Asianet News MalayalamAsianet News Malayalam

മൊയ്തു കിഴിശ്ശേരി എന്ന വിശ്വസഞ്ചാരി, കാലത്തിനും അപ്പുറത്തേക്കുള്ള യാത്രയ്ക്ക് പുറപ്പെട്ടപ്പോൾ...

 "ഞങ്ങൾക്ക് നിങ്ങൾ വായിക്കുന്നത്ര ഭംഗിക്ക് ഖുർആൻ വായിക്കാൻ അറിയില്ല.", അവർ മൊയ്തുവിനോട് പറഞ്ഞു

moidu kizhisseri departs for his last trip, to heaven
Author
kerala, First Published Oct 12, 2020, 6:07 PM IST
  • Facebook
  • Twitter
  • Whatsapp

നമ്മളിൽ പലരും സഞ്ചാരികളാണ്. എന്നാൽ നമ്മളിൽ ആരും തന്നെ മലപ്പുറം കിഴിശ്ശേരി സ്വദേശി മൊയ്തുവിനെപ്പോലെ യാത്ര ചെയ്തുകാണില്ല. അക്ഷരാർത്ഥത്തിൽ ഒരു ഉലകം ചുറ്റും വാലിബനായിരുന്ന മൊയ്തു തന്റെ ആയ കാലത്ത് യാത്ര ചെയ്തു തീർത്ത ദൂരങ്ങൾ, കണ്ടുമുട്ടിയ മനുഷ്യർ, അറിഞ്ഞനുഭവിച്ച ജീവിതങ്ങൾ ഒക്കെ നമുക്കൊന്നും ചിന്തിക്കാൻ പോലും ആകാത്തത്ര വന്യമാണ്.  വെറും അമ്പത് രൂപയും പോക്കറ്റിലിട്ടുകൊണ്ട്  താൻ നടത്തിയ ലോകസഞ്ചാരങ്ങളെപ്പറ്റി മൊയ്തുവിന് പറയാനുള്ളത് വർഷങ്ങൾക്കു മുമ്പ് ടി എൻ ഗോപകുമാർ ഏഷ്യാനെറ്റ് ന്യൂസിലെ കണ്ണാടി പരിപാടിയിലൂടെ ഒപ്പിയെടുത്തിരുന്നു. 

 

 

എന്തിനാണ് അമ്പത് രൂപയുമായി മൊയ്തു യാത്രക്കിറങ്ങിയത്? ലോകം അനുഭവിക്കാൻ. അതും തന്റെ പത്താമത്തെ വയസ്സിൽ. ആദ്യം ഉത്തരേന്ത്യയിലെത്തി. പിന്നെ സന്യാസം, സൂഫിസം, പേരറിയാത്ത സ്ഥലങ്ങൾ: അങ്ങനെയൊരു ലോകത്ത് ചെലവിട്ടു, കുറേക്കാലം. അവിടെ നിന്ന്, ഇന്ത്യവിട്ട് എത്തിപ്പെട്ടതോ ഒരു പാകിസ്ഥാൻ ജയിലിൽ. തീർന്നില്ല, പിന്നെയും കണ്ടു മൊയ്തു ലോക രാജ്യങ്ങൾ എമ്പാടും. അഫ്ഗാനിസ്ഥാൻ, തുർക്ക്മെനിസ്ഥാൻ, തുർക്കി, ഇറാൻ, ഇറാഖ്, യൂറോപ്പ്, ആഫ്രിക്ക എന്നിങ്ങനെ മൊയ്തു സഞ്ചരിച്ചത് ആയിരക്കണക്കിന് മൈൽ ദൂരം.

ഒന്നും കയ്യിൽ കരുത്താതെയുള്ള സഞ്ചാരമായിരുന്നു അതൊക്കെയും. അൻപതോളം രാജ്യങ്ങളിലെ മണ്ണിൽ മൊയ്തു കാലെടുത്തു കുത്തിയിട്ടുണ്ട്. പത്താം വയസ്സിൽ ഇറങ്ങിപ്പോയ പോക്ക് മതിയാക്കി ഒന്ന് തിരികെ നാട്ടിലേക്കു മടങ്ങാൻ തോന്നാൻ 25 വർഷത്തെ അലച്ചിൽ വേണ്ടിവന്നു മൊയ്തുവിന്. പിന്നീടങ്ങോട്ടുള്ള കാലമത്രയും, ആ ഇരുപത്തഞ്ചു വർഷത്തെ ഓർമകളുടെ കൂമ്പാരവും പേറിയുള്ള ജീവിതമായിരുന്നു. 

"ലോക സംസ്കാരം പഠിക്കാൻ, ഒരു മനുഷ്യനെ മനുഷ്യനാക്കാൻ, യാത്രയല്ലാതെ മറ്റൊന്നുമില്ല " എന്ന് ഇന്നും അടിയുറച്ചു വിശ്വസിക്കുന്നവനാണ് മൊയ്തു. എന്നാൽ ആ യാത്ര, പണം ഒരുപാട് പൊട്ടിച്ചുകൊണ്ട് നഗരങ്ങളിൽ നിന്ന് നഗരങ്ങളിലേക്കുള്ള വെറും വിമാനയാത്രയാകരുത്, നഗരം ചുറ്റൽ ആകരുത് എന്നും മൊയ്തുവിന് നിർബന്ധമുണ്ട്. ഒരു യാത്രയെ സഞ്ചാരമാക്കുന്നത്, പോകുന്ന നഗരങ്ങളിലെ മനുഷ്യരെ കാണുന്നതും, അവരുടെ അവസ്ഥ എന്തെന്ന് മനസ്സിലാക്കുന്നതും, ജീവിതം എങ്ങനെയാണ് എന്ന് കണ്ടറിയുകയും ഒക്കെയാണ് എന്ന് മൊയ്തു കരുതി. "നഗരങ്ങൾ കാണാൻ വേണ്ടി പോകുന്നത് യാത്ര, അവിടങ്ങളിലെ മനുഷ്യാവസ്ഥ കൂടി കണ്ടെടുത്താൽ അത് സഞ്ചാരം" എന്ന് മൊയ്തു വേർതിരിവ് കണ്ടെത്തി. 

കയ്യിലുണ്ടായിരുന്ന 200 രൂപയിൽ 150 രൂപയും സാധുക്കൾക്ക് നൽകി ശേഷിച്ച 50 രൂപയും പോക്കറ്റിലിട്ടാണ് 1969 -ൽ, അന്നത്തെ കുഞ്ഞുമൊയ്തു,  തന്റെ പത്താം വയസ്സിൽ വീടുവിട്ടിറങ്ങുന്നത്. ആദ്യം പോയത് നാഗാലാ‌ൻഡ് വഴിക്കാണ്. നോർത്ത് ഈസ്റ്റിൽ കുറെ കറങ്ങി നടന്ന ശേഷം, അടുത്ത ഏഴു വർഷം കൊണ്ട് ഇന്ത്യ മുഴുവനും കണ്ടു തീർത്തു. അതിനിടയിൽ ചില സൂഫികളെയും സന്യാസിമാരെയും ഒക്കെ കണ്ടുമുട്ടുന്നുണ്ട് ആശാൻ. ദില്ലിയിൽ കഴിഞ്ഞ കാലത്താണ് മൊയ്തു ഭഗവദ് ഗീത അഭ്യസിക്കുന്നത്. കേരളത്തിൽ ഉണ്ടായിരുന്ന കാലത്ത് പള്ളി ദർസിൽ നിന്ന് സാമാന്യം ആഴത്തിൽ തന്നെ ഖുറാനും പഠിച്ചു മൊയ്തു, വിദേശ രാജ്യത്ത് കറങ്ങുന്നതിനിടക്ക് പരിചയപ്പെട്ട ഒരു വിദേശ പാതിരിയിൽ നിന്ന്  കുറച്ച് ബൈബിളും വശത്താക്കുന്നുണ്ട് അതിനിടെ മൊയ്തു.

അതിനു ശേഷമുള്ള യാത്രക്കൊടുവിൽ ചെന്നുപെടുന്നത് പാകിസ്താനിൽ. അവിടെ നിന്ന് അഫ്‌ഗാനിസ്ഥാൻ വഴി പോയി ചൈനയിൽ ചെന്നു. പിന്നെ തിബത്ത്, ബർമ, കൊറിയ, മംഗോളിയ, അങ്ങനെ കറങ്ങി പാകിസ്‌താനിൽ തന്നെ തിരിച്ചെത്തി. തിരിച്ചു വീണ്ടും അഫ്‌ഗാനിലേക്ക് ചെന്നു. അവിടെന്നും കിർഗിസ്ഥാൻ, താജികിസ്താൻ, കസാഖിസ്ഥാൻ, ഉസ്‌ബെക്കിസ്ഥാൻ, അസർ ബൈജാൻ, തുർക്ക്മെനിസ്താൻ, അർമേനിയ ഒക്കെ കഴിഞ്ഞ് ഒരു 20-21 വയസ്സിൽ ഇറാനിൽ എത്തുന്നു അയാൾ. അവിടെ കുറച്ചു കാലം പട്ടാളത്തിൽ ആയിരുന്നു മൊയ്തു. 

ഇറാനിയൻ  പട്ടാളത്തിൽ മൊയ്തു ജോലിക്ക് കയറുന്നത്  രസമുള്ള കഥയാണ്. യാത്രക്കിടെ, മൊയ്തു ഇറാനിൽ വെച്ച് വഴി ചോദിച്ചത് റോഡിൽ കണ്ട പട്ടാളക്കാരോടായിപ്പോയി. "ബസ്രയിലേക്ക് ഏത് വഴി പോകണം?" എന്നായിരുന്നു മൊയ്തുവിന്റെ സംശയം. അന്ന് ഇറാൻ-ഇറാഖ് യുദ്ധം കൊടുമ്പിരിക്കൊണ്ട് നടക്കുന്ന കാലമാണ്. അതിനിടെ ഇറാനിലെ പട്ടാളക്കാരോട് ഒരാൾ ഇറാഖിലേക്കുള്ള വഴി ചോദിച്ചാൽ അവർ വെറുതെ വിടുമോ? അറസ്റ്റു ചെയ്ത് കോടതിയിൽ കൊണ്ടുപോയി. ജഡ്ജിക്ക് പക്ഷേ മൊയ്തു അത്ര അപകടകാരി അല്ലെന്നു തോന്നി. മോചിപ്പിച്ചേക്കാം എന്ന് കരുതി പട്ടാള ക്യാപ്റ്റൻ മൊയ്തുവിനെ സമീപിച്ച്,"ബസ്രയിലേക്ക് പോവില്ല " എന്നൊരു സത്യവാങ്മൂലം എഴുതിക്കൊടുക്കണം എന്ന ഒരൊറ്റ ആവശ്യം മാത്രം അറിയിച്ചു. 

ഈ സന്ദർഭത്തെപ്പറ്റിമൊയ്തു പിന്നീട് പറഞ്ഞത്, "അവരെ മറുത്ത് പറഞ്ഞാൽ എന്തുണ്ടാകും, അവർ എന്നെ എന്ത് ചെയ്യും എന്നറിയാനുള്ള കൗതുകം ഒന്നുകൊണ്ട് മാത്രം,'അങ്ങനെ എഴുതിത്തരാനൊന്നും പറ്റില്ല' എന്ന് ഞാൻ മറുപടി പറഞ്ഞു" എന്നാണ്. എന്തായാലും, അങ്ങനെ ഉറപ്പ് കൊടുക്കാത്തതുകൊണ്ട് തിരികെ ജയിലിലേക്ക് തന്നെ വിട്ടു അവർ മൊയ്തുവിനെ. ജയിൽവാസം തുടങ്ങിയതിന്റെ പത്താം നാൾ മൊയ്തുവിന് ഫ്‌ലൂ ബാധിക്കുന്നു. മൊയ്തു കിടപ്പിലാകുന്നു. അവിടെ നിന്ന് പട്ടാളക്യാമ്പിലേക്ക് പരിചരണത്തിനായി മൊയ്തുവിനെ മാറ്റി. പനിമാറിയതോടെ മൊയ്തു നിസ്കാരം ഒക്കെ പുനരാരംഭിച്ചു. നിസ്കാരം കഴിഞ്ഞ് കുറച്ചു നേരം ഖുർ ആൻ പാരായണം ചെയ്യുന്ന സ്വഭാവമുണ്ട് മൊയ്തുവിന്. ഈ പാരായണം കഴിഞ്ഞ് എഴുന്നേൽക്കുമ്പോഴുണ്ട് ക്യാമ്പിലെ കുറെ പട്ടാളക്കാർ നമ്രശിരസ്കരായി, സശ്രദ്ധം കാതോർത്തുകൊണ്ട് പിന്നിൽ നിൽക്കുന്നു. അന്തം വിട്ടു മൊയ്തു 'എന്തേ ?' എന്ന് ചോദിച്ചപ്പോൾ, അവർ പറഞ്ഞു, "ഞങ്ങൾക്ക് നിങ്ങൾ വായിക്കുന്നത്ര ഭംഗിക്ക് ഖുർആൻ വായിക്കാൻ അറിയില്ല." അവർക്കാണെങ്കിൽ വൃത്തിക്ക് ഖുർആൻ വായിക്കാനറിയുന്നവരെ വലിയ ബഹുമാനമാണ്. 

ആ സംഭവത്തിന് ശേഷം മൊയ്തുവായി ആ ക്യാമ്പിലെ ഉസ്താദ്. അങ്ങനെ പട്ടാളക്കാരുടെ ഇടയിലെ പ്രിയപ്പെട്ട മതപണ്ഡിതൻ ആയി മൊയ്തു മാറി. രണ്ടാമത് യുദ്ധത്തിന് പോകുന്ന സമയത്ത് അവിടെ മൊയ്തുവിനെ സ്നേഹിച്ചിരുന്ന ഒരു പട്ടാളക്കാരി ഉണ്ടായിരുന്നു. അവർ തന്റെ കയ്യിൽ ഉണ്ടായിരുന്ന വിലയേറിയ വജ്രമോതിരം ഊരിക്കൊടുത്തിട്ടു പറഞ്ഞു, "നിങ്ങൾ പോണം. ഇവിടെ ഇനിയും നിന്നാൽ നിങ്ങൾക്ക് വല്ലതും പറ്റും. അതെനിക്ക് സഹിക്കാൻ പറ്റില്ല." അതും പറഞ്ഞ് അവർ പോകാനുള്ള വഴി കൂടി പറഞ്ഞു കൊടുത്ത് മൊയ്തുവിനെ പറഞ്ഞുവിട്ടു. അവിടെ നിന്ന് മുങ്ങാൻ കിട്ടിയ അവസരം മുതലാക്കി മൊയ്തു മുങ്ങി. 

കയ്യിൽ ഉണ്ടായിരുന്ന ഡ്യൂപ്ലിക്കേറ്റ് പാസ്പോര്ട്ട് പോലും അവിടെ തന്നെ ഉപേക്ഷിച്ചായിരുന്നു ആ രക്ഷപ്പെടൽ. മല കയറി തുർക്കിക്ക് പോകുന്നു മൊയ്തു. പിന്നെ യൂറോപ്യൻ രാജ്യങ്ങളും, ആഫ്രിക്കൻ രാജ്യങ്ങളും ഒക്കെ കുറെ കറങ്ങി. അതിൽ നിന്നൊക്കെ ഒരുപാട് അനുഭവ പാഠങ്ങളും അദ്ദേഹത്തിന് കിട്ടി. ഒരുപാട് ചരിത്രം കണ്ടെത്തലും, മനുഷ്യ സംസ്കാരം എന്തെന്ന് പടിക്കലും ഒക്കെ ഉണ്ടായി അക്കാലത്ത്.  പത്തിരുപത് ഭാഷയൊക്കെ പഠിച്ചു മൊയ്തു തന്റെ യാത്രയ്ക്കിടെ.

യാത്രയുടെ തിരക്കൊക്കെ കഴിഞ്ഞ് നാട്ടിൽ തിരികെ എത്തുമ്പോൾ മൊയ്തുവിന് 35 വയസ്സ്. അന്ന് ദമ്പതികൾക്കുള്ള കൗൺസിലിംഗ് ചെയ്യൽ ആയിരുന്നു മൊയ്തുവിന്റെ ഉപജീവനം. പുരാവസ്തുക്കളുടെ ശേഖരം മുഖ്യ ഹോബിയും. അങ്ങനെ മൊയ്തു കൗൺസിൽ ചെയ്ത ശേഷം ദാമ്പത്യത്തിൽ വിജയം കണ്ടെത്താനായ, ആ മധുരം ദീർഘകാലത്തേക്ക് നുകരാൻ ഭാഗ്യം സിദ്ധിച്ചവർ, തിരികെ ഗൾഫിൽ നിന്നും വരാൻ നേരം മൊയ്തുവിനോട് ചോദിച്ചു, "എന്തുവേണം  സർ?" അവരോടൊക്കെ മൊയ്തു പറഞ്ഞത് ഒരു കാര്യം, "പുരാവസ്തുക്കൾ വല്ലതും ഉണ്ടെങ്കിൽ കൊണ്ടു വരൂ..." 

അങ്ങനെ പലരും കൊണ്ടുവന്ന പലതും മൊയ്തുവിന്റെ വീട്ടിൽ ഇന്നും സൂക്ഷിച്ചിരിപ്പുണ്ട്. ഈ ശേഖരം കണ്ട പലരും പിന്നീടുള്ള വരാവുകളിൽ വേറെയും സാധനങ്ങൾ കൊണ്ടുനൽകി.   അങ്ങനെ പണം കൊടുത്തും അല്ലാതെയുമായി ശേഖരിച്ച ആയിരത്തിലധികം പുരാവസ്തുക്കളുണ്ട് മൊയ്തുവിന്റെ വീട്ടിൽ. മരിക്കും മുമ്പ്, ചികിത്സക്ക് തികയാനും മാത്രം പണം തന്ന്, ആരെങ്കിലും ഈ പുരാവസ്തുക്കൾ ഏറ്റെടുത്തെങ്കിൽ എന്നാഗ്രഹിച്ചു. സർക്കാർ തന്റെ ജീവിതത്തിനും ഈ പുരാവസ്തു ശേഖരത്തിനും ഒരു അംഗീകാരവും തന്നില്ലല്ലോ എന്ന് പരിഭവിച്ചു. 

തന്റെ പതിറ്റാണ്ടുകൾ നീണ്ട ഉലകം ചുറ്റിയുള്ള യാത്രക്കിടെ മൊയ്തു പട്ടാളക്കാരനായി, ഗൈഡായി, ചാരനായി, ലേഖകനായി. മടങ്ങി നാട്ടിലെത്തിയപ്പോൾ ഇലക്ട്രീഷ്യനായി, പ്ലംബറായി. കുറച്ചു കാലം പണിയില്ലാതെ നിന്നപ്പോൾ അദ്ദേഹം പഴയ അനുഭവങ്ങൾ എഴുതാൻ തുടങ്ങി. ആദ്യമെഴുതിയ പുസ്തകം ക്ലിക്കായതോടെ ആ അനുഭവങ്ങൾക്കും ഡിമാന്റുണ്ടായി. ലിവിങ് ഓൺ ദ എഡ്ജ്, ദൂർ കെ മുസാഫിർ, സൂഫികളുടെ നാട്ടിൽ തുടങ്ങി ഏഴു പുസ്തകങ്ങളെഴുതി മൊയ്തു കിഴിശ്ശേരി എന്ന പേരിൽ. അങ്ങനെ പണി മതിയാക്കി, കുത്തിയിരുന്നെഴുത്ത് മാത്രമായപ്പോൾ,മേലിളകി നടന്നുള്ള പണിയെടുപ്പ് നിന്നതോടെ അസുഖങ്ങളുടെ ഒന്നൊന്നായുള്ള കടന്നുവരവും ഉണ്ടായി മൊയ്തുവിന്റെ ജീവിതത്തിലേക്ക്. 2012 നു ശേഷം മൊയ്തുവിന് എഴുതാൻ കഴിഞ്ഞില്ല, രോഗപീഡ കാരണം. ഡയാലിസിസ് നിർബന്ധം എന്നു ഡോക്ടർമാർ പറഞ്ഞിട്ടും, സാമ്പത്തിക പ്രയാസങ്ങൾ നിമിത്തം അത് പലപ്പോഴും മുടങ്ങി.

നല്ലൊരു ഭാര്യ, ആരെക്കൊണ്ടും നല്ലതു പറയിപ്പിക്കുന്ന രണ്ടു മക്കൾ - ഇത്രയും കനിഞ്ഞനുഗ്രഹിച്ച്‌ തനിക്കേകിയ പരമകാരുണികനായ പടച്ചവൻ അലിവുള്ളവനാണ് എന്നു തന്നെ മൊയ്തു ഉറച്ചു വിശ്വസിച്ചിരുന്നു, എന്നും ഉറച്ചുപറഞ്ഞിരുന്നു. താൻ രോഗിയായി എന്നൊരൊറ്റ തട്ടുകേടുമാത്രമേ മൊയ്തു നോക്കിയിട്ട് ജീവിതത്തിൽ കണ്ടിരുന്നുള്ളൂ. അതിനാണെങ്കിൽ അവനവനെ അല്ലാതെ മറ്റാരെയും പഴിക്കാനുമില്ല എന്നും മൊയ്തു കരുതിയിരുന്നു. കൊള്ളാവുന്നൊരു വീടും മുറ്റവും പറമ്പും പരിസരവും അയൽവാസികളും ഒക്കെ ഉണ്ടായി ജീവിതത്തിന്റെ സായാഹ്നത്തിലെങ്കിലും മൊയ്തുവിന്. 

ഒരുപാട് മനുഷ്യരുടെ തിക്താനുഭവങ്ങൾ നേരിൽ കണ്ടു മനസ്സിലാക്കാൻ അവസരം നൽകിയ തന്റെ യാത്രകൾ പകർന്ന ഊർജ്ജമായിരുന്നു ദേഹം പരിക്ഷീണമായപ്പോഴും, ആത്മാവിൽ ക്ഷീണമേശാതെ കാക്കാൻ മൊയ്തുവിനെ സഹായിച്ചത്.  ഒടുവിൽ, ഇന്നലെ വൃക്കരോഗത്തോടുള്ള ദീർഘനാളത്തെ പോരാട്ടം മതിയാക്കി മൊയ്തു കിഴിശ്ശേരി തന്റെ അന്ത്യശ്വാസം വലിച്ചു.   

പ്രകൃതിയോട്, മനുഷ്യരെപ്പോലെ അതിൽ അവകാശമുള്ള കിളികളോട് പ്രത്യേകിച്ചും മമതയുണ്ടായിരുന്ന മൊയ്തു, അവയ്ക്ക് പാർക്കാൻ വീടിനുചുറ്റും മരങ്ങൾ നട്ടുവളർത്തി, മോന്തിക്ക് കിളികൾക്ക് ചേക്കേറാൻ അവയുടെ ചില്ലകളിൽ കൂടുകളൊരുക്കി, ചട്ടികളിൽ വെള്ളവും അന്നവും പകർന്നു കാത്തിരുന്നു. ആ മൊയ്തു എന്ന പുണ്യാത്മാവ് തന്റെ അവസാനത്തെ യാത്രക്ക്, പരലോകയാത്രക്ക് പുറപ്പെട്ടുപോയത്,  ആ പറമ്പിലെ മരങ്ങളിൽ പതിവുപോലെ അന്നും ചേക്കേറിയ പാവം കിളികൾ  അറിഞ്ഞുകാണുമോ എന്തോ..! 

Follow Us:
Download App:
  • android
  • ios