എന്നാൽ, നിസാമുദ്ദീന്‍ പാലത്തിനു സമീപത്ത് രാംപുകാർ‌ പണ്ഡിറ്റിന്റെ യാത്ര പൊലീസ് തടഞ്ഞു. തകർന്നുപോയ അയാൾ കഴിഞ്ഞ മൂന്ന് ദിവസമായി അവിടെ നിൽക്കുകയാണ്. മകനെ ഇനി ഒരിക്കലും കാണില്ലെന്ന തീരാഭയം രാംപുകാറിനെ പിടികൂടിയിട്ടുണ്ട്. ആർക്കാണ് അയാളെ സമാധാനിപ്പിക്കാൻ കഴിയുക?

 

കുറെ കാലം മുമ്പ് നാട്ടിലെ ചില രാത്രികളിൽ, നിലാവു നിഴൽ വീഴ്ത്തിയ നിശ്ശബ്ദതകളിൽ, മലമുകളിൽ നിന്നോ പാടത്തിനപ്പുറത്ത് നിന്നോ ഉച്ചത്തിലുള്ള നിലവിളികൾ കേൾക്കാമായിരുന്നു.. ആ അയ്യം വിളികളിൽ ഭയങ്കരമായ സങ്കടങ്ങളുടെ പതംപറച്ചിലുകൾ ഉണ്ടായിരുന്നു... മാംസം മാംസത്തിൽ നിന്നും വേർപ്പെടുന്ന തീരാ ദുഃഖം... ആ ഒച്ച കേൾക്കുമ്പോൾ മുതിർന്ന ആരെങ്കിലും പറയും "അത് കുന്നുമ്മലെ ശങ്കരനാ" അല്ലെങ്കിൽ "മലോല് വെള്ളയി" ആ രാത്രി കുന്നുമ്മൽ നിന്നോ മലോല് നിന്നോ ദുഖം ആ പ്രദേശമാകെ വ്യാപിക്കും...

ഒരു നത്തിന്‍റെയോ നെടൂളാന്‍റെയോ ശബ്ദം ആ രാത്രിയുടെ ഉറക്കം കെടുത്തും. ഇടവിട്ട് ഇടവിട്ട് ഇരുമ്പു തകിട് കീറും പോലെ കരച്ചിലുയരും, പുലർച്ചെ രണ്ടു മണി, മൂന്നു മണി, നാലു മണി...

കുറച്ച് കാലം കഴിഞ്ഞപ്പോൾ മരണത്തിന് അടക്കിപ്പിടിച്ച തേങ്ങലുകൾ മാത്രം അകമ്പടി പോയി. പിന്നെ പിന്നെ ആരും കരയാതായി. മരണത്തിന് കരച്ചിൽ ഒട്ടും ചേരാത്ത പോലെ, കണ്ണുനീരും ഓർമ്മകളും ഫാഷനല്ലാതായി എന്ന് ചിലർ അടക്കം പറഞ്ഞു... എങ്കിലും ആളുകൾ മരണവീട്ടിൽ വട്ടം കൂടി. പിരിവിട്ട് വില കുറഞ്ഞ റമ്മോ ബ്രാണ്ടിയോ വാങ്ങി വെട്ടിക്കൊണ്ടിരിക്കുന്ന കുഴിക്കരികിൽ മാറി നിന്ന് കുടിച്ചു. സിനിമകളിലെ മരണ വീടുകളിൽ ''റമ്പാ ഹോ, ഹോ" എന്ന ഒപ്പീസു പാട്ടുകൾ കേട്ട് ആളുകൾ ആർത്ത് ചിരിച്ചു...

അത്രമേൽ ഗതികെട്ട മരണത്തെ ഇത്രമേൽ തമാശയാക്കാൻ, നമ്മൾ മരിച്ചു കിടന്ന കുട്ടൻ ചേട്ടന്‍റെ ഫോട്ടോയ്ക്ക് "ഇല്ലാ" എന്ന് കാമം നിറച്ചു... ലോറിയിടിച്ച് മരിച്ച ഗർഭിണിയുടെ പ്രസവം മൊബൈൽ ഫോണിൽ ലൈവായി ഷൂട്ടു ചെയ്ത് ഓർഗാസത്തിന്‍റെ ശബ്ദം എഡിറ്റു ചെയ്ത് ചേർത്തു... മരക്കൊമ്പിൽ കൊന്നു തൂക്കിയ അത്മഹത്യകളെ തിയററ്റിക്കലായി മാത്രം ചർച്ച ചെയ്തു. എത്ര മാത്രം തമാശയായാണ് നമ്മൾ ഓരോ മരണവും മരിച്ചു തീർക്കുന്നത്? നമ്മുടെ ദു:ഖമത്രയും എവിടെ പോയി, കരച്ചിലുകൾ എവിടെ? വിഹ്വലതകളോ വിറങ്ങലിപ്പുകളോ ഇല്ലാതെ എത്രകാലം നാമിങ്ങനെ ഓരോ മരണവും കണ്ടു നിൽക്കും....

ഡൽഹിയിലെ വഴിയരികിൽ അലമുറയിട്ടു കരയുകയാണ് രാംപുകാർ പണ്ഡിറ്റ് എന്ന ബീഹാറുകാരൻ. കഴിഞ്ഞ മൂന്ന് ദിവസമായി അദ്ദേഹം തലസ്ഥാനത്ത് കുടുങ്ങി കിടക്കുന്നു. മകന്‍റെ രോഗം മൂർഛിച്ചതോടെ നാട്ടിലേക്ക് പോകാൻ ഇറങ്ങിയതാണ്. "എങ്ങോട്ടാണു പോകേണ്ടതെന്ന ഫോട്ടോഗ്രഫറുടെ ചോദ്യത്തിന് ‘അവിടെ’എന്ന വിഹ്വലമായ എന്തോ ആയിരുന്നു അയാളുടെ മറുപടി "ബിഹാറിലെ ബെഗുസരായിയിലെ ബരിയാർപുരിലാണ് അദ്ദേഹത്തിന്റെ വീട്. വീട്ടിലെത്താൻ 1200 കിലോമീറ്റർ‌ യാത്ര ചെയ്യണം. നജഫ്ഗറിലാണ് രാംപുകാറിന്‍റെ ജോലി. യാത്രാ സംവിധാനങ്ങൾ ഇല്ലാതായതോടെ മറ്റ് തൊഴിലാളികളെ പോലെ അദ്ദേഹവും കാൽനടയായി യാത്ര പുറപ്പെടുകയായിരുന്നു.

 

എന്നാൽ, നിസാമുദ്ദീന്‍ പാലത്തിനു സമീപത്ത് രാംപുകാർ‌ പണ്ഡിറ്റിന്റെ യാത്ര പൊലീസ് തടഞ്ഞു. തകർന്നുപോയ അയാൾ കഴിഞ്ഞ മൂന്ന് ദിവസമായി അവിടെ നിൽക്കുകയാണ്. മകനെ ഇനി ഒരിക്കലും കാണില്ലെന്ന തീരാഭയം രാംപുകാറിനെ പിടികൂടിയിട്ടുണ്ട്. ആർക്കാണ് അയാളെ സമാധാനിപ്പിക്കാൻ കഴിയുക? കൊന്ന് തിന്നുന്നത് ആഘോഷമാക്കിയ ഒരു രാഷ്ട്രീയ സംവിധാനത്തിൽ കണ്ണുനീരിന്‍റെ സ്ഥാനം എവിടെ?

കണ്ണുനീരിന് ഇത്ര മ്ലേഛമായ അർത്ഥമുണ്ടായ ഒരു കാലം ഇതിനു മുമ്പ് ഉണ്ടായിട്ടില്ല, യുദ്ധത്തിൽ പോലും അതിന്‍റെ നിയമമോ, നീചമായ നീതിയോ ഉണ്ട്, ഇവിടെ ഈ നാട്ടിൽ നാം നമ്മുടെ പ്രിവിലേജ്ഡ് പൊസിഷനുകളിലിരുന്ന് വണ്ടിയിടിച്ച് മരിച്ച സാധാരണക്കാരന് 'സ്റ്റേ സേഫ്' എന്ന് മെസേജയക്കുന്നു. സർക്കാരാകട്ടെ തങ്ങൾക്കു പിടിപെട്ട തിമിരം നിറഞ്ഞ ധാർഷ്ട്യം അലങ്കാരമാക്കി നെഞ്ചിൽ കുത്തി നടക്കുന്നു.

സംസ്ഥാനങ്ങളുടെ പ്രത്യേക പദവി എടുത്തു കളഞ്ഞതും മനുഷ്യരെ മൃഗങ്ങളെന്നോണം തടവിലിട്ടതും അടുക്കളയിൽ കയറി ആളുകളെ തല്ലിക്കൊന്നതിനെ ന്യായീകരിക്കുന്നതും സർക്കാരിന്‍റെ അജണ്ടയായത് എന്തുകൊണ്ടാണ്? കന്നുകാലികളെ വണ്ടിയിൽ കൊണ്ടുപോയതിന് സംഘടിതരായ ഒരു വിഭാഗം കൊല ചെയ്ത പെഹ്ലു ഖാനെതിരെ രാജസ്ഥാൻ പൊലീസ് കുറ്റപത്രം സമർപ്പിച്ചത് കഴിഞ്ഞ കൊല്ലം ഇതേ മാസമാണ്. ഓഗസ്റ്റ് മാസം കൊല നടത്തിയ പ്രതികളെ തെളിവുകളുടെ അഭാവത്തിൽ കോടതി വെറുതെ വിട്ടു, നാൽപ്പതോളം സാക്ഷികളുണ്ടായിട്ടും പെഹ്ലുഖാന്‍റെ കുടുംബത്തിന് നീതി ലഭിച്ചില്ല. എന്തൊരു നിന്ദ്യമായ ഭരണ സംവിധാനമാണ് ഈ രാജ്യത്തുള്ളത്? ചീഫ് ജസ്റ്റിസിനെ വരെ രാഷ്ട്രീയത്തിലെത്തിച്ച് നീതിയെ വിലയ്ക്കു വാങ്ങുന്നു.

ഇപ്പോഴിതാ കൊവിഡ് രോഗികൾ ഒരു ലക്ഷം കവിഞ്ഞിരിക്കുന്നു... മരണം 3000 കടന്നു... ലോകരാജ്യങ്ങൾ പൊതുമേഖലയുടെ പ്രസക്തിയിലേക്ക് പ്രവേശിക്കുമ്പോൾ നമ്മുടെ മികച്ച സംവിധാനങ്ങൾ ഒന്നാകെ നാം സ്വകാര്യ മേഖലയ്ക്ക് വിറ്റുതീർക്കുന്നു. സ്വന്തം പാർട്ടിയിലെ തൊഴിലാളി സംഘടന എതിർത്തിട്ടു പോലും ധനികർക്കുവേണ്ടി ദരിദ്രരുടെ എല്ലിനുള്ളിലെ മാംസം പോലും വിൽക്കാൻ വെച്ച നമുക്ക് എന്ത് മരണവേദന?

 

സ്വന്തം നാട് തങ്ങളുടേതാണെന്ന് കരുതി ആയിരവും രണ്ടായിരവും കിലോമീറ്ററുകൾ നടക്കുന്ന മനുഷ്യരെ കുറിച്ച് നാം ട്രോളുകളുണ്ടാക്കുന്നു. ഏതെങ്കിലും ഒരുരാത്രി അവർ തളർന്നുറങ്ങുമ്പോൾ ഒരു ചരക്കുവാഹനം അവരുടെ ശരീരത്തിലൂടെ കയറിയിറങ്ങുന്നു, പാലായനങ്ങളുടെ വിഭജനകാല പാതിരകൾ അതിലുമെത്രയോ ഭീതിയോടെ ആവർത്തിക്കുന്നു. പാവപ്പെട്ടവരെ മരണത്തിന് വിട്ടുകൊടുത്ത് സർക്കാർ പണക്കാരെ മാത്രം സംരക്ഷിക്കുന്നു. നാം അപ്പോഴും ട്രോളുണ്ടാക്കുന്നു. പുതിയ പാചക പരീക്ഷണങ്ങളുടെ സചിത്രവിവരണം പ്രസിദ്ധീകരിക്കുന്നു.

ഓരോ നിമിഷവും അധ:പ്പതിക്കുന്ന ഒരു ജനക്കൂട്ടമായി നാം മാറിക്കൊണ്ടിരിക്കുന്നു. അന്യന്‍റെ കരച്ചിലിന് 'റമ്പാ ഹോ', എന്ന് താളം പിടിച്ചും 'ഇല്ലാ... എന്ന് കാമം പൂണ്ടും നാം നമ്മുടെ ഭരണകൂടത്തോളം തരംതാണിരിക്കുന്നു.

രാംപുകാറിന്‍റെ കുഞ്ഞും മരിച്ചു പോയിരിക്കുന്നു.