ്പച്ചയായി മാറി. അദ്ദേഹത്തെ നാട്ടുകാര്‍ 'ഡെസേര്‍ട്ട് ഹീലര്‍' എന്ന് വിളിച്ചു. ഒരിക്കല്‍ അസാധ്യമെന്ന് കരുതിയിരുന്ന കാര്യം, അദ്ദേഹം നടത്തി കാണിച്ചു കൊടുത്തു. ആ മണ്ണില്‍ ഒന്നും വളരില്ലെന്ന് കരുതിയ നാട്ടുകാര്‍ പിന്നീട് അദ്ദേഹത്തിന്റെ കൃഷിരീതികള്‍ മനസ്സിലാക്കാന്‍ ആ മരുഭൂമി സന്ദര്‍ശിച്ചു.

50 കിലോമീറ്റര്‍ അകലെയുള്ള ഗ്രാമങ്ങളില്‍ നിന്ന് പോലും ആളുകള്‍ ആടുകളെ മേയ്ക്കാനും, തോട്ടം ഉടമകള്‍ മണ്ണിര കമ്പോസ്റ്റ് വാങ്ങാനുമായി തംഗ് കര്‍മ്മയില്‍ വരുന്നു. കൂടാതെ, അദ്ദേഹം ആദ്യമായി നിര്‍മ്മിച്ച നഴ്‌സറി സമീപ ഗ്രാമങ്ങളിലെ കര്‍ഷകര്‍ക്ക് തൈകള്‍ വിതരണം ചെയ്യുന്നു. സര്‍വ്വകലാശാലയില്‍ നിന്ന് വിദ്യാര്‍ത്ഥികള്‍ അദ്ദേഹത്തിന്റെ കൃഷിരീതി മനസ്സിലാക്കാന്‍ അവിടം സന്ദര്‍ശിക്കുന്നു. സ്വന്തം ആരോഗ്യവും, സുഖസൗകര്യങ്ങളും അവഗണിച്ച് തന്റെ ലക്ഷ്യത്തിനായി നീണ്ട 22 വര്‍ഷം അദ്ദേഹം അധ്വാനിച്ചതിന്റെ ഫലമായിരുന്നു അത്. അദ്ദേഹത്തിന്റെ ജീവിതം ഇന്നത്തെ തലമുറയ്ക്ക് മാത്രമല്ല, വരും തലമുറകള്‍ക്കും ഒരു പാഠമാണ്.  മനുഷ്യന്റെ യുക്തിരഹിതമായ പ്രവര്‍ത്തികള്‍ കൊണ്ട് കാടുകളെല്ലാം ഇന്ന് മരുഭൂമികളായി മാറുകയാണ്. എന്നാല്‍ ആനന്ദിനെ പോലുള്ളവരുടെ ഒറ്റയാള്‍ പോരാട്ടങ്ങള്‍ മൃതപ്രായയായ ഭൂമിയ്ക്ക് പുതിയ ജീവനും, പ്രതീക്ഷയുമാണ് നല്‍കുന്നത്.