Asianet News MalayalamAsianet News Malayalam

ട്രാൻസ്‍വുമണായതിന്റെ പേരിൽ 16 -ാം വയസിൽ വീട്ടിൽ നിന്നുമിറക്കിവിട്ടു, ഇന്ന് തെരുവിലുള്ളവർക്ക് അഭയവുമായി നക്ഷത്ര

നക്ഷത്രയും അവളുടെ സന്നദ്ധ പ്രവർത്തകരുടെ സംഘവും ദുരിതബാധിതരിൽ നിന്ന് കോളുകൾ ലഭിച്ചാലുടൻ, അവരുടെ അടുത്തെത്തുകയും ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നല്‍കി സഹായിക്കുകയും ചെയ്യുന്നു. 

Nakshatra transwoman started NGO to support community members and homeless people
Author
Bengaluru, First Published Jan 13, 2022, 7:00 AM IST

ട്രാൻസ്‌വുമൺ(Transwoman) ആയതിന്റെ പേരിൽ 16 -ാം വയസ്സിൽ മാതാപിതാക്കൾ ഉപേക്ഷിക്കുകയും വീട്ടിൽ നിന്ന് പുറത്താക്കുകയും ചെയ്തതാണ് നക്ഷത്ര(Nakshatra)യെ. അതിനാൽ തന്നെ തെരുവിലേക്കിറങ്ങേണ്ടി വരിക എന്നത് എത്ര ബുദ്ധിമുട്ടാണെന്ന് അവൾക്ക് നന്നായി അറിയാം. 2017 -ൽ കർണാടകയിലെ ഗുൽബർഗയിൽ നിന്നും കുറച്ച് കൂടി നന്നായി ജീവിക്കാമെന്ന പ്രതീക്ഷയിലാണ് അവർ ബെംഗളൂരുവിലെത്തുന്നത്. ഏകദേശം മൂന്ന് മാസത്തോളം തെരുവിൽ കഴിഞ്ഞ ശേഷം നക്ഷത്ര ട്രാൻസ്‌ജെൻഡർ കമ്മ്യൂണിറ്റിയിൽ ചേർന്നു. എന്നിരുന്നാലും, അതില്‍ പലര്‍ക്കും ചെയ്യാനായിരുന്നത് യാചിക്കലോ ലൈംഗികത്തൊഴിലോ ആണ് എന്നും നക്ഷത്രയ്ക്ക് മനസിലായി. 

എന്നാൽ, മറ്റ് വഴികളില്ലാത്തതിനാൽ നക്ഷത്രയ്ക്കും ഭിക്ഷാടനം നടത്തേണ്ടി വന്നു. എന്നിരുന്നാലും, അവൾ ആഗ്രഹിച്ച ജീവിതം ഇതായിരുന്നില്ല. അവൾ പതുക്കെ അവളുടെ വിദ്യാഭ്യാസത്തിനായി പണം സ്വരൂപിക്കാൻ തുടങ്ങി. മെക്കാനിക്കൽ എഞ്ചിനീയറിംഗ് പൂർത്തിയാക്കാൻ അങ്ങനെ നക്ഷത്രയ്ക്ക് കഴിഞ്ഞു. പിന്നീട് ബ്രുഹത് ബംഗളൂരു മഹാനഗര പാലികെയിൽ (ബിബിഎംപി) സന്നദ്ധപ്രവർത്തനം ആരംഭിച്ചു. 

അവൾക്ക് സ്വന്തം കാലിൽ നിൽക്കാൻ കഴിഞ്ഞപ്പോൾ, 2020 -ൽ, ഭവനരഹിതരെ സഹായിക്കാൻ 'നമ്മനെ സുമ്മനെ'(Nammane Summane) എന്ന NGO ആരംഭിച്ചു. ബെംഗളൂരു ആസ്ഥാനമാക്കി നിലവിൽ വന്ന ഇത്, ഇത് LGBTQIA+ വ്യക്തികൾ, അനാഥർ, HIV ബാധിതർ, ഭിന്നശേഷിക്കാർ, മുതിർന്നവർ എന്നിവർക്ക് അഭയം നൽകുന്നു. 'സമൂഹം ഉപേക്ഷിച്ച ആളുകള്‍ക്കുള്ള അഭയം' എന്നാണ് നക്ഷത്ര ഇതിനെ വിളിക്കുന്നത്. 

ഇന്ത്യയിൽ അനാഥരും ഭവനരഹിതരുമായ ട്രാൻസ് വുമൺമാർക്ക് വേണ്ടി ഒരു ട്രാൻസ് വുമൺ ആരംഭിച്ച ആദ്യ അഭയകേന്ദ്രമാണിതെന്ന് നക്ഷത്ര പറയുന്നു. തെരുവിലെ തന്റെ നാളുകളെ അവൾ ഇങ്ങനെ ഓർക്കുന്നു, “ഞാൻ രണ്ട് മാസം ഫുട്‍പാത്തിൽ ഉറങ്ങി, ആളുകള്‍ വലിച്ചെറിഞ്ഞ ഭക്ഷണം കഴിച്ചു, പൊതുകുളിമുറികളിൽ കുളിച്ചു, കാർഡ്ബോർഡ് പെട്ടിക്കടിയിൽ അഭയം പ്രാപിച്ചു. ഞാൻ അതെല്ലാം അനുഭവിച്ചു. കുടുംബമോ വീടോ സുരക്ഷിതത്വമോ ഒരുപിടി അരി പോലുമോ ഇല്ലാത്തത് എന്തൊരവസ്ഥയാണ് എന്ന് എനിക്കറിയാം” അവൾ പറയുന്നു. 

“ഞാൻ തെരുവിൽ ഉറങ്ങുമ്പോൾ ആരും എന്നെ സഹായിച്ചില്ല. നിങ്ങളുടെ കുടുംബം നിങ്ങളെ ഉപേക്ഷിക്കുമ്പോൾ, സഹായം ചോദിക്കാനുള്ള പ്രതീക്ഷ പോലും നിങ്ങൾക്ക് നഷ്ടപ്പെടും. മറ്റൊരാള്‍ക്കും ആ അനുഭവം ഉണ്ടാവരുത് എന്ന് ഞാനാഗ്രഹിച്ചു. പ്രായമോ മതമോ ലിംഗഭേദമോ ഇല്ലാതെ ആവശ്യമുള്ള എല്ലാവർക്കും സുരക്ഷിതമായ വീടാണ് നമ്മനെ സുമ്മനേ” അവർ കൂട്ടിച്ചേർക്കുന്നു.

നക്ഷത്രയും അവളുടെ സന്നദ്ധ പ്രവർത്തകരുടെ സംഘവും ദുരിതബാധിതരിൽ നിന്ന് കോളുകൾ ലഭിച്ചാലുടൻ, അവരുടെ അടുത്തെത്തുകയും ഭക്ഷണം, വസ്ത്രം, മറ്റ് അവശ്യവസ്തുക്കൾ എന്നിവ നല്‍കി സഹായിക്കുകയും ചെയ്യുന്നു. "നമ്മനെ സുമ്മനെയില്‍, ഞങ്ങൾ കിടക്കകൾ, മൂന്ന് നേരത്തെ ഭക്ഷണം, കൊച്ചുകുട്ടികൾക്ക് വിദ്യാഭ്യാസം, തെരുവിൽ നിന്ന് രക്ഷപ്പെടുത്തപ്പെട്ടവർക്കും പ്രയാസകരമായ സമയങ്ങൾ നേരിടുന്നവർക്കും ആവശ്യമായ മരുന്നുകള്‍ കൗൺസിലിംഗ് എന്നിവ നൽകുന്നു" നക്ഷത്ര പറയുന്നു. ഇന്ന് നക്ഷത്രയുടെ ഈ അഭയകേന്ദ്രത്തില്‍ 80 പേരുണ്ട്. 


 

Follow Us:
Download App:
  • android
  • ios